Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
v sivankutty 978
cancel

പൊതുവിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ ശില്പശാലയിൽ നടത്തി എന്ന് പറയുന്ന ശബ്ദരേഖ ഏത് സാഹചര്യത്തിൽ, എപ്പോൾ പറഞ്ഞു എന്നത് പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നിരീക്ഷണങ്ങള്‍ സര്‍ക്കാരിന്റെ അഭിപ്രായമോ നയമോ അല്ല. കുട്ടികളെ തോല്‍പ്പിച്ചു കൊണ്ട് വിദ്യാഭ്യാസ ഗുണത വർധിപ്പിക്കാമെന്ന പ്രതിലോമകരമായ നിലപാട് സര്‍ക്കാറിനില്ല. മുഴുവന്‍ കുട്ടികളേയും ഉള്‍ച്ചേര്‍ത്തുകൊണ്ടും ഉള്‍ക്കൊണ്ടുകൊണ്ടും അവരുടെ കഴിവിനെ കണ്ടെത്തി ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് വളര്‍ത്തുക എന്നതും ഭാവി സമൂഹത്തില്‍ ആത്മവിശ്വാസത്തോടെ, ആത്മാഭിമാനത്തോടെ അതിജീവന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാവശ്യമായ അറിവും കഴിവും നൈപുണിയും മുഴുവന്‍ കുട്ടികള്‍ക്കും ഉറപ്പാക്കുക എന്നതുമാണ് സര്‍ക്കാര്‍ നയം. ബഹുഭൂരിപക്ഷത്തെ പലതരം അരിപ്പകളിലൂടെ അരിച്ച് മാറ്റി ഏതാനും പേരെ മാത്രം ഉയര്‍ത്തിക്കാട്ടുക എന്നത് ആഗോളീകരണ നിലപാടാണ്. ഇതാണ് ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ട് വയ്ക്കുന്നത്. ഈ നയത്തോട് ഒരു തരത്തിലും യോജിക്കാത്ത നിലപാടാണ് ഇടതുപക്ഷ, മതേതര, പുരോഗമന നിലപാടുകള്‍ക്കുള്ളത്.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഏതെല്ലാം കാലഘട്ടത്തില്‍ അധികാരത്തില്‍ എത്തിയിട്ടുണ്ടോ ആ കാലഘട്ടങ്ങളിലെല്ലാം മുഴുവന്‍ കുട്ടികളേയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് 1957ല്‍ ഇ.എം.എസ് സര്‍ക്കാര്‍ പ്രൈമറി തലത്തില്‍ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കിയതും 1969ല്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ പത്താം ക്ലാസ്സ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കി മാറ്റിയതും.

വിശന്നുകൊണ്ട് പഠനം അര്‍ത്ഥപൂര്‍ണ്ണമാകില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉച്ചക്കഞ്ഞി പദ്ധതി പ്രൈമറി ക്ലാസ്സുകളില്‍ കേരളമെമ്പാടും നടപ്പിലാക്കിയത് 1987ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാരാണ് എന്നത് ഈ ഘട്ടത്തില്‍ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. തുടര്‍ന്നിങ്ങോട്ട് വന്ന ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങളെ അഭിവൃദ്ധിപ്പെടുത്താനും കുട്ടികള്‍ക്ക് മികച്ച പഠനം ലഭ്യമാക്കാനുള്ള നയപരവും പ്രയോഗപരമായ നിലപാടുകളാണ് കൈക്കൊണ്ടത്.

ഇതിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് 2016ല്‍ അധികാരമേറ്റ പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊണ്ടതും ഇപ്പോള്‍ തുടരുന്നതും. അക്കാദമിക മുന്നേറ്റത്തിന് സഹായകമായ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അധ്യാപക പരിശീലനങ്ങള്‍ കാലാനുസൃതമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി അക്കാദമിക നിലവാരം ഉയര്‍ന്നിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. ദേശീയമായ വിവിധ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ‌

കുട്ടികളെ വിലയിരുത്തുന്ന ഉപാധികളിലൊന്ന് പൊതുപരീക്ഷകള്‍ കൂടിയാണ്. യു.ഡി.എഫ് ഗവണ്മെന്‍റിന്റെ അവസാന കാലഘട്ടത്തില്‍ എസ്.എസ്.എല്‍.സി വിജയ ശതമാനം 96.59 ആ‌യിരുന്നു. 2016 ല്‍ ഇടതുപക്ഷ ഗവണ്മെന്‍റ് അധികാരത്തില്‍ വന്ന ശേഷം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ വൈവിധ്യമാര്‍ന്ന അക്കാദമിക പ്രവര്‍ത്തനങ്ങളിലൂടെയാണ് എസ്.എസ്.എല്‍.സി വിജയ ശതമാനം 97.84ഉം 98.11ഉം തുടങ്ങി ക്രമമായി വർധിച്ച് 2022ല്‍ 99.26ഉം 2023ല്‍ 99.7 ശതമാനവുമായി വര്‍ധിച്ചത്.

2021ല്‍ 4,21,887 വിദ്യാർഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയപ്പോള്‍ 125509 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് ലഭിച്ചത്. അന്നത്തെ വിജയ ശതമാനം 99.47 ആയിരുന്നു. കോവിഡിനെ തുടര്‍ന്ന് നടത്തിയ പരീക്ഷാ സിലബസ് ക്രമീകരണത്തിന്റെയും അധിക ഓപ്ഷന്‍ പശ്ചാത്തലത്തിലാണ് ഒരു ലക്ഷത്തിലധികം എ പ്ലസ് അന്ന് ലഭിച്ചത്.

2022 ല്‍ 4,26,469 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 44,363 പേര്‍ക്ക് (10.4 ശതമാനം) ആണ് ഫുള്‍ എ പ്ലസ്. വിജയ ശതമാനം 99.6. 2023ല്‍ 419128 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 68,604 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് (16 ശതമാനം) ലഭിച്ചത്. ഇതെല്ലാം നമ്മുടെ പൊതുവിദ്യാല യങ്ങളുടെ ഗുണനിലവാരം പിന്നാക്കം പോയിട്ടില്ല എന്നതിന്റെ പ്രത്യക്ഷ തെളിവുകളാണ്.

പത്ത് വര്‍ഷം കഠിനമായ പഠനപ്രക്രിയയിലൂടെ കടന്നു പോകുകയും ആദ്യമായി ഒരു പൊതു പരീക്ഷയെ അഭിമുഖീകരിക്കുകയും ഉന്നത പഠനത്തിന് യോഗ്യത നേടുകയും ചെയ്യുന്നത് എന്തോ കുറ്റകൃത്യമാണ് എന്ന നിലയില്‍ ചര്‍ച്ചകളെ കൊണ്ടുപോകുന്നത് പരീക്ഷകള്‍ പാസ്സാകുകയും തുടര്‍പഠനം നടത്തുകയും ചെയ്യുന്ന കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസികമായ ആഘാതത്തെക്കുറിച്ചും അതിന്റെ പ്രതിഫലനങ്ങളെക്കുറിച്ചും കേരളീയ സമൂഹം ചിന്തിക്കേണ്ടതില്ലേ? കുട്ടികളുടെ മനസ്സില്‍ പോറലുണ്ടാക്കുന്ന ചര്‍ച്ചകള്‍ ഏതൊരു സമൂഹത്തിനും അഭികാമ്യമല്ല.

നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്. മാറി വരുന്ന ലോകക്രമം വിജ്ഞാനത്തിന്റേയും സാങ്കേതിക വിദ്യയുടേതുമാണ്. അങ്ങനെയുള്ള ഒരു വൈജ്ഞാനിക സമൂഹത്തില്‍ ജീവിക്കുന്നതിനാവശ്യമായ അറിവും കഴിവും ഓരോ കുട്ടിക്കും ഉണ്ടാകേണ്ടതുണ്ട്. അതിന്റെ ഭാഗമായി ഓരോ കുട്ടിയും അതത് ക്ലാസ്സുകളില്‍ നേടിയെടുക്കണമെന്ന് കരിക്കുലം വിഭാവനം ചെയ്തിട്ടുള്ള കാര്യങ്ങള്‍ നേടി എന്നുറപ്പാക്കാനുള്ള സമഗ്ര ഗുണമേന്മാ പദ്ധതി ഈ അക്കാദമിക വര്‍ഷം ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജന്‍സികളുടെ ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെയാണ് മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.

അക്കാദമിക കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരം ഉയര്‍ത്തുന്നതിന് ഇംഗ്ലീഷ് അധ്യാപകര്‍ തന്നെ വേണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ ഭാഗമായി ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് 630ല്‍പരം താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം പാഠ്യപദ്ധതി പരിഷ്കരണം നടക്കുകയാണ്. വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്.

2011-2016 വരെയുള്ള യു.ഡി.എഫ് കാലഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ മേഖലയെ എങ്ങനെ സമീപിച്ചു എന്നത് ഓര്‍ത്തെടുക്കുന്നത് നന്നാകും. പൊതുവിദ്യാലയങ്ങളെ അണ്‍എക്കണോമിക് എന്ന് മുദ്രകുത്തി അടച്ചു പൂട്ടുന്നതിനാണ് യു.ഡി.എഫ് ഗവണ്മെന്‍റ് ശ്രമിച്ചത്. മലാപ്പറമ്പ് ഉള്‍പ്പെടെയുള്ള നാല് വിദ്യാലയങ്ങള്‍ ഇതിന്റെ ഭാഗമായി അടച്ചു പൂട്ടി. പ്രസ്തുത സര്‍ക്കാറിന്റെ കാലത്താണ് വിദ്യാഭ്യാസ കോര്‍പ്പറേറ്റുകള്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ തുടങ്ങുന്നതിനു വേണ്ടി പത്രങ്ങളിലൂടെ പരസ്യം നല്‍കിയത് എന്ന കാര്യം പൊതുസമൂഹം മറക്കാറായിട്ടില്ല.

പാഠപുസ്തകങ്ങള്‍ കൃത്യമസമയത്ത് വിതരണം ചെയ്യാതിരിക്കുക, എസ്.എസ്.എല്‍.സി പരീക്ഷ റിസള്‍ട്ട് പോലും നേരെ ചൊവ്വേ പ്രസിദ്ധീകരിക്കാതിരിക്കുക തുടങ്ങി പൊതുവിദ്യാഭ്യാസത്തെ ആഗോളീകരണ ശക്തികളുടെ ഇംഗിതത്തിന് വഴങ്ങി ദുര്‍ബലമാക്കുന്ന നടപടികളാണ് ആ കാലഘട്ടത്തില്‍ കേരളം കണ്ടത്.

എന്നാല്‍ 2016ല്‍ നിലവില്‍ വന്ന ഒന്നാം പിണറായി ഗവണ്മെന്‍റ് പൊതുവിദ്യാലയങ്ങളെ–പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനാവശ്യമായ വിവിധങ്ങളായ തീരുമാനങ്ങളാണ് തുടക്കം മുതല്‍ കൈക്കൊണ്ടത്. യു.ഡി.എഫ് അടച്ചു പൂട്ടാന്‍ തീരുമാനിച്ച മലാപ്പറമ്പ് യു.പി.എസ് അടക്കം നാലു വിദ്യാലയങ്ങള്‍ ഏറ്റെടുക്കുന്ന തീരുമാനം പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളുടെ മുമ്പില്‍ വ്യക്തമാക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലൂടെ കിഫ്ബിയുടേയും മറ്റ് ഏജന്‍സികളുടേയും സഹായത്തോടെ 4000 കോടി രൂപയിലധികം ചെലവിട്ടു കൊണ്ട് പൊതുവിദ്യാലയങ്ങളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ സ്കൂള്‍ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി 800 കോടി രൂപയോളം ചെലവ് ചെയ്ത് സ്കൂളുകളും ക്ലാസ്സ്‍മുറികളും സാങ്കേതികവിദ്യാ സൗഹൃദമാക്കി.

വിശ്വസിക്കാന്‍ കഴിയാത്ത വിധം പൊതുവിദ്യാലയങ്ങള്‍ മാറിയത് നാടിന്റെ നേരനുഭവമാണ്. സമൂഹം വിദ്യാലയ പ്രവര്‍ത്തനങ്ങളിലെല്ലാം കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റ മനസ്സോടെ ഇപെടുന്നുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന സമൂഹത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂവണിയിക്കാനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ആവശ്യം. കഴിവിനെ മാനിക്കുന്ന ഒരു ലോകക്രമത്തിലാണ് നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ജീവിക്കുന്നതും നാളെ ജീവിക്കേണ്ടതും. അത്തരം കഴിവുകള്‍ എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളിലാണ് നാം ഊന്നേണ്ടത്.

നമ്മുടെ കുട്ടികൾ മിടുക്കികളും മിടുക്കന്മാരും ആണ്. അധ്യാപകർ ഏതാണ്ട് മുഴുവൻ പേരും വളരെ ആത്മാർത്ഥമായാണ് അധ്യാപകവൃത്തിയിൽ ഏർപ്പെടുന്നത്. കുട്ടികളുടെ ഉന്നമനം മുൻനിർത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നാം ഏറെ മുന്നേറിക്കഴിഞ്ഞു. ഇനി അക്കാദമികമായ കൂടുതൽ മുന്നേറ്റം ആണ് ലക്ഷ്യം വെയ്ക്കുന്നത്. അതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

കുട്ടികളുടെ മനോവീര്യവും അധ്യാപകരുടെ ആത്മവിശ്വാസവും കെടുത്തുന്ന പ്രവർത്തനമാണ് ഈ ശബ്ദരേഖ ചോർത്തലിലൂടെ ഉണ്ടായിരിക്കുന്നത്. കടുത്ത വഞ്ചനയാണ് ചോർത്തിയ വ്യക്തി ചെയ്തിരിക്കുന്നത്. നീചമായ ഈ പ്രവൃത്തി ചെയ്തത് അധ്യാപകരിൽ ഒരാൾ ആണെങ്കിൽ ആ വ്യക്തിയ്ക്ക് സർവിസിൽ തുടരാൻ അർഹതയില്ല. പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണത്തിന് പുറമെ മറ്റ് തരത്തിലുള്ള അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. ഈ പ്രവൃത്തിയ്ക്ക് എന്തെങ്കിലും തരത്തിൽ പ്രതിഫലം ലഭിച്ചുവോ എന്ന കാര്യവുമൊക്കെ അന്വേഷണ പരിധിയിൽ വരേണ്ടതുണ്ട്.

വി. ശിവൻകുട്ടി

(പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public educationV Sivankutty
News Summary - Government is committed to protect public education sector
Next Story