നിർഭയനായ കലാകാരൻ

ഇന്ത്യൻ നാടകകൃത്തുക്കളിൽ ഏറ്റവും പ്രമുഖനായിരുന്നു ഗിരീഷ്​ കർണാട്. അദ്ദേഹത്തി​​​െൻറ ‘തുഗ്ലക്ക്​’ എന്ന നാടകം നാഷനൽ സ്​കൂൾ ഓഫ്​ ഡ്രാമ മുൻകൈയെടുത്ത്​ ഡൽഹിയിൽ അവതരിപ്പിച്ചത്​ ഓർക്കുന്നു. സാധാരണ തിയറ്ററുകൾ വിട്ട്​ ഡൽഹിയിലെ പുരാനാ ഖിലയിലാണ്​ നാടകം അരങ്ങേറിയത്​. മുഹമ്മദ്​ ബിൻ തുഗ്ലക്കി​​​െൻറ കഥ പറയുന്ന​ നാടകം ഇന്ത്യൻ നാടകരംഗത്ത്​ രചനയിലും അവതരണത്തിലുമൊക്കെ വലിയ മാറ്റമുണ്ടാക്കി. ഇന്ത്യൻ നാടകവേദിയുടെ ആധുനികവത്​കരണത്തി​​​െൻറ തുടക്കം ഇവിടെനിന്നാണെന്ന്​ പറയാം. 
പിന്നീട്​ അദ്ദേഹം എഴുതിയ നാടകങ്ങളെല്ലാം ചരിത്രവും ഐതിഹ്യവുമായി ബന്ധപ്പെട്ടതായിരുന്നു. ‘നാഗമണ്ഡല’ എന്ന നാടകം ഒരു നാടോടിക്കഥയാണ്​. അദ്ദേഹത്തി​​​െൻറ നാടകങ്ങളെല്ലാം നിരവധി ഭാഷകളി​ലേക്ക്​ മൊഴിമാറ്റം ചെയ്യപ്പെട്ടു. ​ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കുകയും ചെയ്​തു. അമേരിക്കയിലെ ഏറ്റവും പ്രശസ്​ത തിയറ്ററിൽ ഗിരീഷ്​ കർണാടി​​​െൻറ സാന്നിധ്യത്തിലാണ്​ ‘നാഗമണ്ഡല’ അവതരിപ്പിച്ചത്​. അമേരിക്കൻ തിയറ്റർലോകത്തിന്​ ഇന്ത്യൻ നാടക സാഹിത്യത്തെ പരിചയപ്പെടുത്തുന്നതായിരുന്നു ഈ അവതരണം. ഇന്ത്യയിലും നാടകം സജീവമാണെന്ന ബോധം അമേരിക്കയിലേക്ക്​ എത്തുന്നത്​ ഇതിലൂടെയാണ്​.

ശൂദ്രക​​​െൻറ ‘മൃഛഘടിക’ത്തിന്​ അദ്ദേഹം ഒരുക്കിയ ചലച്ചിത്രഭാഷ്യമായിരുന്നു ശശികപൂർ അഭിനയിച്ച ‘ഉത്സവ്’​ എന്ന ചിത്രം. സാമ്പത്തികമായി വൻ വിജയം നേടിയ ചിത്രം കലാമൂല്യത്തിലും മുന്നിലായിരുന്നു. മലയാളം, തെലുഗു, കന്നട, ഹിന്ദി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കലാപ്രവർത്തനത്തോടൊപ്പം ചുറ്റുപാടും നടക്കുന്ന സാമൂഹികമായ വിഷയങ്ങളിൽ ശക്തമായി ഇടപെടാനും കർണാട്​ ശ്രദ്ധിച്ചു. ഹിന്ദു മതമൗലികവാദം പോലുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിച്ചിരുന്നില്ല. കുറച്ചുനാളായി ഓക്​സിജൻ മാസ്​കുമായാണ്​ സഞ്ചരിച്ചിരുന്നത്​.  ‘മീ ടു അർബൻ നക്​സലേറ്റ്​’ എന്ന ബോർഡുമായി പ്രതിഷേധ യോഗങ്ങളിൽ ഓക്​സിജൻ സിലിണ്ടറി​​​െൻറ സഹായത്തോടെയാണ്​ അദ്ദേഹം പ​ങ്കെടുത്തത്​. ആ കലാകാരനിലെ തളരാത്ത പോരാട്ടവീര്യത്തി​​​െൻറ തെളിവുകൂടിയായിരുന്നു അത്​.

വളരെ ഊഷ്​മള വ്യക്തിത്വമായിരുന്നു കർണാടി​േൻറത്​ എന്ന്​ പറയാം. ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്​ 2000ത്തിൽ ‘കർണഭാരം’ നാടകം അവതരിപ്പിക്കാൻ ബംഗളൂരുവിൽ ചെന്നപ്പോഴാണ്​. നാടകം തുടങ്ങുന്നതിന്​ 15മിനിറ്റ്​ മുമ്പ്​ അദ്ദേഹം ഗ്രീൻ റൂമിലേക്ക്​ കടന്നുവന്നു. ‘ഞാൻ ഗിരീഷ്​ കർണാട്’​ എന്ന്​ പരിചയപ്പെടുത്തി കലാകാ​രന്മാരോടെല്ലാം കുശലം പറഞ്ഞു. നാടകം ഉണ്ടെന്ന്​ അറിഞ്ഞുകേട്ട്​ വന്നതാണ്​. മറ്റൊരു പരിപാടിയുടെ തിരക്കുള്ളതിനാൽ നാടകം കഴിഞ്ഞാലുടൻ പോകുമെന്നും തമ്മിൽ കാണില്ലെന്നും അറിയിച്ചു. അപ്രതീക്ഷിതമായിരുന്നു ആ കൂടിക്കാഴ്​ച. 2008ൽ ​ഒരു ദേശീയ നാടകമത്സരത്തിൽ ‘കർണഭാര’ത്തിനൊപ്പം കർണാടി​​​െൻറ നാടകവും ഉണ്ടായിരുന്നു. അങ്ങനെ ഒപ്പം മത്സരിക്കാൻ കഴിയുക എന്നതുത​ന്നെ ഒരു മഹാഭാഗ്യമാണ്​. എ​​​െൻറ അടുത്തെത്തി തോളിൽ തട്ടിയിട്ട്​ അദ്ദേഹം പറഞ്ഞു: ‘‘യങ്​ മാൻ, ഗോ എഹെഡ്​’. നാടകം ആളുകൾ ടിക്കറ്റെടുത്ത്​ കാണേണ്ട ഒന്നാണ്​ എന്ന സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം നേതൃപരമായ പങ്ക്​ വഹിച്ചിട്ടുണ്ട്​. ഓക്​സിജൻ സിലിണ്ടറി​​​െൻറ സഹായത്തോടെയാണെങ്കിലും പോകേണ്ട സ്​ഥലങ്ങളിൽ പോകുകയും പറയാനുള്ള കാര്യങ്ങൾ പറയുകയും ചെയ്​തു. ലോകം വാഴ്​ത്തുന്ന ഒരു കലാകാര​​​െൻറ വലുപ്പമൊന്നും അദ്ദേഹം കാണിച്ചിരുന്നില്ല. ചെറുപ്പക്കാരോടുപോലും വളരെ സൗഹാർദത്തോടെയും സ്​നേഹത്തോടെയുമാണ്​ പെരുമാറിയിരുന്നത്​. മുഖത്തുനോക്കിയാൽ അകം കാണാൻ പറ്റുന്ന സുതാര്യ വ്യക്തിത്വത്തിന്​ ഉടമ കൂടിയായിരുന്നു കർണാട്​. അദ്ദേഹത്തി​​​െൻറ നാടകങ്ങൾ തന്നെയാണ്​ സമൂഹത്തിന്​ നൽകിയ ഏറ്റവും വിലപ്പെട്ട സംഭാവന. രംഗാവതരണത്തിൽ ഇന്ത്യൻ രീതികൾ കൊണ്ടുവന്നതും അദ്ദേഹമാണ്​. റിയലിസം എന്ന പാശ്ചാത്യ രചനമാതൃക വിട്ട്​ ഇന്ത്യൻ രചനമാതൃക സൃഷ്​ടിക്കാൻ അദ്ദേഹത്തിന്​ കഴിഞ്ഞു. അവതരണ പാരമ്പര്യത്തി​​​െൻറ ഘടകങ്ങളെ എഴുത്തിൽ ഉൾക്കൊള്ളിച്ചു. അതുകൊണ്ടാണ്​ കർണാട്​ വ്യത്യസ്​തനായ ഇന്ത്യൻ നാടകകൃത്തായി വിശേഷിപ്പിക്കപ്പെടുന്നത്​.  അതേസമയം, ആധുനികതയോട്​ പുറംതിരിഞ്ഞുനിന്നില്ല എന്നതും ലോക നാടകവേദിയിൽ കർണാടിനെ ശ്രദ്ധേയനാക്കുന്നു. 

(രണ്ട്​ പതിറ്റാണ്ടായി നാടകരംഗത്ത്​ പ്രവർത്തിക്കുന്ന പ്രഫ. ചന്ദ്രദാസൻ കൊച്ചി ആസ്​ഥാനമായ ലോകധർമി തിയറ്ററിന്‍റെ മുഖ്യ കാര്യദർശിയാണ്​)
 

Loading...
COMMENTS