Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗാഡ്ഗിൽ അല്ല,...

ഗാഡ്ഗിൽ അല്ല, നിലവിളിച്ചത് കേരളം

text_fields
bookmark_border
ഗാഡ്ഗിൽ അല്ല, നിലവിളിച്ചത് കേരളം
cancel

 കൈയേറ്റവും വനനശീകരണവും ഖനനവും അനിയന്ത്രിത നിര്‍മാണപ്രവര്‍ത്തനങ്ങളുമെല്ലാം ചേർന്ന് കൊച്ചു കേരളത്തി​​െൻറ നെറുകയിലൊരുക്കിയ ജലബോംബുകൾ ദുരന്തമായി പതിച്ചതി​​െൻറയും പതിവില്ലാത്ത തരത്തിൽ കേരളം പ്രളയക്കെടുതിയിലമർന്നതി​​െൻറയും കാരണങ്ങൾ ചർച്ചക്കെടുക്കേണ്ട സമയമാണിത്. ഇല്ലെങ്കിൽ നിലക്കാത്ത പേമാരിയിൽ പൊങ്ങിയ വെള്ളമത്രയും പടിഞ്ഞാറ് അറബിക്കടലിൽ പതിക്കുന്ന മുറക്ക് മലയാളിയുടെ മറവിയിലേക്ക് ഇൗ കെടുതിയും പോയിമറയും. പ്രളയക്കെടുതിയുടെ കണക്കെടുത്ത് കേന്ദ്രത്തിൽനിന്നുള്ള നഷ്​ടപരിഹാരം തിട്ടപ്പെടുത്തുന്നപോലെ നടക്കേണ്ട പ്രക്രിയയാണത്. ഇതിനൊന്നും ചെവികൊടുക്കാതെ കേരളത്തിന് ഇനിയും മുന്നോട്ടുപോകാനാകില്ല
ഗാഡ്ഗിൽ കമ്മിറ്റി പറഞ്ഞത്

കേരളം മുതല്‍ ഗുജറാത്ത് വരെ ആറു സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ​പ്രഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ 13 ശാസ്ത്രജ്ഞരടങ്ങിയ കമ്മിറ്റിയെ നിയമിച്ചത്. പശ്ചിമഘട്ട മേഖലയുടെ പാരിസ്ഥിതിക സാഹചര്യം വിലയിരുത്തുക, സംരക്ഷണ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ പരിശോധിക്കുക, പശ്ചിമഘട്ട അതോറിറ്റിയുടെ ഘടന തീരുമാനിക്കുക തുടങ്ങിയവയായിരുന്നു വിഷയങ്ങള്‍. പൊതുസ്ഥലം സ്വകാര്യ സ്ഥലമായി മാറ്റരുതെന്നും വനഭൂമി വനേതര ഭൂമിയാക്കി മാറ്റാനോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നും ഗാഡ്ഗിൽ ശിപാർശ ചെയ്തു. അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നും പരിസ്ഥിതി സൗഹൃദമായി കെട്ടിടങ്ങള്‍ നിർമിക്കണമെന്നും പ്രകൃതിവിഭവങ്ങള്‍ കൂടുതല്‍ ചൂഷണം ചെയ്യ​െപ്പടാതിരിക്കാന്‍ പുതിയ കെട്ടിട നിർമാണരീതിയും ചട്ടവും വികസിപ്പിക്കണമെന്നും ശിപാർശകളിലുണ്ടായിരുന്നു. 30 മുതൽ 50 വരെ വര്‍ഷം കഴിഞ്ഞ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ത്തുന്നതുള്‍പ്പെടെയുള്ള നടപടികളും നദികളുടെ ഒഴുക്ക് തടസ്സ​െപ്പടുത്താതിരിക്കാനും ജനകീയ പങ്കാളിത്തത്തിൽ ജല പരിപാലനത്തിനും മഴവെള്ള സംഭരണത്തിനും പാരമ്പ​േര്യതര ഊർജത്തിനുമുള്ള നിർദേശങ്ങളും കമ്മിറ്റി മുന്നോട്ടുവെച്ചു. പശ്ചിമഘട്ടത്തിൽ അനിയന്ത്രിത കൈയേറ്റവും ഖനനവും പ്രോത്സാഹിപ്പിക്കുന്നവരെ അസ്വസ്ഥരാക്കുന്നതായിരുന്നു ഇൗ ശിപാർശകൾ. 1977ന് ശേഷമുണ്ടായ കൈയേറ്റങ്ങൾ ക്രമപ്പെടുത്തരുതെന്ന നിലപാടാണ് പലരെയും ആധിയിലാക്കിയത്. അവരുടെ സ്വരം മുഖ്യധാരാ രാഷ്​ട്രീയ കക്ഷികളും മാധ്യമങ്ങളും കേരളത്തിേൻറതാക്കി മാറ്റുന്നതാണ് പിന്നീട് കണ്ടത്. 

ഗാഡ്ഗിലിനെ തള്ളി കസ്തൂരിരംഗൻ
ഇത്തരം എതിര്‍പ്പുകള്‍ മൂലം ഗാഡ്ഗില്‍ റിപ്പോർട്ടില്‍നിന്ന് യു.പി.എ സര്‍ക്കാര്‍ പിന്നാക്കംപോയി. സംസ്ഥാനങ്ങൾ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്ന പരാതികളും നിര്‍ദേശങ്ങളും പരിശോധിക്കാനും മുമ്പോട്ടുപോകാനുള്ള മാര്‍ഗം നിര്‍ദേശിക്കാനുമായി ഡോ. കസ്തൂരിരംഗന്‍ ചെയര്‍മാനായി 2012 ആഗസ്​റ്റില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പത്തംഗ ഉന്നതതല കര്‍മസമിതി രൂപവത്​കരിച്ചു. പശ്ചിമഘട്ടനിരകളുടെ സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവെച്ച കര്‍ശന നിര്‍ദേശങ്ങള്‍ മിക്കതും ഒഴിവാക്കി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പശ്ചിമ ഘട്ടം മുഴുവനും പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പരിഗണിച്ച് മൂന്ന് വിഭാഗമായി തിരിച്ച് സംരക്ഷണ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശ കസ്തൂരിരംഗന്‍ തള്ളിക്കളഞ്ഞു. പകരം പശ്ചിമഘട്ട മേഖലയെ സ്വാഭാവികഭൂമി, കാര്‍ഷിക ഭൂമി എന്നിങ്ങനെ രണ്ടായി തിരിച്ചു. കാര്‍ഷിക ഭൂമിയില്‍ തോട്ടങ്ങളും ജനവാസകേന്ദ്രങ്ങളും ഉള്‍പ്പെടും. പശ്ചിമഘട്ടത്തി​​​െൻറ 58.44 ശതമാനവും കാര്‍ഷിക ഭൂമിയാണെന്നും 41.56 ശതമാനം സ്വാഭാവിക ഭൂമിയാണെന്നും സ്വാഭാവിക ഭൂമിയിലെ ജൈവവൈവിധ്യ പ്രദേശങ്ങളിലും ജനവാസമുണ്ടെന്നും കര്‍മസമിതി ക​ണ്ടെത്തി.

ഗാഡ്ഗില്‍ കമ്മിറ്റിയില്‍നിന്ന് ഭിന്നമായി ഏതെല്ലാം ജില്ലകളും താലൂക്കുകളും ഗ്രാമങ്ങളുമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിൽപെടുകയെന്ന് അക്കമിട്ട് പറഞ്ഞാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തില്‍ 123 ഗ്രാമങ്ങള്‍ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായി മാറുമെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ട് പരിസ്ഥിതി വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന് ശിപാര്‍ശ ചെയ്തു. ഗാഡ്ഗില്‍ കമ്മിറ്റിയുടെ പല നിരോധനങ്ങളും വേണ്ടെന്നുവെച്ച കസ്തൂരിരംഗന്‍ സമിതി പശ്ചിമഘട്ട സംരക്ഷണത്തിന് ‘പ്രായോഗിക’നടപടി മതിയെന്ന നിലപാടാണ് കൈക്കൊണ്ടത്. വിദൂരസംവേദന സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതി ലോല പ്രദേശങ്ങളെ നിര്‍ണയിക്കാന്‍ രണ്ട് സമിതികളും അവലംബിച്ച രീതികളിലും വ്യത്യാസം പ്രകടമായി.

ഗാഡ്​ഗിൽ ശിപാർശകളിൽ പലതിലും വെള്ളംചേർത്തത് എന്തുകൊണ്ടാണെന്ന് കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട ദിവസം ആ കമ്മിറ്റിയിൽ അംഗമായിരുന്ന സ​​െൻറർ ഫോർ സയൻസ് ആൻഡ്​ എൻവയൺമ​​െൻറ് സാരഥി സുനിത നാരായണിനോട് ചോദിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണം പ്രയോഗതലത്തിൽ കൊണ്ടുവരാൻ ഗാഡ്ഗിൽ കമ്മിറ്റി പുനഃപരിേശാധിക്കുകയല്ലാതെ നിവൃത്തിയില്ല എന്നായിരുന്നു മറുപടി. കേരളത്തിൽനിന്നുള്ള എതിർപ്പ് അവർ പ്രത്യേകം എടുത്തുപറഞ്ഞു. 

കസ്തൂരിരംഗനും അനഭിമതനായപ്പോൾ
പ്രധാനമായും കേരളത്തി​​െൻറ എതിർപ്പിനെ തുടർന്നുണ്ടാക്കിയ കമ്മിറ്റിയുടെ റിപ്പോർട്ടും കേരളത്തി​​െൻറ കുടിയേറ്റ രാഷ്്ട്രീയത്തെ തൃപ്തിപ്പെടുത്തിയില്ല. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ കർക്കശവ്യവസ്ഥകളിൽ വെള്ളംചേർത്ത് കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട് പരമാവധി ലഘൂകരിച്ചിറക്കിയിട്ടും മുഖ്യധാരാ പാർട്ടികൾക്ക് മതിയായില്ല. 2014ലെ പൊതുതെരഞ്ഞെടുപ്പ് വേളയിലെ രാഷ്​ട്രീയ വിവാദമാക്കി കസ്തൂരിരംഗന്‍ റിപ്പോർട്ട്​ കത്തിച്ചതോടെ കേരളത്തി​​െൻറ പരിസ്ഥിതി താൽപര്യങ്ങൾ രാഷ്​ട്രീയപാര്‍ട്ടികള്‍ ബോധപൂര്‍വം മറച്ചുവെച്ചു. നിയമപരമായി പിടിച്ചുനിൽക്കാൻ കഴിയാതെവന്ന ഘട്ടത്തിൽ വ്യാപകമായ അക്രമങ്ങളഴിച്ചുവിട്ട് പശ്ചിമഘട്ടം വിഷയത്തിൽ തെരുവില്‍ സമ്മർദം തീർത്തു. പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രധാന വിഷയമായി മാറിയേക്കാവുന്ന കസ്തൂരിരംഗന്‍ ശിപാര്‍ശകള്‍ കൈവിട്ടുപോകാതിരിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആൻറണി തന്നെ ഇടപെട്ടു. ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശകള്‍ തള്ളി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതിനെതിരെ കേരളത്തില്‍ ക്രൈസ്തവസഭയുടെയും ഇടതുപക്ഷത്തി​​​െൻറയും നേതൃത്വത്തില്‍ പ്രതിഷേധം തെരുവിലേക്കെത്തിച്ച പശ്ചാത്തലത്തിൽ പ്രതിഷേധം തണുപ്പിക്കാന്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആൻറണിയെ കണ്ടതിനെ തുടർന്നായിരുന്നു ഇത്.

യഥാർഥത്തിൽ കേരളത്തിന് വേണ്ടിയിരുന്നത് കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി.ഉമ്മൻ തയാറാക്കിയ റിപ്പോർട്ടായിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ സമിതി നിര്‍ദേശിച്ച ശിപാര്‍ശകളിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച് കേരള സര്‍ക്കാറിനുവേണ്ടി തയാറാക്കിയ റിപ്പോർട്ടായിരുന്നു അത്. കുടിയേറ്റക്കാരുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുന്നത്. സര്‍ക്കാര്‍ സര്‍വേയറെ കൂട്ടി നടത്തിയ ഭൗതിക പരിശോധനകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയതെന്ന് അവകാശപ്പെട്ടാണ് ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ട് കേരളം കേന്ദ്രത്തിന് സമർപ്പിച്ചത്. താമസസ്ഥലങ്ങള്‍, കൃഷിഭൂമി, തോട്ടങ്ങള്‍ എന്നിവ സര്‍വേ നമ്പറി​​െൻറ അടിസ്ഥാനത്തില്‍ ഒഴിവാക്കിയായിരുന്നു ഇത്. പരിസ്ഥിതിലോല മേഖലകളെ സര്‍വേ നമ്പറി​​​െൻറ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പൂര്‍ണമായി ഒഴിവാക്കിയ റിപ്പോര്‍ട്ടാണ് കേരളം സമര്‍പ്പിച്ചത്. കേരളത്തില്‍ എല്ലായിടത്തും റീസര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ അത്തരം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചുവെന്നും കേരളം അവകാശപ്പെട്ടിരുന്നു. ഇൗ അവകാശവാദം ദേശീയ ഹരിത ട്രൈബ്യൂണലിൽ ചോദ്യംചെയ്യപ്പെട്ടു. പരിസ്ഥിതിലോല പ്രദേശങ്ങള്‍ (ഇ.എസ്.എ) ക​െണ്ടത്താൻ കേരളം നടത്തിയ തെളിവെടുപ്പില്‍ കസ്തൂരിരംഗന്‍ ശിപാര്‍ശകളെ എതിര്‍ക്കുന്നവരെ മാത്രം പങ്കെടുക്കാന്‍ അനുവദിച്ചതിലൂടെ അത്​ ജനാധിപത്യവിരുദ്ധമായി മാറിയെന്ന് സാലിം അലി ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ആലോചന യോഗങ്ങളിലും ഗ്രാമസഭകളിലും കസ്തൂരിരംഗന്‍ ശിപാര്‍ശകളെ അനുകൂലിക്കുന്നവരെ കായികമായി തടയുകയും കൈയേറ്റം ചെയ്യുകയുമുണ്ടായെന്ന  ആരോപണവും ഫൗണ്ടേഷൻ ഉന്നയിച്ചു. ഏതായാലും പശ്ചിമഘട്ട സംരക്ഷണമായിരുന്നില്ല കേരളത്തിലെ ഇരു സർക്കാറുകളുടെയും പ്രഥമ പരിഗണനയെന്ന് ഇൗ വിവാദങ്ങൾ അത്രയും തെളിയിച്ചു.

Idukki
ഇടുക്കി ഡാം തുറന്നപ്പോൾ
 

ജലസംഭരണികളെയും വെറുതെവിട്ടില്ല
ഇതിനിടയിലാണ് പശ്ചിമഘട്ടത്തി​​െൻറ താഴ്വാരങ്ങളെ പ്രളയത്തിൽ കാത്തുരക്ഷിക്കാനുള്ള ജലസംഭരണികളായ തണ്ണീർ ത്തടങ്ങളെയും വയലുകളെയും സംരക്ഷിക്കാനുള്ള പരിസ്ഥിതിനിയമം കൂടി കേരളം അട്ടിമറിച്ചുകളഞ്ഞത്. വിവാദങ്ങളൊന്നുമില്ലാതെ കേവലം ഒരു ഒാർഡിനൻസിറക്കിയായിരുന്നു ഇൗ അട്ടിമറി. പൊതു ആവശ്യത്തിനെന്ന് സർക്കാറിന് തോന്നുന്ന ഏതു പദ്ധതിക്കും നീർത്തടങ്ങളും വയലുകളും നികത്താമെന്ന നിയമം കേരള സർക്കാർ ചുെട്ടടുത്തു. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനായി കൊണ്ടുവന്ന നിയമം ഭേദഗതിചെയ്ത് അത് നശിപ്പിക്കാനുള്ളതാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്തത്. പ്രതിപക്ഷ നേതാക്കളും ഒത്തുചേർന്ന നീക്കമായിരുന്നു ഇത്. മുൻ ഇടതുസർക്കാർ കൊണ്ടുവന്ന നിയമമാണ് പിറകെവന്ന ഇടതുസർക്കാർ തന്നെ അട്ടിമറിച്ചത്.  സംസ്ഥാനത്ത് 30 വര്‍ഷത്തിനിടെ ഇല്ലാതായത് ആറു ലക്ഷം ഹെക്ടര്‍ നെല്‍വയലാണെന്ന് കൃഷിവകുപ്പി​​െൻറ മുന്നറിയിപ്പ് കൈവശമിരിക്കുേമ്പാഴാണ് അത് ചെയ്തത്. നമ്മുടെ ജലസംഭരണികൾ സംരക്ഷിക്കാനുണ്ടാക്കിയ നിയമം നാംതന്നെ മണ്ണിട്ടുമൂടുേമ്പാൾ പശ്ചിമഘട്ടത്തിൽനിന്ന് ഒഴുകിവരുന്നതും പേമാരിയിൽ പെയ്തിറങ്ങുന്നതുമായ വെള്ളമ​െത്രയും നമ്മെ പ്രളയത്തിൽ മുക്കുകയല്ലാതെ മറ്റെന്ത് ചെയ്യണം?!

Show Full Article
TAGS:Gadgil Report Kasthorirangan Rain Havoc Heavy rain opnion malayalam news 
News Summary - Gdgil report issue-Opnion
Next Story