Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗെയിൽ സമരം:...

ഗെയിൽ സമരം: മുഖ്യമന്ത്രിക്ക്​ ഒരു തുറന്ന കത്ത്​ 

text_fields
bookmark_border
Sudheeran-and-Pinarayi
cancel

പ്രിയപ്പെട്ട മുഖ്യമന്ത്രി

മതിയായ നഷ്​ടപരിഹാരം നൽകാതെ ഏകപക്ഷീയമായി ജനവാസകേന്ദ്രങ്ങളിൽ വാതക പൈപ്പ്‌ ഇടുന്ന ഗെയിൽ അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ സമാധാനപരമായി പ്രതിഷേധവികാരം ഉയർത്തിയ മുക്കത്തെയും കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെയും ജനങ്ങൾക്കുനേരെ നരനായാട്ട് നടത്തിയ ​െപാലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അഭ്യർഥിക്കുന്നു. 1962ലെ പെട്രോളിയം മിനറൽ പൈപ്പ്​ലൈൻ ആക്ട്, 2013ലെ ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആൻഡ്​ ട്രാൻസ്പെരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റിഹാബിലിറ്റേഷൻ ആൻഡ്​ റീ സെറ്റിൽമ​െൻറ്​ ആക്ട് എന്നീ നിയമങ്ങളുടെ നഗ്​നമായ ലംഘനമാണ് ഗെയിൽ അധികൃതരുടേത്. ഇതിനെതിരെ സമാധാനമായി പ്രതികരിച്ച ജനങ്ങളുടെ മേൽ സമാനതകളില്ലാത്ത അതിക്രമമാണ് പൊലീസി​​െൻറ ഭാഗത്തുനിന്നുണ്ടായത്. ഒരു പ്രകോപനവുമില്ലാതെ സമരപ്പന്തൽ അടിച്ചു തകർക്കുക, കണ്ടവരെയെല്ലാം ക്രൂരമായി തല്ലിച്ചതക്കുക, വീട്ടിലിരിക്കുന്നവരെ മാരകമായി മർദിച്ച് ഗുരുതരമായി പരിക്കേൽപിക്കുക തുടങ്ങിയ, ഗുണ്ടകളെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ അഴിഞ്ഞാട്ടം നടത്തിയ പൊലീസ് മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തത്. വീട്ടിലിരുന്ന അഡ്വക്കറ്റ് ഇസ്മാഇൗൽ  വഫ, മുഹമ്മദ് നബീൽ എന്നിവരുടെ അനുഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

എന്തിനേറെ, സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി മുക്കം പൊലീസ് സ്​റ്റേഷനിൽ എം.ഐ. ഷാനവാസ് എം.പി ചർച്ച നടത്തുന്ന സന്ദർഭത്തിൽപോലും മുക്കം പൊലീസ്  സബ്ഇൻസ്പെക്ടറും കൂട്ടരും നടത്തിയ അക്രമങ്ങൾ പൊലീസ് സേനക്കുതന്നെ തീരാകളങ്കമാണ് വരുത്തിയിട്ടുള്ളത്. വഴിയിലൂടെ പോകുന്നവർ, വിവിധ ഇടങ്ങളിൽ ജോലിചെയ്യുന്നവർ, മുടി വെട്ടാൻ ബാർബർ ഷോപ്പിൽ പോയവർ എന്നു​ തുടങ്ങി ടൂവീലർ യാത്രക്കാരെവരെ പൊലീസ് കസ്​റ്റഡിയിലെടുത്ത് തടവിലാക്കി. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവരുടെ എണ്ണം  തിട്ടപ്പെടുത്താനാകില്ല. ആശുപത്രിയിലേക്ക് പോയവരെ കേസിൽ പ്രതികളാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പലരെയും വീണ്ടും മർദിച്ചു. കേസുകളിൽ പ്രതികളാകുമെന്ന് ഭയപ്പെട്ട് ഭൂരിപക്ഷം പേരും ആശുപത്രിയിൽ പോകാതെ സ്വകാര്യ ചികിത്സയിലാണ്. ജനമർദകരായ ബ്രിട്ടീഷ് ഭരണകൂടത്തി​​െൻറയും തിരുവിതാംകൂർ ദിവാൻ സർ സി.പിയുടെയുമൊക്കെ മനുഷ്യത്വരഹിതമായ ഭീകര അതിക്രമങ്ങൾക്ക് സമാനമായ കൊടുംപാതകമാണ് താങ്കൾ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന ഈ സന്ദർഭത്തിലും ഉണ്ടായത്.

ജനങ്ങൾക്കുവേണ്ടി സമരം നടത്തുകയും കൊടിയ പൊലീസ് അതിക്രമങ്ങൾക്ക് വിധേയരാകുകയും ചെയ്ത എ.കെ.ജിയെപ്പോലുള്ള നേതാക്കൾ നയിച്ച കമ്യൂണിസ്​റ്റ്​ പ്രസ്ഥാനത്തി​​െൻറ പ്രതിനിധിയായ താങ്കൾ പൊലീസിനെ കൈകാര്യം ചെയ്യുമ്പോഴാണ് ജീവിക്കാൻ വേണ്ടി സമരം ചെയ്യാൻ നിർബന്ധിതരായ ജനങ്ങൾക്കു നേരെയുള്ള ഈ കടന്നാക്രമണം ഉണ്ടായത് എന്നത് താങ്കൾക്കും സർക്കാറിനും അപമാനകരമാണ്. ഗെയിൽ അധികൃതരും അവരുടെ കോൺട്രാക്ടർമാരുടെ വക്താക്കളും പൊലീസ് അധികൃതരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ്​ ഈ ദുരന്തം ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ചത്. പരിഷ്കൃത സമൂഹത്തെ ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ ഈ കാട്ടാള ചെയ്തികൾക്ക് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കണമെന്ന് താൽപര്യപ്പെടുന്നു.

സ്നേഹപൂർവം
വി.എം. സുധീരൻ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudheerankerala newspinarayigailmalayalam newsGail strike
News Summary - Gail Strike - Article
Next Story