Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജെ.പി മുതൽ സി.ജെ.പി...

ജെ.പി മുതൽ സി.ജെ.പി വരെ: വിദ്യാർഥി മുന്നേറ്റങ്ങളുടെ ചരിത്രവും ഭാവിയും

text_fields
bookmark_border
ജെ.പി മുതൽ സി.ജെ.പി വരെ: വിദ്യാർഥി മുന്നേറ്റങ്ങളുടെ  ചരിത്രവും ഭാവിയും
cancel
camera_alt

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ പൊലീസ് തടയുന്നു

വർത്തമാനകാല യുവജന പ്രക്ഷോഭങ്ങളുടെ സ്വഭാവവും ഗതിയും കൃത്യമായി മനസ്സിലാക്കാൻ, രാജ്യം മുൻപ് സാക്ഷ്യം വഹിച്ച വലിയ വിദ്യാർഥി പ്രക്ഷോഭങ്ങളിലൊന്നായ ‘ജെ.പി പ്രസ്ഥാന’ത്തിലേക്ക് കണ്ണോടിക്കുന്നത് സഹായകമാകും. ജയപ്രകാശ് നാരായണന്റെ പേരിൽ അറിയപ്പെടുന്നതാണെങ്കിലും, 1973-74 കാലഘട്ടത്തിൽ ഗുജറാത്തിലെയും ബിഹാറിലെയും ചെറുപ്പക്കാരാണ് ഈ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ഇന്നത്തെപ്പോലെ തന്നെ, രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കും അഴിമതിക്കുമെതിരെയായിരുന്നു ആ പ്രതിഷേധം.

1973-ൽ അഹ്മദാബാദിൽ ‘നവനിർമാൺ യുവക് സമിതി’ എന്ന പേരിലാണ് പ്രക്ഷോഭത്തിന്റെ തുടക്കം. ഗുജറാത്ത് സർവകലാശാല വിദ്യാർഥികൾ കൈകളിൽ കാലിയായ എണ്ണപ്പാത്രങ്ങളേന്തി തെരുവിലിറങ്ങി. 1973 ഡിസംബറോടെ ബിഹാറും പ്രതിഷേധങ്ങളുടെ കേന്ദ്രമായി മാറി. ലാലു പ്രസാദ് യാദവ് അധ്യക്ഷനായ ‘ബിഹാർ ഛാത്ര സംഘർഷ് സമിതി’യാണ് അവിടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്.

അന്നും ഭരണാധികാരികളുടെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിയപ്പെട്ടവരും അഴിമതിക്കും സാമ്പത്തിക പ്രതിസന്ധിക്കും കാരണക്കാരുമെന്ന് ആരോപിക്കപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രി ചിമൻഭായ് പട്ടേൽ, ബിഹാർ മുഖ്യമന്ത്രി അബ്ദുൾ ഗഫൂർ എന്നിവരുടെ രാജിയാണ് വിദ്യാർഥികൾ ആവശ്യപ്പെട്ടത്.

ഈ പ്രസ്ഥാനങ്ങൾക്ക് വേഗത്തിൽ വിദ്യാർഥി യൂണിയനുകളുടെ പിന്തുണ ലഭിച്ചു. ഗുജറാത്തിലും ബിഹാറിലും അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ നേതാക്കൾ പ്രക്ഷോഭകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി. ജന്തർ മന്തറിലെ സമീപദിവസങ്ങളിലെ പ്രക്ഷോഭങ്ങൾക്ക് ഇടതുപക്ഷ വിദ്യാർഥി യൂണിയനുകളിൽ നിന്ന് ഭാഗികമായി ലഭിച്ച പിന്തുണയ്ക്ക് സമാനമായിരുന്നു ഇത്.

ഗാന്ധിയൻ പാരമ്പര്യത്തിലൂടെ ഉയർന്നുവന്ന ആദരണീയ വ്യക്തിത്വമായ ജെ.പി ആയിരുന്നു അന്ന് പ്രസ്ഥാനത്തെ നയിച്ചത്. 2012-13 കാലഘട്ടത്തിലെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽ അണ്ണാ ഹസാരെയും നിലവിൽ സോനം വാങ്ചുകും വഹിക്കുന്ന പങ്കിന് സമാനമാണിത് (എന്നാൽ, 2012-13-ലെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് തുടക്കമിട്ടത് വിദ്യാർഥികളല്ല).

ഇന്നത്തെപ്പോലെ തന്നെ, രാഷ്ട്രീയ പാർട്ടികളും അന്ന് ഈ പ്രസ്ഥാനത്തിന് പിന്നിൽ അണിനിരന്നു. 1974 നവംബറിൽ ഭാരതീയ ലോക് ദൾ, സോഷ്യലിസ്റ്റ് പാർട്ടി, സംഘടനാ കോൺഗ്രസ്, ജനസംഘം എന്നിവ ചേർന്ന് രൂപീകരിച്ച നാഷണൽ കോഓർഡിനേഷൻ കമ്മിറ്റിയാണ് പിൽക്കാലത്ത് ജനതാപാർട്ടിക്ക് അടിത്തറ പാകിയത്. നിലവിൽ, ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ വിദ്യാർഥി പ്രസ്ഥാനത്തിന് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രകടനങ്ങളിൽ പങ്കെടുത്തത് ഏറെ നിർണായകമാണ്.

അന്നും, തുടക്കം മുതൽ പ്രതിഷേധങ്ങൾക്ക് നേരെ കടുത്ത അടിച്ചമർത്തലുകളുമുണ്ടായി. ഗുജറാത്തിൽ 33 പട്ടണങ്ങളിലായി പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 42 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. 1974 ഒക്ടോബറിലെ ബിഹാർ ബന്ദ് അതിക്രൂരമായ പൊലീസ് അതിക്രമങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ജെ.പിയുടെ പ്രധാന സഹായിയായിരുന്ന നാനാജി ദേശ്‌മുഖിന് പോലും ലാത്തിച്ചാർജിൽ പരിക്കേറ്റു. ജൂലൈ 20, 21 തീയതികളിൽ ന്യൂഡൽഹിയിൽ വിദ്യാർഥികൾക്കും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ളവർക്കും നേരെ കടുത്ത അടിച്ചമർത്തലുണ്ടായി.

ഇനിയെന്ത്?

1977-ൽ അടിയന്തരാവസ്ഥയിലേക്കും ഇന്ദിരാഗാന്ധിയുടെ പരാജയത്തിലേക്കും നയിച്ച സംഭവവികാസങ്ങൾ ആവർത്തിക്കപ്പെടുമോ? ഇന്ദിരാഗാന്ധിയുടെയും നരേന്ദ്ര മോദിയുടെയും വ്യക്തിത്വങ്ങളും ഭരണരീതികളും ഏറെ സമാനമായതിനാൽ ആ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് തീർച്ചയായും പ്രസക്തമാണ്. സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയ രാജ്യത്തെ പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണനിർവഹണ സംവിധാനങ്ങളെയും ഇരുവരും ഒരുപോലെ നിഷ്പ്രഭമാക്കി. പത്തുവർഷത്തോളം ഭരണം കൈയാളിയ ശേഷമാണ് ഇരുവർക്കും വിദ്യാർഥി പ്രക്ഷോഭങ്ങളെ നേരിടേണ്ടി വന്നത്.

ഗുജറാത്തിലെയും ബിഹാറിലെയും മുഖ്യമന്ത്രിമാരെ പദവിയിൽ നിന്ന് നീക്കാൻ ഇന്ദിരാഗാന്ധി ഒടുവിൽ നിർബന്ധിതയായി. എന്നാൽ പ്രധാനമന്ത്രിയുടെ തന്നെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനങ്ങളെ തണുപ്പിക്കാൻ അത് മതിയാകുമായിരുന്നില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. തെരുവ് പ്രക്ഷോഭങ്ങൾ ശക്തമാക്കി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട മൊറാർജി ദേശായിയുടെ ലക്ഷ്യവും ഇതുതന്നെയായിരുന്നു. ജൂൺ 25-ന്, പ്രധാന രാഷ്ട്രീയ പാർട്ടികളെ കോർത്തിണക്കി രൂപവത്കരിച്ച ‘ലോക് സംഘർഷ് സമിതി’യുടെ അധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം, ജൂൺ 29 മുതൽ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കകം, ഇന്ദിരാഗാന്ധി രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഒരുപക്ഷേ പ്രക്ഷോഭകരെ തൃപ്തരാക്കാൻ പര്യാപ്തമായേക്കില്ല. സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ ഉടൻ മെച്ചപ്പെടാൻ സാധ്യതയില്ലാത്തതിനാൽ, യുവജനങ്ങളെ വേട്ടയാടുന്ന തൊഴിലില്ലായ്മ വലിയൊരു പ്രശ്നമായി തുടരുകയും ചെയ്യും.

തെരുവ് പ്രക്ഷോഭങ്ങൾക്ക് വഴങ്ങുന്ന രീതി നരേന്ദ്ര മോദിക്കില്ല; കർഷക നിയമങ്ങൾ പിൻവലിപ്പിക്കുന്നതിനുപോലും ഒരു വർഷത്തിലേറെ നീണ്ട പ്രക്ഷോഭം വേണ്ടിവന്നു. എന്നാൽ, പ്രതിഷേധക്കാർ സ്വയം മടുത്ത് പിന്മാറുമെന്ന പ്രതീക്ഷയിൽ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോയാൽ അത് ഏറെ അപകടകരമായ നീക്കമായി മാറുകയും ചെയ്യും. സമീപകാല പ്രക്ഷോഭങ്ങൾ യുവതയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഒരു സർക്കാർ സ്വന്തം രാജ്യത്തെ യുവജനങ്ങളെ അടിച്ചമർത്തുമ്പോൾ, അത് സ്വന്തം പ്രതിച്ഛായ തകർക്കുകയും ധാർമികമായ മേൽക്കൈ നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതേസമയം, ലക്ഷ്യം കൈവരിച്ച സാമൂഹിക പ്രസ്ഥാനങ്ങളുടെ കാതലായ ധൈര്യത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും മൂല്യം പ്രക്ഷോഭകർ തിരിച്ചറിയുകയും ചെയ്യുന്നു. ബ്രിട്ടീഷ് രാജിന്റെ കാലത്ത് മഹാത്മാഗാന്ധിയും, അടുത്തിടെ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ 'ജെൻ സി'യും നയിച്ച പ്രസ്ഥാനങ്ങളുടെ ചേരുവകൾ ഇതുതന്നെയായിരുന്നു. തെക്കേ ഏഷ്യയിലുടനീളം, മുൻപും ഇപ്പോഴും ജനാധിപത്യവിരുദ്ധ അഴിമതി ഭരണകൂടങ്ങൾ വീണത് ഇത്തരം ജനകീയ പ്രക്ഷോഭങ്ങളുടെ-അഥവാ തുടർന്നുവരുന്ന തെരഞ്ഞെടുപ്പുകളുടെ ഫലമായാണ്. ആ സന്ദർഭങ്ങളിലെല്ലാം, മർദ്ദനങ്ങൾ ഏൽക്കാനും തടവറ പുൽകാനും തയാറായ നേതാക്കൾ പ്രകടിപ്പിച്ച ധൈര്യം നിർണായകമായിരുന്നു.

ഗാന്ധി മുതൽ മൊറാർജി ദേശായിയും വാങ്ചുകും വരെയുള്ളവർ നടത്തുന്ന ‘നിരാഹാര സത്യഗ്രഹം’ എന്ന സ്വയം സമർപ്പിത പോരാട്ടമാർഗ്ഗത്തോടൊപ്പം, ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിലനിൽക്കുന്ന പ്രശസ്തമായ മറ്റൊരു ശൈലിയാണ് കായികപരമായ അഥവാ ശാരീരികമായ ധൈര്യം കാണിക്കുക എന്നത്. മഹാത്മാഗാന്ധിയും ജെ.പിയും ഉപരി സൂചിപ്പിച്ച രാജ്യങ്ങളിലെ ‘ജെൻ സി’യും കൈവരിച്ച വിജയങ്ങൾക്കൊപ്പം തന്നെ, ഇന്ത്യയിലും മറ്റും ഇന്നത്തെ പ്രക്ഷോഭകർക്ക് സമാനമായി സമരം ചെയ്ത് പരാജയപ്പെട്ടവരുടെ അനുഭവങ്ങളും നാം മറക്കരുത്.

പ്രതിഷേധങ്ങൾ തുടരുകയാണെങ്കിൽ മോദി സർക്കാർ ഏത് വഴിയാകും തിരഞ്ഞെടുക്കുക? ഒരു ഒത്തുതീർപ്പിന് ശ്രമിച്ച് വലിയ വിട്ടുവീഴ്ചകൾക്കും യുവാക്കളുടെ പ്രതീക്ഷകൾക്കൊത്ത നയമാറ്റങ്ങൾക്കും വഴിതുറക്കുമോ? അതോ അടിച്ചമർത്തലിന്റെ തീവ്രത കൂട്ടുമോ? അതോ, കൂടുതൽ വ്യാജപ്രചാരണങ്ങൾ നടത്തുക, തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടത്തുക, ഭരണഘടനാ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരിക, തീവ്ര ഹിന്ദുത്വ പ്രീണനം വർധിപ്പിക്കൽ എന്നിവയിലെല്ലാം അധിഷ്ഠിതമായ ഒരു മൂന്നാം വഴി തേടുമോ?

സ്വേച്ഛാധിപത്യവും മുസ് ലിംകളെ ബലിയാടുകളാക്കി യുവാക്കളുടെ നിരാശ തീർക്കാൻ അവസരമൊരുക്കലും കൊണ്ടു മാത്രം ഇനിയങ്ങോട്ട് കാര്യങ്ങൾ എളുപ്പമാകണമെന്നില്ല. ഒന്നാമതായി, ഭയം ഇപ്പോൾ മറുപക്ഷത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടാമതായി, സാമുദായിക സ്വത്വവാദ രാഷ്ട്രീയത്തേക്കാൾ ഉപരിയായി, സാമ്പത്തിക-സാമൂഹിക വിഷയങ്ങളിലേക്കുള്ള തിരിച്ചുവരവിനെയാണ് നിലവിലെ വിദ്യാർഥി പ്രസ്ഥാനങ്ങൾ പ്രതിഫലിപ്പിക്കുന്നത്. സ്വത്വരാഷ്ട്രീയത്തിന്റെ ആകർഷണീയത മങ്ങുകയാണ്: അയോധ്യയിലെ രാമക്ഷേത്രം മുതൽ പ്രതീകാത്മകമായ വലിയ നേട്ടങ്ങൾ ഹിന്ദുക്കൾക്ക് ഭരണകൂടത്തിൽ നിന്ന് ലഭിച്ചിട്ടുണ്ടാകാം, എന്നാൽ ഇന്ന് ചെറുപ്പക്കാർക്ക് വേണ്ടത് തൊഴിലാണ്; 2014-ൽ വാഗ്ദാനം ചെയ്ത ‘അച്ഛേ ദിൻ’ ഇനി എപ്പോഴാണ് വരിക എന്ന് അവർ ചോദിക്കുന്നു.

(ലണ്ടനിലെ കിങ്സ് കോളജിൽ ഇന്ത്യൻ പൊളിറ്റിക്സ് ആൻഡ് സോഷ്യോളജി പ്രഫസറും ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ ചെയർമാനുമായ ക്രിസ്റ്റോഫ് ജാഫ്രലോട് thewire.in-ൽ എഴുതിയ കോളത്തിൽ നിന്ന്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi Governmentmadhyamam articleJayaprakash NarayanMadhyamamCJP Protest
News Summary - From JP to CJP: The History and Future of Student Movements
Next Story