Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകലയും സാഹിത്യവും...

കലയും സാഹിത്യവും കായികമാമാങ്കങ്ങളും സൗഹൃദത്തെ പരിപോഷിപ്പിക്കുന്നുണ്ടോ?

text_fields
bookmark_border
https://www.madhyamam.com/tags/friendship
cancel
camera_alt

പ്രതീകാത്മക ചിത്രം

ജനങ്ങൾക്കിടയിൽ സമാധാനവും പരസ്പരധാരണയും വളർത്തുന്നതിനുള്ള മാർഗമായി സൗഹൃദം ആഘോഷിക്കാൻ തീരുമാനിച്ച​തോടെയാണ് സൗഹൃദ ദിനാചരണത്തിന് തുടക്കമായത്. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ആഗസ്റ്റിലെ ആദ്യ ഞായറാഴ്ച സൗഹൃദദിനം ആഘോഷിച്ചുവരുന്നു.


2011ലാണ് ജൂലൈ 30 ലോക സൗഹൃദദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കാൻ തുടങ്ങിയത്. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ആഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനം ആഘോഷിച്ചുവരുന്നത്. ഇത് ഇക്കുറി ആഗസ്റ്റ് രണ്ടിനാണ്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും വെള്ളരിപ്രാവുകളെ കശാപ്പുശാലയിൽപോലും കാണാതായ പുതുലോകക്രമത്തിൽ നവലോക ലോകരാഷ്ട്രഘടന വാർത്തെടുത്ത ഇത്തരം ദിനാചരണങ്ങളിലൂടെ​ യാഥാർഥ്യത്തിനുമേൽ പുകമറയുണ്ടാക്കുകയാ​ണ്​ ലോകരാഷ്ട്രങ്ങൾ. എന്നാൽപോലും​​ പ്രതീക്ഷ കൈവിടാത്ത സമൂഹങ്ങൾ അത്തരം സ്മരണകൾപോലും വലിയ മൂല്യവത്തായാണ്​ കാണുന്നത്​.

1958ൽ പരാഗ്വേയിൽ ‘വേൾഡ് ഫ്രണ്ട്ഷിപ്പ് ക്രൂസേഡ്’ എന്ന അന്താരാഷ്ട്ര സിവിലിയൻ സംഘടന, ജനങ്ങൾക്കിടയിൽ സമാധാനവും പരസ്പരധാരണയും വളർത്തുന്നതിനുള്ള മാർഗമായി സൗഹൃദം ആഘോഷിക്കാൻ തീരുമാനിച്ചതോടെയാണ് ഈ ദിനാചരണത്തിന്​ തുടക്കമായതെന്ന്​ പറയുന്നു. സൗഹൃദത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ്​ 2011ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി പ്രഖ്യാപിച്ചത്​.

ലോകസമാധാനവും സൗഹൃദവും ആരംഭിക്കേണ്ടത്​ അയൽപക്കങ്ങളിലും സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും നിന്നാണ്​. ഇത്​ യാഥാർഥ്യമാകാൻ ചെറിയചെറിയ കാരുണ്യപ്രവൃത്തികൾ മുതൽ മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കാനുള്ള മനസ്സ്​ വരെ നിമിത്തമാകും. മുൻവിധികളെയും തെറ്റിദ്ധാരണകളെയും തകർത്തെറിയാൻ വ്യക്തിബന്ധങ്ങൾക്ക് സാധിക്കും. സാംസ്കാരിക കൈമാറ്റങ്ങളിലും സാമൂഹിക പദ്ധതികളിലും യുവാക്കളെയടക്കം പങ്കാളികളാക്കുന്നത്, വിഭജനത്തേക്കാൾ സഹകരണത്തിന് മുൻഗണന നൽകാൻ അടുത്ത തലമുറയെ പ്രാപ്തരാക്കും.

സമാധാനനിർമാണത്തിനുള്ള ഏറ്റവും എളുപ്പ മാർഗമായ സൗഹൃദസ്ഥാപനത്തിന്​ പണമോ മറ്റ്​ ആസൂത്രണമോ ആവശ്യമില്ല, തുറന്നമനസ്സ് മാത്രം മതി. മതിലുകളല്ല, പാലങ്ങളാകണം ജനങ്ങൾക്കിടയിൽ പടുത്തുയർത്തേണ്ടത്​. മനുഷ്യരെന്ന നിലയിൽ നമ്മെ ഒന്നിപ്പിക്കുന്ന കാര്യങ്ങൾ നമ്മെ ഭിന്നിപ്പിക്കുന്നവയേക്കാൾ എത്രയോ കൂടുതലായിട്ടും സൗഹൃദം യാഥാർഥ്യമാക്കാൻ ചില സ്വാർഥ താൽപര്യക്കാർക്ക്​​ വിമുഖതയാണുള്ളത്​​ എന്നതാണ്​ യു.എൻ മനുഷ്യസമൂഹത്തിന്​ ദിനാചരണത്തിലൂടെ നൽകുന്ന സന്ദേശം.

ലോക പൊലീസ്​ ചമയുന്ന അമേരിക്കൻ പ്രസിഡന്‍റ്​ ട്രംപും അയാളെ നിയന്ത്രിക്കുന്ന ഇസ്രായേൽ ഭരണാധികാരി നെതന്യാഹുവുമാണ്​ ഇന്ന്​ ലോകക്രമം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെന്നതാണ്​ പറയുന്നത്​. എന്നാൽ, ഇവർക്കും പിന്നിൽ നിലകൊള്ളുന്ന ചില ശക്തികളും ആശയങ്ങളും താൽപര്യങ്ങളുമാണ്​ യഥാർഥത്തിൽ ലോകസമാധാനത്തിന്​ വിഘ്നമെന്നതാണ്​ യാഥാർഥ്യം. ഈ അച്ചുതണ്ട്​ തകർക്കാൻ കഴിയുന്ന രാജ്യങ്ങളും അവരെ പിന്തുണക്കുന്നവരും ശക്തിപ്പെടുമ്പോൾ മാത്രമേ യഥാർഥ ലോകസമാധാനവും സൗഹൃദവും യാഥാർഥ്യമാകൂ.

വ്യക്തികൾ തമ്മിലും രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലും സൗഹാർദവും സമാധാനവും ഊട്ടിയുറപ്പിക്കുകയാണ്​ ദിനാചരണത്തിന്‍റെ ലക്ഷ്യമായി പറയുന്നത്​. വ്യക്തിബന്ധങ്ങളിൽ മുതൽ ലോക രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽവരെ വിടവുകൾ കൂടിവരുന്ന പ്രതിഭാസം നമുക്ക്​ മുന്നിലുള്ള യാഥാർഥ്യമാണ്​. അതോടൊപ്പം ലോകത്ത്​ ഭയാശങ്കമാംവിധം വർധിച്ചുവരുന്ന വിദ്വേഷത്തിന്‍റെയും സാമൂഹിക ​വർണവിവേചനത്തിന്‍റെയും വിത്തുകൾ പറിച്ചെറിഞ്ഞ്​ പരസ്പരവിശ്വാസത്തിന്‍റെയും സമാധാനത്തിന്‍റെയും സാമ്പത്തിക വളർച്ചയുടെയും വിളവെടുപ്പ്​ നടത്തുകയാണ്​ ഇതിലൂടെ ലക്ഷ്യമാക്കുന്നത്​.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും സാഹോദര്യവും ഏട്ടിലെ പശു പുല്ല് മാത്രമാണെന്നതും യാഥാർഥ്യമായി ഓരോ ഇന്ത്യക്കാരന്‍റെയും മുന്നിലുണ്ട്​. നരേന്ദ്ര മോദി പടുത്തുയർത്തുന്ന പശുചരിത സംസ്കാരം ഒട്ടനവധി പേരുടെ ഹത്യക്ക് നിമിത്തമാവുകയാണെന്നത് ഇന്ത്യൻ സൗഹൃദമുഖത്തിന്റെ കരിവാളിപ്പായി നിലനിൽക്കുന്നു. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ അള്ളിപ്പിടിച്ചു വളർന്ന ഫാഷിസ്റ്റ് ദുർഭൂതങ്ങൾ സൗഹൃദത്തോടെ ഒത്തുകൂടിയ യുവത്വത്തെപ്പോലും ചേരിതിരിച്ചും തല്ലിച്ചതച്ചുമാണ്​ ആഘോഷിക്കുന്നത്​.

സാമ്പത്തിക അഴിമതിയേക്കാൾ ഗൗരവതരമാണ്​ വംശീയ-ജാതീയ ചിന്താഗതിയും ഫാഷിസ്റ്റ്​ പ്രവണതകളും. അതിനുദാഹരണങ്ങളാണ്​ ഇന്ത്യയിൽതന്നെ നടന്ന വലിയവലിയ സാമ്പത്തിക കുംഭകോണങ്ങൾ പോലും ജനങ്ങൾക്കിടയിൽ മാനസിക വിവേചനമില്ലാതെ കടന്നുപോയതും അത്​ മനസ്സിൽനിന്ന്​ പോലും മാഞ്ഞുപോകുന്നതും. എന്നാൽ, ജാതീയ ചിന്താഗതികളും പുരാതന സംസ്കാരത്തിന്‍റെ സവർണവത്​കരണവും മറ്റും വിദ്യാഭ്യാസ മേഖലയിലും സിനിമ-സാഹിത്യം പോലുള്ള സാംസ്കാരിക രംഗങ്ങളിലും കടത്തിക്കൊണ്ടുവരുമ്പോൾ അത്​ അടുത്തിരിക്കുന്നവരെ മുതൽ വരുംതലമുറകളെ വരെ അന്യരാക്കാനും ശത്രുക്കളാക്കാനും കാരണമാവുകയാണ്​​. ഇത്​ വ്യത്യസ്ത മതസമൂഹ​ങ്ങളെ, പ്രത്യേകിച്ച്​ മുസ്​ലിംസമൂഹത്തെ കൂടുതൽ പരിക്കേൽപിക്കുക മാത്രമല്ല, അതേതുടർന്നുള്ള ചിന്താഗതികൾ സ്കൂൾവിദ്യാർഥികളെ വരെ വംശീയമായി അകറ്റിനിർത്താൻ കാരണമാകുന്നത്​. മുസ്​ലിംവിദ്വേഷം അതിരുകടന്നപ്പോഴാണ്​ യു.എൻ പോലും 2022ൽ ഇസ്​ലാമോഫോബിക്​ ദിനാചരണ പ്രഖ്യാപനം നടത്താനിടയായതും.

അതിർത്തിക്കല്ലുകൾ രാജ്യങ്ങളുടെ ഭൂമിയുടെ അവകാശം മാത്രമാണ്​ സ്ഥാപിക്കുന്നതെന്നും സൗഹൃദവും സമാധാനവും യാഥാർഥ്യമാകണമെങ്കിൽ മനുഷ്യൻ ഏകോദരസ​ഹോദരങ്ങളാണെന്ന ആശയ​ത്തിന്​ തടസ്സംനിൽക്കുന്ന കരിമ്പാറകളെ തച്ചുടക്കണമെന്നുമുള്ള നിശ്​ചയദാർഢ്യം ഭരണാധികാരികൾ​ക്കൊപ്പം ജനങ്ങൾക്കുമുണ്ടാകുമ്പോഴേ യഥാർഥ മാനവികത നിലവിൽ വരൂ. ലോകമെങ്ങും അംഗീകരിച്ചിട്ടുള്ള മൂല്യങ്ങളും ആശയങ്ങളും സൗഹൃദവും യു.എൻ ലക്ഷ്യമിടുന്ന ഉൾക്കൊള്ളലിന്‍റെയും വൈവിധ്യത്തിന്‍റെയും സംസ്കാരവും വളർത്തിയെടു​ക്കുമ്പോൾ, പ്രത്യേകിച്ച്​ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന വൈവിധ്യങ്ങൾക്കുള്ളിലെ ഏകത ഉയർത്തിപ്പിടിക്കുമ്പോൾ മാത്രമേ ഈ ലക്ഷ്യം നേടിയെടുക്കാനാകൂ.

കടന്നുപോയ ഫിഫ ലോകകപ്പും നടന്നുവരുന്ന കോമൺ‌വെൽത്ത് ഗെയിംസ് ഒളിമ്പിക്സുംപോലുള്ള കായികമാമാങ്കങ്ങളും 2028ൽ വരാനിരിക്കുന്ന ഒളിമ്പിക്സുമെല്ലാം സന്ദേശമായി പറയുന്നത്​ ഒരുമയുടെ പാഠങ്ങളാണ്​. എന്നാൽ, ഇന്ന്​ അവയുടെ നടത്തിപ്പുകാരെയടക്കം വംശീയതയുടെയും വിഭാഗീയതയുടെയും ചിന്താഗതികൾ പിടികൂടിയിരിക്കുന്നു. സമാധാനപരമായ ഒരു ലോകം കെട്ടിപ്പടുക്കുക, വിവേചനമില്ലാതെ അന്താരാഷ്ട്ര സഹകരണം, പരസ്പരധാരണ, സൗഹൃദം എന്നിവ വളർത്തിയെടുക്കുക എന്നിവയാണ്​ ഇവയുടെയൊക്കെ ലക്ഷ്യങ്ങളായി പറയുന്നത്​. ‘വിജയിക്കുകയല്ല, മറിച്ച് പങ്കെടുക്കുകയും നന്നായി പോരാടുകയും ചെയ്യുക’ എന്ന അതിന്‍റെ മുദ്രാവാക്യവും സൗഹൃദത്തിലൂടെ അനീതിപരമായ പ്രവൃത്തികൾക്കെതിരെ പോരാടാനുള്ള സന്ദേശം വിളിച്ചോതുന്നുണ്ട്​. ഫിഫ ലോകകപ്പിന്‍റെയും ചരിത്രലക്ഷ്യം സൗഹൃദലോകമായിരുന്നു​. 1930ൽ ജൂൾസ് റിമെറ്റ് തുടങ്ങിവെച്ച ഈ ഫുട്​ബാൾ മാമാങ്കം ലോകചാമ്പ്യനെ കിരീടധാരണം ചെയ്യുക എന്നതോടൊപ്പം കായികരംഗത്തിലൂടെ രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുകകൂടി ലക്ഷ്യമാണ്. കുഗ്രാമങ്ങൾ മുതൽ ലോകകപ്പ്​ വേദിയിൽ വരെ എല്ലാംമറന്ന്​ ഒരു പന്തിന്‍റെ പിന്നാലെ ലോകമനസ്സ്​ സഞ്ചരിച്ചപ്പോൾ, ആ ഏകത്വ ചിന്താഗതിയെ നെഞ്ചേറ്റാൻ ഗ്രാമവാസികൾ മുതൽ ലോക നേതാക്കൾ വരെ തയാറുണ്ടോയെന്നതാണ്​ കായികരംഗത്തെ പ്രതിസന്ധി.

കലാസാഹിത്യ രംഗത്തും സിനിമാ മേഖലയിലും സോഷ്യൽമീഡിയ പ്ലാറ്റ്​ഫോമിലും നിറഞ്ഞാടുന്ന വംശീയ-വർഗീയ പരാമർശങ്ങളും വിദ്വേഷ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കൽ പ്രൊപഗണ്ടകളും തെറ്റായ ചരിത്രനിർമിതികളും സൗഹാർദത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്നതിനേക്കാൾ മാരകമാണ്​. സൗഹൃദകൂട്ടായ്മ കൂടി ലക്ഷ്യംവെച്ച്​ കേരളം പടുത്തുയർത്തിയ സിനിമ സംഘടനകൾവരെ വർഗീയാരോപണ അധിക്ഷേപങ്ങൾകൊണ്ട്​ മലീമസമാണ്​. തെരഞ്ഞെടുപ്പ്​ വിജയത്തിനു വരെ പ്രബല കക്ഷികൾ സൗഹാർദം തകർക്കാനുള്ള ബോധപൂർവമായ നീക്കങ്ങൾ നടത്തുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത്​ മോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ്​ അനുകൂല സിലബസ്​ പരിഷ്കരണം സൗഹാർദ ജീവിതത്തിന്​ കുഴിമാടമൊരുക്കലാണ്​. എല്ലാത്തിനുമുപരി, നിയമനിർമാണ സഭയും കോടതിയും വരെ സൗഹാർദം ഊട്ടിയുറപ്പിക്കുന്ന നിയമനിർമാണങ്ങൾക്കും വിധികൾക്കും പകരം അവയൊക്കെ തച്ചുതകർക്കുന്ന നടപടികളിലൂടെയാണ്​ പലപ്പോഴും മുന്നോട്ടുപോകുന്നത്​.

പരസ്പര വിശ്വാസമില്ലായ്മയുടെയും വിദ്വേഷത്തിന്‍റെയും വിഷവിത്തുകൾ ജനമനസ്സിലാണ്​ വളരുന്നത്​. അത്തരം ചെടികളും വിഷക്കായകളും​ പൂവിട്ട്​ കായ്ക്കുന്നത്​ എല്ലാവർക്കും ഒരേപോലെ ദുരന്തമായിരിക്കും സമ്മാനിക്കുക. ജാതി-മതഭേദമന്യേ സമാധാനവും സൗഹാർദവും കാംക്ഷിക്കുന്നവർക്ക്​ ജാഗ്രത പുലർത്താനുള്ള അവസരമാകട്ടെ ഈ സൗഹൃദ ദിനാചരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:united nationsfriendship dayGlobal CommunityHuman Relationship
News Summary - സൗഹൃദ ദിനം ആചരിക്കുമ്പോൾ
Next Story