സന്തോഷത്തിന്റെ പ്രഭാപൂരം
text_fieldsവിദ്യാർഥികാലം മുതലേ എന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്ന ഒരു സുഹൃത്തിന്റെ കഥയാണ് ഇന്ന്.
പ്രായംകൊണ്ട് എന്നെക്കാൾ അൽപം മുതിർന്നയാളാണ്. കല-കായിക രംഗങ്ങളിലൊന്നും അത്ര മുന്നിലല്ലായിരുന്നുവെങ്കിലും സ്വതഃസിദ്ധമായ സ്വഭാവവിശേഷങ്ങൾകൊണ്ട് എല്ലാവരും ശ്രദ്ധിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. എല്ലാത്തിലും ഒരു ശരാശരിക്കാരനായിരുന്നു അദ്ദേഹം. എന്നാൽ, തീരെ താഴ്ന്നുപോകാറുമില്ല; സാഹിത്യ ഭാഷയിൽ ഇടവിതാനങ്ങൾ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അവസ്ഥ. തരക്കേടില്ലാത്ത ജോലിയൊക്കെയായി നല്ല നിലയിലായിരുന്നു പിൽക്കാല ജീവിതം.
ആരുമായും ഊഷ്മള സൗഹൃദം സ്ഥാപിക്കാനുള്ള സിദ്ധികൊണ്ടുതന്നെ സുഹൃത്തുക്കളുടെ സംസാരങ്ങളിലെല്ലാം പലപ്പോഴും അദ്ദേഹത്തിന്റെ വിശേഷങ്ങൾ കടന്നുവരുമായിരുന്നു.ഏത് സദസ്സിലും ഒരുപാട് ഫലിതങ്ങൾ പറഞ്ഞ്, ഉറക്കെ പൊട്ടിച്ചിരിച്ച്, കൂടെയുള്ളവരെയും പൊട്ടിച്ചിരിപ്പിച്ച് എല്ലാവരുടെയും മനസ്സിലിടം നേടിയ ഒരു പച്ച മനുഷ്യൻ. കൂട്ടായ പ്രവർത്തനം ആവശ്യമുള്ള വേളകളിൽ ഉത്സാഹിക്കാൻ മുന്നിലുണ്ടാകും. ആർക്കുവേണ്ടിയാണ്, ഏതുതരക്കാരാണ്, ഏതു പ്രായക്കാരാണ് ഒപ്പമുള്ളത് എന്നതൊന്നും അദ്ദേഹത്തിന്റെ പരിഗണനവിഷയമല്ല.
വലിയ അല്ലലോ അലട്ടലോ ഇല്ലാതെയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ചെറിയ രോഗം ബാധിച്ചപ്പോഴും ആ മനോഭാവത്തിന് മാറ്റമുണ്ടായില്ല. വിവാഹം, ഗൃഹപ്രവേശം അടക്കമുള്ള കൂടിച്ചേരലുകളിലെല്ലാം സ്വയം ഒരു ചിരിപ്പടക്കമായി മാറും, എല്ലാവരെയും തമാശയിൽ കൂട്ടാനും ശ്രദ്ധിക്കും. വിഷാദച്ഛായയുള്ള ഒരു സദസ്സിൽ ഈ മനുഷ്യൻ കാലെടുത്തുവെച്ചാൽ ഞൊടിയിടയിൽ ആ സദസ്സിന്റെ സ്വഭാവവും മൂഡും മാറിയിരിക്കും- അത്ര മാസ്മരികമായിരുന്നു ആ സാന്നിധ്യം. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ചെറിയ ഒരു അസുഖം ആ ജീവിതത്തിന് പൂർണവിരാമമിട്ടു.
മരണശേഷം അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ എന്നെ കാണാൻ വന്നു. അവർ ഏറെ ദുഃഖിതരായിരുന്നു. അവർ പറഞ്ഞു: ‘‘ചങ്ങാതിയുടെ വേർപാടിന് ശേഷം ഞങ്ങളാകെ തകർന്നുപോയി. ഞങ്ങൾക്കിടയിലുണ്ടായിരുന്ന പഴയ ഉത്സാഹവും ഒരുമയുമെല്ലാം നഷ്ടപ്പെട്ടതുപോലെ, എല്ലാവരെയും കോർത്തിണക്കി കൊണ്ടുപോയിരുന്നത് അദ്ദേഹമായിരുന്നു’’
‘‘ആ സ്നേഹിതനെ മാത്രം ആശ്രയിച്ചുള്ളതായിരുന്നോ നിങ്ങളുടെ സൗഹൃദം?’’ ഞാൻ തിരിച്ചുചോദിച്ചു. ‘‘അങ്ങനെയല്ല, ഞങ്ങളുടെ സംഗമങ്ങളെ പ്രസന്നവും പ്രതീക്ഷനിർഭരവുമാക്കാൻ എപ്പോഴും അദ്ദേഹത്തിന് സാധിച്ചിരുന്നു. പരിചയവൃത്തങ്ങളിലുള്ളവർക്കെല്ലാം ആ ഇടപെടലുകൾ വലിയ സാന്ത്വനം ആയിരുന്നു’’ -അവർ പറഞ്ഞു.
ഞാൻ വീണ്ടും ചോദിച്ചു: ‘‘ഇപ്രകാരമെല്ലാം ചെയ്തതുകൊണ്ട് അദ്ദേഹത്തിന് വല്ല പ്രയോജനവും ലഭിച്ചിരുന്നോ?’’
അവർ പറഞ്ഞു: ‘‘ഒട്ടുമില്ല, സ്വന്തം നേട്ടങ്ങൾക്കായി ആ മനുഷ്യൻ ഒന്നും ചെയ്തിരുന്നില്ല.’’
‘‘ചുരുക്കത്തിൽ സ്വയം പ്രകാശമായി മാറുകയും ആ പ്രകാശത്താൽ വഴിത്താരകളെ, ജീവിതങ്ങളെ പ്രഭാപൂരിതമാക്കുകയും ചെയ്ത ഒരു മനുഷ്യൻ... അല്ലേ?’’ ഞാൻ ചോദിച്ചു.
അവർ അത് ശരിവെക്കുകയും ചെയ്തു. ഞങ്ങൾ അന്ന് വൈകുന്നേരം പിരിഞ്ഞത് ആ സുഹൃത്തിനെക്കുറിച്ചുള്ള ദീപ്തമായ സ്മരണകളേറെ പങ്കുവെച്ചാണ്. ഇത്തരം മനുഷ്യരുടെ അഭാവമാണ് ഇന്ന് ലോകത്തിനുള്ളത്. എല്ലാവരും അവനവനിലേക്ക് കൂടുതൽ ഒതുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. പരസ്പരം സന്തോഷിപ്പിച്ചും മറ്റുള്ളവർക്ക് ആശ്വാസം നൽകിയും ഉത്സാഹമേകിയും എല്ലാത്തിലും ആവേശപൂർവം ഇടപെട്ടും മുന്നേറുന്ന മനുഷ്യർ കുറഞ്ഞുവരുകയാണ്. ഈ സുഹൃത്തിന്റെ ജീവിതത്തിൽനിന്ന് ചില തത്ത്വചിന്താപരമായ ചില ആലോചനകളിലേക്ക് ഞാൻ കടന്നു.
എന്തുകൊണ്ട് ഇത്തരം ആളുകൾ ശ്രദ്ധേയരാകുന്നു എന്നതാണ് ഒന്നാമത്തെ ചോദ്യം. ലോകത്ത് ദുഃഖങ്ങളില്ലാത്ത മനുഷ്യരില്ല. എന്റെ ദുഃഖമാണ് ഏറ്റവും വലുത് എന്ന പരിഭവത്താൽ മറ്റുള്ളവരെ മുഷിപ്പിക്കുന്നവരാണ് പലരും. നമ്മുടെ ദുഃഖം നന്നേ ചെറുതാണെന്നും ചുറ്റും നമ്മളേക്കാൾ പതിന്മടങ്ങ് പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഉണ്ടെന്നും തിരിച്ചറിഞ്ഞ് സ്വ ജീവിതത്തെ സുപ്രതീക്ഷയോടെ കണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. അവിടെയും തീരുന്നില്ല, ദുഃഖം അനുഭവിക്കുന്ന സഹജരിലേക്ക് ഇറങ്ങിച്ചെന്ന് സാന്ത്വനമേകാൻ തന്നാലാവുന്നത് ചെയ്യുകയും ഉണ്ടായി.
ഇത്തരത്തിലുള്ള മനുഷ്യരാണ് ജീവിതനൈർമല്യംകൊണ്ട് അപരന്റെ ജീവിതത്തെ സ്നേഹത്തിലേക്കും സ്വച്ഛതയിലേക്കും ആഹ്ലാദത്തിലേക്കും നയിക്കുന്നത്. അതുപോലുള്ള വ്യക്തികളുടെ സാന്നിധ്യം സംഘർഷഭരിതമായ ഈ ലോകത്തിന് അമൃതവുമാണ്. ഹക്കിൾബെറിഫിന്നിനെയും ടോം സോയറെയും പോലുള്ള വിഖ്യാത കഥാപാത്രങ്ങളെ സൃഷ്ടിച്ച അമേരിക്കൻ എഴുത്തുകാരൻ മാർക് ട്വെയിനിന്റെ വാക്കുകൾ ഓർത്തുവെക്കാം:‘‘സ്വയം സന്തോഷിക്കാനുള്ള ഏറ്റവും മികച്ച മാർഗം മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നതാണ്’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.