Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമനുഷ്യൻ...

മനുഷ്യൻ അധികപ്പറ്റാവുന്ന നാലാം വ്യവസായവിപ്ലവം   

text_fields
bookmark_border
മനുഷ്യൻ അധികപ്പറ്റാവുന്ന നാലാം വ്യവസായവിപ്ലവം   
cancel

കാൾ മാര്‍ക്സിനെക്കുറിച്ചും മുതലാളിത്ത പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുമ്പോൾ സാങ്കേതികവിദ്യ സൃഷ്​ടിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചുള്ള മാര്‍ക്സി​​​െൻറ സങ്കീർണമായ ചില നിഗമനങ്ങൾ കൂടി ചര്‍ച്ചചെയ്യാതിരിക്കാനാവില്ല. നാലാം വ്യവസായ വിപ്ലവമെന്ന് ഇപ്പോൾ അറിയപ്പെടുന്ന നവ സാങ്കേതികവിദ്യയുടെ അനന്തര ഫലങ്ങളെക്കുറിച്ച് വേവലാതി കൊള്ളുന്ന ധനശാസ്ത്രജ്ഞന്മാരും മുതലാളിത്ത രാഷ്​ട്രങ്ങളിലെ തന്നെ ഭരണകൂട വിശാരദരും ഇപ്പോള്‍ ‘സാങ്കേതിക തൊഴിലില്ലായ്മ’യെക്കുറിച്ച്​ പഠനങ്ങളും നയരേഖകളും മുന്നോട്ടു​െവക്കുകയാണ്. അതായത്, ലോക മുതലാളിത്തം റോബോട്ടിക്​സ്​ അടക്കമുള്ള കൃത്രിമ ബൗദ്ധിക പരീക്ഷണങ്ങളുടെ വിപണിപ്രവേശം സൃഷ്​ടിക്കാൻ പോകുന്ന ഗുരുതരമായ തൊഴില്‍ഭ്രംശത്തെ അഭിസംബോധനചെയ്യാൻ ദശാബ്​ദങ്ങള്‍ക്കുശേഷം തയാറായിരിക്കുന്നു എന്നർഥം.

ഒന്നാം വ്യവസായവിപ്ലവം ജലവും ആവിയും ഉപയോഗിച്ച് ഉൽപാദന സമ്പ്രദായങ്ങളെ യന്ത്രവത്​കരിച്ചു. രണ്ടാമത്തേത്, വൈദ്യുതി സാങ്കേതികവിദ്യ ഉപയോഗിച്ച് വന്‍കിട ഉൽപാദനം സാധ്യമാക്കി. മൂന്നാമത്തേത് കഴിഞ്ഞ ഏതാനും ദശാബ്​ദങ്ങളായി കണ്ടുവരുന്ന ഡിജിറ്റൽ സാങ്കേതികതയുടേതായിരുന്നു. ഇപ്പോഴത്തെ അവകാശവാദം, ഈ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ഭൗതിക-ജൈവിക മേഖലകളെ കേന്ദ്രീകരിച്ച്​ നാലാം വ്യവസായ വിപ്ലവം അരങ്ങേറുന്നു എന്നതാണ്. മുന്‍കാലങ്ങളില്‍നിന്ന് ഇതിനുള്ള ഒരു പ്രധാന വ്യത്യാസം, മുതലാളിത്ത ലോകം തന്നെ അൽപം അമ്പരപ്പോടെ അത് മനുഷ്യാധ്വാനത്തെ പുറന്തള്ളുന്നതി​​​െൻറ വ്യാപ്തി എന്തായിരിക്കുമെന്ന് ആലോചിച്ചു തുടങ്ങി എന്നതാണ്. കാരണം, ഇനി വരാൻപോകുന്നതും ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ സാങ്കേതികവിദ്യകളെല്ലാം തന്നെ മനുഷ്യാധ്വാനത്തിനു പകരമായി കൂടുതൽ കൃത്രിമ ബൗദ്ധികസംവിധാനങ്ങൾ വിഭാവനം ചെയ്യുന്നവയാണ്. പഴയ ജോലികൾ നഷ്​ടമാവുകയും പുതിയവ ഉണ്ടാകാതിരിക്കുകയും ചെയ്യുമെന്നു മുതലാളിത്തം ആദ്യമായി സമ്മതിക്കുകയാണ്. 

കമ്പ്യൂട്ടര്‍വത്​കരണത്തിന് എതിരെയുള്ള ആദ്യകാല സമരങ്ങളെ നാമിപ്പോഴും പരിഹസിച്ചു തീര്‍ന്നിട്ടില്ലെങ്കിലും അതിൽ പങ്കെടുക്കുകയും അതേക്കുറിച്ച് അന്നൊക്കെ എഴുതുകയും സംസാരിക്കുകയും ചെയ്ത ഒരാൾ എന്ന നിലയിൽ കേവലം കൗതുകപൂർവം അല്ല, മറിച്ചു ചരിത്രത്തി​​​െൻറ ഐറണികളെക്കുറിച്ചുള്ള പ്രത്യക്ഷബോധ്യത്തോടെയാണ് അതിലേക്കു തിരിഞ്ഞുനോക്കാറുള്ളത്. അന്ന് ആ സമരം ചെയ്തത് ലോകമെമ്പാടുമുള്ള തൊഴിലാളികളും തൊഴില്‍രഹിതരും ആയിരുന്നതിനാൽ മാർഗംമുടക്കികളുടെ കുത്സിത പ്രവര്‍ത്തനമായി മാത്രമേ കോർപറേറ്റുകളും ഭരണകൂടങ്ങളും എന്തിന്, മധ്യവർഗ വിഭാഗങ്ങള്‍പോലും അതിനെ കണ്ടിരുന്നുള്ളൂ. അതിൽ പങ്കെടുത്തവര്‍തന്നെ തങ്ങള്‍ക്കെന്തോ കൈപ്പിഴ പറ്റി എന്ന രീതിയിലാണ് പലപ്പോഴും അതേക്കുറിച്ചുള്ള പരാമര്‍ശങ്ങളോട് പ്രതികരിക്കാറുള്ളത്. എന്നാൽ, ആ കാഴ്ചപ്പാട് പൂർണമായും തള്ളിക്കളയാൻ ഇപ്പോൾ ആരും തയാറല്ല.

രണ്ടുവർഷം മുമ്പാണ് വലിയൊരു മുന്നറിയിപ്പ് ഉയര്‍ത്തി യൂറോപ്യൻ മുതലാളിത്ത രാജ്യങ്ങളുടെ സംഘടനയായ ഒ.ഇ.സി.ഡി ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയിലെ ഭാവി ജോലിസാധ്യതകളെ കുറിച്ചുള്ള പഠനത്തില്‍, സാങ്കേതിക തൊഴിലില്ലായ്മ യാഥാർഥ്യമാണ് എന്നകാര്യം തുറന്നുസമ്മതിച്ചത്. ഏതാണ്ട് 10 ശതമാനം ജോലികൾ യന്ത്രങ്ങളിലേക്ക് എടുത്തുമാറ്റപ്പെടാനും 25 ശതമാനം ജോലികളിൽ പകുതി പ്രവര്‍ത്തനങ്ങൾ എങ്കിലും മനുഷ്യമുക്തമാക്കപ്പെടാനുമുള്ള സാധ്യത ആ പഠനം ചൂണ്ടിക്കാട്ടുന്നു. തൊഴില്‍വിപണിയിലെ മധ്യവര്‍ത്തി ജോലികളില്‍നിന്ന് മനുഷ്യാധ്വാനത്തെ പുറന്തള്ളുമ്പോൾ തൊഴില്‍വിപണി തന്നെ അധികവേതന ജോലികള്‍, താഴ്ന്ന വേതന ജോലികൾ എന്നിവയിലേക്ക് ധ്രുവീകരിക്കപ്പെടുന്നു. ഇത് വൈദഗ്​ധ്യം ആവശ്യമില്ലാത്ത കൂലികുറഞ്ഞ ജോലികള്‍ക്കായുള്ള മത്സരം രൂക്ഷമാക്കുകയും അതി​​​െൻറ ഫലമായി ഏറ്റവും താഴേത്തട്ടിലുള്ള ജോലികള്‍ക്കുള്ള വേതനം വീണ്ടും കുറയുകയുംചെയ്യുന്നു.

അതേസമയം, ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലികളിൽ വേതനവർധന വേഗത്തിലാവുന്നതാണ് കാണുന്നതത്രേ. നയരേഖ ഇക്കാര്യം മറച്ചുവെക്കുന്നില്ല: “ഈ പ്രവണതകൾ സൂചിപ്പിക്കുന്നത് ലോകമെമ്പാടും തൊഴില്‍രാഹിത്യം സൃഷ്​ടിക്കുന്ന ദാരിദ്ര്യവും വേതനമരവിപ്പും ഉണ്ടാകും എന്നുതന്നെയാണ്.” എന്നു മാത്രമല്ല, ഇത്തരത്തിൽ വേതനത്തി​​​െൻറ പങ്ക് ദേശീയ വരുമാനത്തിൽ കുറയുന്നത് വലിയ അസമത്വങ്ങള്‍ക്കും കാരണമാകുമെന്ന്​ നയരേഖ ആശങ്കപ്പെടുന്നുണ്ട്. തൊഴിലാളി യൂനിയനുകളോ സിവില്‍സമൂഹ സംഘങ്ങളോ കമ്യൂണിസ്​റ്റ്​ പാര്‍ട്ടികളോ തോമസ്​ പിക്കറ്റിയോ അല്ല, ഒ.ഇ.സി.ഡിയാണ് ഇത് പറയുന്നത്. 

അതിനുമുമ്പ്​ 2013 ൽ ഒാക്​സ്​ഫഡ്​ യൂനിവേഴ്​സിറ്റിയിലെ ഗവേഷകരായ ബെനഡിക്റ്റ് ഫ്രേ, മൈക്കിൾ ഒാസ്ബോണ്‍ എന്നിവർ ചേര്‍ന്ന് എഴുതിയ ഒരു പഠനം കമ്പ്യൂട്ടര്‍വത്​കരണത്തി​​​െൻറ ഫലമായി അമേരിക്കയിലെ തൊഴില്‍വിപണിയിൽ അടുത്ത ഒന്നോ രണ്ടോ ദശാബ്​ദങ്ങള്‍ക്കുള്ളിൽ മൊത്തം ജോലികളിൽ 47 ശതമാനം യന്ത്രങ്ങളിലേക്ക് മാറ്റപ്പെടാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ എത്തിയിരുന്നു. ഏതാണ്ട് എഴുനൂറോളം തൊഴിൽ മേഖലകളിൽ നടത്തിയ വിശദപഠനത്തി​​​െൻറ അടിസ്ഥാനത്തിൽ അവർ പറയുന്ന മൂന്നു കാര്യങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന്, ഉൽപാദന^ഗതാഗത മേഖലകളിലെയും ഓഫിസുകളിലെയും ജോലികളാണ് ഇത്തരത്തിൽ വളരെ പെട്ടെന്ന് യന്ത്രങ്ങൾ അപഹരിച്ചെടുക്കാൻ സാധ്യമുള്ളവ. രണ്ട്, ഏറെ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്ന അമേരിക്കയിലെ സേവനമേഖലയും കമ്പ്യൂട്ടര്‍വത്​കരണത്തി​​​െൻറ ഫലമായി മനുഷ്യാധ്വാനത്തെ വന്‍തോതിൽ പുറന്തള്ളാനുള്ള സാധ്യതയുണ്ട്. മൂന്ന്, ഇതിന്​ ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു കാര്യം സർവിസ് റോബോട്ടുകള്‍ക്ക് വിപണിയിൽ ആവശ്യം വർധിക്കുന്നു എന്നതാണത്രെ. മനുഷ്യാധ്വാനത്തിനു യന്ത്രമനുഷ്യനെ അപേക്ഷിച്ചുണ്ടാവും എന്ന് ധരിക്കുന്ന താരതമ്യാനുകൂല്യങ്ങള്‍ അപ്രത്യക്ഷമാവുകയാണ്.  

ഈ പഠനങ്ങളും നിഗമനങ്ങളും പലപ്പോഴും സാങ്കേതിക തൊഴിലില്ലായ്മയെക്കുറിച്ചുള്ള കെയിൻസി​​​െൻറ നിരീക്ഷണങ്ങളാണ് കണക്കിലെടുക്കുന്നത്. എന്നാൽ, ഇൗ പ്രശ്നം മനസ്സിലാക്കുന്നതിനും വിശദീകരിക്കുന്നതിനും ഉപയുക്തമായ സൈദ്ധാന്തിക ചട്ടക്കൂട് കാൾ മാര്‍ക്സാണ് നല്‍കിയത്. കെയിന്‍സ് ചില വിശദീകരണങ്ങൾ നൽകുന്നുണ്ടെങ്കിലും പ്രധാനമായും ഇതെങ്ങനെ പരിഹരിക്കാം എന്നതിലാണ് അദ്ദേഹം ഊന്നിയത്. കെയിൻസിനും മുമ്പ്​ ക്ലാസിക്കൽ ധനശാസ്ത്രജ്ഞന്മാരും അവരുടെ സൂക്ഷ്മവിമര്‍ശകനായിരുന്ന മാര്‍ക്സും ഈ പ്രശ്നം ശ്രദ്ധിച്ചിരുന്നു. യന്ത്രങ്ങളും മനുഷ്യാധ്വാനവും തമ്മിൽ അവസാനിക്കാത്ത യുദ്ധത്തിലാണെന്ന് ക്ലാസിക്കൽ സമ്പദ് ശാസ്ത്രജ്ഞനായിരുന്ന ഡേവിഡ് റിക്കാര്‍ഡോ പറഞ്ഞിരുന്നു. മനുഷ്യാധ്വാനത്തിനു പകരമായി യന്ത്രങ്ങൾ കൊണ്ടുവരുന്നത് തൊഴിലാളികളുടെ താൽപര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിക്കാര്‍ഡോ പറയുന്നുണ്ട്.

സാങ്കേതിക നിർണയവാദിയാണോ എന്ന് സംശയിക്കത്തക്ക അത്ര തീവ്രതയോടെ മുതലാളിത്ത വളര്‍ച്ചയിൽ സാങ്കേതിക വിദ്യക്കുള്ള പങ്കു ചര്‍ച്ച ചെയ്ത ചിന്തകനാണ് മാര്‍ക്സ്. ഹ്രസ്വകാല പരിപ്രേക്ഷ്യത്തിലും മൂലധന സഞ്ചയത്തി​​​െൻറ യുക്തിബദ്ധതയുടെ ദീര്‍ഘകാല പരിപ്രേക്ഷ്യത്തിലും മുതലാളിത്ത വികസനം സൃഷ്​ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളുടെ അടിവേരുകളിലും സാങ്കേതിക തൊഴിലില്ലായ്മയുടെ വിശകലനം മാര്‍ക്സ് മുന്നോട്ടുവെക്കുന്നു. സാങ്കേതിക വികാസങ്ങൾ മൂലധന സാന്ദ്രത വർധിപ്പിക്കുന്ന, മനുഷ്യാധ്വാനത്തെ പുറന്തള്ളുന്ന പ്രവണത തൊഴിൽ വിപണിയിൽ സൃഷ്​ടിക്കുന്ന പ്രശ്​നങ്ങൾ അദ്ദേഹം ത​​​െൻറ വിശകലന പദ്ധതിയുടെ ഭാഗമായിത്തന്നെയാണ് കണ്ടത്. റിക്കാര്‍ഡോയുടെ വിശകലനത്തിലെ പരിമിതികളെക്കൂടി തുറന്നുകാട്ടി, മുതലാളിത്ത വികസനത്തിലെ അനിവാര്യതയായി ഈ പ്രവണതയെ മാര്‍ക്സ് വിശദീകരിക്കുന്നു. ഇത്രനാളും ഇതിനെ ഉള്‍ക്കൊള്ളാതിരുന്നവർ ഇപ്പോൾ കണ്ണുതുറക്കുകയാണ്.  

റോബോട്ടിക് സാങ്കേതികവിദ്യയും കൃത്രിമ ബൗദ്ധികതയും സൃഷ്​ടിക്കാൻ ഇടയുള്ള തൊഴില്‍നഷ്​ടത്തി​​​െൻറ പ്രശ്നം ഇന്ത്യയിലും ഇപ്പോൾ ചര്‍ച്ചചെയ്തു തുടങ്ങിയിരിക്കുന്നു. സി.ഡി.എസ്​ ഡയറക്ടർ സുനില്‍മാണി, ഇന്ത്യയിൽ റോബോട്ടുകളുടെ വരവ് ഏതു ​േമഖലകളിലൊക്കെയാണ് തൊഴിലില്ലായ്മ സൃഷ്​ടിക്കുക എന്നതിനെക്കുറിച്ച് കഴിഞ്ഞ ഡിസംബറിൽ വിശദമായ ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തി​​​െൻറ നിഗമനം ഒാട്ടോമേറ്റീവ്​ വ്യവസായത്തിലാണ് ഇന്ത്യയിൽ കൂടുതലും റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്നും അത് ഇപ്പോള്‍ത്തന്നെ മൂലധന സാന്ദ്രതയുള്ള വ്യവസായമായതിനാൽ വലിയ തോതിലുള്ള തൊഴിലില്ലായ്മക്ക് കാരണമാവുന്നില്ല എന്നുമാണ്. പക്ഷേ, ഭാവിയിൽ റോബോട്ടിക് സാങ്കേതികവിദ്യ ഇന്ത്യയിലും വലിയ തൊഴില്‍നഷ്​ടങ്ങൾ സൃഷ്​ടിച്ചേക്കാം എന്ന സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. 

സാങ്കേതികവിദ്യയെ തള്ളിക്കളഞ്ഞു മുന്നോട്ടുപോകാൻ കഴിയുമോ എന്നതല്ല ഇവിടത്തെ പ്രധാന പ്രശ്നം. കാരണം , അതി​​​െൻറ ചലനനിയമങ്ങൾ കേവലം വാചാടോപംകൊണ്ട് തടയാൻ കഴിയുന്നതല്ല എന്ന് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ മുതലാളിത്ത വികാസത്തി​​​െൻറ അടിയൊഴുക്കുകള്‍ പരിശോധിച്ചാൽ വ്യക്തമാവുന്നതാണ്. എന്നാൽ, ഉത്തരമാനവികതയുടെ കാലത്തെ നാലാം വ്യവസായവിപ്ലവത്തിൽ മനുഷ്യാധ്വാനം അധികപ്പറ്റാവുകയും അതുമാത്രം വിറ്റുജീവിക്കുന്ന കോടാനുകോടികൾ പട്ടിണിയിലാവുകയും ചെയ്യാനുള്ള സാധ്യത പൂർണമായും അവഗണിക്കുന്നതെങ്ങനെ എന്നതാണ് കാതലായ ചോദ്യം. 200 വർഷം മുമ്പ്​ ജനിച്ച മാര്‍ക്സി​​​െൻറ ചോദ്യവും ഒരർഥത്തിൽ ഇതുതന്നെയായിരുന്നു.

Show Full Article
TAGS:fourth industrial revolution malayalam articles malayalam news 
News Summary - fourth-industrial-revolution-articles
Next Story