Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമറവിയും മൗനവും

മറവിയും മൗനവും

text_fields
bookmark_border
മറവിയും മൗനവും
cancel

ചോദ്യോത്തര പംക്തികൾക്കൊന്നും പൂരിപ്പിക്കാനാവാത്ത ഒരു ‘രക്തസമസ്യ’യായി, ഇന്ത്യാചരിത്രത്തിൽ ഒരിക്കൽക്കൂടി സമ്മിശ്രവികാരങ്ങളോടെ ആ അഭിശപ്ത ‘ഡിസംബർ ആറ്’ കടന്നുപോവുകയാണ്. വിണ്ടുകീറിയ ഭൂമിക്കുമേൽ തീമഴ കോരിച്ചൊരിയുന്നതുപോലെ.

പൊടിപിടിച്ച ഓർമകൾ ഒരസ്വസ്​ഥദിനത്തിെൻറ നൊമ്പരങ്ങളിൽമാത്രം അവസാനിക്കുമ്പോൾ നഷ്ടമാവുന്നത് ഒരിക്കൽ സമൃദ്ധമായിരുന്ന ഒരു സ്​നേഹലോകമാണ്. ‘‘ഞങ്ങളൊന്നും കണ്ടില്ല, ഞങ്ങളൊന്നും കേട്ടില്ല, ഞങ്ങളീ നാട്ടുകാരേയല്ല’’ എന്ന മനോഭാവത്തോടെ ചിലർ മറവികൾ ആഘോഷിക്കുമ്പോൾ ഒരായിരം മുറിവുകളിൽനിന്ന് രക്തമൊഴുക്കി ഇനിയും മരിക്കാത്ത ഓർമകൾ ‘‘നിങ്ങൾ എന്തുകൊണ്ടിങ്ങനെ?’’ എന്ന് നിരന്തരം നമ്മോട് ചോദിച്ചുകൊണ്ടേയിരിക്കും.

ഒരു നിലവിളിയിലും അവസാനിച്ചുപോവാത്ത ചോദ്യങ്ങളുയർത്തി വരുംകാലങ്ങളിലും അവ സ്വസ്​ഥമറവിയുടെ വഴിവിലങ്ങി ജീവിതത്തിെൻറ തിരിവുകളിൽ തളരാതെ നിൽക്കുന്നുണ്ടാവും. ഓർമകളും മറവികളും തമ്മിൽ നടക്കുന്ന സമരങ്ങളിൽനിന്ന് ആത്മബോധമുള്ള മനുഷ്യർക്കാർക്കും മാറിനിൽക്കാനാവില്ല. ‘ഡിസംബർ ആറ്’ നാളെകളിലും ഇന്ത്യക്ക് നേരിടേണ്ടിവരുന്ന, നിറപ്പകിട്ടുകളൊക്കെയും നഷ്ടമായ ഒരു വരൾച്ചയുടെ വേദനയായിരിക്കും. മറ്റെല്ലാറ്റിനുമപ്പുറം ഞങ്ങളിന്ത്യക്കാർ എന്ന ചരിത്രം സാധ്യമാക്കിയ മഹാസൗഹൃദങ്ങളെയാണ് അന്ന് സംഘ്പരിവാർ ഫാഷിസ്​റ്റുകൾ കീഴ്മേൽ മറിച്ചത്. ബാബരി പള്ളിക്കൊപ്പം അന്ന് പൊളിഞ്ഞുവീണത് മതനിരപേക്ഷ മൂല്യങ്ങളാണ്.

പ്രാണെൻറ ചൂട് നൽകി നമ്മൾ കാത്തുസൂക്ഷിച്ച പാരസ്​പര്യത്തിെൻറ പാലമാണ് ഫാഷിസ്​റ്റുകൾ ഇടിച്ചുതകർത്തത്. അന്നവർ ചിന്തിച്ചത് ത്രിശൂലങ്ങളും പിക്കാസുകളും കൊണ്ടാണ്. ഇന്നുമവർ അലറുന്നത് അതേ ‘പിക്കാസുകൾ’കൊണ്ടാണ്. കുറ്റബോധംകൊണ്ട് ശിരസ്സു കുനിക്കേണ്ട ‘വംശഹത്യ’യെപ്പോലും ഒരു തെരഞ്ഞെടുപ്പ് പരസ്യമാക്കുന്നതിലെ വിവരണവിധേയമല്ലാത്ത ക്രൂരതയാണ് ഇന്നും ജനാധിപത്യത്തെ കൂവിവിളിച്ച് തെരുവിൽ കവാത്ത് നടത്തുന്നത്. ഒരുരുക്ക് പ്രതിമക്കും മനുഷ്യബന്ധങ്ങളോളം ഉറപ്പുണ്ടാവില്ല.

ഒരു പട്ടേലിനെക്കൊണ്ടൊന്നും ഇന്ത്യൻ ഫാഷിസ്​റ്റുകൾക്ക് ഓർമകൾക്കുമേൽ വിലങ്ങിടാനാവില്ല. നീതിക്കുവേണ്ടി ഉച്ചരിക്കപ്പെടുന്ന വാക്കുകളൊന്നും വെറുതെയാവില്ല. ഡിസംബർ ആറ് കലണ്ടർ മറിക്കുമ്പോൾ അടർന്നുവീഴുന്ന ഒരക്കമല്ല, കൊല്ലപ്പെട്ട മതനിരപേക്ഷതയുടെ നഷ്ടപ്പെട്ട മൃതദേഹമാണ്!
ഒരിക്കൽ ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി നൂറ്റാണ്ടുകളോളം മതസൗഹാർദത്തിെൻറ പ്രകാശം ചൊരിഞ്ഞ് നിലനിന്ന ബാബരി പള്ളിയാണ് നിരന്തരമായ നുണപ്രചാരണങ്ങൾക്കൊടുവിൽ ഇന്ത്യൻ ഫാഷിസ്​റ്റുകൾ പൊടിച്ചു കളഞ്ഞത്. ലോകത്തിലെ ഏത് വൻശക്തിയോടും എതിരിടാൻ കഴിയുംവിധം സുസജ്ജമായ ഇന്ത്യൻ സായുധശക്തിക്ക്, അയോധ്യയിലെ ഒരു ചെറിയപള്ളി സംരക്ഷിക്കാൻ കഴിയാതെപോയതോർത്ത് വരുംകാലങ്ങളും കണ്ണീരൊഴുക്കും.

മായ്ക്കാനാവാത്ത സ്​മരണകൾ


പഞ്ചാബിനെ വിറപ്പിച്ച അതുവഴി ഇന്ത്യൻ മതനിരപേക്ഷതയെ പിടിച്ചുലച്ച ഖാലിസ്​താൻ ഭീകരവാദികളെ വരച്ചവരയിൽ ‘കുത്തനെ’ നിർത്തിയ നമ്മുടെ സ്വന്തം രാഷ്ട്രശക്തിയാണ് ബാബരി പള്ളി പൊളിച്ച സംഘ്പരിവാർ ശക്തികൾക്കു മുന്നിൽ പരിഭ്രാന്തരായത്. മതനിരപേക്ഷത കാക്കി രൗദ്രതകൾക്കു മുന്നിൽ പതറിപ്പോയ ആ ഡിസംബറിെൻറ മനസ്സിലൂടെ, നാലു പതിറ്റാണ്ടു മുമ്പുള്ള ഒരു ജനുവരിയിലെ ഗാന്ധിച്ചോര ഒരു മിന്നൽകണക്ക് കടന്നുപോയിട്ടുണ്ടാവണം.

ഹേറാം എന്ന ഗാന്ധിയുടെ സ്​നേഹമസൃണമായ ശബ്ദമല്ല, ഇടിവെട്ടുംവിധം കൊലയാളി ഗോദ്സെ ആക്രോശിച്ച രാമശബ്ദം അപ്പോൾ പള്ളിപൊളിപ്പണിയിൽ പരവശരായ സംഘിസുഹൃത്തുകളെ ഉന്മാദികളാക്കിയിരിക്കണം. ശ്രീകൃഷ്ണെൻറ പുല്ലാങ്കുഴലും അനിയൻ ലക്ഷ്മണൻ കാത്തുസൂക്ഷിച്ച ഭ്രാതൃസ്​മരണയുടെ ചെരിപ്പും ഒരു പക്ഷിയെ രക്ഷപ്പെടുത്താൻ സ്വന്തം ശരീരം ഉപേക്ഷിക്കാൻ മാത്രം കരുണാധീരനായ മഹാനായ ശിബിയുടെ സ്​മരണയും ദേവന്മാർക്ക് ആയുധമുണ്ടാക്കാൻ സ്വന്തം അസ്​ഥി ദാനംനൽകിയ ദധീചിയുടെ ദാനശീലവും അപ്പോളവർ സരയൂനദിയിലേക്ക് എറിഞ്ഞിട്ടുണ്ടാവണം.

‘‘എന്നുടെ തലവേണമങ്ങേക്ക് മുക്തിക്കെങ്കിൽ... എന്നോടായതു ചൊല്വാനിത്രയും സങ്കോചമോ/ ധന്യനാം ദധീചിതൻ നാട്ടുകാരല്ലെന്നോ, നാം’’ എന്ന് ശിരസ്സുയർത്തി തലയെടുക്കാൻ വന്ന ‘കപാലിക’നോട് ചോദിച്ച ആ മഹാനായ ശങ്കരാചാര്യരെയും അപ്പോളവർ മറന്നിരിക്കണം. നിരവധി വൈരുധ്യങ്ങൾക്കും വീഴ്ചകൾക്കുമിടയിലും ഇന്ത്യ പകുത്ത പ്രബുദ്ധതകൂടി അറിഞ്ഞതുകൊണ്ടാവണം ‘ഇന്ത്യ ഒരു വിസ്​മയം’ എന്ന് പ്രശസ്​ത ചരിത്രപ്രതിഭ എ.എൽ. ബഷാം കോരിത്തരിച്ചത്. അത് ഗാന്ധിവധത്തിനും സിഖ് കൂട്ടകൊലക്കും ബാബരി പള്ളി പൊളിക്കുന്നതിനും ഗ്രഹാം സ്​റ്റെയിനെ കൊല്ലുന്നതിനും ഗുജറാത്ത് വംശഹത്യക്കും കണ്ഡമാൽ വംശഹത്യക്കും മുസഫർനഗർ കലാപത്തിനും മുഹമ്മദ് അഖ്ലാഖ് കൊലക്കും ആയിരം രൂപ നോട്ടിനൊപ്പം ജെ.എൻ.യുവിലെ നമ്മുടെ അഹമ്മദ് നജീബ് അപ്രത്യക്ഷനാവുന്നതിനും നരേന്ദ്രദാഭോൽകറും ഗോവിന്ദ് പൻസാരെയും കൽബുർഗിയും കൊല്ലപ്പെടുന്നതിനുമെത്രയോ മുമ്പായിരുന്നു. ഇന്നത്തെ ഇന്ത്യയെക്കുറിച്ച്, ആ ബഷാമിെൻറ പ്രശസ്​തമായ ‘വണ്ടർ ദാറ്റ് വാസ്​ ഇന്ത്യ’ എന്നതിനു പകരം ‘ഫിയർ ദാറ്റ് ഈസ്​ ഇന്ത്യ’ എന്നെഴുതാൻ നിർബന്ധിതമാവുംവിധം കാര്യങ്ങൾ കീഴ്മേൽ മറിയുകയാണോ?

ചരിത്രമെന്നു പറയുന്നത് ഒരിരുപത്തഞ്ച് കൊല്ലംകൊണ്ട് ഫാഷിസ്​റ്റുകൾ ‘മറച്ചുവെക്കാനാഗ്രഹിക്കുന്ന’ അവർ, രുധിരമൗനങ്ങളിൽ കുഴിച്ചുമൂടാൻ കൊതിക്കുന്ന ചത്ത വിവരങ്ങളുടെ ചുരുക്കെഴുത്തല്ല. മരിക്കുമ്പോഴും മനുഷ്യർ ഒരു ഒസ്യത്തുപോലെ അനന്തര തലമുറകൾക്ക് പകുത്തുനൽകുന്ന സ്വന്തം ചങ്കിടിപ്പുകളുടെ ചോരയാണത്. എത്ര മായ്ച്ചാലും അവ മായില്ല. വിജയികളെന്ന് സ്വയം കരുതുന്നവരുടെ ആക്രോശങ്ങൾക്കിടയിൽ കേൾക്കാതെപോവുന്ന ആ ചങ്കിടിപ്പുകളിൽനിന്ന് ചരിത്രം പിന്നെയും കരുത്താർജിക്കും. ‘പൊളിപ്പന്മാരുടെ’ കൊലവിളികൾക്കും ‘പിളർക്കപ്പെട്ടവരുടെ’ നിലവിളികൾക്കുമിടയിൽ അതെന്നും ഒരു തൊമ്മികണക്ക് പതുങ്ങിനിൽക്കുമെന്ന് തെറ്റിദ്ധരിക്കരുത്.

കുഷ്ഠരോഗികൾക്കിടയിൽ ജീവിതം സമർപ്പിച്ച മനുഷ്യസ്​നേഹിയായ ഗ്രഹാം സ്​റ്റെയിനെയും മക്കളെയും ചുട്ടുകൊന്നപ്പോൾ ആ തീയിൽ മനുഷ്യരായ മനുഷ്യർ മുഴുവൻ വെന്തുനീറിയപ്പോൾ അന്ന് പ്രധാനമന്ത്രികൂടിയായിരുന്ന വാജ്പേയി എരിതീയിൽ എണ്ണയൊഴിക്കുംവിധം പറഞ്ഞത്, ‘‘നമുക്ക് മതപരിവർത്തനത്തെക്കുറിച്ചൊരു ദേശീയസംവാദം ആകാ’’മെന്നായിരുന്നു. പറ്റിയസമയം തന്നെ!

മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ കൊന്നപ്പോൾ മൗനംപുലർത്തിയ പ്രധാനമന്ത്രി മോദി, ആ മഹത്തായ മൗനം മുറിച്ച് പറഞ്ഞത് ഹിന്ദുക്കളും മുസ്​ലിംകളും ഒരുമിച്ചുനിന്ന് ദാരിദ്യ്രത്തിനെതിരെ പൊരുതണമെന്നായിരുന്നു! എത്ര ഉദാത്തമായ ആഹ്വാനം! ആ കൊലപാതകത്തിലെ ഒന്നാം പ്രതിയായി അറസ്​റ്റ് ചെയ്യപ്പെട്ട രവി സിസോദിയ കാരാഗൃഹത്തിൽ ഡെങ്കിപ്പനി ബാധിച്ച് അടുത്തിടെ മരിച്ചപ്പോൾ, ആ ‘ക്രിമിനലിെൻറ’ മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ച് ആദരിക്കുകയാണുണ്ടായത്! അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ പ്രാണത്യാഗത്തിലും ഒരു രാഷ്ട്രത്തിലെയാകെ ജനതയുടെ പ്രതീക്ഷയിലും ജ്വലിക്കുന്നൊരു ദേശീയപതാകയാണ് ഈ വിധം അവഹേളിതമായത്.

അതും പോരാഞ്ഞാണ് ഒരുകോടി രൂപ നഷ്ടപരിഹാരം ‘ഒരു കൊടുംകുറ്റവാളി’ക്കുവേണ്ടി ഗോരക്ഷാസേന ആവശ്യപ്പെട്ടിരിക്കുന്നത്. ബാബരി മസ്​ജിദ് പൊളിച്ച ഡിസംബർ ആറ് ജനമനസ്സിൽ സൃഷ്ടിച്ച ഉൾക്കിടിലം മറ്റു പലരീതികളിൽ പലസമയങ്ങളിലായി ആവർത്തിക്കപ്പെടുകയാണ്. ‘ഡിസംബർ ആറ്’ ഇന്ത്യയിൽ ഏത് ഏപ്രിലിലും ഫെബ്രുവരിയിലും സംഭവിക്കാവുന്ന ഒരു കാര്യമായിത്തീർന്നിരിക്കുന്നു!

ഏതോ ഒരു പള്ളി, എന്നോ ആരോ പൊളിച്ചു എന്നുമാത്രം മനസ്സിലാക്കുന്നവർ മറവിയിൽ വീണുപോയവരാണ്. പള്ളിപൊളിച്ച ഉടനെ സംഘ്പരിവാർ നേതാവായ അദ്വാനി രാഷ്ട്രത്തോട് നടത്തിയ ക്ഷമാപണവും പള്ളി പുനർനിർക്കുമെന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിെൻറ ഉറപ്പും മതനിരപേക്ഷതയുടെ ഒരു മഹാകുംഭഗോപുരമാണ് തകർക്കപ്പെട്ടതെന്ന ജനാധിപത്യവിശ്വാസങ്ങളുടെ പ്രഖ്യാപനവും അലസതയുടെ പൂപ്പലിൽ നരച്ച ഏതോ നേരത്താണ് സംഘ്പരിവാർ ഫാഷിസം ജനാധിപത്യത്തിെൻറ അകത്തളങ്ങളിൽ അധികാരവിജയത്തിെൻറ നിറപ്പകിട്ടുകളുടെ പൂത്തിരികൾ കത്തിച്ചത്.

അപ്പോഴാണ് ശ്രീനാരായണഗുരുവിെൻറ സ്​മരണകൾ ത്രസിക്കുന്ന ശിവഗിരിയിലേക്ക് നരേന്ദ്ര മോദി കടന്നത്. വർക്കലക്കടുത്ത് അരിവാളത്ത്, സ്വന്തം വീട്ടിൽ രോഗിയായി കിടന്ന സുഹൃത്ത് അബ്ദുൽ അസീസ്​ മൗലവിയെ ഗുരു സന്ദർശിക്കുകയും അങ്ങേക്ക് ശിവഗിരിയിൽ ഒരു പള്ളി പണികഴിപ്പിച്ചുതരാം, അവിടെയിരുന്ന് പഠിക്കുകയും ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യാമല്ലോ എന്ന് പറയുകയും ചെയ്തകാര്യം ഓർക്കുമ്പോഴാണ് തകർന്നുവീണ ബാബരി മസ്​ജിദിെൻറ ‘കുമ്മായക്കൂട്ട്’ ആത്മഹർഷത്തിെൻറ അടയാളമായി സൂക്ഷിക്കുന്ന ഒരു മന$സ്​ഥിതിക്ക് ‘ശിവഗിരി’ അസ്വസ്​ഥതകൾ പകരുന്നൊരിടമാവുന്നത്.

വാൾട്ടർ ബെഞ്ചമിൻ പറഞ്ഞതുപോലെ ആപത്തിെൻറ കാലത്ത് മനസ്സിലൂടെ മിന്നിമറയുന്ന ഓർമകളെ കൈയെത്തിപ്പിടിക്കലാണ് ചരിത്രജ്ഞാനമെങ്കിൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം പല തീയതികളായി വേഷം മാറുന്ന ആ ‘ഡിസംബർ ആറിനെ’ മറന്നുകൊണ്ട് എന്ത് ചരിത്രമണ്ണാങ്കട്ടകളെക്കുറിച്ചാണ് നമ്മൾ ചർച്ചചെയ്യാൻ പോകുന്നത്.

സാമ്രാജ്യത്വത്തിന് കഴിയാത്തത് സംഘ്പരിവാർ നടപ്പാക്കി
രാമജന്മഭൂമി–ബാബരി മസ്​ജിദ് പ്രശ്നത്തെക്കുറിച്ച് പഠിച്ച ചരിത്രകാരന്മാരും ബുദ്ധിജീവികളും ഏകാഭിപ്രായത്തോടെ രേഖപ്പെടുത്തിയ ഒരു വസ്​തുതയുണ്ട്. മതസൗഹാർദത്തിനും സാമ്രാജ്യത്വവിരുദ്ധതക്കും പുകൾപെറ്റ ഔധ് എന്ന നാട്ടുരാജ്യത്തിലാണ് സാമ്രാജ്യത്വവത്കരണം ഏറ്റവും ശക്തമായി അരങ്ങേറിയത്. ഒന്നാം സ്വാതന്ത്ര്യസമരത്തിെൻറ കാലത്ത് ബ്രിട്ടനെ ഏറ്റവുമധികം ഭയപ്പെടുത്തിയ ഔധ് എന്ന നാട്ടുരാജ്യത്തിലെ മതസൗഹാർദം തകർക്കുന്നതിനും ജനങ്ങളിൽ ഭിന്നിപ്പും പകയും വളർത്തുന്നതിനും ആസൂത്രിതമായ പരിശ്രമങ്ങൾ ബ്രിട്ടീഷ് ഭരണം നടത്തിയതിെൻറ ചരിത്രം ഡോ. സുശീൽ ശ്രീവാസ്​തവ വിവരിക്കുന്നുണ്ട് (ദ ഡിസ്​പ്യൂട്ടഡ് മോസ്​ക്: എ ഹിസ്​റ്റോറിക്കൽ എൻക്വയറി).

1857 കാലത്ത് ‘ശിപായി ലഹള’ ഒരു ജനകീയ കലാപമായി ഫൈസാബാദിൽ വളർന്നുവന്നതിനു തൊട്ടുപിന്നാലെയാണ് മന്ദിർ–മസ്​ജിദ് പ്രശ്നം തലയുയർത്തിയതെന്ന് അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഫൈസാബാദിൽ കേന്ദ്രീകരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ ജീവൻപോലും അപകടത്തിലാക്കുംവിധം ശക്തമായിരുന്നു ഈ ജനമുന്നേറ്റം. ഹിന്ദുക്കളും മുസ്​ലിംകളും ഒത്തുചേർന്ന് നയിച്ച ഈ കലാപത്തിൽനിന്ന് രക്ഷപ്പെടാൻ ബ്രിട്ടീഷുകാരെ സഹായിച്ചത് ഹനുമാൻഗഢിലെ ബൈരാഗികൾ എന്നറിയപ്പെട്ട ഹിന്ദു പുരോഹിതവർഗമായിരുന്നു.

ശിപായിലഹള അടിച്ചമർത്തിയതിനുശേഷം പ്രത്യുപകാരമായി ബ്രിട്ടീഷുകാർ ബൈരാഗികൾക്ക് നിരവധി സൗജന്യങ്ങൾ അനുവദിക്കുകയും ചെയ്തു. രാമെൻറ ജന്മസ്​ഥാനം രേഖപ്പെടുത്തുന്നതിന് ബാബരി മസ്​ജിദിനു മുന്നിൽ ഒരു പ്ലാറ്റ്ഫോം നിർമിക്കപ്പെട്ടത് ഇതേതുടർന്നായിരുന്നു. കിഴക്കുഭാഗത്തെ ഗേറ്റിലൂടെ മുസ്​ലിംകൾക്ക് പള്ളിക്കകത്ത് പ്രവേശനം നിഷേധിക്കാനും ബ്രിട്ടീഷുകാർ ഉത്സാഹിച്ചു. രാമക്ഷേത്രം തകർത്ത് ബാബർ നിർമിച്ചതാണ് ബാബരി മസ്​ജിദ് എന്ന കെട്ടുകഥക്ക് പ്രചാരം ലഭിച്ചതും ഇക്കാലത്തുതന്നെയായിരുന്നു. ഈ കെട്ടുകഥ ആദ്യമായി രേഖപ്പെടുത്തുന്നത് 1838ൽ ബ്രിട്ടീഷ് ഉദ്യോഗസ്​ഥനായ മോണ്ട്ഗോമറി മാർട്ടിൻ ആയിരുന്നുവെന്ന് സുശീൽ ശ്രീവാസ്​തവ രേഖപ്പെടുത്തുന്നുണ്ട്. 1860ൽ മറ്റൊരു ബ്രിട്ടീഷ് ഉദ്യോഗസ്​ഥനായ പി. കാർണഗി മുസ്​ലിംകളുടെ മതഭ്രാന്തിന് ഉദാഹരണമായി ഈ സംഭവത്തെ ചിത്രീകരിക്കുന്നതിന് പരിശ്രമിച്ചു. 1838ലെ കെട്ടുകഥ 1860 ആകുമ്പോഴേക്ക് ചരിത്രയാഥാർഥ്യമെന്നനിലക്ക് അവതരിപ്പിക്കപ്പെട്ടു എന്നർഥം.

ബാബരി മസ്​ജിദിനെ ആദ്യം ഒരു സംഘർഷകേന്ദ്രമാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. മുമ്പേ വ്യക്തമാക്കിയതുപോലെ 1857ൽ ആഞ്ഞടിച്ച ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ശിഥിലമാക്കാനാണവർ ബാബരി മസ്​ജിദിനെ ആദ്യം ഒരായുധമാക്കിയത്. അന്നതിനെ പ്രതിരോധിച്ചത് അയോധ്യ നിവാസികളായ മുഴുവൻ മനുഷ്യരും മതജാതി പരിഗണനകൾക്കപ്പുറം ഒരുമിച്ചുനിന്നാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സാമ്രാജ്യത്വ നയത്തെ ചെറുക്കാൻ ഇസ്​ലാംമത പണ്ഡിതനായ അമീർഅലിയും ഹിന്ദുമതാചാര്യനായ ബാബ രാമചന്ദ്രദാസും ഒന്നിച്ചുനിന്നാണ് നേതൃത്വം നൽകിയത്. മസ്​ജിദ് സംബന്ധിച്ച് തങ്ങൾക്കിടയിൽ ഒരു തർക്കവുമില്ലെന്നവർ പ്രഖ്യാപിച്ചപ്പോൾ പരിഭ്രാന്തരായത് ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു.

അതിനവർ പകരംവീട്ടിയത് മനുഷ്യസ്​നേഹികളായ ആ മതനേതാക്കന്മാരെ ഔധിലെ ഒരു പുളിമരത്തിൽ കെട്ടിത്തൂക്കിക്കൊന്നുകൊണ്ടായിരുന്നു! അവരെ കൊല്ലാൻ കഴിഞ്ഞെങ്കിലും അവരുടെ സ്​മരണകളെ നശിപ്പിക്കാൻ കഴിഞ്ഞില്ല. അവരെ കെട്ടിത്തൂക്കിക്കൊന്ന ആ പുളിമരം ഒരു അശാന്തമായ അനുസ്​മരണ കേന്ദ്രമായി അനുദിനം വളർന്നു. ജനങ്ങൾ പ്രസ്​തുത പുളിമരത്തിനുചുറ്റും ഒത്തുചേർന്ന് ഐക്യദാർഢ്യം പങ്കുവെച്ചു. അപ്പോൾ സാമ്രാജ്യത്വം ആ പുളിമരത്തെത്തന്നെ വേരോടെ പിഴുതെടുത്ത് നശിപ്പിച്ചു! അപ്പോഴും ബാബരി മസ്​ജിദ് ഒരുപോറലുമേൽക്കാതെ മസ്​ജിദായും ഇന്ത്യൻ മതേതരത്വത്തിെൻറ മഹാസ്​മാരകമായും നിലനിൽക്കുന്നുണ്ടായിരുന്നു.

എന്നാൽ, സാമ്രാജ്യത്വത്തിന് അന്ന് കഴിയാത്തത് പിന്നീട് സംഘ്പരിവാർ ശക്തികൾ നടപ്പാക്കുന്നതാണ് നാം കണ്ടത്. ഭരണകൂടാധികാരങ്ങളെയും മതനിരപേക്ഷതയെയും ഒരേസമയം നിസ്സഹായമാക്കുംവിധം ശക്തമാണ് അധീശത്വ പ്രത്യയശാസ്​ത്രമെന്ന് ഇന്നു നാം തിരിച്ചറിയുന്നു. സാഹിത്യത്തിലും മാധ്യമങ്ങളിലും മറഞ്ഞുനിൽക്കുന്ന അധീശത്വസവർണത തന്നെയാണ് മറ്റു മണ്ഡലങ്ങളിൽ വ്യത്യസ്​ത വിധത്തിൽ ഇപ്പോൾ തെളിയുന്നത്. തിളങ്ങുന്ന തെളിവുകളത്രയും അപ്രസക്തമാക്കി പുരാണങ്ങൾ കോടതിക്കു മുകളിലും കൊടിപറത്തുന്ന സംഭ്രമിപ്പിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ ജനാധിപത്യത്തെ പീഡിപ്പിക്കുന്നത്.

പ്രിയപ്പെട്ട സ്വന്തം രാജ്യത്ത് പ്രവാസികളാവാതിരിക്കാൻ പീഡിതസമൂഹങ്ങളൊക്കെയും നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. ‘ജ്ഞാനോദയത്തിെൻറ തിരസ്​കാരങ്ങൾ’ എന്ന പുസ്​തകത്തിൽ മീരാനന്ദ എഴുതുന്നു: ‘‘സാമൂഹിക വംശീയത എന്നു ചിലർ വിശേഷിപ്പിക്കുന്ന ഹിന്ദുത്വമിന്ന് ഇന്ത്യൻ സാമൂഹികജീവിതത്തിെൻറ പ്രമാണമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ബി.ജെ.പിയുടെ ആശീർവാദത്തോടെയും ഭീമന്മാരും ചെറുകിടക്കാരുമായ വ്യാപാരി–വ്യവസായി ഗൃഹങ്ങളുടെ സഹായത്തോടെയും സ്​കൂളുകളുടെയും അമ്പലങ്ങളുടെയും ആഭിമുഖ്യത്തിലും രാജ്യത്തെ പൊതുസ്​ഥലങ്ങളിൽ ഇന്ത്യയെ മാതൃദേവതയായി നിസ്സങ്കോചം ചിത്രീകരിക്കുന്നു. ഭാരതമാതാവ്–നദികളും പർവതങ്ങളും വിശുദ്ധ നഗരങ്ങളുമടങ്ങുന്ന ദേശം. രാജ്യമാകെ ദൈവവത്കരിക്കപ്പെടുന്നു. പുണ്യഭൂമിയിൽ അധിവസിക്കുന്നതെന്ന് കരുതപ്പെടുന്ന ദൈവങ്ങളെ പൂജിക്കാത്തവർക്കിടയിൽ സ്വന്തം രാജ്യത്ത് തങ്ങൾ പ്രവാസികളായി മാറുകയാണെന്ന തോന്നൽ ശക്തിപ്പെടുന്നു’’.

 

Show Full Article
TAGS:babari masjid 
News Summary - forgets and silence
Next Story