ആരോഗ്യരംഗത്തെ വിദേശ നിക്ഷേപം: സാധ്യതകളും വെല്ലുവിളികളും
text_fieldsപ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളും വെഞ്ചർ ക്യാപ്പിറ്റലും കേരളത്തിലെ ആശുപത്രികളിൽ നടത്തുന്ന മുതൽമുടക്ക് സംബന്ധിച്ച് മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് കണ്ടുവരുന്നത്. ഇന്ത്യൻ ആരോഗ്യ മേഖലയിൽ നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും ഒരു പുതിയ പ്രതിഭാസമല്ല. ബ്ലാക്ക് സ്റ്റോൺ, കെ.കെ.ആർ, തെമാസക്, ഐ.എച്ച്.എച്ച്, ഒന്റാറിയോ ടീച്ചേഴ്സ് ഫണ്ട്, ടി.പി.ജി തുടങ്ങി ലോകപ്രശസ്തമായ നിരവധി ഫണ്ടുകൾ ഇന്ന് ഇന്ത്യൻ വിപണിയിലുണ്ട്.
മാക്സ് ഹോസ്പിറ്റൽ, മണിപ്പാൽ ഹോസ്പിറ്റൽസ്, ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാസ്ട്രോ എന്ററോളജി, അപ്പോളോ ഹോസ്പിറ്റൽസ്, കെയർ ഹോസ്പിറ്റൽസ്, തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, തൃശൂർ ദയ ഹോസ്പിറ്റൽ, സബീൻ ഹോസ്പിറ്റൽ എന്നിവ ഉൾപ്പെടെ എൺപതിലധികം മുൻനിര സ്ഥാപനങ്ങൾ ഇതിനകം തന്നെ പുറത്തുനിന്നുള്ള നിക്ഷേപകരിൽനിന്ന് മൂലധനം സമാഹരിച്ചിട്ടുണ്ട്. 2020ൽ 231 മില്യൺ ഡോളർ ഉപയോഗിച്ച് 11 സ്ഥാപനങ്ങളെയാണ് ഈ ഫണ്ടിങ് ഏജൻസികൾ ഏറ്റെടുത്തതെങ്കിൽ, 2024ഓടെ നിക്ഷേപം 7220 മില്യൺ ഡോളറായും സ്ഥാപനങ്ങളുടെ എണ്ണം 30ആയും വർധിച്ചു. ഈ പ്രവണത തുടരാൻ തന്നെയാണ് സാധ്യത.
പ്രവർത്തന തന്ത്രം
വാങ്ങുക, വികസിപ്പിക്കുക, വിൽക്കുക (Buy-Build-Sell) എന്ന പ്രായോഗിക തന്ത്രമാണ് ഈ നിക്ഷേപകർ പിന്തുടരുന്നത്. പ്രവർത്തന ലാഭത്തേക്കാൾ (Operating Profit), സ്ഥാപനത്തിന്റെ മൂല്യവർധനവിനാണ് (Value Creation) ഇവർ മുൻഗണന നൽകുന്നത്. മൂന്നുമുതൽ ആറ് വർഷത്തിനുള്ളിൽ വലിയ ലാഭത്തോടെ നിക്ഷേപം പിൻവലിക്കുകയാണ് ഇവരുടെ രീതി. ഉദാഹരണത്തിന്: 2018ൽ കെ.കെ.ആർ 1,800 കോടി രൂപ മാക്സ് ഹോസ്പിറ്റലിൽ നിക്ഷേപിച്ചു. ഏകദേശം നാല് വർഷത്തിനുശേഷം, 9,700 കോടി രൂപക്ക് ഈ ഓഹരികൾ വിറ്റഴിച്ച് അവർ വലിയ ലാഭം കൊയ്തു.
കേരളത്തിലെ പ്രതിസന്ധി
കേരളത്തിലെ ഭൂരിഭാഗം ചെറുകിട-ഇടത്തരം ആശുപത്രികളും കോർപറേറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലും വലിയ സാമൂഹിക പ്രതിബദ്ധതയോടെയുമാണ് പ്രവർത്തിക്കുന്നത്. ഇത്തരം ആശുപത്രികൾക്ക് കോർപറേറ്റ് ആശുപത്രികളെപ്പോലെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും വിലപിടിപ്പുള്ള ഉപകരണങ്ങളും ഒരുക്കാൻ പ്രയാസമുണ്ട്. ഇൻഷുറൻസ് പരിരക്ഷയുള്ളവരും ഉയർന്ന വരുമാനമുള്ളവരും വലിയ ആശുപത്രികളെ തേടിപ്പോകുന്ന പ്രവണത വർധിച്ചതോടെ ചെറുകിട ആശുപത്രികൾ സാമ്പത്തികമായി ലാഭകരമല്ലാതായി. അഞ്ചുവർഷത്തിനിടെ കേരളത്തിൽ ചെറുതും വലുതുമായ 600ഓളം ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വന്നത് ഇതിന്റെ തെളിവാണ്.
ഒന്നാംകിട നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കോർപറേറ്റ് ആശുപത്രികൾ രണ്ടാംകിട, മൂന്നാംകിട നഗരങ്ങളിലേക്ക് സ്വാധീനം ഉറപ്പിക്കുന്നത് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ശസ്ത്രക്രിയകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും ചികിത്സാ കാലതാമസവും പലരെയും സർക്കാർ ആശുപത്രികളിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഏതാനും വർഷങ്ങളായി സർക്കാർ ആശുപത്രികളിലെ ‘സൗജന്യ ചികിത്സ’ എന്ന സങ്കൽപംതന്നെ മാറിമറിഞ്ഞിട്ടുണ്ട്. കാരുണ്യ, ആർ.എസ്.ബി.ഐ (RSBY), പി.എം.ജെ (PMJAY) തുടങ്ങിയ സർക്കാർ സ്പോൺസർ ചെയ്യുന്ന ഇൻഷുറൻസ് പദ്ധതികൾ വ്യാപകമായതോടെ, നേരിട്ടുള്ള സൗജന്യ ചികിത്സ ചുരുക്കം ചില വിഭാഗങ്ങളിലായി പരിമിതപ്പെട്ടു. ഏകദേശം 6,500 കോടി രൂപയാണ് ഇതിനായി ഇൻഷുറൻസ് കമ്പനികൾ ഈടാക്കുന്നത്. എന്നാൽ, ഇൻഷുറൻസ് പാക്കേജുകൾ നിശ്ചയിച്ചിട്ടുള്ള നിരക്കുകൾ വളരെ കുറവായതിനാൽ പല മികച്ച സ്വകാര്യ ആശുപത്രികളും ഈ പദ്ധതികൾ സ്വീകരിക്കുന്നില്ല. യഥാർഥത്തിൽ സർക്കാർ ആശുപത്രികളിൽ ഒരു രോഗിക്കുവേണ്ടി ചെലവാകുന്ന തുകയുടെ മൂന്നിലൊന്ന് മാത്രമേ ഇൻഷുറൻസ് കമ്പനികൾ വഴി ലഭിക്കുന്നുള്ളൂ. കെട്ടിടം, ശമ്പളം, ആധുനിക ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങളെല്ലാം സർക്കാർ ഒരുക്കുമ്പോൾ, പ്രീമിയം തുക കൈപ്പറ്റുന്ന ഇൻഷുറൻസ് കമ്പനികളാണ് ആത്യന്തികമായി ലാഭമുണ്ടാക്കുന്നത്. ഇൻഷുറൻസ് കമ്പനികൾക്ക് നൽകുന്ന ഈ 6,500 കോടി രൂപ നേരിട്ട് ചെലവാക്കിയിരുന്നെങ്കിൽ കേരളത്തിലെ സർക്കാർ ആശുപത്രികളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താമായിരുന്നു. ആരോഗ്യ മേഖലക്കായി രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 2.6 ശതമാനം മാത്രമാണ് ചെലവഴിക്കുന്നത് എന്നതിനാൽ സർക്കാർ ആശുപത്രികളിൽ ജീവനക്കാരുടെയും മരുന്നുകളുടെയും ഉപകരണങ്ങളുടെയും വലിയ ദൗർലഭ്യമുണ്ട്.
കോർപറേറ്റ് തന്ത്രങ്ങളിൽ സംഭവിക്കുന്നത്
പല പ്രമുഖ സ്ഥാപനങ്ങളുടെയും ഭൂരിപക്ഷ ഓഹരികൾ ഇന്ന് വലിയ ഫണ്ടിങ് ഏജൻസികൾ ഏറ്റെടുക്കുകയാണ്. സൽപേരും രോഗികളുമുള്ള സ്ഥാപനങ്ങൾ ഏറ്റെടുത്ത് കൂടുതൽ മൂലധനം നിക്ഷേപിക്കുകയും, അതേ പേരിൽ തന്നെ വിവിധ നഗരങ്ങളിൽ പുതിയ ആശുപത്രികൾ തുടങ്ങുകയുമാണ് രീതി. ഒപ്പം കടക്കെണിയിലായതോ ലാഭകരമല്ലാത്തതോ ആയ ആശുപത്രികളെ ഏറ്റെടുത്ത് ‘റീ-സ്ട്രക്ചറിങ്’ നടത്തി വിറ്റുവരവ് വർധിപ്പിക്കുകയും ഏതാനും വർഷങ്ങൾക്കുശേഷം ഉയർന്ന വിലക്ക് മറ്റൊരു ഏജൻസിക്ക് വിൽക്കുകയും ചെയ്യുന്നു. ജനസംഖ്യയുടെ 65 മുതൽ 70 ശതമാനം വരെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന കേരളത്തിൽ ഇത്തരം ബിസിനസ് സാധ്യതകൾ വളരെ വലുതാണ്. പ്രഫഷനലിസം, കാര്യക്ഷമത, സാമ്പത്തിക മേൽക്കോയ്മ എന്നിവയിലൂടെ ഇവർ തഴച്ചുവളരുമ്പോൾ, സഹാനുഭൂതിയിലധിഷ്ഠിതമായ സേവനം നൽകുന്ന ചെറുകിട സ്ഥാപനങ്ങൾ ലാഭകരമല്ലാതെ പൂട്ടിപ്പോകുന്നു.
നേട്ടങ്ങൾ, പ്രതിസന്ധികൾ
വൻകിട നിക്ഷേപങ്ങൾ നേരിട്ട് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്കാണ് എത്തുന്നത്. ഇത് നിർമാണ തൊഴിലാളികൾ മുതൽ പ്രാദേശിക ബിസിനസുകൾക്കുവരെ ഗുണം ചെയ്യുന്നു. നൂതന മെഡിക്കൽ സാങ്കേതിക വിദ്യകൾ, നവീകരിച്ച ഐ.സി.യുകൾ, റോബോട്ടിക് സർജിക്കൽ പ്ലാറ്റ്ഫോമുകൾ, പെറ്റ്-സി.ടി സ്കാനറുകൾ, ലിനിയർ ആക്സിലറേറ്ററുകൾ തുടങ്ങി ചെറിയ ആശുപത്രികൾക്ക് താങ്ങാൻ കഴിയാത്ത സൗകര്യങ്ങൾ കൊണ്ടുവരാൻ ഇത്തരം കോർപറേറ്റ് നിക്ഷേപങ്ങൾ സഹായിക്കുന്നു. മറ്റൊരു പ്രധാന നേട്ടം ഹെൽത്ത് ടൂറിസം രംഗത്താണ്. കേരളത്തിലെ സുരക്ഷിതമായ കാലാവസ്ഥയും ആതിഥ്യമര്യാദയും വെൽനസ് ടൂറിസത്തിലെ പ്രശസ്തിയും കണക്കിലെടുത്താൽ, അന്താരാഷ്ട്ര അംഗീകാരമുള്ള വലിയ ആശുപത്രികൾ വരുന്നത് കേരളത്തെ ഒരു ആഗോള ഹെൽത്ത് ടൂറിസം കേന്ദ്രമാക്കി മാറ്റും. അതോടൊപ്പം ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ വിതരണം, ബയോമെഡിക്കൽ എൻജിനീയറിങ് തുടങ്ങിയ അനുബന്ധ മേഖലകളിലും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. എന്നിരിക്കിലും കോർപറേറ്റുകളുടെ പ്രവേശനംമൂലം നാം നേരിടേണ്ടിവരുന്ന കടുത്ത വെല്ലുവിളികളുമുണ്ട്. ചികിത്സാ ചെലവിലെ വർധനവാണ് ഇതിൽ ഏറ്റവും പ്രധാനം. ആവശ്യമില്ലാത്ത പരിശോധനകൾക്കും ചികിത്സകൾക്കും രോഗികളെ വിധേയരാക്കുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ഉയർന്ന ശമ്പളത്തിലൂടെയും നൂതനമായ അടിസ്ഥാന സൗകര്യങ്ങളിലൂടെയും മികച്ച മെഡിക്കൽ പ്രതിഭകളെ ആകർഷിക്കാൻ കോർപറേറ്റ് ആശുപത്രികൾക്ക് കഴിയുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന പല മലയാളി ഡോക്ടർമാരെയും തിരികെ നാട്ടിലേക്ക് കൊണ്ടുവരാനും അവരെ ഇവിടെ നിലനിർത്താനും ഈ ആശുപത്രികൾ സഹായിച്ചേക്കും.
വെല്ലുവിളികളെ ഫലപ്രദമായി നേരിടണമെങ്കിൽ കേരളം അതിന്റെ സർക്കാർ ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തണം. ഇൻഷുറൻസിനായി ചെലവഴിക്കുന്ന പണം ഉപയോഗിച്ച് സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ സ്പെഷലിസ്റ്റുകളെയും ജീവനക്കാരെയും നിയമിക്കാനും ഉപകരണങ്ങൾ ആധുനികവത്കരിക്കാനും ശ്രദ്ധിക്കണം. ഓങ്കോളജി, കാർഡിയോളജി, ട്രോമ കെയർ, ക്രിട്ടിക്കൽ കെയർ തുടങ്ങിയ ഹൈ-എൻഡ് സേവനങ്ങൾ സർക്കാർ തലത്തിൽ വികസിപ്പിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ശക്തമായ ഒരു പൊതുമേഖലാ ആരോഗ്യ സംവിധാനത്തിന് മാത്രമേ, കോർപറേറ്റ് വളർച്ചക്കിടയിലും സാധാരണക്കാർക്ക് വിശ്വസനീയവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കാൻ കഴിയൂ. മറ്റൊരു പ്രധാന തന്ത്രം ഇടത്തരം ആശുപത്രികളെ ശാക്തീകരിക്കുക എന്നതാണ്. ഡോക്ടർമാരോ ചെറിയ ട്രസ്റ്റുകളോ നടത്തുന്ന ഇടത്തരം സ്വകാര്യ ആശുപത്രികൾക്ക് കോർപറേറ്റ് ഭീമന്മാരുടെ വാങ്ങൽ ശേഷിയുമായി മത്സരിക്കാൻ കഴിയില്ല. വൻതോതിൽ മരുന്നുകളും ഇംപ്ലാന്റുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിലൂടെ കോർപറേറ്റുകൾക്ക് ലഭിക്കുന്ന വലിയ വിലക്കുറവ് ഇത്തരം ആശുപത്രികൾക്ക് ലഭിക്കാറില്ല. ഈ പ്രതിസന്ധി മറികടക്കാൻ മിഡ് ടയർ ആശുപത്രികൾ ജില്ലാടിസ്ഥാനത്തിലോ പ്രാദേശികമായോ കൺസോർട്ട്യങ്ങൾ രൂപവത്കരിക്കേണ്ടതുണ്ട്. നിരവധി സ്ഥാപനങ്ങൾ ചേർന്ന് തങ്ങളുടെ ആവശ്യകതകൾ ഒരുമിച്ച് അവതരിപ്പിക്കുന്നതിലൂടെ കോർപറേറ്റ് ശൃംഖലകൾക്ക് സമാനമായ വലിയ കിഴിവുകൾ വിലപേശി നേടിയെടുക്കാൻ സാധിക്കും. കൂടാതെ, വിദഗ്ധ ഡോക്ടർമാരുടെ സേവനവും അത്യാധുനിക സൗകര്യങ്ങളും ഈ ആശുപത്രികൾക്ക് പരസ്പരം പങ്കുവെക്കാവുന്നതാണ്. ഇത്തരം മത്സരക്ഷമത കൈവരിക്കുന്നതിലൂടെ മിഡ് ടയർ ആശുപത്രികൾക്ക് കുറഞ്ഞ ചെലവിൽ നിലനിൽക്കാനും അത് രോഗികൾക്ക് വലിയ പ്രയോജനം നൽകാനും ഇടയാക്കും.
(ദയ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

