Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപത്രസ്ഥാപനങ്ങളുടെ...

പത്രസ്ഥാപനങ്ങളുടെ നിലനിൽപിന്

text_fields
bookmark_border
പത്രസ്ഥാപനങ്ങളുടെ നിലനിൽപിന്
cancel

ഇലക്ട്രോണിക്സ് മീഡിയയുടെ കടന്നുവരവ് പല പത്രങ്ങളുടെയും നിലനിൽപിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ കൂടി ഫലമായി സാധാരണ പത്രങ്ങളിൽ പലതും കോർപറേറ്റ് മാധ്യമങ്ങളുടെ ഭാഗമായി മാറുന്നുവെന്നതാണ് പത്ത് വർഷത്തിലധികമായി ലോകമാകെ തുടരുന്ന അവസ്ഥ. അത്തരമൊരു പ്രവണത നിലനിൽക്കെ അതിനേക്കാൾ ഭീഷണമായ ഘടകങ്ങൾ നാൾക്കുനാൾ ശക്തിപ്പെടുകയാണ്. അത്തരം കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ഇന്ത്യയിലാവശ്യമായ പത്രക്കടലാസിന്റെ 62 ശതമാനവും വിദേശരാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിൽതന്നെ 45 ശതമാനം റഷ്യയിൽ നിന്നാണ്. കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും ബാധിച്ചതുപോലെ മാധ്യമലോകത്തെയും ബാധിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങളിലും ഒരുവർഷത്തിലധികം പത്രക്കടലാസ് നിർമാണ ഫാക്ടറികൾ അടച്ചിട്ടു. മിക്ക ഫാക്ടറികളിലും വേണ്ടത്ര സ്റ്റോക്കുണ്ടായിരുന്നതിനാലും പത്രങ്ങൾ പേജ് കുറച്ചതിനാലും ആദ്യഘട്ടത്തിൽ കടലാസ് ക്ഷാമം രൂക്ഷമായിരുന്നില്ല.

എന്നാൽ, സ്റ്റോക്ക് തീരുകയും ഉൽപാദനം സാധാരണ നിലയിലെത്താതിരിക്കുകയും ചെയ്തപ്പോൾ സ്ഥിതി ഗുരുതരമായി. അതോടൊപ്പം റഷ്യ-യുക്രെയ്ൻ യുദ്ധം പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അമേരിക്കയും യൂറോപ്പുമെല്ലാം റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തിയത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഒരുവർഷം മുമ്പ് ടണ്ണിന് 452 യു.എസ് ഡോളറായിരുന്ന വില ഇപ്പോൾ 1022 ഡോളർ ആയിരിക്കുന്നു. റഷ്യ കൂടാതെ കാനഡ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ പത്രക്കടലാസ് ഇറക്കുമതി ചെയ്തിരുന്നു.

കോവിഡ് പ്രതിസന്ധിയും തൊഴിൽസമരങ്ങളുംമൂലം ഈ രാജ്യങ്ങളിൽനിന്നുള്ള പത്രക്കടലാസ് ഇറക്കുമതി ഇപ്പോൾ നിലച്ചിരിക്കുകയാണ്. പത്രക്കടലാസ് കപ്പലിൽ കൊണ്ടുവരുന്നതിനുള്ള കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നു. ഈ സന്ദർഭം ഉപയോഗപ്പെടുത്തി ഷിപ്പിങ് കമ്പനികൾ അവരുടെ നിരക്കിൽ 250 ശതമാനം വരെയാണ് വർധന വരുത്തിയിരിക്കുന്നത്. ലോക മാർക്കറ്റിൽ പത്രക്കടലാസ് വില കുതിച്ചുയർന്ന ഘട്ടത്തിൽതന്നെ കേന്ദ്രസർക്കാർ ഇറക്കുമതിചെയ്യുന്ന കടലാസിന് അഞ്ചു ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി വർഷത്തിനുള്ളിൽ പത്രക്കടലാസിന്റെ വിലയിൽ 122 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

പത്രവ്യവസായത്തിലെ ഉൽപാദനച്ചെലവിന്റെ 45 ശതമാനത്തിലധികം പത്രക്കടലാസിനാണ്. അച്ചടിക്കാവശ്യമായ അലൂമിനിയം പ്ലേറ്റിന്റെ വില ഒരു വർഷത്തിനുള്ളിൽ 45 ശതമാനവും മഷിയുടേത് 55 ശതമാനവും വർധിച്ചു. ഇന്ധനവിലയുടെ കുതിച്ചുചാട്ടം മൂലം വാഹനങ്ങളുടെ നിരക്കും കൂടി.കേന്ദ്രസർക്കാറിന്റെ പല നയങ്ങളും പത്രസ്ഥാപനങ്ങളുടെ -വിശേഷിച്ചും ഇടത്തരം ചെറുകിട പത്രങ്ങളുടെ നിലനിൽപിന് ഭീഷണിയുയർത്തുന്നതാണ്. ബി.ജെ.പി അധികാരത്തിൽ വന്നശേഷം കേന്ദ്രസർക്കാറിന്റെയോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയോ പരസ്യങ്ങൾ ലഭിക്കുന്നതിന് എ.ബി.സി സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ഫലത്തിൽ അഞ്ചു ലക്ഷത്തിലധികം സർക്കുലേഷൻ ഇല്ലാത്ത പത്രങ്ങൾക്ക് കേന്ദ്രസർക്കാറിന്റെയും അർധസർക്കാർ സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ പൂർണമായും കിട്ടാതായി. ഹിന്ദിഭാഷക്ക് പുറത്തുള്ള പ്രാദേശിക ഭാഷാപത്രങ്ങളെയാണ് ഇത് കൂടുതൽ പ്രതികൂലമായി ബാധിച്ചത്. ആനുകാലിക പ്രസിദ്ധീകരണങ്ങളെയും ഇത് ബാധിക്കുന്നു. അറിയാനുള്ള അവകാശത്തിന്റെ നിഷേധമായാണ് ഫലത്തിൽ ഇത് മാറുന്നത്. രാജ്യത്ത് മാധ്യമങ്ങളുടെ രജിസ്ട്രേഷൻ നടത്തുന്നതിന് അധികാരമുള്ള ആർ.എൻ.ഐ നിരവധിയായ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് മാധ്യമസ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയുമുണ്ട്.

ഇതുമൂലം നിരവധി മാസികകൾക്കും വാരികകൾക്കും വർഷങ്ങളായി കിട്ടിക്കൊണ്ടിരുന്ന പോസ്റ്റൽ സൗജന്യം ഇല്ലാതായി. ഒരു ഭാഗത്തുകൂടി മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന നിയമങ്ങൾക്ക് രൂപം നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് സാമ്പത്തികമായി പത്രസ്ഥാപനങ്ങളെ തകർക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ പാർലമെന്ററി ജനാധിപത്യത്തിനുതന്നെ അപകടം സൃഷ്ടിക്കുന്ന നടപടികൾ നാൾക്കുനാൾ ശക്തിപ്പെടുകയാണ്.

ഒരുദിവസം ഒരു രൂപയുടെ വർധന വരുത്തുന്നതുകൊണ്ടുമാത്രം പത്രസ്ഥാപനങ്ങൾക്ക് ഇന്നത്തെനിലയിൽ പിടിച്ചുനിൽക്കാനാകില്ല. പ്രത്യേകിച്ച്, ഇടത്തരം ചെറുകിട പത്രസ്ഥാപനങ്ങൾക്ക്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിചാരിച്ചാൽ പത്രസ്ഥാപനങ്ങൾക്ക് നടു നിവർത്തിനിൽക്കാനാകും. രാജ്യത്ത് ആവശ്യമായി വരുന്ന പത്രക്കടലാസ് ഇവിടെത്തന്നെ ഉൽപാദിപ്പിക്കാൻ നടപടി സ്വീകരിക്കുക, അതുവരെ പത്രക്കടലാസ് ഇറക്കുമതി തീരുവ ഉപേക്ഷിക്കുക, ചെറുകിട- ഇടത്തരം പത്രങ്ങൾക്കുകൂടി പരസ്യം നൽകുക, പത്രക്കടലാസ് ഇറക്കുമതിക്കുള്ള തടസ്സങ്ങൾ നീക്കംചെയ്യുക, ഇന്ധനവില നിയന്ത്രിക്കുക. ആർ.എൻ.ഐയുടെ നടപടിക്രമങ്ങൾ ലളിതമാക്കുക മുതലായ കാര്യങ്ങൾ കേന്ദ്രസർക്കാറിന് ചെയ്യാനാകും.

കേന്ദ്രസർക്കാർ വില്പനക്കുവെച്ചിരുന്ന പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് ഏറ്റെടുക്കാനും പത്രക്കടലാസ് ഉൽപാദനം തുടങ്ങാനുമുള്ള കേരളസർക്കാറിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഇക്കാര്യത്തിൽ കുറച്ചുകാര്യങ്ങൾകൂടി കേരളം ചെയ്യണം. പത്രങ്ങൾക്ക് നൽകുന്ന പി.ആർ.ഡി പരസ്യനിരക്കിൽ 50 ശതമാനം വർധന ഏർപ്പെടുത്തുക, പരസ്യകുടിശ്ശിക വിതരണം ചെയ്യുക, വൈദ്യുതിനിരക്കിൽ വരുത്തിയ വർധനവിൽനിന്ന് മാധ്യമങ്ങളെ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം.

സാമ്പത്തികപ്രതിസന്ധി ഉണ്ടെങ്കിലും മാധ്യമങ്ങളുടെ നിലനിൽപിന് പ്രാധാന്യം നൽകുന്ന കേരളസർക്കാർ ഇക്കാര്യങ്ങൾ പരിഗണിക്കുകതന്നെ വേണം. ഒപ്പം, പത്രക്കടലാസിന്റെ ഇറക്കുമതിച്ചുങ്കം കുറക്കുക അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാറിൽ സമ്മർദംചെലുത്തുകയും വേണം. രാഷ്ട്രീയപാർട്ടികളും എം.പിമാരും ഇക്കാര്യം ഗൗരവപൂർവംതന്നെ കാണണം. പത്രസ്ഥാപനങ്ങളുടെ നിലനിൽപ് ജനാധിപത്യത്തിന്റെ നിലനിൽപിന്റെ ഭാഗമാണെന്നത് മറക്കാതിരിക്കണം.

Show Full Article
TAGS:printed media news pappers 
News Summary - For survival of newspapers
Next Story