Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരളത്തിന്‍റെ...

കേരളത്തിന്‍റെ ധനസ്​ഥിതി എങ്ങോട്ട്?

text_fields
bookmark_border
Pinarayi-Vijayan
cancel

ഒഴിഞ്ഞ ഖജനാവുമായി അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തെ നിലവിലുള്ള സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന ായിരുന്നു ഈ സർക്കാർ അധികാരത്തിൽ വന്ന ഉടനെ സാമ്പത്തിക ധവളപത്രം ഇറക്കിയത്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസ ന്ധിയിലാണെന്നും ഈ നിലക്കാണ് ധനസ്ഥിതി മുന്നോട്ടുപോകുന്നതെങ്കിൽ 2017–18 ൽ സംസ്ഥാനം ധനകാര്യ തകർച്ചയിലേക്കും സാമ ്പത്തിക അരാജകത്വത്തിലേക്കും നീങ്ങുമെന്നും ധവളപത്രത്തിലൂടെ പറഞ്ഞത് സാമ്പത്തിക വിദഗ്​ധൻ കൂടിയായ ഡോ.തോമസ്​ ഐസക്കാണ്. സംസ്ഥാനം അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ജൂൺ 24ന് ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത് തിലും അടിവരയിട്ട് പറഞ്ഞു. വികസനപ്രവർത്തനങ്ങൾക്കു വാങ്ങുന്ന വായ്പയുടെ 80 ശതമാനവും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനു ം പെൻഷനും വകമാറ്റി ​െചലവഴിക്കേണ്ടി വരുന്നതിനാൽ സാമ്പത്തികസ്​ഥിതി അപകടകരമായ സ്ഥിതിയിലാണെന്ന് 2018–19 ലെ ബജറ്റ് അ വതരണവേളയിൽ ധനമന്ത്രി തന്നെ തുറന്നുസമ്മതിച്ചതാണ്.

റവന്യൂ വരുമാനത്തി​െൻറ 87 ശതമാനവും ഉദ്യോഗസ്ഥരുടെ ശമ്പളത ്തിനും പെൻഷനും വേണ്ടി മാത്രമാണ് ​െചലവഴിക്കപ്പെടുന്നതെന്ന് ഇക്കഴിഞ്ഞ ബജറ്റ് അവതരണവേളയിലും ധനമന്ത്രി ആവർത്തി ച്ചു. ഗൾഫിൽനിന്നുള്ള പണമൊഴുക്ക് കുറയുകയും വ്യാപാരമേഖല മന്ദീഭവിക്കുകയും ചെയ്തതോടെ കേരളം രൂക്ഷമായ സാമ്പത്ത ിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ഇൗയിടെ ഷാർജയിൽ നടന്ന യോഗത്തിലും ധനമന്ത്രി ഒാർമിപ്പിച്ചു. കേരളം ഗൾഫ് പണത്തിൽ ഉൗതിവീർപ്പിച്ച ഒരു ബലൂൺ മാത്രമാണെന്നും അതു നിലച്ചാൽ കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്ന അമർത്യസെന്നി​െൻറ വാക്കുകൾ ഇവിടെ യാഥാർഥ്യമാവുകയാണ്.

2003 ൽ ധന ഉത്തരവാദിത്തനിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. എന്നാൽ കഴിഞ്ഞ 15 വർഷത്തെ കണക്കുകൾ ഏതു നികുതിദായകനെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. 83,000 രൂപയുടെ ആളോഹരി കടബാധ്യതയിലേക്ക് ഇന്നു ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പണയ വസ്​തുവായിട്ടാണ് സർക്കാർ കാണുന്നത്. കഴിഞ്ഞ 10 വർഷംകൊണ്ട് മാത്രം സർക്കാർ വാങ്ങിക്കൂട്ടിയ കടം 1,83,686 കോടി രൂപയാണ്. 10 വർഷം പലിശ ഇനത്തിൽ മാത്രം തിരിച്ചടച്ചത് 99,161 കോടി രൂപയാണ്. 2006–07 ൽ 49,875 കോടി രൂപ മാത്രമുണ്ടായിരുന്ന കേരളത്തി​െൻറ പൊതുകടം കഴിഞ്ഞ 10 വർഷം കൊണ്ട്​ 2,36,055 കോടിയിലേക്കാണ് കുത്തനെ ഉയർന്നത്. അങ്ങനെ കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്​ഥാനവും കടന്ന്​ ബഹുദൂരം മുന്നേറിയിരിക്കുന്നു കേരളം. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏറ്റവും വലിയ കടബാധ്യതയുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. അതോടൊപ്പം ഇന്ത്യൻ സംസ്ഥാനങ്ങളിൽ അസമത്വം ഏറ്റവും വേഗം വർധിച്ചുവരുന്ന സംസ്ഥാനവും കേരളമാണെന്ന് അടുത്ത കാലത്തെ പഠനങ്ങൾ വ്യക്തമാക്കുന്നു.

അക്കൗണ്ടൻറ്​ ജനറലി​െൻറ പ്രാരംഭ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2019 ​െഫബ്രുവരി വരെ സർക്കാറി​െൻറ ഖജനാവിൽ വന്ന നികുതി വരുമാനം 44,332 കോടിയും നികുതിയേതര വരുമാനം 9262 കോടിയും കേന്ദ്ര നികുതിവിഹിതമായി ലഭിച്ച 14,712 കോടിയും ഉൾപ്പെടെ ആകെ വരവ് 68,296 കോടിയാണ്. അതിൽ നിന്ന്​ 31,085 കോടി ശമ്പളത്തിനും 19,717 കോടി പെൻഷനും ​െചലവഴിച്ചു. ബാക്കി നീക്കിയിരിപ്പ് 17,494 കോടി രൂപ. ഇതിൽനിന്ന്​ 17,300 കോടി വായ്പയുടെ പലിശയിനത്തിലും നൽകിയപ്പോൾ ഖജനാവിൽ ബാക്കി 194 കോടി രൂപ. ഇതിൽ നിന്ന്​ മുൻ എം.എൽ.എമാരുടെ പെൻഷൻ, ചികിത്സ ​െചലവ്, യാത്ര ​െചലവ് എന്നീ ഇനങ്ങളിൽ ​െചലവായത് 19 കോടി. മന്ത്രിമാരുടെ മുൻ പേഴ്സനൽ സ്​റ്റാഫി​​െൻറ പെൻഷനും ഗ്രാറ്റ്വിറ്റിക്കും ​െചലവഴിച്ചത് 11 കോടി. ബാക്കി 164 കോടി. ഇതു നിലവിലുള്ള എം.എൽ.എമാരും മന്ത്രിമാരും ഭരണപരിഷ്കാര കമീഷൻ തുടങ്ങിയ പങ്കാളികൾക്കും വീതംവെച്ചതോടെ ഖജനാവ് കാലിയാവുന്നു. അതോടെ സർക്കാറി​െൻറ ദൈനംദിന ​െചലവിന് കേന്ദ്ര ധനസഹായത്തെയോ കടപ്പത്രങ്ങളെയോ വിദേശവായ്പകളെയോ ആശ്രയിക്കേണ്ടി വരുകയാണ്. 2019–20 ലെ സംസ്ഥാനത്തി​െൻറ കടമെടുക്കാനുള്ള പരിധി 16,000 കോടി രൂപയാണ്. എന്നാൽ, ഈ സാമ്പത്തിക വർഷത്തി​െൻറ ആദ്യ നാലു മാസം പിന്നിടുമ്പോഴേക്കും കടമെടുപ്പ് പരിധി കഴിഞ്ഞിരിക്കുന്നു. ഈ സാമ്പത്തികവർഷത്തിൽ മാസങ്ങൾ ഏഴ്​ ഇനിയും ബാക്കിയിരിക്കുന്നു.

1984 നു ശേഷം വാങ്ങിയ വായ്പകളിൽ ഒന്നിലും ഇന്നുവരെ മുതൽസംഖ്യ തിരിച്ചടച്ചിട്ടില്ല. ഈ വരുന്ന സാമ്പത്തികവർഷം മുതലിനത്തിൽ മാത്രം 42,000 കോടി രൂപയാണ് സർക്കാർ തിരിച്ചടക്കേണ്ടത്. അതിന് പുറമേ, വർഷാവർഷം അടക്കേണ്ട പലിശയിനത്തിൽ 23,000 കോടി രൂപ വേറെയും കണ്ടെത്തേണ്ടതുണ്ട്. അതിനെല്ലാമുപരിയായി വരാൻ പോകുന്ന 11ാം ശമ്പളകമീഷൻ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ 18,000 കോടി രൂപയുടെ അധികബാധ്യതയും സർക്കാർ കണ്ടെത്തേണ്ടതുണ്ട്. ഇതൊന്നും കൂടാതെയാണ് ഒരു പുതിയ വരുമാനമാർഗവുമില്ലാതെ വായ്പയിലൂടെ മാത്രം പ്രവർത്തിക്കുന്ന കിഫ്ബി ഉണ്ടാക്കിവെക്കുന്ന കുടിശ്ശികയിനത്തിൽ നൽകേണ്ടി വരുന്ന ഏകദേശം 22,000 കോടി രൂപയുടെ ബാധ്യത. അതായത് നിലവിലുള്ള വരുമാനത്തിനു പുറമേ, അടുത്ത സാമ്പത്തിക വർഷത്തിൽ ഏകദേശം 1,25,000 കോടി രൂപയാണ് സർക്കാർ അധികമായി കണ്ടെത്തേണ്ടി വരുക.

ഓരോ സാമ്പത്തിക വർഷവും വികസനത്തി​െൻറ പേരിൽ വാങ്ങിക്കൂട്ടുന്ന വായ്പയുടെ തോത്​ പരിഗണിച്ച് മാറിവരുന്ന ധനകാര്യകമീഷനുകൾ കേരളത്തെ ഒരു വികസിത സംസ്ഥാനമായാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ വർഷം കഴിയുന്തോറും കേന്ദ്രസഹായത്തിൽ വമ്പിച്ച കുറവുണ്ടാകുന്നു. വികസനപ്രവർത്തനത്തിന് വാങ്ങുന്ന വായ്പയുടെ 87 ശതമാനവും ഏറ്റുപോയ ​െചലവുകൾക്കാണ് വിനിയോഗിക്കപ്പെടുന്നത്. വിവിധ പദ്ധതികളുടെ പേരിൽ ബജറ്റിൽ വകയിരുത്തുന്ന പണം പദ്ധതികൾ നടപ്പാവാത്തതു കാരണം ട്രഷറി ബാലൻസ്​ ആയി പരിഗണിക്കപ്പെടുകയും അതുകാരണം സംസ്ഥാനത്തി​െൻറ വായ്പയെടുക്കാനുള്ള പരിധി ഓരോ വർഷവും കേന്ദ്രസർക്കാർ വെട്ടിക്കുറക്കുകയുമാണ്. സംസ്ഥാനത്തി​െൻറ റവന്യൂ കമ്മി ഒാരോ വർഷം കഴിയുന്തോറും ഭയാനകമാം വിധമാണ് വർധിക്കുന്നത്.

വാങ്ങിയ വായ്പയുടെ പലിശ തിരിച്ചടക്കാനായി പുതിയ വായ്പയെടുത്ത് കൊണ്ടിരിക്കുന്ന സർക്കാറിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയാണ് ഒരു പ്രളയം കടന്നു പോയതെങ്കിൽ വീണ്ടും എത്തിയ പ്രളയം സംസ്ഥാനത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക​ു നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഈ സാമ്പത്തികപ്രതിസന്ധികൾ തുടരുമ്പോഴും ഭരണതലത്തിലെ ധൂർത്തിന് ഒരു കുറവും ഇല്ല എന്നതാണ് വസ്​തുത. മുന്നണി സമവാക്യങ്ങൾ തുലനം ചെയ്യാനായി മന്ത്രി പദവികൾക്ക് തുല്യമായി കാറും പരിവാരങ്ങളും വീടും നൽകി ചീഫ്–വിപ്പ്, ഭരണപരിഷ്​കാര കമീഷൻ തുടങ്ങി ഡസൻ കണക്കിന് ബോർഡുകളും, കോർപറേഷനുകളും ഉണ്ടാക്കി വേണ്ടപ്പെട്ടവരെ അവിടെ കുടിയിരുത്തുന്നു. 22 കോടി ജനങ്ങളുള്ള ഉത്തർപ്രദേശിൽ ഒമ്പത്​ പി.എസ്.സിഅംഗങ്ങൾ മാത്രമാണുള്ളത്. 10 കോടി ജനങ്ങളുള്ള ബിഹാറിൽ അഞ്ചും, ഏഴു കോടി ജനങ്ങളുള്ള മധ്യപ്രദേശിലും രാജസ്​ഥാനിലും ഏഴു വീതവും അംഗങ്ങളേയുള്ളൂ. മൂന്നു കോടി മാത്രം ജനങ്ങളുള്ള കേരളത്തിൽ പി.എസ്.സി അംഗങ്ങളുടെ എണ്ണം 21 ! അതും മാസം രണ്ട് ലക്ഷത്തോളം രൂപ ശമ്പളത്തിൽ. ഇന്ത്യ മുഴുവൻ അധികാരപരിധിയുള്ള കേന്ദ്ര മന്ത്രിക്ക് 16 പേഴ്സനൽ സ്​റ്റാഫ് മാത്രമുള്ളപ്പോൾ കേരളത്തിലെ ഓരോ മന്ത്രിക്കും പേഴ്സനൽ സ്​റ്റാഫ് 25. വിവാദ വിഷയങ്ങളിൽ പ്രതിപക്ഷത്തി​െൻറ വായടപ്പിക്കാൻ കോടികൾ മുടക്കി ജുഡീഷ്യൽ അന്വേഷണകമീഷനുകൾ...അങ്ങനെ പോകുന്നു ഭരണകൂട ധൂർത്ത്.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബോധ്യമായതിനാലാണ് കഴിഞ്ഞ ശമ്പള കമീഷൻ റിപ്പോർട്ടിൽ ശമ്പള പരിഷ്​കരണം കേന്ദ്ര സർക്കാറിലേതു പോലെ 10 വർഷത്തിൽ ഒരിക്കൽ മതിയെന്ന് ശിപാർശ ചെയ്തത്. കഴിഞ്ഞ 10 വർഷം മുമ്പ് കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശരാശരി മാസശമ്പളം 12,546 രൂപയായിരു​െന്നങ്കിൽ ഇന്ന് അത് 53,663 രൂപയിലേക്ക്​ ഉയർന്നു. അതേസമയം, പെൻഷൻ 7801 രൂപയിൽനിന്നും 41,800 രൂപയിലേക്കാണ് കുതിച്ചുയർന്നത്. മാത്രമല്ല, മലയാളികളുടെ ആയുർദൈർഘ്യം ഉയർന്നതുകാരണം ഒരു തസ്​തികയിൽ ഒരു സമയം ഒരാൾക്ക് മാത്രമേ ശമ്പളം നൽകേണ്ടതുള്ളൂ. എന്നാൽ, അതേ തസ്​തികയിൽനിന്ന് വിരമിക്കുന്ന എട്ടോളം പേർക്ക്​ ഒരേ സമയം പെൻഷൻ നൽകേണ്ടി വരുന്നുണ്ട്​.

2016–17 ൽ 85,000 കോടി രൂപയാണ് പ്രവാസലോകത്തുനിന്ന് കേരളത്തിലേക്ക് വന്നതെങ്കിൽ കഴിഞ്ഞ വർഷം അത് 61,000 കോടിയിലേക്ക് കുറഞ്ഞിരിക്കുകയാണ്. ഗൾഫ് മേഖയിലെ വ്യാപകമായ തദ്ദേശ വത്​കരണ പ്രക്രിയ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയാണ്. സർക്കാറി​െൻറ ഔദ്യോഗിക കണക്കനുസരിച്ച് 16,25,653 മലയാളികളാണ് ഗൾഫ് മേഖലയിൽ മാത്രം തൊഴിലെടുക്കുന്നത്. ഗൾഫ് മലയാളികളുടെ പണത്തി​െൻറ ഒഴുക്ക് കുറയുന്നതോടൊപ്പംതന്നെ കേരളത്തി​െൻറ മാർക്കറ്റുകളിൽ കറങ്ങേണ്ടിയിരുന്ന 32,000 കോടി രൂപയാണ് കഴിഞ്ഞ വർഷം ഇതരസംസ്ഥാന തൊഴിലാളികൾ ബാങ്കുകൾ വഴി മാത്രം സംസ്ഥാനത്തിന് പുറത്തേക്ക് അയച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഒരിക്കലും കേരളത്തിലെ ഉപഭോക്താക്കളാവാൻ കഴിയില്ല.

നാമമാത്ര ജീവിത സാഹചര്യത്തിൽ ജീവിക്കുന്ന അവർ വളരെ കുറച്ച് ഭക്ഷണവും വളരെ കുറച്ച് ഉപഭോഗവും മാത്രമേ കേരളത്തിൽ നടത്തുന്നുള്ളൂ. കേരളത്തിലെ മാർക്കറ്റിൽ എത്തേണ്ട പണം ഒരു ഭാഗത്ത് നിഷ്ക്രിയമാക്കപ്പെടുമ്പോൾ മറുവശത്ത് മാർക്കറ്റിലേക്ക് എത്തിക്കൊണ്ടിരുന്ന പണം സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകാൻ ആരംഭിച്ചതോടെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ഏതൊരു സാമ്പത്തിക പ്രതിസന്ധിയും ആദ്യം ബാധിക്കുന്നത് വ്യാപാരമേഖലയെയാണ്. അതി​െൻറ സൂചനകൾ നൽകി കേരളത്തിൽ ശക്തമായ വ്യാപാരമാന്ദ്യം ആരംഭിച്ചുകഴിഞ്ഞു.
കേരളത്തി​െൻറ ഇന്നത്തെ പോക്ക് അപകടകരമായ അവസ്ഥയിലേക്കാണ്. നൂതനമായ ആശയങ്ങളിലൂടെയും ധീരമായ നിലപാടുകളിലൂടെയും ശക്തമായ തീരുമാനങ്ങളിലൂടെയുമുള്ള സാമ്പത്തിക പരിഷ്​കരണത്തിലൂടെയും മാത്രമേ ഇനി കേരളത്തെ രക്ഷിക്കാൻ കഴിയൂ.
(കോഓഡിനേറ്റർ, ദി പീപിൾ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala stateMalayalam ArticleFinancial Stage
News Summary - Financial Stage in Kerala State -Malayalam Article
Next Story