Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലോകത്തെ...

ലോകത്തെ പുനര്‍നിര്‍വചിച്ചു

text_fields
bookmark_border
ലോകത്തെ പുനര്‍നിര്‍വചിച്ചു
cancel
camera_alt????????????????: ?? ???????? ?????? ????????????

ഫിദല്‍ കാസ്ട്രോ നമ്മെ വിട്ടുപിരിഞ്ഞുവെങ്കിലും അദ്ദേഹത്തിന്‍െറ വിപ്ളവ  സ്മരണകള്‍ക്ക് മരണമില്ല. കേവലം  ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ ക്യൂബന്‍ വിപ്ളവത്തിന്‍െറയോ മാത്രം നേതാവല്ല കാസ്ട്രോ. മറിച്ച്,  ലോകത്തിന്‍െറ എല്ലാ ഭാഗങ്ങളിലുമുള്ള വിപ്ളവ  പ്രസ്ഥാനങ്ങളുടെ  പ്രചോദനമാണ് അദ്ദേഹം.  മൂന്നാം ലോക രാജ്യങ്ങളുടെ വിപ്ളവ പ്രതീകമാണ് കാസ്ട്രോ.

ചേരിചേരാ പ്രസ്ഥാനത്തിന് നേതൃപരമായ പങ്ക് നിര്‍വഹിച്ച നേതാവ്,   20ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്‍െറയും വിപ്ളവത്തിന്‍െറയും പ്രതീകം   എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് പറയാന്‍.  1959ല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബയില്‍ വിപ്ളവ വസന്തം വിരിഞ്ഞു.  അങ്ങനെ ക്യൂബ എന്ന കൊച്ചു രാജ്യം സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടത്തിന്‍െറ പ്രതീകമായി മാറി.   കാസ്ട്രോയും ചെഗുവേരയും നയിച്ച ഗറില പോരാട്ട പരമ്പരകള്‍ക്കൊടുവില്‍ ബാറ്റിസ്റ്റ ഭരണകൂടം തോറ്റു പിന്‍വാങ്ങേണ്ടി വന്നത് ലോകചരിത്രത്തെ പുളകംകൊള്ളിക്കുന്ന അധ്യായമാണ്.

അമേരിക്കയുടെ തീരത്തുനിന്ന് 90 മൈല്‍ മാത്രമാണ് ക്യൂബയെന്ന രാജ്യത്തേക്കുള്ള ദൂരം. സാമ്രാജ്യത്വത്തിന്‍െറ മൂക്കിനു താഴെ സോഷ്യലിസ്റ്റ് ആശയത്തില്‍ നെഞ്ചുവിരിച്ചുനിന്ന കാസ്ട്രോയും ക്യൂബന്‍ ജനതയും സാമ്രാജ്യത്വത്തിന് നല്‍കിയ തലവേദന ചില്ലറയല്ല. സ്വാഭാവികമായും കാസ്ട്രോയും ക്യൂബന്‍ ജനതയും അവരുടെ രോഷത്തിന് പാത്രമായതില്‍ അദ്ഭുതമില്ല.  സോഷ്യലിസ്റ്റ് ക്യൂബയെ  തുടച്ചുമാറ്റാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്തു.  മാറിമാറി വന്ന അമേരിക്കന്‍ ഭരണകൂടങ്ങളെല്ലാം ഫിദല്‍ കാസ്ട്രോയെ വകവരുത്താന്‍ ആവര്‍ത്തിച്ച് ശ്രമിച്ചു. 600ലേറെ തവണയാണ് അമേരിക്കന്‍ ചാരന്മാരും അവരുടെ പിണിയാളുകളും കാസ്ട്രോയെ ഇല്ലാതാക്കാന്‍ വിവിധങ്ങളായ ശ്രമങ്ങള്‍ നടത്തിയത്.  സി.ഐ.എ വെളിപ്പെടുത്തിയ രേഖകള്‍തന്നെയാണ് അതിന് തെളിവ്.

സാമ്രാജ്യത്വത്തിന്‍െറ ഇത്രയുംവലിയ വെല്ലുവിളി പോലും സുധീരം നേരിടാനും അതിജീവിക്കാനും കാസ്ട്രോക്കും അദ്ദേഹത്തിന്‍െറ പ്രസ്ഥാനത്തിനും സാധിച്ചു.  അതിന് അദ്ദേഹത്തെയും പാര്‍ട്ടിയെയും സജ്ജമാക്കിയത് ക്യൂബയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാധിച്ചെടുത്ത പരിവര്‍ത്തനമാണ്. വിപ്ളവത്തിനു മുമ്പുള്ള ക്യൂബയുടെ കഥ അടിമത്തത്തിന്‍െറയും  മേല്‍ക്കോയ്മ ഭരണത്തിന്‍െറയുമാണ്.

വിപ്ളവാനന്തര ക്യൂബയില്‍  കാസ്ട്രോയുടെ നേതൃത്വത്തില്‍ നേട്ടങ്ങളുടെ പുതിയൊരു സമൂഹമായി അവര്‍ വളര്‍ന്നു. ഏകാധിപത്യത്തിന്‍െറ ഇരുട്ടില്‍നിന്ന് സ്വാതന്ത്ര്യത്തിന്‍െറയും സമത്വത്തിന്‍െറയും വെള്ളിവെളിച്ചത്തിലേക്ക് അദ്ദേഹം ക്യൂബയെ നയിച്ചു.  രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷാ സൗകര്യവും ലഭ്യമാക്കി. വംശീയ സമത്വവും സ്ത്രീസ്വാതന്ത്ര്യവും എടുത്തുപറയേണ്ട നേട്ടങ്ങളാണ്. അതുകൊണ്ടാണ്  സാമ്രാജ്യത്വം ഉയര്‍ത്തിയ എല്ലാ ഭീഷണികള്‍ക്ക് നടുവിലും ക്യൂബന്‍ ജനത കാസ്ട്രോയുടെ കൈപിടിച്ച്  ചുവപ്പിന്‍െറ വഴിയില്‍ ഉറച്ചുനിന്നത്.  അമേരിക്ക സാമ്പത്തിക ഉപരോധത്തില്‍ ശ്വാസംമുട്ടിച്ചപ്പോഴും കൂടെ നിന്ന സ്വന്തം ജനത നല്‍കിയ കരുത്തായിരുന്നു കാസ്ട്രോയെ മുന്നോട്ടുനയിച്ചത്.

ബാറ്റിസ്റ്റ ഏകാധിപത്യ വാഴ്ചയില്‍നിന്ന് ക്യൂബന്‍ ജനതയെ മോചിപ്പിച്ചത് ഫിദല്‍ കാസ്ട്രോയുടെ ചങ്കുറപ്പാണ്. കാസ്ട്രോയും സഖാക്കളും  ചേര്‍ന്ന് നടത്തിയ മൊന്‍കാഡ മിലിട്ടറി ബാരക് ആക്രമണം,  കൊടിയ പീഡനങ്ങള്‍ക്കിരയായി ദീര്‍ഘകാലത്തെ ജയില്‍വാസം,   മെക്സികോയിലേക്ക് കളം മാറി  ഏണസ്റ്റോ ചെഗുവേരയുമായി ചേര്‍ന്ന്  നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങള്‍  എന്നിങ്ങനെ  പോരാട്ടങ്ങളുടെ പരമ്പരയാണ്  കാസ്ട്രോയുടെ ജീവിതം. അധികാരത്തിലേറിയ ശേഷവും അദ്ദേഹത്തിലെ പോരാളി അടങ്ങിയില്ല.

അംഗോളയിലും മൊസാംബീകിലും ദക്ഷിണാഫ്രിക്കയിലും കൊളോണിയലിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് ക്യൂബന്‍ സൈന്യത്തെ അയക്കാനുള്ള ധീരത കാണിക്കാന്‍ കാസ്ട്രോയെ പോലുള്ള  നിശ്ചയദാര്‍ഢ്യമുള്ള നേതാവിനു മാത്രമേ സാധിക്കൂ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇന്ന് ഇടതു വിപ്ളവ പ്രസ്ഥാനങ്ങള്‍ നേടിയ മുന്നേറ്റങ്ങളുടെ ചാലകശക്തിയും  മറ്റാരുമല്ല, കാസ്ട്രോയാണ്.  

മാര്‍ക്സിസം തത്ത്വത്തിലും പ്രവൃത്തിയിലും  ക്രിയാത്മകമായി നടപ്പാക്കി കാണിച്ചുതന്ന നേതാവ് എന്നതാണ് ഫിദല്‍ കാസ്ട്രോയെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. അദ്ദേഹം വിടവാങ്ങുമ്പോള്‍ വിപ്ളവപാതയിലെ ജ്വലിക്കുന്ന കാലഘട്ടത്തിന് തിരശ്ശീല വീഴുകയാണ്. പോരാട്ടത്തിന്‍െറ വഴിയില്‍ സഖാക്കള്‍ക്ക് ഊര്‍ജം പകര്‍ന്നുനല്‍കിയ  ചുവന്ന താരകമാണ്  കാസ്ട്രോ. അത് ഒരിക്കലും അണയില്ല. 

കാസ്ട്രോയുടെ ജീവിതവും സന്ദേശവും ലോകത്തെമ്പാടുമുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്  പ്രചോദനമാകുമെന്നതില്‍ സംശയമില്ല.  കാസ്ട്രോയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും  കാസ്ട്രോ കുടുംബത്തിന്‍െറയും ദു$ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനില്‍പിന്‍െറ തിളക്കമാര്‍ന്ന മാതൃകകളിലൊന്നായി ഫിദല്‍ കാസ്ട്രോയെ ലോകം എന്നും ഹൃദയത്തില്‍ സൂക്ഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cubafidal castro
News Summary - fidal kastro
Next Story