Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഫിദല്‍:...

ഫിദല്‍: ജനക്ഷേമത്തിന്‍െറ സ്വേച്ഛാധിപത്യം

text_fields
bookmark_border
ഫിദല്‍: ജനക്ഷേമത്തിന്‍െറ സ്വേച്ഛാധിപത്യം
cancel

ഫിദല്‍ കാസ്ട്രോയുടെ മരണത്തോടെ ലോകകമ്യൂണിസത്തിലെ അല്‍പമെങ്കിലും വിശ്വാസ്യത അവശേഷിച്ചിരുന്ന ഒരേ ഒരു നേതാവിന്‍െറ തിരോധാനംകൂടിയാണ് സംഭവിച്ചിരിക്കുന്നത്. ചൈനയിലും വിയറ്റ്നാമിലും ഇപ്പോള്‍ കമ്യൂണിസമാണുള്ളത് എന്നാരും പറയില്ല. ഒന്നുരണ്ടു തവണ ചൈനയിലും പലതവണ വിയറ്റ്നാമിലും ഞാന്‍ പോയിട്ടുണ്ട്. സമ്പൂര്‍ണ മുതലാളിത്ത വിപണിവ്യവസ്ഥയാണ് അവിടെയൊക്കെ നിലനില്‍ക്കുന്നതെന്ന് നേരില്‍ കണ്ടിട്ടുണ്ട്.  കമ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ ഏകകക്ഷിഭരണമാണ് നടക്കുന്നത് എന്നതൊഴിച്ചാല്‍ അവ പൂര്‍ണമായും മുതലാളിത്ത സമ്പ്രദായത്തില്‍ നയിക്കപ്പെടുന്ന സമ്പദ്വ്യവസ്ഥകള്‍ തന്നെയാണ്.

ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് നേതാവിന്‍െറ മുഖം സി.പി.എമ്മുകാര്‍ക്കുപോലും അകല്‍ച്ചയുണ്ടാക്കുന്നു. തങ്ങളുടെ നേതാക്കന്മാരുമായി അത് ചേര്‍ത്തുവെക്കുന്നതുപോലും അവര്‍ സഹിക്കുന്നില്ല. ക്യൂബ വ്യത്യസ്തമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകകക്ഷിഭരണത്തില്‍ മറ്റു പല രാജ്യങ്ങളും വിപണിവ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ സോഷ്യലിസ്റ്റ് പാരമ്പര്യത്തിലെ ചില പ്രധാന നൈതികതകള്‍ കൈവിടാതിരിക്കാന്‍ ക്യൂബ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

സോവിയറ്റ് യൂനിയന്‍െറ ഒരു ആശ്രിതരാജ്യമായിരുന്നു ശീതയുദ്ധകാലത്ത് ക്യൂബ. യാദൃച്ഛികമായാണ് ആ രാജ്യം കമ്യൂണിസ്റ്റായി മാറിയത്. അവിടത്തെ തൊഴിലാളിവര്‍ഗം വിപ്ളവം നടത്തിയിട്ടോ കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടോ അല്ല. ഒരു സുപ്രഭാതത്തില്‍ ക്യൂബന്‍ ഭരണത്തലവന്‍ രാജ്യത്ത് മുമ്പ് താന്‍ അധികാരത്തിലത്തൊന്‍ കാരണമായ ഗറില യുദ്ധം ഒരു കമ്യൂണിസ്റ്റ് വിപ്ളവമായിരുന്നു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതിനുള്ള പ്രധാന കാരണം അമേരിക്ക കാട്ടിയ അകല്‍ച്ചയും സോവിയറ്റ് യൂനിയനുമായി ഉണ്ടാക്കിയ കരാറുകളും അതിലേക്കു നയിച്ച അദ്ദേഹത്തിന്‍െറ രാജ്യതന്ത്രജ്ഞതയും ആയിരുന്നു. മാര്‍ക്സിസം-ലെനിനിസത്തോട് ചില അടുപ്പങ്ങള്‍ അദ്ദേഹത്തിനും സുഹൃത്തും സഹവിപ്ളവകാരിയുമായിരുന്ന ചെഗുവേരക്കും ഉണ്ടായിരുന്നുവെന്നതും ഇതിന്‍െറ കാരണമാണ്.

1959ലെ കലാപം വിജയിച്ചത് ഒരുതരത്തില്‍ നോക്കിയാല്‍ അമേരിക്കയുടെ ചെറിയ നിലപാടുമാറ്റം കൊണ്ടുകൂടിയാണ്. ക്യൂബന്‍ ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയെ പൂര്‍ണമായും പിന്തുണക്കാന്‍ അവസാനകാലത്ത് അമേരിക്ക തയാറായിരുന്നില്ല. അമേരിക്കയിലെ പൊതുജനാഭിപ്രായം ബാറ്റിസ്റ്റക്കെതിരായിരുന്നു. രാഷ്ട്രീയ നേതൃത്വമാകട്ടെ, ബാറ്റിസ്റ്റയെ ഒഴിവാക്കാന്‍ ആഗ്രഹിച്ചെങ്കിലും കാസ്ട്രോയുടെ ഗറിലാസംഘം അധികാരത്തിലത്തെുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.

ബാറ്റിസ്റ്റക്കെതിരെ ആദ്യം കലാപം നടത്തി കാസ്ട്രോയും കൂട്ടരും പരാജയപ്പെട്ടിരുന്നു. അവരെ അദ്ദേഹം തുറുങ്കിലടക്കുകയും ചെയ്തു. എന്നാല്‍, എന്തുകൊണ്ടോ ആ യുവാക്കളെ കൊന്നുകളയാന്‍ തയാറായില്ല. പകരം കുറച്ചുനാള്‍ കഴിഞ്ഞ് അവരെ മോചിപ്പിക്കുകയാണ് ഉണ്ടായത്. എന്നാല്‍, അധികം താമസിയാതെ അവര്‍ അദ്ദേഹത്തെ ഗറില പോരാട്ടത്തിലൂടെ പുറത്താക്കി. കാസ്ട്രോയെയും സംഘത്തെയും തുറന്നുവിട്ടുവെന്നത് ശരിയാണെങ്കിലും കടുത്ത ഏകാധിപത്യ ഭരണമായിരുന്നു ബാറ്റിസ്റ്റയുടേത്. 

കലാപം നടത്തിയ കാസ്ട്രോയും കൂട്ടരും കമ്യൂണിസ്റ്റുകാര്‍ ആയിരുന്നില്ല. അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധ സംഘടനയായ ഓര്‍ത്തഡോക്സ് പാര്‍ട്ടിക്കാര്‍ ആയിരുന്നു. കമ്യൂണിസ്റ്റ് ആയിരുന്നില്ളെങ്കിലും സോഷ്യലിസ്റ്റ് സ്വഭാവമുള്ള ഭരണകൂടത്തിനായാണ് കാസ്ട്രോയും അദ്ദേഹത്തിന്‍െറ വിപ്ളവഗ്രൂപ്പും പരിശ്രമിച്ചിരുന്നത്. ക്യൂബയിലെ അമേരിക്കന്‍ മൂലധന താല്‍പര്യങ്ങള്‍മൂലം കാസ്ട്രോയുടെ സോഷ്യലിസ്റ്റ് സമീപനം അമേരിക്കക്ക് ഉത്കണ്ഠയുണ്ടാക്കുന്നതായിരുന്നു.

ഒരുവശത്ത് ബാറ്റിസ്റ്റക്കെതിരെ കലാപകാരികളെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് അവര്‍ കമ്യൂണിസ്റ്റുകളാണോ എന്ന സംശയം വെച്ചുപുലര്‍ത്തുകയും ചെയ്തു, സി.ഐ.എയും അമേരിക്കന്‍ രാഷ്ട്രീയനേതൃത്വവും. അമേരിക്കന്‍ അംബാസഡര്‍ അക്കാലത്തയച്ച ഒരു കത്തില്‍ ഒന്നുകില്‍ കാസ്ട്രോ കമ്യൂണിസ്റ്റുകാരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അല്ളെങ്കില്‍ അവരുടെ നിയന്ത്രണത്തിലാവാം അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, അതാരും പൂര്‍ണമായും വിശ്വസിച്ചില്ല. ചെഗുവേരപോലും കാസ്ട്രോയെക്കുറിച്ച് 1957ല്‍ ഒരു കത്തില്‍ എഴുതിയത് അയാള്‍ തന്നെപ്പോലെ കമ്യൂണിസ്റ്റല്ല, ഒരു ഇടതുപക്ഷ ബൂര്‍ഷ്വാസി മാത്രമാണ് എന്നായിരുന്നു.

കമ്യൂണിസ്റ്റ് അല്ളെങ്കില്‍പോലും വ്യക്തിപരമായി കടുത്ത ഏകാധിപത്യ പ്രവണതകളും തികഞ്ഞ അധികാരഭ്രാന്തുമുള്ള ആളാണ് കാസ്ട്രോ എന്നതായിരുന്നു അദ്ദേഹത്തിന്‍െറ അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അമേരിക്കന്‍ രാഷ്ട്രീയനേതൃത്വം എത്തിച്ചേര്‍ന്ന നിഗമനം. പ്രത്യയശാസ്ത്രപരമായി ദൃഢതയില്ളെങ്കിലും കാസ്ട്രോ സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പാക്കാനിടയുണ്ടെന്നത് അമേരിക്കയെ വ്യാകുലപ്പെടുത്തി. ക്യൂബയിലെ കരിമ്പുപാടങ്ങളിലും സേവനമേഖലകളിലും ഉണ്ടായിരുന്ന അമേരിക്കയുടെ മൂലധന താല്‍പര്യങ്ങള്‍ വലുതായിരുന്നു. സോഷ്യലിസ്റ്റ് സ്വഭാവമുള്ള ഒരു സര്‍ക്കാര്‍ അവയൊക്കെ ദേശസാത്കരിക്കുന്നത് അവര്‍ സഹിക്കുമായിരുന്നില്ല. 

കലാപത്തിന്‍െറ വിജയത്തിനുശേഷം മാനുവല്‍ ഉറോത്തിയ പ്രസിഡന്‍റും ജോസ് മിറോ കാര്‍ഡാണോ പ്രധാനമന്ത്രിയും കാസ്ട്രോ സൈനികമേധാവിയുമായുള്ള ഒരു സര്‍ക്കാറാണ് ക്യൂബയില്‍ രൂപംകൊണ്ടത്. ഉറോത്തിയയുടെ കമ്യൂണിസ്റ്റ് വിരുദ്ധത പ്രസിദ്ധമായിരുന്നു. ഈ സര്‍ക്കാറിനെ അമേരിക്ക ഉടന്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, എന്തൊക്കെയോ ഉപജാപങ്ങള്‍ക്കൊടുവില്‍ മിറോ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവെച്ചു. കാസ്ട്രോ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. കാസ്ട്രോയോടും കൂട്ടരോടും ബാറ്റിസ്റ്റ കാട്ടിയ ആനുകൂല്യം കാസ്ട്രോ ബാറ്റിസ്റ്റ സര്‍ക്കാറിലെ ആരോടും കാണിച്ചില്ല. നൂറുകണക്കിനു പേരെയാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പുതിയ ഭരണകൂടം വെടിവെച്ചുകൊന്നത്.  

എന്നാല്‍, വിപ്ളവം കഴിഞ്ഞ് അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ ഫിദല്‍ കാസ്ട്രോയെ അമേരിക്കന്‍ നേതൃത്വം ഏതാണ്ട് പൂര്‍ണമായും അവഗണിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ്   ഐസന്‍ ഹോവര്‍ അദ്ദേഹത്തെ കാണാന്‍പോലും കൂട്ടാക്കിയില്ല. 11 ദിവസം അമേരിക്കയിലുണ്ടായിരുന്നു കാസ്ട്രോ. പിന്നീട് അമേരിക്ക കാസ്ട്രോയെ അധികാരത്തില്‍നിന്ന് തുരത്താന്‍ റെബല്‍ ഗ്രൂപ്പുകള്‍ക്ക്് ആയുധങ്ങള്‍ നല്‍കി. ആദ്യത്തെ ആക്രമണമടക്കം കാസ്ട്രോയെ ഇല്ലാതാക്കാനുള്ള അമേരിക്കന്‍ പരിശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. മാത്രമല്ല, അദ്ദേഹം സോവിയറ്റ് യൂനിയനോട് കൂടുതല്‍ അടുക്കുകയും ക്യൂബയെ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമായി പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പും ജനാധിപത്യപ്രക്രിയകളും അവസാനിപ്പിക്കുകയും മറ്റു രാഷ്ട്രീയപാര്‍ട്ടികളെയും സ്വതന്ത്ര മാധ്യമങ്ങളെയും നിരോധിക്കുകയും  ചെയ്തു. 

ഒരുവശത്ത് സ്വന്തം സ്വേച്ഛാധിപത്യത്തിലേക്ക് ക്യൂബയെ നീക്കിയ കാസ്ട്രോ മറുവശത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ ആഗോള ഇടപെടലുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തെ തെല്ലും വകവെക്കാതെ ആഭ്യന്തരനയങ്ങളില്‍ സോഷ്യലിസ്റ്റ് നൈതികതയുടെ മാനങ്ങള്‍ കൊണ്ടുവന്നു. പൊതുജനാരോഗ്യ സംവിധാനവും അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളും വികസിപ്പിച്ചു. പൂര്‍ണമായും സോവിയറ്റ് കാരുണ്യത്തിലായിരുന്നു ക്യൂബ നിലനിന്നിരുന്നതെങ്കിലും ആ സാമ്പത്തികാശ്രിതത്വവും ദശാബ്ദങ്ങള്‍ നീണ്ട തന്‍െറ സ്വേച്ഛാധിപത്യവും ജനകീയമായ നിരവധി ക്ഷേമ-സാമൂഹിക നയങ്ങള്‍ നടപ്പാക്കുന്നതിനും അദ്ദേഹം ഉപയോഗിച്ചു.

അമേരിക്ക കൈയൊഴിഞ്ഞപ്പോള്‍ സോവിയറ്റ് യൂനിയനുമായി ചേര്‍ന്നുനില്‍ക്കാന്‍ ആദ്യകാലത്ത് കാണിച്ച രാജ്യതന്ത്രജ്ഞത സോവിയറ്റ് യൂനിയന്‍ തകര്‍ന്നപ്പോഴും അദ്ദേഹം കാണിച്ചു. സോവിയറ്റ് യൂനിയന്‍െറ സഹായമില്ലാതായത് ക്യൂബന്‍ സമ്പദ്വ്യവസ്ഥയെ അക്ഷരാര്‍ഥത്തില്‍ അനാഥമാക്കി. ഉടന്‍തന്നെ അമേരിക്കന്‍ സാമ്പത്തിക ഉപരോധം നീക്കിക്കിട്ടുന്നതിന് ക്യൂബയില്‍ സ്വതന്ത്ര മുതലാളിത്ത വിപണി സ്വീകരിക്കാന്‍ അദ്ദേഹം തയാറായി. അമേരിക്കന്‍ ഡോളറിന് അംഗീകാരം തിരിച്ചുനല്‍കി. ക്യൂബയിലേക്കുള്ള അമേരിക്കന്‍ ടൂറിസം പ്രോത്സാഹിപ്പിച്ചു. 1996ല്‍ അമേരിക്ക നേരിട്ട് സന്ദര്‍ശിച്ച് അവിടെ കുടിയേറിയ ക്യൂബന്‍ വിമതരോട് തിരിച്ചുവരാനും ക്യൂബയില്‍ മൂലധനനിക്ഷേപം നടത്താനും അഭ്യര്‍ഥിച്ചു. 

സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ചയെ തുടര്‍ന്ന് കിഴക്കന്‍ യൂറോപ്പിലും സോവിയറ്റ് പാവസര്‍ക്കാറുകള്‍ നിലനിന്നിരുന്ന മറ്റു രാജ്യങ്ങളിലും ഉണ്ടായതുപോലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ കലാപം ക്യൂബയില്‍ ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. ഇതിനുള്ള കാരണം  റുമേനിയയിലെ ചെഷസ്ക്യൂവിനെ ഒക്കെപ്പോലെ ജനങ്ങള്‍ പാടേ വെറുത്ത ഒരു കമ്യൂണിസ്റ്റായിരുന്നില്ല കാസ്ട്രോ എന്നതാണ്. അടിച്ചമര്‍ത്തലുകളും സ്വാതന്ത്ര്യനിഷേധവും മാധ്യമ സെന്‍സര്‍ഷിപ്പുമൊക്കെ ഉണ്ടായിരുന്നെങ്കിലും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ കാണിച്ച പ്രതിബദ്ധത മതിപ്പുളവാക്കുന്നതായിരുന്നു.

ക്യൂബ ഇനി കൂടുതല്‍ അമേരിക്കയുമായി അടുക്കുകയും സാമ്രാജ്യത്വദാസ്യത്തിലേക്ക് നീങ്ങുകയും ചെയ്തേക്കാം. അറുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ നയങ്ങള്‍ക്കെതിരെ സോവിയറ്റ് ചേരിയില്‍ നിന്നുകൊണ്ട് കാസ്ട്രോ നടത്തിയ അതിജീവനസമരങ്ങള്‍ വിസ്മൃതിയിലേക്ക് പോയേക്കാം. ലിബറല്‍ ജനാധിപത്യത്തിലേക്ക്, ബഹുകക്ഷി തെരഞ്ഞെടുപ്പിലേക്ക് ക്യൂബ നീങ്ങുകയും ചെയ്യാനിടയുണ്ട്. എന്നാല്‍, ചരിത്രം തൂത്തെറിഞ്ഞ ഇരുപതാം നൂറ്റാണ്ടിലെ കമ്യൂണിസത്തിന്‍െറ പരമമായ സാധ്യതയുടെയും നിശിതമായ പരിമിതിയുടെയും അളവുകോലായി കാസ്ട്രോയുടെ ഓര്‍മകള്‍ ഏറെക്കാലം നിലനില്‍ക്കും.

 

Show Full Article
TAGS:fidel castro 
News Summary - fidal castro
Next Story