റഷ്യന്‍ വ്യോമാക്രമണങ്ങളുടെയും ഹിസ്ബുല്ല ഒളിപ്പോര്‍ സംഘത്തിന്‍െറയും ഇറാന്‍ പടയാളികളുടെയും പിന്തുണയോടെ അലപ്പോ നഗരത്തിന്‍െറ നിയന്ത്രണം സിറിയന്‍ ഗവണ്‍മെന്‍റ് സേന പിടിച്ചെടുത്തിരിക്കുന്നു. വടക്കന്‍ സിറിയയിലെ തന്ത്രപ്രധാന നഗരമാണ് അലപ്പോ. ‘യുദ്ധത്തിന്‍െറ ഗതി മൊത്തം നിര്‍ണയിക്കുന്നതില്‍ അലപ്പോയിലെ മുന്നേറ്റം വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്ന സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ പ്രവചനാത്മകമായ പ്രസ്താവനയുടെ സാംഗത്യത്തെ ബലപ്പെടുത്തുന്ന വിജയമാണ് ഒൗദ്യോഗിക സേനയുടേത്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് അലപ്പോയുടെ നിയന്ത്രണം ഉത്തേജകമാകുമെന്നും ബശ്ശാര്‍ പ്രഖ്യാപിച്ചിരുന്നു. അലപ്പോയിലെ സൈനിക വിജയത്തിന്‍െറ വിവക്ഷകളുടെ പ്രാധാന്യം ബോധ്യമാകണമെങ്കില്‍ മേഖലയുടെ ഭൂപടം ഒരുതവണയെങ്കിലും പരിശോധിക്കണം. അയല്‍രാജ്യമായ തുര്‍ക്കി അതിര്‍ത്തിയിലേക്കുള്ളതടക്കം പ്രധാന പാതകള്‍ അലപ്പോയിലിരുന്ന് നിയന്ത്രണവിധേയമാക്കാം. സിറിയയുടെ കിഴക്കുഭാഗത്തെ ഐ.എസ് ശക്തികേന്ദ്രങ്ങളും അലപ്പോയുടെ നിരീക്ഷണനേത്രങ്ങള്‍ക്ക് കീഴിലാണ്. അതുകൊണ്ടാണ് അലപ്പോക്ക് വേണ്ടിയുള്ള യുദ്ധോദ്യമങ്ങള്‍ ഭൗമസമരതന്ത്രപരമായി നിര്‍ണായക പ്രാധാന്യം കൈവരിച്ചത്.
ചെറുത്തുനില്‍പ് ശക്തികളുടെ അഥവാ, വിമത ഗ്രൂപ്പുകളുടെ സാന്നിധ്യം രാജ്യത്തിന്‍െറ ചെറിയ പോക്കറ്റുകളില്‍ പരിമിതീകരിക്കുമെന്നതാണ് അലപ്പോയുടെ പതനത്തിന്‍െറ സുപ്രധാന പ്രത്യാഘാതം. സമീപവാരങ്ങളില്‍ ചെറുത്തുനില്‍പ് വിഭാഗങ്ങള്‍ അലപ്പോയില്‍ പിളര്‍ന്ന് ശക്തിക്ഷയിക്കുകയുണ്ടായി. അലപ്പോയില്‍ ബശ്ശാര്‍ സേന വിജയലക്ഷ്യത്തോട് സമീപിച്ച ഘട്ടത്തില്‍ ലവന്ത് കോണ്‍ക്വസ്റ്റ് ഫ്രണ്ട് മാത്രമാണ് ഫലപ്രദമായ ചെറുത്തുനില്‍പ്പുമായി അങ്കത്തട്ടില്‍ കാണപ്പെട്ടത്. സിറിയയുടെ എല്ലാ ഭാഗങ്ങളിലും വിമതഗ്രൂപ്പുകള്‍ ശക്തിക്ഷയിച്ച് ദുര്‍ബലഗണങ്ങളായി ഒടുങ്ങുകയാണെന്ന സൂചനകളാണ് ലഭ്യമാകുന്നത്.
അവശേഷിക്കുന്ന വിഘ്നങ്ങള്‍ അനായാസം തൂത്തുമാറ്റി പൂര്‍ണാധികാരം പുന$സ്ഥാപിക്കാനായിരിക്കും ബശ്ശാറിന്‍െറ അടുത്ത ചുവടുവെപ്പുകള്‍.
വടക്കന്‍ പ്രവിശ്യയിലെ ഇദ്ലിബ് ദക്ഷിണ മേഖലയിലെ ദേര എന്നിവിടങ്ങളില്‍ വിമത സ്വാധീനം ശക്തമാണെന്ന് പറയാം. എന്നാല്‍, പ്രതിപക്ഷത്തിന്‍െറ ആത്മവീര്യത്തില്‍ ഇവിടെയും കനത്ത ചോര്‍ച്ച ദൃശ്യമാണ്. അതുകൊണ്ട്, ഈ സാഹചര്യത്തില്‍ അലപ്പോയിലെ സൈനികവിജയം പ്രതിപക്ഷത്തിനുള്ള ബശ്ശാറിന്‍െറ താക്കീത് കൂടിയായി വിലയിരുത്താം. അഥവാ, ബശ്ശാറിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനുള്ള ഏതു നീക്കവും അതിശക്തമായി തോല്‍പിക്കപ്പെടും എന്ന മുന്നറിയിപ്പാണിത്. കാരണം, രാജ്യത്തെ നാല് പ്രമുഖ നഗരങ്ങളുടെയും മധ്യധരണ്യാഴിയുടെ തീരങ്ങളും ഇപ്പോള്‍ ബശ്ശാറിന്‍െറ വരുതിയിലാണ്. പ്രതിപക്ഷത്തിന്‍െറയും വിമത പോരാട്ട സംഘങ്ങളുടെയും മുന്നിലെ പാതകളെല്ലാം ദുര്‍ഗമങ്ങളായിത്തീര്‍ന്നു എന്നതാണ് ഇതിന്‍െറ വിവക്ഷ. തുര്‍ക്കിയില്‍നിന്ന് സിറിയയിലേക്കുള്ള സാധനസാമഗ്രി വിതരണപാതകള്‍പോലും സൈനികഹസ്തങ്ങളില്‍ അമര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു സമാധാനസന്ധിയാകും പ്രതിപക്ഷ ഗ്രൂപ്പുകള്‍ മുന്നോട്ടുവെക്കുന്ന പുതിയ നിര്‍ദേശം. സമാധാന ഉടമ്പടി എന്ന നിര്‍ദേശം ബശ്ശാറിന്‍െറ സഖ്യരാഷ്ട്രമായ റഷ്യ സര്‍വാത്മനാ സ്വാഗതം ചെയ്യാതിരിക്കില്ല എന്നും നിരീക്ഷകര്‍ കരുതുന്നു.
മേഖലയിലെയും സാര്‍വദേശീയരംഗത്തെയും പരിവര്‍ത്തനങ്ങള്‍ സിറിയന്‍ പ്രതിസന്ധിയില്‍ ഉളവാക്കാവുന്ന സ്വാധീനങ്ങള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടതുണ്ട്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് നേടിയ തെരഞ്ഞെടുപ്പ് വിജയം, ശുഭസൂചനയായി ബശ്ശാര്‍ പക്ഷം വിലയിരുത്തുന്നു. ബശ്ശാറിന്‍െറ സഖ്യകക്ഷിയായ റഷ്യയുടെ പ്രസിഡന്‍റ് പുടിനുമായി സഹകരിക്കുന്നതിനുള്ള സന്നദ്ധത ട്രംപ് തുറന്ന് പ്രകടിപ്പിച്ചത് മംഗളകരമായ നയവ്യതിയാനമായും അവര്‍ വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് വിജയറാലിയില്‍ പ്രത്യക്ഷപ്പെട്ട് ട്രംപ് പുറത്തുവിട്ട പ്രസ്താവന ശ്രദ്ധേയമായിരുന്നു: ‘നമുക്ക് വേണ്ടത്ര ബന്ധവും പരിചയവുമില്ലാത്ത വിദേശ ഭരണകൂടങ്ങളെ താഴെയിറക്കാനുള്ള പദ്ധതികളില്‍നിന്ന് അമേരിക്ക മാറിനില്‍ക്കും. എന്നാല്‍, ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരസംഘങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടണം. ആവശ്യമില്ലാത്ത ഇടങ്ങളില്‍ കടന്നുചെന്ന് ആവശ്യമില്ലാത്ത പോരാട്ടങ്ങള്‍ നടത്തി സൈന്യത്തെ ക്ഷയിപ്പിക്കുന്ന രീതി ഉപേക്ഷിക്കപ്പെടണം. സൈന്യത്തെ ശക്തിപ്പെടുത്തിയുള്ള സമാധാനമാണ് അമേരിക്ക അന്വേഷിക്കേണ്ടത്.’ യുദ്ധത്തില്‍ നിക്ഷേപിക്കാതെ അമേരിക്കയെ സമ്പല്‍സമൃദ്ധമാക്കുന്ന പദ്ധതികളില്‍ മുതല്‍മുടക്കുമെന്നാണ് ട്രംപിന്‍െറ പ്രഖ്യാപനം. ‘ഭരണകൂട മാറ്റം’ എന്ന മുന്‍ സാമ്രാജ്യത്വ അജണ്ടയില്‍ ട്രംപിന് വേണ്ടത്ര ഒൗത്സുക്യമില്ളെന്ന കാര്യം ഇസ്രായേലിന്‍െറ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
അതേസമയം, ബശ്ശാറിന്‍െറ വിജയം ഇറാന്‍െറ കരങ്ങള്‍ക്ക് ശക്തിപകരുമെന്ന ആശങ്ക ഇസ്രായേലിനെ അലട്ടുന്നു. സമീപകാലത്തായി ഹിസ്ബുല്ല സ്വായത്തമാക്കിയ മേല്‍ക്കൈ മേഖലയിലെ ശാക്തിക സമവാക്യങ്ങളെ തിരുത്താന്‍ പോന്നതാണെന്നും ഇസ്രായേല്‍ മനസ്സിലാക്കുന്നു. ഇറാന്‍െറ സാങ്കേതികസഹായത്തോടെ നിര്‍മിച്ച റോക്കറ്റുകളുടെ വന്‍ശേഖരം തന്നെ ഹിസ്ബുല്ല സ്വന്തമാക്കിയിരിക്കുന്നു. ഏത് ഇസ്രായേലി നഗരവും ലക്ഷ്യമിട്ട് തൊടുക്കാവുന്നവയാണ് ഇത്. ഇതിനെ ചരിത്രത്തിന്‍െറ അന്ത്യമെന്ന് വിശേഷിപ്പിക്കാനാകുമോ? പശ്ചിമേഷ്യയിലെ പാശ്ചാത്യ മേല്‍ക്കോയ്മയുടെ നൂറ്റാണ്ട് അവസാനിക്കുകയാണോ? ഈ ചോദ്യങ്ങള്‍ക്ക് അതേ എന്ന് ഉത്തരം നല്‍കാനാണ് സാഹചര്യങ്ങള്‍ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നത്? എന്നാല്‍, സിറിയയിലെ പോരാട്ടങ്ങള്‍ ഭീകരതക്കെതിരെ ആയിരുന്നുവോ? അന്തിമ വിശകലനത്തില്‍ അവിടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യമായോ തുടങ്ങിയ ചോദ്യങ്ങളും ശേഷിക്കുന്നു. സിറിയന്‍ വിഷയത്തില്‍ ട്രംപ് അന്തിമ പ്രസ്താവന നടത്തിയില്ല എന്നതില്‍ സമാശ്വാസം കൊള്ളുന്ന സിറിയന്‍ പ്രതിപക്ഷത്തിന്‍െറ പ്രതീക്ഷകളും അവശേഷിക്കുകയാണ്.
(തുര്‍ക്കി, ഉസ്ബകിസ്താന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു ലേഖകന്‍)