ഇ. അഹമ്മദുമായി എനിക്കുള്ള അടുപ്പം 1969ല്‍ തുടങ്ങിയതാണ്. ഞാന്‍ അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്; അദ്ദേഹം എം.എല്‍.എ. അങ്ങനെ തുടങ്ങിയ ബന്ധം കേരളത്തിലും പിന്നീട് ഡല്‍ഹിയിലും ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന വലിയ അടുപ്പമായി വളര്‍ന്നു. അഹമ്മദിന്‍െറ പാന്‍റ്സും കോട്ടുമായാണ് എന്‍െറ വിദേശയാത്രകള്‍. അത് മറ്റൊരു കഥ.
കോണ്‍ഗ്രസില്‍ നെഹ്റു കുടുംബവുമായി അഹമ്മദിന് എത്രത്തോളം അടുപ്പമുണ്ടായിരുന്നുവെന്നാണ് ചൊവ്വാഴ്ച നമ്മളെല്ലാം കണ്ടത്. നട്ടപ്പാതിരക്ക്, ഡല്‍ഹിയിലെ കൊടുംതണുപ്പില്‍, രോഗാവസ്ഥയൊന്നും നോക്കാതെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആര്‍.എം.എല്‍ ആശുപത്രിയിലത്തെി. മക്കളെപ്പോലും അകത്തുകടക്കാന്‍ അനുവദിക്കുന്നില്ളെന്നു കേട്ട രോഷത്തിലാണ് സോണിയ എത്തിയത്.
ഇന്‍ഫക്ഷന്‍ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് സോണിയ പുറത്തുപോകുന്നതുതന്നെ വിരളമാണ്. ആശുപത്രിയിലെ ക്രൂരമായ പെരുമാറ്റത്തോട് പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം രണ്ടു മണിക്കൂറോളം അവര്‍ അവിടെയിരുന്നു. അത് രാഷ്ട്രീയബന്ധമല്ല. അഹമ്മദിനോട് സോണിയക്കുള്ള വ്യക്തിബന്ധമാണ്.
ഇന്ദിര ഗാന്ധിയുടെ കാലംതൊട്ട് തുടങ്ങിയതാണ് നെഹ്റു കുടുംബവുമായുള്ള അഹമ്മദിന്‍െറ ബന്ധം. ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാവുന്ന കുടുംബമാണതെന്ന് അഹമ്മദ് വിശ്വസിച്ചു. യു.എന്നില്‍ അഹമ്മദിനെ പ്രതിനിധിയായി നിയോഗിച്ചത് രാജീവാണ്. 2004ല്‍ യു.പി.എ സര്‍ക്കാര്‍ വന്നപ്പോള്‍ അഹമ്മദിനെ വിദേശകാര്യ സഹമന്ത്രിയാക്കാന്‍ സോണിയ പ്രത്യേക താല്‍പര്യമെടുത്തു.

10 വര്‍ഷം സഹമന്ത്രിയായിരുന്നതിനിടയില്‍ റെയില്‍വേയും മാനവശേഷി വികസനവും കൂടി അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഗള്‍ഫ് നാടുകളും അവിടത്തെ ഭരണാധികാരികളുമായുള്ള അഹമ്മദിന്‍െറ ബന്ധം എല്ലാവര്‍ക്കും അറിയാവുന്ന കാര്യം. കാല്‍ നൂറ്റാണ്ടിനിടയില്‍ വിദേശമലയാളികളുടെ പ്രശ്നങ്ങളില്‍ ഇത്രത്തോളം ഇടപെട്ടിട്ടുള്ള മറ്റൊരു നേതാവില്ല.
സി.എച്ച്. മുഹമ്മദ്കോയയാണ് തന്‍െറ ഗുരുനാഥനെന്ന് അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വലംകൈയായി നിന്നു. കോണ്‍ഗ്രസും ലീഗുമായുള്ള ബന്ധത്തില്‍ അടിയുറച്ചു വിശ്വസിച്ചയാളാണ് ഇ. അഹമ്മദ്. കോണ്‍ഗ്രസുമായുള്ള ബന്ധം പ്രതിസന്ധിഘട്ടങ്ങളില്‍പോലും അപകടപ്പെടാതിരിക്കാന്‍ അഹമ്മദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് വടക്കേന്ത്യയില്‍നിന്ന് വ്യത്യസ്തമായി സംഘര്‍ഷത്തിന്‍െറ അഗ്നി കേരളത്തില്‍ ആളാതിരിക്കാന്‍ തങ്ങളും അഹമ്മദും വലിയ പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ മതേതരത്വത്തിലാണ് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചത്.
തീവ്രവാദത്തെ തള്ളിപ്പറഞ്ഞു. ഇന്ത്യയുടെ മതേതര പ്രതിച്ഛായ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. പാര്‍ലമെന്‍റില്‍ ദേശീയ പ്രശ്നങ്ങളില്‍ ഗൗരവമായി ഇടപെട്ടു. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അവരോടുള്ള അനീതിക്കെതിരെ പൊരുതാനും അഹമ്മദ് മുന്‍നിരയില്‍ ഉണ്ടായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് കശ്മീരിലെ സംഘര്‍ഷസ്ഥിതി പഠിക്കാന്‍ പോയ സര്‍വകക്ഷി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.
ഡല്‍ഹിയില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായൊരു മുഖമായിരുന്നു അഹമ്മദ്. വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ വലിയ കരുതലായിരുന്നു. അതേസമയം, സ്വന്തം നിലപാടുകള്‍ പരുഷമായിതന്നെ പറഞ്ഞു. നീതിയുടെ ഭാഗത്തുനിന്ന് വാദിച്ചു. എല്ലാക്കാലത്തും കേരളത്തിന്‍െറ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവാണ്. മലബാറിന്‍െറ വികസനത്തിനൊപ്പം കേരളത്തിന്‍െറ വ്യവസായവികസനത്തിനും അദ്ദേഹം വലിയ സംഭാവന നല്‍കിയിട്ടുണ്ട്.
സംഘടനയെക്കാള്‍ കവിഞ്ഞ രാഷ്ട്രീയ ഒൗന്നത്യം
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി

മുസ്ലിംലീഗിന്‍െറ ഒരു കാലഘട്ടം അഹമ്മദ് സാഹിബിനോടുകൂടി അവസാനിക്കുകയാണ്. ഖാഇദെ മില്ലത്ത്, സീതി സാഹിബ്, സി.എച്ച്, ബാഫഖി തങ്ങള്‍, ഇബ്രാഹീം സുലൈമാന്‍ സേട്ട്, മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ കൂടെ നടന്ന നേതാക്കളില്‍ ഇനിയാരും ജീവിച്ചിരിപ്പില്ല. ഈ പറയുന്ന നേതാക്കളുടെ കൂട്ടത്തില്‍ അഹമ്മദ് സാഹിബ് ചേര്‍ന്നത് കുട്ടിയായിരിക്കുമ്പോഴാണ്. അവരെല്ലാം വളരെ ഓമനത്തത്തോടെ വളര്‍ത്തിയെടുത്ത നേതാവാണ് അദ്ദേഹം. തലമുതിര്‍ന്ന ആ നേതാക്കളുടെ കൂടെ നടന്നവരില്‍ അവശേഷിച്ച ഏകനേതാവും അവസാന കണ്ണിയുമാണ്.
കേരളത്തിന് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ലഭിച്ചതും നിലവിലുള്ള ട്രെയിനുകള്‍ ആവൃത്തി വര്‍ധിപ്പിച്ചതും അദ്ദേഹം റെയില്‍വേ സഹമന്ത്രിയായിരിക്കുമ്പോഴാണ്. കേരളത്തിലിന്നോടുന്ന ജനശതാബ്ദി അടക്കമുള്ള വണ്ടികള്‍ തുടങ്ങിയത് അഹമ്മദ് സാഹിബിന്‍െറ കാലത്താണ്. ഈ അര്‍ഥത്തില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ റെയില്‍വേ വികസനമുണ്ടായത് അഹമ്മദ് സാഹിബിന്‍െറ കാലത്താണെങ്കിലും പാലക്കാട് വഴി ഒരു ട്രെയിനോടിച്ച ഒ. രാജഗോപാലിനെ പറയുന്നവര്‍ അഹമ്മദ് സാഹിബിനെ വിസ്മരിക്കുന്നുവെന്നതാണ് വാസ്തവം.
ഒരേസമയത്ത് രണ്ട് നിര്‍ണായക വകുപ്പുകള്‍ പുഷ്പം പോലെയാണ് കേന്ദ്ര സഹമന്ത്രിയെന്ന നിലയില്‍ അഹമ്മദ് കൈകാര്യം ചെയ്തത്. വിദേശകാര്യ മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും. അദ്ദേഹത്തിന്‍െറ നേട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസും മഞ്ചേരി എഫ്.എം റേഡിയോ സ്റ്റേഷനുമാണ്. അവസാനത്തെ ടേമില്‍ അങ്ങാടിപ്പുറം മേല്‍പാലവും യാഥാര്‍ഥ്യമാക്കി.

ഡല്‍ഹി രാഷ്ട്രീയത്തിലേക്ക് ലീഗ് വഴി എത്തിയശേഷം കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് പലപ്പോഴും സംഘടനയെക്കാളും കവിഞ്ഞുനിന്ന രാഷ്ട്രീയമായ ഒൗന്നത്യം കൊണ്ടായിരുന്നു. ഇത്തരമൊരു ഒൗന്നത്യത്തിലത്തെിയ മറ്റൊരു നേതാവും ഇനി ലീഗിലില്ല.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതല്‍ ഐക്യരാഷ്ട്രസഭയില്‍ പോയി റെക്കോഡ് സൃഷ്ടിച്ചതും അദ്ദേഹമായിരുന്നു. അന്താരാഷ്ട്രതലത്തിലെ പ്രാവീണ്യം പരിഗണിച്ചാണ് അദ്ദേഹത്തിന് വിദേശമന്ത്രാലയത്തിന്‍െറ ചുമതല ലഭിക്കുന്നത്. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ വൈദഗ്ധ്യം ആരെയും അമ്പരപ്പിക്കും. യു.എ.ഇ പോലുള്ള അറബ് രാജ്യങ്ങളിലെ എല്ലാ ഭരണാധികാരികളെയും പേരെടുത്തുവിളിക്കാന്‍ കഴിയുന്നതരത്തിലെ ബന്ധമാണ് ഉണ്ടാക്കിയത്. മരിക്കുന്നതിന്‍െറ ഒരാഴ്ച മുമ്പാണ് അദ്ദേഹം യു.എ.ഇയില്‍ പോയിവന്നത്.
ദേശീയരാഷ്ട്രീയത്തിലെ തിരക്കുകള്‍ക്കിടയിലും മക്കളോടുള്ള സ്നേഹം അതിരറ്റതായിരുന്നു. വല്ലാത്തൊരു അടുപ്പമായിരുന്നു അവര്‍ തമ്മില്‍. ഈ സ്നേഹം സ്വന്തം നാടിനോടും കാത്തുസൂക്ഷിച്ചു. ഏറ്റവും ഇഷ്ടപ്പെട്ട സ്ഥാപനമായിരുന്നു കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭ. അതിന്‍െറ പുരോഗതിക്കായി അവസാനകാലവും യത്നിച്ചു. ഒരിക്കലും കിടന്നുപോകരുതെന്ന ജീവിതത്തിലെ ആഗ്രഹം പോലെതന്നെ വളരെ സജീവമായിതന്നെ മരണത്തിലേക്ക് പോവുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്‍റിന്‍െറ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങളുടെ കൂടെയിരുന്ന് നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുന്നത്. അദ്ദേഹത്തിന്‍െറ അഭിലാഷം പോലെ സജീവമായി നിന്നുകൊണ്ടുതന്നെയായി ആ മരണവും.