Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘ഡോക്ടർമാർ അവനെ ഭീകരവാദിയെപ്പോലെയാണ് കണ്ടത്’
cancel
camera_alt

പെല്ലറ്റ് തുളഞ്ഞു കയറി പരിക്കേറ്റ സാഹിൽ ലോചാബ്-കുടുംബം പങ്ക് വെച്ച ചിത്രങ്ങൾ

ജൂലൈ 20-ന് ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റുകൾ തറച്ച് പരിക്കുപറ്റിയ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി സാഹിൽ ലോചാബിന് ഒരു കണ്ണിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടേക്കാം. പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം ഡൽഹി പൊലീസ് നിഷേധിക്കുമ്പോഴും ഈ പരിക്കുകൾ ഒരു യാഥാർഥ്യമാണ്. ചികിത്സ വൈകിപ്പിച്ചതായും ചില ഡോക്ടർമാർ മനുഷ്യത്വരഹിതമായി പെരുമാറിയതായും സാഹിലിന്റെ കുടുംബം ആരോപിക്കുന്നു. കശ്മീരിൽ പെല്ലറ്റ് തോക്കുകളുടെ വ്യാപക ഉപയോഗം നേരത്തെ സുപ്രീം കോടതിയുടെയും ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ കൂട്ടായ്മകളുടെയും കടുത്ത വിമർശനത്തിന് കാരണമായിരുന്നു.

ഡൽഹി നജഫ്ഗഢ് സ്വദേശിയായ സാഹിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ്. സ്റ്റേറ്റ് പൊലീസ് സർവീസ് പരീക്ഷകൾക്ക് തയാറെടുത്തു വരികയായിരുന്നു ഈ 20-കാരൻ. വിദ്യാർഥി ആത്മഹത്യകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് നടന്ന മാർച്ചിൽ പങ്കെടുത്ത സാഹിലിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും തോളിലും പെല്ലറ്റുകൾ പതിക്കുകയായിരുന്നു. അവന്റെ വലതുകണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടാൻ ഒരു ശതമാനം മാത്രമാണ് സാധ്യതയെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് ഡൽഹി എയിംസിലെ ജയ് പ്രകാശ് നാരായൺ ട്രോമ സെന്ററിൽ വെച്ച് സംസാരിച്ച സഹോദരങ്ങളായ ശിവം റെഡ്ഡിയും നമൻ റെഡ്ഡിയും പറയുന്നു.

സാഹിൽ ലോചാബിന്റെ പരിക്കുകളെക്കുറിച്ചും, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വിന്യസിച്ചിരിക്കുന്ന കേന്ദ്ര റിസർവ് പൊലീസ് സേനയുടെ പ്രത്യേക വിഭാഗമായ റാപിഡ് ആക്ഷൻ ഫോഴ്‌സും ഡൽഹി പൊലീസും പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിരുന്നോ എന്നും ആരാഞ്ഞ് ഡൽഹി പൊലീസ് വക്താവ് രാജീവ് രഞ്ജനും അഡീഷണൽ പബ്ലിക് റിലേഷൻസ് ഓഫീസർ സഞ്ജയ് ത്യാഗിക്കും സന്ദേശങ്ങൾ അയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. അതേസമയം പെല്ലറ്റ് തോക്ക് ഉപയോഗിച്ചെന്ന ആരോപണം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ നിഷേധിച്ച ഡൽഹി പൊലീസ്, കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെ അനുയോജ്യമായ നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർക്കുന്നു.

മധ്യഡൽഹിയിൽ വെച്ച് പെല്ലറ്റുകൾ തറച്ച് പരിക്കുപറ്റിയ സാഹിലിനെ അവിടെയുണ്ടായിരുന്ന ആളുകളാണ് ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

‘‘രക്തസ്രാവം തടയാൻ അവർ ശ്രമിച്ചെങ്കിലും സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റാൻ ലേഡി ഹാർഡിംഗിലെ ഡോക്ടർമാർ നിർദേശിച്ചു. സഫ്ദർജംഗിലെ ഡോക്ടർമാർ അവനെ ഒരു വിദ്യാർഥിയായല്ല, ഒരു ഭീകരവാദിയെപ്പോലെയാണ് കണ്ടത്. ആരും ഒരു സഹായവും ചെയ്തില്ല. ഒടുവിൽ എയിംസിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് 3-4 മണിക്കൂർ ഞങ്ങൾ അവിടെ പാഴാക്കി’’ -സഹോദരങ്ങൾ പറയുന്നു.

തോളിലെയും നെഞ്ചിലെയും മുഖത്തെയും മുറിവുകളിൽ നിന്ന് പെല്ലറ്റ് ചീളുകൾ മാറ്റുന്നതിനുള്ള ആദ്യ ശസ്ത്രക്രിയ പരിക്കേറ്റ് ഒരു ദിവസത്തിനുശേഷം, ജൂലൈ 22 രാവിലെയാണ് നടന്നത്. മെഡിക്കൽ-ലീഗൽ കേസ് റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡിസ്ചാർജ് ചെയ്ത ശേഷം മാത്രമേ അത് ലഭ്യമാക്കൂ എന്ന് എയിംസ് ഡോക്ടർമാർ പറഞ്ഞതായും കുടുംബം കൂട്ടിച്ചേർത്തു.

മൂന്നാമത്തെ പെല്ലറ്റ് ഇര

പെല്ലറ്റേറ്റുള്ള മുറിവുകളേറ്റ് നാലാമത്തെ കേസാണിത് എന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു. ഈ കുറിപ്പ് എഴുതുന്നതുവരെ മൂന്ന് കേസുകളാണ് സ്ഥിരീകരിക്കാൻ സാധിച്ചത്. 19-കാരനായ ശൈഖ് ഇർഷാദ് മൻസൂരി, ‘ഔട്ട്‌ലുക്ക്’ മാഗസിനിലെ ഒരു റിപ്പോർട്ടർ എന്നിവരാണ് മറ്റുള്ളവർ.

പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത കോക്രോച്ച് ജനതാ പാർട്ടിയുടെ വക്താവ് സൗരവ് ദാസ് പരിക്കുകളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഡൽഹിയിൽ പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം ശക്തമായത്.

കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ ജൂലൈ 21ന് മൻസൂരിയെ സന്ദർശിച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ കേൾക്കാത്ത രീതിയിലും പരിക്കുകൾ വ്യക്തമായി കാണാത്ത രീതിയിലുമാണ് മുഖ്യധാര മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തത്.

പെല്ലറ്റ് തോക്ക് എന്ന ഭീഷണി

മരണത്തിന് വഴിവെക്കാത്ത ജനക്കൂട്ട നിയന്ത്രണ ആയുധം എന്ന മട്ടിൽ 2010-ൽ ജമ്മു കശ്മീരിലാണ് രാജ്യത്താദ്യമായി പെല്ലറ്റ് വിക്ഷേപിക്കുന്ന തോക്കുകൾ സുരക്ഷാസേന അവതരിപ്പിച്ചത്.

പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തിന് ശേഷം 2016-ൽ ഉണ്ടായ പ്രക്ഷോഭത്തിൽ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. 2016 ജൂലൈക്കും ആഗസ്റ്റിനും ഇടയിൽ സിവിലിയന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 6,200-ലധികം ആളുകൾക്ക് പെല്ലറ്റുകളേറ്റ് പരിക്കേറ്റതായും ആയിരത്തോളം പേർക്ക് ഭാഗികമായോ പൂർണമായോ കാഴ്ചശക്തി നഷ്ടപ്പെട്ടതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തിനെതിരെ സുപ്രീം കോടതി, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമീഷനർ, ഡോക്ടർമാർ, മനുഷ്യാവകാശ ഗ്രൂപ്പുകൾ എന്നിവരിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. ഇവയുടെ നിയമസാധുതയെയും മാരകമായ പ്രഹരശേഷിയെയും അവർ ചോദ്യം ചെയ്തു.

കടുത്ത പ്രതിഷേധത്തെത്തുടർന്ന്, പ്ലാസ്റ്റിക് ബുള്ളറ്റുകളും മുളകുപൊടി നിറച്ച ഷെല്ലുകളും ഉൾപ്പെടെയുള്ള ബദലുകൾ പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2017-ൽ പ്രസ്താവിച്ചിരുന്നു.

പെല്ലറ്റ് തോക്കുകൾ അവസാന ഘട്ടത്തിൽ മാത്രമേ ഉപയോഗിക്കൂ എന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ജമ്മു കശ്മീരിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ആയുധമായി അവ തുടരുന്നു. ആ മേഖലക്ക് പുറത്തുള്ള പ്രതിഷേധക്കാർക്കെതിരെയും ഇവ ഉപയോഗിച്ചു എന്ന റിപ്പോർട്ടുകൾ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് പുതിയ നിയമ-മനുഷ്യാവകാശ പരിശോധനകൾക്കും വഴിവെച്ചേക്കാം.

സി.ജെ.പി സമീപനത്തിൽ നിരാശ

‘‘കണ്ണീർ വാതകവും ഉപയോഗിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. അങ്ങനെയെങ്കിൽ ഈ വീഡിയോകളിൽ കാണുന്ന പുക എവിടെ നിന്നാണ് വരുന്നത്? അവർ പെല്ലറ്റുകൾ ഉതിർത്ത ശേഷം പൊലീസുകാരുടെ നിരയിലേക്ക് മറയുകയായിരുന്നു’’ പൊലീസ് നടപടികളുടെ ഇൻസ്റ്റാഗ്രാം വീഡിയോകൾ പരിശോധിച്ചുകൊണ്ട് ശിവം റെഡ്ഡി പറയുന്നു.

ലോചാബിന്റെ പരിക്കുകളെക്കുറിച്ചുള്ള വീഡിയോ ലക്ഷക്കണക്കിനാളുകൾ കണ്ടിട്ടുണ്ട്. എന്നാൽ സമരം സംഘടിപ്പിച്ച കോക്രോച്ച് പാർട്ടി നേതാക്കളുമായി ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചെങ്കിലും അവരിൽ നിന്ന് ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ശിവം റെഡ്ഡി പറഞ്ഞു. വന്ന് കാണാൻ സാധിച്ചില്ലെങ്കിലും, ചികിത്സക്ക് ഒരല്പം സഹായമെങ്കിലും ചെയ്യാമായിരുന്നുവെന്നും ഇപ്പോൾ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് തുക സ്വരൂപിക്കുന്നതെന്നും നമൻ റെഡ്ഡി പറഞ്ഞു. പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകളെ സമീപിക്കാൻ ഒരുങ്ങുകയാണ് സാഹിൽ ലോചാബിന്റെ ബന്ധുക്കൾ.

(സ്വതന്ത്ര മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സബാ ഗുർമത് article-14.com ന് വേണ്ടി തയാറാക്കിയ റിപ്പോർട്ടിൽ നിന്ന്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorControversyExam Question PaperCJP Protest
News Summary - 'Doctors saw him as a terrorist'
Next Story