ഓരോ ഉത്സവത്തിലുമുണ്ട് പ്രകൃതിയുടെ തുടിപ്പ്
text_fieldsവിഷുവിന്റെ അടിസ്ഥാനമെന്തെന്നാൽ, മലയാളികളുടെ പുതുവർഷത്തിന്റെ ആരംഭമെന്നാണ് പറയുക. വിഷുവൽപുണ്യകാലം എന്നാണ് പണ്ടെല്ലാം പറയുന്നത്. മേടം ഒന്നാം തീയതിയാണ് വിഷു വരാറുള്ളത്. ഇത്തവണ രണ്ടാമത്തെ തീയതിയാണ് കേരളത്തിൽ വിഷുവെന്ന് പറയുന്നു. പഞ്ചാബിൽ വൈശാഖിയാണ്. അസമിൽ ബിഹുവും കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ ഉഗാദിയുമാണ്. ഓരോ പ്രദേശവും അവരവരുടേതായ രീതിയിൽ ആഘോഷിക്കുന്നു. അടിസ്ഥാനപരമായി ഇതൊരു കൊയ്ത്തുത്സവമാണ്
വിഷുവാണെങ്കിലും ഓണമാണെങ്കിലും ഏത് ഉത്സവമാണെങ്കിലും അതെല്ലാം പ്രകൃതിയിലെ ഭാവമാറ്റങ്ങളുമായി ചേർന്നതാണ്. ലോകത്ത് എല്ലായിടത്തും അങ്ങനെയാണ്. പ്രകൃതി മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് സസ്യങ്ങൾ മാറുന്നു, ജീവജാലങ്ങളുടെ പെരുമാറ്റങ്ങൾ മാറുന്നു.
അപ്പോൾ ഇതുമായിട്ടൊക്കെ കൂട്ടിക്കെട്ടിയാണ് ഈ ഉത്സവങ്ങൾ ഉണ്ടാകുന്നത്. അതിനൊക്കെ ഓരോ മിത്തുകളൊക്കെ കൊടുക്കും. ആളുകളെ വിശ്വസിപ്പിക്കാൻ ഓരോ കഥാപാത്രങ്ങളുണ്ടാക്കും. ഇത് ലോകത്ത് എല്ലായിടത്തും നടക്കുന്നതാണ്.
വാസ്തവത്തിൽ സംഭവിക്കുന്നത് സൂര്യന്റെ യാത്രയുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങളാണ്. ചൂടുകാലം വരുന്നു. അല്ലെങ്കിൽ ചില പ്രത്യേക ദിവസം അല്ലെങ്കിൽ പ്രത്യേക സമയത്ത് രാവും പകലും ഏതാണ്ട് തുല്യമാകുന്നു. ഇങ്ങനെയൊക്കെയുള്ള അവസ്ഥയിലാണ് ഇതെല്ലാം നാം ശ്രദ്ധിക്കുന്നത്.
എന്റെ വീട്ടിലെ പറമ്പിൽ ഒരുപാട് കൊന്നമരങ്ങളുണ്ട്. ചൂടുകാലം വരുന്നത് നമ്മളറിയുന്നതിനുമുമ്പ് കൊന്നകൾ അറിയുന്നു. കൊന്നകൾ പെട്ടെന്ന് പൂത്തുലയാൻ തുടങ്ങും. അതാണ് കർണികാരം പൂത്തുലയുന്നുവെന്ന് കവികളൊക്കെ പറയുന്നത്. ചുറ്റും മഞ്ഞപ്പൂക്കളാണ്. ഇത്തവണ ചൂടുകൂടിയതുകൊണ്ട് കുറെയൊക്കെ കൊഴിഞ്ഞുപോയി.
എന്തുകൊണ്ടാണ് വിഷുക്കണിക്ക് കൊന്നപ്പൂക്കൾ വേണമെന്നു പറയുന്നത്. ആ സമയത്താണ് കൊന്നപ്പൂക്കൾ കിട്ടുന്നതെന്ന് സാമാന്യ ബുദ്ധികൊണ്ട് മനസ്സിലാക്കാം. ഓണമായാലും ഇതുപോലെയൊക്കെയാണ്. വിഷുവിന്റെ അടിസ്ഥാനമെന്തെന്നാൽ, മലയാളികളുടെ പുതുവർഷത്തിന്റെ ആരംഭമെന്നാണ് പറയുക.
വിഷുവൽപുണ്യകാലം എന്നാണ് പണ്ടെല്ലാം പറയുന്നത്. മേടം ഒന്നാം തീയതിയാണ് വിഷു വരാറുള്ളത്. ഇത്തവണ രണ്ടാമത്തെ തീയതിയാണ് കേരളത്തിൽ വിഷുവെന്ന് പറയുന്നു. പഞ്ചാബിൽ വൈശാഖിയാണ്. അസമിൽ ബിഹുവും കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ ഉഗാദിയുമാണ്.
ഓരോ പ്രദേശവും അവരവരുടേതായ രീതിയിൽ ആഘോഷിക്കുന്നു. അടിസ്ഥാനപരമായി ഇതൊരു കൊയ്ത്തുത്സവമാണ്. ഒരു കൊയ്ത്ത് കഴിഞ്ഞിട്ട് പുതിയ കൃഷി തുടങ്ങുന്നു, ഞാറുനടുന്നു.
അതുപോലെ ചില മിത്തുകളൊക്കെയായി ഇത് കൂട്ടിക്കെട്ടിയിട്ടുണ്ട്. എന്തുകൊണ്ട് ഈ സമയത്ത് ഞാറുനടന്നു. അത് ആ കാലാവസ്ഥയുമായി ബന്ധപ്പെട്ട് കൃഷിക്കാർക്ക് അറിയാവുന്ന ചില സാമാന്യ മര്യാദകളാണ്. ഓരോ വർഷത്തെയും വിഷുക്കണിയിൽ നമ്മുടെ വളപ്പിലുണ്ടായ എല്ലാ പച്ചക്കറികളും വെക്കുന്നു.
സാധാരണ, ചക്ക, മാങ്ങ, കായ, പഴം തുടങ്ങിയവക്കു പുറമെ വളപ്പിലുണ്ടായ പച്ചക്കറികളും വെക്കാറുണ്ട്. അതൊരു സമൃദ്ധിയുടെ സൂചകമാണ്. ഇനിയുള്ള കാലം മഴക്കാലം വരുന്നു, പഞ്ഞകാലം വരുന്നു. അതിനുള്ള ഒരു കരുതിവെക്കലാണ് ഇതെല്ലാം. വിഷുപ്പുലരിയിൽ കണികണ്ടശേഷം വീട്ടിലെ കാരണവർ കുട്ടികൾക്കടക്കം വിഷുക്കൈനീട്ടം കൊടുക്കുന്നു.
അത് കൊടുക്കുന്നത് വാസ്തവത്തിൽ ഒരു സ്നേഹംപങ്കിടലാണ്. അതേസമയം, അതൊരു സമൃദ്ധിപങ്കിടൽ കൂടിയാണ്. അതായത്, വരും കൊല്ലത്തേക്ക് ഇതൊരു ഐശ്വര്യമായിരിക്കട്ടെയെന്നാണ് പറയുന്നത്. അതു കഴിഞ്ഞ് എല്ലാവരും കൂടിയിരുന്ന് സദ്യകഴിക്കും.
ഇതെല്ലാം സാമാന്യമായ ഒരു ഉത്സവത്തിന്റെ ഭാഗമാണ്. കുട്ടികൾക്ക് അവധിക്കാലമാണ്. അവർക്ക് ഊഞ്ഞാലാടാനും പലവിധ കളികളിൽ ഏർപ്പെടാനും കഴിയുന്ന ഒരു തിമിർപ്പിന്റെ കാലം. എനിക്ക് ഇപ്പോൾ 81 വയസ്സായി. എന്റെയൊക്കെ കുട്ടിക്കാലത്ത്, എട്ടു പതിറ്റാണ്ടുമുമ്പ് ഞങ്ങൾ കുട്ടികൾ കാത്തിരിക്കുന്നത് ഒരു സദ്യ കിട്ടുമല്ലോ എന്ന് കരുതിയാണ്.
അന്ന് പഞ്ഞകാലമാണ്. ലോകയുദ്ധം കഴിഞ്ഞ സമയമായിരുന്നതിനാൽ മഹാദാരിദ്ര്യമായിരുന്നു. ഒന്നും കിട്ടാനില്ല. അന്ന്, രണ്ട് അണയാണ് കൈനീട്ടം കിട്ടുക. ഇന്നത്തെ പന്ത്രണ്ട് പൈസ. കൂടിയാൽ നാലണ കിട്ടും. അതെല്ലാം കളിമണ്ണുകൊണ്ടുള്ള കാശുകുടുക്കയിൽ ഇടും. പിന്നീട് എന്തെങ്കിലും ആവശ്യം വരുമ്പോൾ പൊട്ടിച്ചെടുക്കും.
അതെല്ലാം വലിയൊരു ആഘോഷമായിരുന്നു. വിഷുവുമായി ബന്ധപ്പെട്ട് ഒരുപാട് ഓർമകളുണ്ട്. അത് ഏത് ഉത്സവമായാലുമുണ്ടാകും. ഒരു ഘട്ടത്തിൽ സാമാന്യമായും മനുഷ്യന് ഒരു ഉത്സവം ആവശ്യമാണ്. ആ ആവശ്യത്തിന്റെ ഭാഗമായാണ് വിഷുവുണ്ടായത്. മഹാവിഷ്ണു രാവണനെ കൊന്ന ദിവസമാണെന്നതടക്കം ഒരുപാട് മിത്തുകൾ ഉണ്ടാക്കും.
അതിലൊന്നും വലിയ ലോജിക്കൊന്നുമില്ല. എന്തുകൊണ്ട് മിത്തുകൾ ഉണ്ടാകുന്നു. സാമാന്യ ജനത്തെ വിശ്വസിപ്പിക്കാനായി ഇങ്ങനെ കുറെ മിത്തുകൾ വേണ്ടിവരും. അത്രയേയുള്ളൂ. മാധ്യമത്തിന്റെ എല്ലാ വായനക്കാർക്കും എന്റെ അകംനിറഞ്ഞ വിഷു ആശംസകൾ.