ഉറപ്പാക്കണം, ഓരോ കുഞ്ഞിന്റെയും അവകാശം
text_fieldsഫലസ്തീനിൽനിന്ന് ഉയർന്നു കേൾക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടനിലവിളികൾക്കൊപ്പമാണ് ഈ വർഷത്തെ സാർവദേശീയ ശിശുദിനവും കടന്നു വരുന്നത്. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടികളെപ്പോലും ആക്രമിക്കുന്ന ഇസ്രായേലിന്റെ കൂട്ടക്കുരുതിയിൽ ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടത് ആറായിരത്തിലധികം കുട്ടികളാണ്.
ഒരു യുദ്ധത്തിലും ആത്യന്തികമായി ആരും ജയിക്കുന്നില്ല. പക്ഷേ തകർന്നു പോകുന്നത്, പരാജയപ്പെട്ടു പോകുന്നത് കുട്ടികളാണ്; അവരുടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്.
യു.എൻ പൊതുസമിതിയുടെ (UN General Assembly) തീരുമാന പ്രകാരം 1954 മുതലാണ് എല്ലാ വർഷവും നവംബർ 20-ാം തീയതി ആഗോള തലത്തിൽ ശിശുദിനം ആഘോഷിക്കാനാരംഭിച്ചത്. For every child, every right' എല്ലാ അവകാശങ്ങളും എല്ലാ കുഞ്ഞുങ്ങൾക്കും എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഒന്നാം ലോകയുദ്ധ ശേഷം 1924 ൽ യുദ്ധത്തിൽ വിജയിച്ച ലോകരാഷ്ട്രങ്ങൾ പുറപ്പെടുവിച്ച ജനീവ പ്രഖ്യാപനത്തിൽ യുദ്ധത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ജനസമൂഹങ്ങൾ, അഭയാർഥികൾ, തടവുകാർ, കുട്ടികൾ തുടങ്ങിയവരുടെ പരിരക്ഷക്കായി ഉൾപ്പെടുത്തിയ അഞ്ചു ഖണ്ഡികകളാണ് കുട്ടികളുടെ അവകാശങ്ങൾക്ക് അടിത്തറയായി പരിണമിച്ചത്.
വിവിധ രാജ്യങ്ങളിലുണ്ടായ എല്ലാ ബാലാവകാശ ചിന്തകളുടെയും പ്രഖ്യാപനങ്ങളുടെയും പ്രായോഗിക നിർവഹണം മുൻ നിർത്തി 1989 നവംബർ 20 ന് ഐക്യരാഷ്ട്ര പൊതുസഭ സമഗ്രമായ ഒരു ബാലാവകാശ പ്രമാണം അംഗീകരിച്ചു. ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ കൂടി പങ്കെടുത്തതായിരുന്നു ഈ ആഗോള കൺവെൻഷൻ. (The Convention on the Rights of the Child - UNCRC, 1989).195
രാജ്യങ്ങൾ അംഗീകരിച്ച ഈ ഉടമ്പടിയിൽ, വിവിധ പ്രമാണങ്ങളിലായി ചിതറിക്കിടന്നിരുന്ന കുട്ടികളുടെ അവകാശങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനുമെത്രയോ വർഷങ്ങൾക്ക് മുമ്പ് 1950ൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഒട്ടേറെ അനുച്ഛേദങ്ങൾ നീക്കിവെച്ചിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽപരമായ ചൂഷണത്തിൽനിന്നും ലൈംഗിക ചൂഷണത്തിൽനിന്നും മറ്റുമുള്ള പരിരക്ഷ, ആരോഗ്യം, അന്തസ്സ് തുടങ്ങിയവ ഉറപ്പു വരുത്തുന്നതിനുള്ള ഒട്ടേറെ വ്യവസ്ഥകൾ ഭരണഘടനയുടെ വിവിധ അധ്യായങ്ങളിൽ അനുശാസനം ചെയ്തിരിക്കുന്നു.
ഭരണഘടനയുടെ 39ാം അനുച്ഛേദത്തിൽ ആരോഗ്യകരമായ ചുറ്റുപാടിൽ വളരുവാനുള്ള സാഹചര്യം കുട്ടികൾക്കുണ്ടാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് നിസ്തർക്കം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉത്തമ താൽപര്യം ഉറപ്പു വരുത്തുന്നതിനായി നിരവധിയായ നിയമങ്ങളും നമ്മുടെ രാജ്യത്ത് നിലവിൽ വന്നിട്ടുണ്ട്.
അതിശക്തമായ നിയമ പിന്തുണയും നിരവധിയായ ശിശുക്ഷേമപദ്ധതികളും നിലവിലുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ കുട്ടികൾ ഇന്നും നിരവധിയായ യാതനകൾ അനുഭവിച്ച്, അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് അശരണരായി
ജീവിക്കുന്നുണ്ട്. ലോകത്താകമാനമുള്ള ശിശുമരണങ്ങളുടെ ഏതാണ്ട് നാലിലൊന്നും, പോഷകാഹാരക്കുറവിന്റെ മൂന്നിലൊന്നും ഇന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.
സ്കൂൾ പ്രാപ്യതയില്ലാത്ത കുട്ടികളുടെ നിരക്കിൽ നാലാം സ്ഥാനത്തും, ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ പ്രഥമസ്ഥാനത്തും എത്തിപ്പെടുന്ന അപമാനകരമായ അവസ്ഥയിലാണ് നമ്മുടെ രാജ്യത്തെ ബാലാവകാശ സംരക്ഷണത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതസാഹചര്യമാണ് കേരളത്തിലെ കുട്ടികൾക്കുള്ളത്. ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ, ഉച്ചഭക്ഷണം, വിവിധക്ഷേമ പദ്ധതികൾ, വികസിത
രാജ്യങ്ങളോടൊപ്പം നിൽക്കുന്ന ശിശുമരണനിരക്ക് തുടങ്ങിയ മാനദണ്ഡങ്ങൾ വെച്ചു നോക്കിയാൽ കുട്ടികൾക്ക് താരതമ്യേന നല്ല ജീവിതസാഹചര്യമാണ് നമ്മുടെ സംസ്ഥാനത്ത്. എന്നാൽ കുട്ടികൾക്ക് നേരെയുള്ള ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ നാമാഗ്രഹിക്കുന്ന പോലെ ഇല്ലാതാക്കാൻ കഴിയുന്നില്ല എന്നത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നു. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷം (2023 സെപ്റ്റംബർ മാസം വരെ) 18 കുട്ടികൾ കൊല ചെയ്യപ്പെട്ടിട്ടുണ്ട്.
പോക്സോ നിയമം സെക്ഷൻ 4, 5 പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ - 1255, കുട്ടികള തട്ടിക്കൊണ്ടുപോകൽ - 115, കുട്ടികൾക്കെതിരെയുള്ള മറ്റ് കുറ്റകൃത്യങ്ങൾ - 2402 :- വളരെ ഭീതിയുണർത്തുന്ന വിവരങ്ങളാണിത്. കുട്ടികൾ രാജ്യത്തിന്റെ അമൂല്യ സമ്പത്താണെന്ന തിരിച്ചറിവുണ്ടാവുകയും സർക്കാർ കുട്ടികൾക്ക് വേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുമ്പോഴും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ നിരന്തരം വർധിക്കുകയാണ്.
കോവിഡാനന്തര കാലത്ത് ഒട്ടേറെ അതി സങ്കീർണമായ പ്രതിസന്ധികളെ കുട്ടികൾക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ടെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഒന്നര വർഷക്കാലത്തെ സ്കൂൾ അടച്ചിടൽ കുട്ടികളുടെ സാമൂഹിക വിവേകത്തിലും (Social Intelligence) ശാരീരിക ക്ഷമതയിലും പഠന തുടർച്ചയിലും വലിയ വിടവാണ് വരുത്തിയത്.
ഓൺലൈൻ പഠനത്തിന്റെ തുടർച്ചയായി മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, സമൂഹ മാധ്യമങ്ങളെ പൂർണമായും ആശ്രയിക്കുന്നതു മൂലം അവ പകർന്നു തരുന്ന അർധ സത്യങ്ങളും അതിശയോക്തികളും സൃഷ്ടിക്കുന്ന മാനസിക ഉത്കണ്ഠ, വൈകാരിക നിയന്ത്രണത്തിനുള്ള ബുദ്ധിമുട്ടും വിഷാദവും, ലഹരി ഉൽപന്നങ്ങളോടുള്ള കൗതുകം, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങി അതി സങ്കീർണമായ അവസ്ഥകളിലൂടെയാണ് കുട്ടികൾ കടന്നുപോകുന്നത്.
വിദ്യാർഥികളിൽ വൈകാരിക നിയന്ത്രണത്തിനുള്ള ബുദ്ധിമുട്ട് വിഷാദവും മറ്റു മാനസിക പ്രയാസങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വികാരങ്ങളെ തിരിച്ചറിയുന്നതിനും ഇമോഷൻ റഗുലേഷൻ നടത്തുന്നതിനും സഹായകരമായ രീതിയിൽ കുട്ടികൾക്ക് ചെറിയ ക്ലാസ് മുതൽ പരിശീലനം നൽകേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്. ശാരീരിക ക്ഷമതയോടൊപ്പം തന്നെ നല്ല മാനസികാരോഗ്യം വളർത്തിയെടുക്കുന്ന ഇടങ്ങളായി സ്കൂൾ കാമ്പസുകൾ പൂർണമായും പരിവർത്തനം ചെയ്യേണ്ടതുണ്ട്.
മറിയ മോണ്ടസോറി തന്റെ പ്രശസ്തമായ The Secret of childhood എന്ന പുസ്തകത്തിൽ പറയുന്നു. മുതിർന്നവർ പൊതുവേ സാധാരണ ജോലികളിൽ ഏർപ്പെടുമ്പോൾ ഒരു കൊച്ചു കുട്ടി മഹത്തായ മറ്റൊരു ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത് - കുട്ടിയിൽനിന്ന് മനുഷ്യനെ സൃഷ്ടിക്കുന്ന ജോലി.
തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങളെക്കുറിച്ച് ലോകം തിരിച്ചറിഞ്ഞപ്പോൾ, സർവരാജ്യത്തൊഴിലാളികൾ സംഘടിച്ചപ്പോൾ മനുഷ്യ ചരിത്രത്തിൽ സംഭവിച്ച മാറ്റങ്ങൾ അപാരമായിരുന്നു എങ്കിൽ മനുഷ്യനെ നിർമിക്കുന്ന തൊഴിലിൽ ഏർപ്പെടുന്ന കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടും വിധം പരിരക്ഷിക്കപ്പെട്ടാൽ അവർക്ക് പ്രോത്സാഹനം നൽകിയാൽ അതു വഴി കോടിക്കണക്കിന് നല്ല മനുഷ്യർ സൃഷ്ടിക്കപ്പെട്ടാൽ ലോകത്തിനുണ്ടാകുന്ന മാറ്റം എത്ര വലുതായിരിക്കും!'.
ഇത്തരമൊരു അവബോധത്തിലേക്ക് നമ്മുടെ പൊതു സമൂഹത്തെ മാറ്റിയെടുക്കുന്നതിനാവശ്യമായ ബോധപൂർവമായ പരിശ്രമങ്ങൾക്കാണ് ഈ സാർവദേശീയ ശിശുദിനത്തിൽ തുടക്കം കുറിക്കേണ്ടത്.
(സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ മുൻ അംഗമാണ് ലേഖകൻ)