Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആനകളും ഇനി അംബാനിക്ക്

ആനകളും ഇനി അംബാനിക്ക്

text_fields
bookmark_border
ആനകളും ഇനി അംബാനിക്ക്
cancel

ആവാസവ്യവസ്ഥയിൽനിന്ന് കുടിയിറക്കപ്പെടുന്നതു സംബന്ധിച്ച ആകുലതകൾക്കിടെ അരുണാചൽ പ്രദേശിൽനിന്ന് മൃഗങ്ങളെ ഗുജറാത്ത് ജാംനഗറിലെ അംബാനിയുടെ സ്ഥാപനത്തിലേക്ക് കയറ്റിക്കൊണ്ടുപോകുന്നത് തുടരുന്നു. ചൊവ്വാഴ്ച പുലർച്ച ആൾ ആദി സ്റ്റുഡന്റ്സ് യൂനിയന്റെ(ADISU) സന്നദ്ധ പ്രവർത്തകർ പസിഘട്ടിൽ പത്ത് ട്രക്കുകൾ തടഞ്ഞിട്ടു. ഓരോ ട്രക്കിനുള്ളിലും ഓരോ ആനയുണ്ടായിരുന്നു.

രണ്ട് എസ്.യു.വികളുടെ അകമ്പടിയോടെ നീങ്ങിയ ട്രക്കുകൾ അനധികൃത വന്യജീവിക്കടത്ത് സംശയിച്ചാണ് നൂറിലേറെ വിദ്യാർഥികൾ സംഘടിച്ച് തടഞ്ഞത്. മുകേഷ് അംബാനിയുമായി ബന്ധപ്പെട്ട ക്ഷേത്ര ട്രസ്റ്റിന്റെ സ്ഥാപനത്തിലേക്കാണ് അരുണാചലിലെ നംസായി ജില്ലയിലുള്ള ചൗഖാം പ്രദേശത്തുനിന്നുള്ള ആനകളെ കൊണ്ടുപോകുന്നത് എന്ന് പിന്നീട് വ്യക്തമായി.

നംസായിയിൽ വീഴ്ത്തി പിടികൂടിയവയാണ് ഈ ആനകളെല്ലാമെന്ന് ഡായിങ് എറിങ് വന്യജീവി സങ്കേതത്തിലെ ഡി.എഫ്.ഒ തസാങ് താഗ വ്യക്തമാക്കുന്നു. 'മൃഗങ്ങളെ സംസ്ഥാനത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് സംശയിച്ച് വിദ്യാർഥികൾ ബന്ധപ്പെട്ടപ്പോഴാണ് ഞങ്ങൾ അറിയുന്നത്. എന്നാൽ, മൃഗങ്ങളെ ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നവരുടെ കൈയിൽ ആവശ്യമായ എല്ലാ അനുമതിപത്രങ്ങളുമുണ്ടായിരുന്നുവെന്ന് കണ്ടെത്തി' -അദ്ദേഹം പറയുന്നു.


ആനകളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി അരുണാചൽ വന്യജീവി വകുപ്പ് അവയിൽ മൈക്രോചിപ്പുകൾ ഘടിപ്പിച്ചിരുന്നു. വന്യമൃഗങ്ങളെ ഇങ്ങനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിന് വ്യവസ്ഥയില്ല. ട്രക്കുകളെ മൂന്ന് ഡോക്ടർമാരും 17 പാപ്പാന്മാരും അനുഗമിച്ചിരുന്നതായും ഡി.എഫ്.ഒ പറയുന്നു.

ലഭ്യമായ രേഖകൾ പ്രകാരം മേയ് 31ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഈ മൃഗങ്ങളെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് അനുമതി നൽകിയിരിക്കുന്നു. ആറ് കൊമ്പനാനകളെയും നാല് പിടിയാനകളെയും ജാംനഗറിലെ രാധേ കൃഷ്ണ ക്ഷേത്ര ട്രസ്റ്റിന് കൈമാറാനാണ് അനുമതി നൽകിയിരിക്കുന്നത്. അവയിലൊന്ന് ഏഴു വയസ്സുള്ള ഒരു കുട്ടിക്കൊമ്പനാണ്.

ട്രക്കിൽ സഞ്ചരിച്ചവർ കൈമാറിയ രേഖകളിൽ ചൗഖാം ഗ്രാമത്തിലെ ചൗ മെലാസെങ് നംഷും എന്നൊരാൾ ക്ഷേത്ര ട്രസ്റ്റിന് നൽകിയ കത്തുമുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ 42ാം വകുപ്പുപ്രകാരം ഈ ആനകളുടെ യഥാർഥ ഉടമസ്ഥനാണ് താനെന്നും ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ പോറ്റാനുള്ള ശേഷിയില്ലാത്തതിനാൽ ക്ഷേത്ര ട്രസ്റ്റിനെ സമീപിക്കുകയാണെന്നും കത്തിൽ പറയുന്നു.


വന്യജീവി വകുപ്പ് നൽകിയ അനുമതിപ്രകാരം ക്ഷേത്ര ട്രസ്റ്റിന് 150 ആനകളെ സംരക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങളുണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി, മാനവ വിഭവശേഷി, ആനകൾക്ക് ആവശ്യമായ പോഷകങ്ങളുൾക്കൊള്ളുന്ന ഭക്ഷ്യവിഭവങ്ങൾ എന്നിവയും അവിടെയുണ്ട്.

ട്രസ്റ്റിന്റെ ജാംനഗറിലെ സ്ഥലത്ത് നിലവിൽ 152 ഏഷ്യൻ ആനകൾ സംരക്ഷിക്കപ്പെടുന്നുവെന്നും നംഷൂമിന്റെ കത്തിൽ പറയുന്നു.

പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒരേ സമയം മൃഗശാലയും മൃഗസംരക്ഷണ കേന്ദ്രവുമായ ഒരു സംവിധാനം ഒരുക്കിവരുകയാണ് ജാംനഗറിൽ.

ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ കിങ്ഡം എന്നറിയപ്പെടുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത് മുകേഷിന്റെ മകൻ അനന്ത് ആണ്. മന്ത്രാലയത്തിനു കീഴിലെ കേന്ദ്ര സൂ അതോറിറ്റി (CZA) ഈ പദ്ധതിക്ക് അംഗീകാരം നൽകിക്കഴിഞ്ഞിരിക്കുന്നു. ഒട്ടുമിക്ക ആനകളെയും ക്ഷേത്ര ട്രസ്റ്റിലേക്ക് ഇഷ്ടദാനമായാണ് ലഭിച്ചിരിക്കുന്നത്. 20 രൂപയുടെ മുദ്രപത്രത്തിലാണ് ഇഷ്ടദാനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബന്ദിയാക്കപ്പെട്ട ഒരു മൃഗം, അല്ലെങ്കിൽ മൃഗത്തിന്റെ അവശിഷ്ടം എന്നിവയുടെ ഉടമാവകാശം വാണിജ്യാധിഷ്ഠിതമായി കൈമാറ്റം ചെയ്യുവാൻ വന്യജീവി സംരക്ഷണ നിയമത്തിലെ 43ാം വകുപ്പ് അനുവദിക്കുന്നില്ല.

ക്ഷേത്ര ട്രസ്റ്റും അരുണാചലിലെ ആന ഉടമയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഒന്നും നടന്നതായി പറയപ്പെടുന്നില്ലെങ്കിലും സർക്കാർ ഉടമസ്ഥതയിലുള്ള മൃഗശാലകൾ, മ്യൂസിയം, അമ്യൂസ്മെന്റ് പാർക്ക് എന്നിവയിലേക്ക് മാത്രമേ ഇത്തരത്തിലെ കൈമാറ്റം അനുവദനീയമാകൂ. എന്നാൽ, കച്ചവടത്തിനും സംഭാവനക്കും അനുമതി നൽകാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. ഇതേ വ്യവസ്ഥ പ്രയോജനപ്പെടുത്തി അരുണാചൽ പ്രദേശ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ ഏപ്രിലിൽ ഏഴ് ആനകളെ ജാംനഗറിലേക്ക് കടത്തിയിരുന്നു. നേരത്തേ പറഞ്ഞതുപോലുള്ള കത്തുമായി മറ്റ് അഞ്ച് ആന ഉടമകളും ട്രസ്റ്റിനെ സമീപിച്ചിരുന്നുവത്രേ.

അസമിലും ഇത്തരം ശ്രമങ്ങളുണ്ടായിരുന്നു. മൃഗാവകാശ സംരക്ഷണ പ്രവർത്തകരായ ഉർമിമാല ദാസ്, നന്ദിനി ബറുവ എന്നിവർ പൊതുതാൽപര്യ ഹരജിയുമായി ഗുവാഹതി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് തിൻസുകിയയിൽ നിന്ന് നാല് ആനകളെ ഗുജറാത്തിലേക്ക് കടത്താനുള്ള നീക്കം തടയപ്പെട്ടത്. ഗുജറാത്തിലെ ഉഷ്ണവാതം ആനകൾക്ക് ആശാസ്യകരമല്ലെന്ന് ചൂണ്ടിക്കാട്ടി അസം സർക്കാർ തീരുമാനം തിരുത്താൻ തയാറാവുകയായിരുന്നു. ഏഷ്യൻ ആനകളെ ഉഷ്ണപ്രദേശങ്ങളിലേക്ക് കടത്താനുള്ള നീക്കങ്ങൾ തടയാൻ ഏറെ മുറവിളി നടത്തുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കേട്ടെന്ന ഭാവം നടിക്കുന്നില്ല എന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. ആനകളെ വ്യാപകമായി ഉപയോഗിച്ചിരുന്ന തടിപിടിപ്പിക്കലിന് നിരോധം വന്നശേഷം അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഏകദേശം 1200 ആനകളെ അനധികൃതമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കടത്തിയിട്ടുണ്ട്. ഇത്തരം സ്ഥലംമാറ്റം വന്യജീവി സംരക്ഷണ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ശീതീകരിച്ച ട്രക്കുകളിലാണ് അവയെ കടത്തുന്നതെങ്കിൽപോലും ആവാസവ്യവസ്ഥയിൽനിന്നുള്ള കുടിയിറക്കലാണ്, അതിനെ കുറ്റകൃത്യം എന്നു തന്നെയേ വിളിക്കാനാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elephantmukesh ambani
News Summary - Elephants from Arunachal shipped to Jamnagar for Ambani
Next Story