ആവിഷ്കാര സ്വാതന്ത്ര്യം... മണ്ണാങ്കട്ട..!
text_fieldsധനുമാസത്തണുപ്പിൽ രാവിലെ പുതപ്പിനുള്ളിൽ നിന്ന് എഴുന്നേൽക്കാൻ തോന്നില്ല. ആറുമണിക്ക് എഴുന്നേറ്റ് ഏഴരയാവുമ്പോൾ വീട്ടിൽനിന്ന് ജോലിക്കിറങ്ങുന്നതാണ് എന്റെ പതിവ്. ആറേ കാലായി. അഞ്ചു മിനിറ്റ് കൂടി കഴിയട്ടെ എന്ന് കരുതി പുതപ്പിനുള്ളിൽ ചുരുണ്ടു കൂടുമ്പോഴാണ് അടുക്കളയിൽ നിന്ന് ഒരു പാട്ട് കേട്ടത്.
‘‘പോറ്റിയേ കേറ്റിയേ സ്വർണം ചെമ്പായ് മാറ്റിയെ...’’
ഞാൻ ചെവി വട്ടംപിടിച്ചു. മകളല്ല പാടുന്നത്. ഭാര്യയാണ്. ഞാൻ ഞെട്ടിപ്പോയി. ഇവളിത് എന്തു ഭാവിച്ചിട്ടാ. അടുക്കളപ്പണിക്കിടെ സിനിമ പാട്ടുകൾ മൂളുന്ന പതിവ് ശ്രീമതിക്കുണ്ട്. അവൾ അത്യാവശ്യം നന്നായി പാടുമെന്നതിനാൽ അതൊക്കെ ഞാൻ ആസ്വദിക്കാറുമുണ്ട്. പക്ഷേ, ഈ പാട്ട് അങ്ങനെയല്ല. ഞാൻ ചാടിപ്പിടഞ്ഞെഴുന്നേറ്റ്, രണ്ട് ചാട്ടത്തിന് അടുക്കളയിലെത്തി. ഭാര്യ എന്റെ വരവുകണ്ട് ഞെട്ടി തിരിഞ്ഞുനോക്കി.
‘‘നീയിത് എന്ത് ഭാവിച്ചിട്ടാ? വായടയ്ക്ക്..’’
‘‘എന്താപ്പൊ ഇണ്ടായേ? ഇങ്ങള് വല്ല സ്വപ്നവും കണ്ട് പേടിച്ചാ?...’’
‘‘നിനക്ക് വേറൊരു പാട്ടും കിട്ടീലേ..!? ആരെങ്കിലും കേട്ടാലോ..അല്ലെങ്കിൽത്തന്നെ അയൽക്കാര്‍ എന്തെങ്കിലും കിട്ടാൻ കാത്തിരിക്ക്യാ..’’
‘‘എന്താ ഇങ്ങളെ പ്രശ്നം..?’’
‘‘നീ പാടിയ പാട്ട് സർക്കാറിന്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്നറിഞ്ഞില്ലേ... വെറുതെ അകത്തുപോയി കിടക്കേണ്ടി വരും...വേറെ എത്രയോ പാട്ടുകളുണ്ട്... വിപ്ലവഗാനങ്ങൾ തന്നെ നൂറുകണക്കിനുണ്ടല്ലൊ...’’
‘‘പക്ഷേ.. പോറ്റിയാ ഇപ്പോഴത്തെ ട്രെൻഡ്...’’
‘‘ട്രെൻഡനുസരിച്ച് പാടാൻ നീയാരാ?...’’
‘‘സ്വന്തം വീട്ടിൽ ഒരു മൂളിപ്പാട്ട് പാടാൻ പോലും സ്വാതന്ത്ര്യം ഇല്ലെന്നാണോ നിങ്ങൾ പറയുന്നത്..’’
‘‘അതല്ല. എല്ലാത്തിനും ഒരു നിയന്ത്രണം വേണം, കാരണം കിട്ടാൻ കാത്തുനടക്കുവാ ഭൂതഗണങ്ങൾ...
‘‘അച്ഛാ.. അമ്മക്ക് ഇഷ്ടമുള്ളത് പാടിക്കോട്ടെ... അതും പറഞ്ഞെന്തിനാ രാവിലെ ഒച്ചപ്പാടുണ്ടാക്കുന്നേ?... നമ്മുടെ വീട്ടിനകത്തല്ലെ പാടുന്നെ...? ടൗണിൽ മൈക്കും കെട്ടി വിദ്വേഷം പ്രസംഗിക്കുന്നവർക്കും റോഡിൽ കൂടെ തെറി മുദ്രാവാക്യം വിളിച്ചു പോകുന്നവർക്കുമൊന്നും ഒരു കേസുമില്ല നടപടിയുമില്ല, അമ്മ ഒരു പാരഡിപ്പാട്ട് പാടിയതാണോ ഇപ്പോ ആകാശം ഇടിഞ്ഞുവീഴുന്ന പ്രശ്നം?
ഏഴാം ക്ലാസിലാണ് മകള്‍. രാവിലെ ഞാൻ ജോലിക്കിറങ്ങും മുമ്പ് കുത്തിവിളിച്ചാലും എഴുന്നേൽക്കാൻ മടിയുള്ള കക്ഷിയാണ്. അമ്മയെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇന്ന് അകാലത്തിൽ ഉണർന്നിരിക്കുന്നത്.
‘‘തൊട്ടടുത്താണ് റോഡും അയൽപക്കവും...ആ ചിന്ത അമ്മക്കും മോൾക്കും വേണം...’’
‘‘എന്ന് വെച്ച്...? അച്ഛന് അറിയില്ലെങ്കിൽ പറഞ്ഞുതരാം, ഈ നാട്ടിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്നൊന്നുണ്ട്...അത് നമ്മുടെ അവകാശമാണ്..’’
‘‘ആവിഷ്കാര സ്വാതന്ത്ര്യം മണ്ണാങ്കട്ട... ഒടുവിൽ അമ്മയും മകളും കൂടി എന്നെ ജയിലിൽ കയറ്റരുത്...’’
‘‘അമ്മയൊരു പാട്ടുപാടിയെന്ന് കരുതി അച്ഛനെന്തിനാ ജയിലിൽ പോകുന്നെ..?’’
മകൾ ഭരണഘടനാ വാദികളെപ്പോലെ തർക്കിക്കുകയാണ്. പലപ്പോഴും പ്രായത്തിൽ കവിഞ്ഞുള്ള വർത്തമാനമാണ് അവളുടേത്. ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി സ്റ്റഡി ക്ലാസ് തന്നിരുന്ന, ഒരു കാലത്ത് നടുറോഡിൽ നാടകം കളിച്ചിരുന്ന ആളുകളാണ് കേസുമായി ഇറങ്ങിയിരിക്കുന്നത് എന്നൊക്കെ പറഞ്ഞാൽ അവൾക്ക് എങ്ങനെ മനസ്സിലാകാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

