Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ: സം​ര​ക്ഷ​ക​രോ സം​ഹാ​ര​ക​രോ?

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ: സം​ര​ക്ഷ​ക​രോ സം​ഹാ​ര​ക​രോ?
cancel

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്പക്ഷതയിൽ സംശയം രേഖപ്പെടുത്തി പ്രമുഖരായ 700ലധികം വ്യക്തികൾ കത്തെഴുതുകയുണ്ടായി. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ല് പാർലമെന്റിൽ പരാജയപ്പെട്ടതിന് പിറ്റേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ പ്രതികരിക്കുക കൂടി ചെയ്യാഞ്ഞ കമീഷൻ നിലപാടിനെതിരായിരുന്നു പ്രസ്തുത കത്ത്. ഏതെങ്കിലും ഒരു പാർട്ടിക്കെതിരായ രാഷ്ട്രീയ വിമർശനമായല്ല; ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണുകളിലൊന്നായ ഭരണഘടനാ സ്ഥാപനത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ആശങ്കയാണ് അതിൽ പ്രതിഫലിച്ചത്. ഇന്ത്യ പോലെയുള്ള വൈവിധ്യമാർന്ന രാജ്യത്ത് തെരഞ്ഞെടുപ്പ് ഒരു ഭരണനടപടി മാത്രമല്ല, ജനങ്ങളുടെ സമത്വാവകാശത്തിന്റെ ഏറ്റവും വലിയ പ്രകടനമാണ്. അതിന്റെ സുപ്രധാന അടിസ്ഥാനം, അധികാരമുള്ളവന്റെയും സാധാരണ പൗരരുടെയും വോട്ടിന് ഒരേ മൂല്യമാണെന്ന വിശ്വാസമാണ്. അതുകൊണ്ടുതന്നെ കമീഷന്റെ ഓരോ നടപടികളും, ഓരോ മൗനവും ‘മഹത്തരമായ ജനാധിപത്യ’ മെന്ന ആശയത്തെ നേരിട്ട് ബാധിക്കുന്നതാണ്.

കമീഷന്റെ അധികാരങ്ങൾ

ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം, സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായുള്ള അധികാരങ്ങൾ തെരഞ്ഞെടുപ്പ് കമീഷനുണ്ട്. വോട്ടർമാരെ വർഗീയമായി ധ്രുവീകരിക്കാൻ ഉദ്ദേശിച്ചുള്ള പ്രസ്താവനകൾ നടത്തുന്ന സ്ഥാനാർഥികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ എതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാനും, പ്രചാരണ നിരോധനം ഏർപ്പെടുത്താനും, ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 125 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാനും കമീഷന് അധികാരമുണ്ട്. തുടർനടപടികളിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153എ (ഇപ്പോൾ ഭാരതീയ ന്യായ സംഹിതയിൽ സെക്ഷൻ 192) മതപരമായ അസ്വസ്ഥത വളർത്തുന്ന പ്രവൃത്തികളെ ശിക്ഷാർഹമാക്കുന്ന നിയമം കൂടെ ഉൾപ്പെടുത്താവുന്നതാണ്. മതം, ജാതി, സമുദായം എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ടഭ്യർഥിക്കുന്നത് ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 123(3) / 123 3A പ്രകാരം അഴിമതിയായി കണക്കാക്കപ്പെടുന്നതിനാൽ കോടതികൾക്ക് തെരഞ്ഞെടുപ്പ് ഫലം തന്നെ റദ്ദാക്കാനാവും. ഉദാഹരണത്തിന്, ‘‘ഗുരുവായൂരിൽ ഇതുവരെ ഹിന്ദുവല്ലാത്ത എം.എൽ.എ മാത്രമേ ഉണ്ടായിട്ടുള്ളൂ’’ എന്ന മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഗോപാലകൃഷ്ണന്റെ വിവാദ പ്രചാരണം, സെക്ഷൻ 123(3) / 123 3A പ്രകാരം കുറ്റകരമാണ്. റിട്ടേണിങ് ഓഫിസർ, അതായത് ജില്ല കലക്ടർ പത്രിക അംഗീകരിച്ച ശേഷം, തെരഞ്ഞെടുപ്പ് കമീഷന് ഒരാളുടെ സ്ഥാനാർഥിത്വം നേരിട്ട് റദ്ദാക്കാൻ അധികാരമില്ല എന്ന നിയമത്തിന്റെ മറവിൽ, സമാന്തര നടപടികൾ ആരംഭിക്കാൻ റിട്ടേണിങ് ഓഫിസർക്കും പ്രോസിക്യൂഷൻ അധികാരികൾക്കും നിർദേശം നൽകി വിഷയം ഒതുക്കുകയാണ് കമീഷൻ ചെയ്തത്.

ഇത്തരം പ്രചാരണങ്ങൾ നടത്തുന്ന സ്ഥാനാർഥികൾക്ക് താക്കീത് നൽകാനും പ്രചാരണം സസ്പെൻഡ് ചെയ്യാനും അധികാരമുണ്ടെങ്കിലും കമീഷൻ അതിനൊന്നും തുനിഞ്ഞില്ല. ആരോപണ വിധേയനായ സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടാൽ, കോടതി വിധിയോടെ അവരുടെ വിജയം റദ്ദ് ചെയ്യാനും, വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കമീഷന് ഇനിയും കഴിയും. എന്നാൽ, ഇതിനകം തന്നെ ആ പ്രചാരണം സൃഷ്ടിച്ച സാമൂഹിക പ്രശ്നങ്ങളോട് കുറ്റകരമായ മൗനം അവലംബിക്കുകയാണ് കമീഷൻ ചെയ്തത്. വിഷയം കോടതി സമക്ഷം വന്നപ്പോൾ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് കമീഷനോട് ചോദിച്ചത്- ‘‘വിഡിയോ നീക്കം ചെയ്തുവെന്നത് ശരിതന്നെ. പക്ഷേ, സമൂഹത്തിനും രാജ്യത്തിനും ഇതുമൂലമുണ്ടാകുന്ന നഷ്ടമോ?’’ എന്നായിരുന്നു.

നിലമൊരുക്കുന്നതാർക്ക്?

കുറച്ചു വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ ചർച്ചകൾക്ക് പതിവിന് വിപരീതമായ വർഗീയ-വിദ്വേഷ മാനങ്ങൾ ഉണ്ടായിട്ടുണ്ട്. സമുദായ-രാഷ്ട്രീയ നേതാക്കളും പൊലീസ് വകുപ്പിൽ ഉന്നത പദവി വഹിച്ചവരുൾപ്പെടെ സമൂഹം പ്രബുദ്ധരെന്ന് വിശ്വസിച്ചിരുന്നവർ പോലും വാട്സ്ആപ് സർവകലാശാലാ നിലവാരത്തിലുള്ള വിദ്വേഷ വർത്തമാനങ്ങൾ സമൂഹ മാധ്യമങ്ങളിലും പൊതുവേദികളിലും നടത്തുന്നു. ഇതുസംബന്ധിച്ച് ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നിലപാടും ഏറെ ചർച്ചയായി. രാഷ്ട്രീയ പാർട്ടി ഏതുമാവട്ടെ, രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വസിക്കുന്ന പക്ഷം, ഇത്തരം പ്രസ്താവനകളോടുള്ള മൃദുവായ സമീപനം പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നത് തീർച്ച. ഇവയെല്ലാം മലീമസമായ ഒരു കളം സൃഷ്ടിക്കാനും, ആത്യന്തികമായി തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുരങ്കം വെക്കാനുമാണ് വഴിയൊരുക്കുക.

വോട്ടിങ് മെഷീൻ ഉപയോഗിച്ച് ആഴ്ചകൾക്ക് മുമ്പേ നടന്ന തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ യഥാർഥ കണക്ക് ഇനിയും പുറത്തുവരാത്തതും വോട്ടുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ ഏറെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതുമെല്ലാം ജനങ്ങളിൽ സൃഷ്ടിക്കുന്ന വിശ്വാസ്യതക്കമ്മി വളരെ വലുതാണ്. ജനാധിപത്യം ജയിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷവും സുതാര്യവുമാണെന്ന് വോട്ട് ചെയ്യുന്ന ഓരോ പൗരർക്കും ഉറപ്പുവേണം. പരാതികളിൽ ഉടൻ അന്വേഷണവും, ആവശ്യമെങ്കിൽ നടപടിയും വേണം. വിദ്വേഷ പ്രസംഗം, പണവിതരണം, വ്യാജവാർത്ത, ചട്ടലംഘനം എന്നിവയെല്ലാം കൺമുന്നിൽ നടന്നിട്ടും കമീഷൻ പുലർത്തിയ സഹിഷ്ണുത ജനങ്ങളുടെ വിശ്വാസത്തെയാണ് തകർക്കുന്നത്. അധികാരത്തിലിരിക്കുന്നവർക്ക് സംരക്ഷണമേകാനുള്ള ബഹുനില കോട്ടയല്ല, ‘‘എന്റെ സമ്മതിദാനവും സുരക്ഷിതമാണ്, എന്റെ ശബ്ദം എണ്ണപ്പെടും” എന്ന സാധാരണ ജനത്തിന്റെ വിശ്വാസം സംരക്ഷിക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട സംവിധാനമാണ്-ഇക്കാര്യം തിരിച്ചറിഞ്ഞ് എന്നു മുതലാണ് കമീഷൻ പ്രവർത്തിച്ചു തുടങ്ങുക?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionHate SpeechcriticismrightsMadhyamam articlesdeterminationmisuse cruelty law
News Summary - Election Commission: Protectors or destroyers?
Next Story