Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആസാദിൽനിന്ന് അകലു​ന്ന...

ആസാദിൽനിന്ന് അകലു​ന്ന വിദ്യാഭ്യാസ നയം

text_fields
bookmark_border
ആസാദിൽനിന്ന് അകലു​ന്ന വിദ്യാഭ്യാസ നയം
cancel
camera_alt

അബുൽകലാം ആസാദും ജവഹർലാൽ നെഹ്​റുവും

യഥാർഥ മഹത്തുക്കൾ തമസ്കരിക്കപ്പെടുകയും അപ്രതീക്ഷിത വ്യക്തിത്വങ്ങൾ മഹത്വവത്​കരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മൗലാന അബുൽ കലാം ആസാദി​െൻറ ഓർമകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യൻ യൂനിവേഴ്സിറ്റി കമീഷൻ (രാധാകൃഷ്ണൻ കമീഷൻ), മുതലിയാർ കമീഷൻ തുടങ്ങി രാജ്യത്തി​െൻറ വിദ്യാഭ്യാസ ഭാഗദേയം നിർണയിച്ച രണ്ട്​ സുപ്രധാന കമ്മിറ്റികൾ രൂപവത്​കരിച്ചതും ദേശീയ വിദ്യാഭ്യാസ വളർച്ച ലക്ഷ്യമിട്ട് അവരുടെ ശിപാർശകൾ നടപ്പിലാക്കിയതും ആസാദി​െൻറ ഭരണകാലത്താണ്. രാജ്യത്തി​െൻറ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായ, ഡി.എസ്​. കോത്താരി നേതൃത്വം വഹിച്ച 'ഇന്ത്യൻ എജുക്കേഷൻ കമീഷന്' വഴിമരുന്നിട്ടതും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആസാദ് തന്നെ. അദ്ദേഹം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ കാഴ്ചപ്പാടുകളുടെ അടിത്തറയിൽ നിന്നാണ്​ നാം പിന്നീട്​ ഇത്രയും വളർന്നതെന്ന്​ ഇൗ വിദ്യാഭ്യാസ ദിനത്തിൽ ഓർക്കുന്നത് ഉചിതമാണ്.

ശാശ്വതമായ കാഴ്​ചപ്പാടുകൾ

അധ്യാപനത്തി​െൻറ സാമൂഹിക ബാധ്യതകളും പ്രഫഷനലിസവും എന്തൊക്കെയെന്ന്​ യുനെസ്കോ നിർവചിക്കുന്നത് 1966 ഒക്ടോബർ അഞ്ചിനാണ്. അതിന്​ ഒന്നരദശകം മുമ്പുതന്നെ രാജ്യത്തെ അധ്യാപകരുടെ 'കോഡ്ഓഫ്​ എത്തിക്സും' ഉത്തരവാദിത്തങ്ങളും അംഗീകാരങ്ങളും യോഗ്യതകളും നിശ്ചയപ്പെടുത്തിയതും അധ്യാപകരിൽനിന്ന്​ സമൂഹവും വിദ്യാർഥികളും എന്ത്​ പ്രതീക്ഷിക്കണം എന്നതുസംബന്ധിച്ച ധാരണ രൂപപ്പെടുത്തിയതും അധ്യാപനം ഒരു പ്രഫഷനാണെന്ന് അംഗീകരിച്ചതും ആസാദി​െൻറ ദീർഘവീക്ഷണത്തിന്​ ദൃഷ്​ടാന്തമാണ്. ത്രിഭാഷ പാഠ്യപദ്ധതി നടപ്പിലാക്കിയതും വിവിധ പെഡഗോജിക്​ സമീപനങ്ങളെ സ്കൂളുകളിലേക്ക്​ സ്വീകരിച്ചതും ഏകീകൃത കരിക്കുലം രൂപവത്​കരിച്ചതും കേന്ദ്രീയ വിദ്യാലയ സംവിധാനത്തിന്​ തുടക്കമിട്ടതുമെല്ലാം ആസാദി​െൻറ ഭരണകാലത്താണ്.

അധ്യാപനത്തിലെ അതിവേഗ മാറ്റങ്ങൾ

സ്വാതന്ത്ര്യ സമരത്തി​െൻറ അനുഭവങ്ങളിൽനിന്ന്​ ഉയിർകൊണ്ടതാണ്​ മൗലാന അബുൽകലാം ആസാദി​െൻറയും ജവഹർലാൽ നെഹ്റുവി​െൻറയും അക്കാലത്തെ ഇതര നേതാക്കളുടെയും ദേശീയ വിദ്യാഭ്യാസ കാഴ്​ചപ്പാടുകൾ. അതി​െൻറ അടിസ്ഥാനം സാമ്പത്തിക കേന്ദ്രീകൃതമായിരുന്നില്ല, മറിച്ച്​ സാമൂഹിക-സാംസ്കാരിക വളർച്ചയായിരുന്നു. 1968ലെ ഒന്നാം ദേശീയ വിദ്യാഭ്യാസനയം പൂർണമായും ആ കാഴ്ചപ്പാടിലാണ് ആവിഷ്കരിച്ചത്. രാജീവ്​ ഗാന്ധി മന്ത്രിസഭയുടെ കാലത്ത്, 1986ൽ നടപ്പിലായ രണ്ടാം ദേശീയ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ തിരുത്താൻ ശ്രമിച്ചിരുന്നില്ല. എന്നാൽ, എൻ.ഇ.പി 2020 എന്ന് വിളിക്കപ്പെടുന്ന നിലവിലെ ദേശീയ വിദ്യാഭ്യാസനയം രാജ്യം ഇതുവരെ പിന്തുടർന്ന താൽപര്യങ്ങളെ കീഴ്മേൽ മറിക്കുന്നതാണ്.

അധ്യാപനവൃത്തി തൊഴിൽ വിഭജനം എന്ന ആശയത്തിന് വിധേയമാക്കപ്പെടുകയാണ്​ പുതിയ വിദ്യാഭ്യാസ നയത്തിൽ. ചില യൂനിവേഴ്സിറ്റികളും ഇൻറർനാഷനൽ സ്കൂളുകളും ആ രീതിയിൽ അധ്യാപക നിയമനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നമ്മുടെ ക്ലാസ്​മുറികളിൽ ഒരു അധ്യാപക​െൻറ 'റോൾ' പ്രധാനമായും നാല്​ മേഖലകളിലാണ്: പാഠഭാഗത്തി​െൻറ ആസൂത്രണം, പാഠഭാഗം (ക്ലാസ്​) അവതരിപ്പിക്കൽ, പാഠഭാഗത്തിന്​ വേണ്ടുന്ന നോട്ടുപോലുള്ള സഹായകങ്ങളും മൂല്യനിർണയോപാധികളും വികസിപ്പിച്ചുനൽകൽ, മൂല്യനിർണയം എന്നിവയാണ് അവ. കരിക്കുലം, സിലബസ്, വാർഷിക മൂല്യനിർണയ ഉപാധികൾ ചിട്ടപ്പെടുത്തൽ എന്നിവ നമ്മുടെ സംവിധാനത്തിൽ അധ്യാപകരുടെ ചുമതലയല്ല. ഇവ അധ്യാപകർ ചെയ്യുന്നുണ്ടെങ്കിൽ അത്​ പ്രത്യേക ഉത്തരവാദിത്തമായിട്ടാണ്. സമീപഭാവിയിൽതന്നെ സ്കൂൾ തലത്തിൽ ഈ അവസ്ഥ മാറിയേക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് അധ്യയനം എന്നത്​ ബഹുമുഖ പ്രവൃത്തിയായി നടപ്പാക്കുന്ന രീതി (Multiphases in content transaction) ഇപ്പോൾ തന്നെ നിലവിലുണ്ട്. അതൊരുതരം തൊഴിൽ വിഭജനമാണ്. അതായത്, ക്ലാസ്​ പ്ലാൻ ചെയ്യുന്ന ആൾതന്നെ അത്​ പഠിപ്പിക്കണം എന്നില്ല.

പാഠഭാഗത്തിനുവേണ്ട നോട്ടും പഠനസഹായകങ്ങളും തയാറാക്കുക പഠിപ്പിക്കുന്നയാൾ ആവില്ല. മൂല്യനിർണയം നടത്തുന്നത്​ അധ്യാപകൻ പോലുമാവണമെന്നില്ല. വാർഷിക മൂല്യനിർണയത്തിന്​ അധ്യാപകർക്ക്​ ചുമതല ഉണ്ടായേക്കില്ല. ഒരുവിഷയം പഠിപ്പിക്കാൻ ഒരധ്യാപകൻ എന്ന രീതി അവസാനിക്കും. മറ്റൊരാൾ തയാറാക്കിയ പാഠാസൂത്രണത്തിനനുസരിച്ച്​ പാഠഭാഗം അവതരിപ്പിക്കുന്ന 'പ്രസൻറർ' എന്ന റോളിലേക്ക്​ ക്ലാസ്റൂം അധ്യാപകർ മാറും. പ്രത്യക്ഷത്തിൽ വികേന്ദ്രീകൃതം എന്നുതോന്നുമെങ്കിലും രീതിശാസ്ത്രത്തി​െൻറ കേന്ദ്രീകരണമാവും അധ്യാപനത്തിൽ സംഭവിക്കുക. ടീച്ചിങ്​ ആപ്പുകളും ലേണിങ്​ മാനേജ്മെൻറ്​ സംവിധാനങ്ങളും(LMS)അറിവുനൽകൽ എന്ന അധ്യാപകരുടെ മുഖ്യ ഉത്തരവാദിത്തം ഏറ്റെടുക്കും.

ബ്ലെൻഡഡ് ടീച്ചിങ്

എൻ.ഇ.പി നടപ്പാക്കുമ്പോൾ തീർച്ചയായും സ്വീകരിക്കപ്പെടുന്ന ക്ലാസ്​റൂം അധ്യാപന സംവിധാനങ്ങളിലൊന്ന്​ സംയോജിത അധ്യാപനം (ബ്ലെൻഡഡ് ടീച്ചിങ്) ആയിരിക്കും. സാങ്കേതിക വിദ്യാഭ്യാസത്തി​െൻറ വളർച്ചക്കൊപ്പം 2010-11 മുതൽതന്നെ അത് വന്നുകഴിഞ്ഞതാണ്. മുഖാമുഖം നടക്കുന്ന ക്ലാസുകൾക്കുപുറമെ ഓൺലൈൻ സംവിധാനങ്ങളിൽക്കൂടി അനുബന്ധ അധ്യയനം നൽകലാണ്​ സംയോജിത അധ്യാപനം കൊണ്ട്​ ഉദ്ദേശിക്കുന്നത്. 'ഒ.ഇ.ആർ' എന്ന്​ ചുരുക്കിവിളിക്കുന്ന ഒാപൺ എജുക്കേഷനൽ റിസോഴ്സുകളുടെ യഥേഷ്​ട ലഭ്യത സംയോജിത അധ്യാപനത്തെ വളരെ വേഗം വ്യാപകമാക്കും. (ഓൺലൈനിൽ സൗജന്യമായി ആർക്കും എത്രതവണ വേണമെങ്കിലും ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും സാധിക്കുന്ന സ്​റ്റഡി മെറ്റീരിയലുകളാണ് ഒ.ഇ.ആർ).

പാഠഭാഗങ്ങൾ പഠിപ്പിക്കാൻ വേണ്ടുന്ന സ്കൂൾ സമയം ലഘൂകരിക്കാൻ കഴിയും എന്നതാണ്​ സംയോജിത അധ്യാപനത്തി​െൻറ ഗുണം. അധ്യാപനം മെച്ചപ്പടുത്താനാവശ്യമായ ഗവേഷണങ്ങൾ, കേസ്​ സ്​റ്റഡികൾ, സ്വയാർജിത നൈപുണി വികസനങ്ങൾ എന്നിവ ഏറ്റെടുക്കാൻ ഈ സമയലാഭം അധ്യാപകർക്ക്​ ഉപകരിച്ചേക്കും. സർവിസിലിരിക്കുന്ന അധ്യാപകർക്കായി നടത്തുന്ന കോഴ്സുകൾക്കുവേണ്ടി ചെലവഴിക്കപ്പെടുന്ന വൻതുക ലാഭിക്കാനും അത്​ ഇതര മേഖലയിലേക്ക്​ തിരിച്ചുവിടാനും സർക്കാറിന്​ കഴിയുമെന്നതാണ്​ യഥാർഥ അജണ്ട. കൂടുതൽ വിദ്യാർഥികൾ വിദ്യാലയത്തിലെത്തുമ്പോൾ അതിനനുസൃതമായി കൂടുതൽ അധ്യാപകരെ നിയമിക്കേണ്ടിവരും എന്ന ബാധ്യതയിൽനിന്ന്​ തടിയൂരാൻ സംയോജിത അധ്യാപനരീതി സർക്കാറിനെ സഹായിക്കും.


മാറേണ്ടിവരും, സ്കൂളുകളും

ഇന്ത്യയിൽ 1947ൽ ശരാശരി 20 ശതമാനം വിദ്യാർഥികൾക്കാണ്​ എത്തിപ്പെടാവുന്ന അകലത്തിൽ സ്കൂളുകൾ (schools at reachable distance) ലഭ്യമായിരുന്നത്. 1958ൽ ദിവംഗതനാവും വരെയുള്ള കാലംകൊണ്ട് 61 ശതമാനം കുട്ടികൾക്കും അവരുടെ സമീപത്ത്​ സ്​കൂൾ വിദ്യാഭ്യാസം ലഭ്യമാക്കാൻ കഴിയുംവിധം പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ആസാദിന്​ കഴിഞ്ഞിരുന്നു. അദ്ദേഹം തുടങ്ങിവെച്ച അയൽപക്കസ്കൂൾ സംവിധാനം (neighbourhood school system) രാജ്യത്തെ ഗ്രാമങ്ങളിലേക്ക്​ സ്​കൂൾ വിദ്യാഭ്യാസം എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സാമ്പത്തികലക്ഷ്യം കേന്ദ്രീകരിച്ചുള്ള പുതിയനയങ്ങൾ കാര്യങ്ങളെ തിരിച്ചുമാറ്റുമെന്ന്​ ഭയപ്പെടേണ്ടിയിരിക്കുന്നു.

അധ്യയനകേന്ദ്രം എന്ന സ്ഥാനത്തുനിന്ന്​ സ്​കൂളുകൾ 'ലേണിങ്​ റിസോഴ്​സ്​ സെൻററുകൾ' ആയി മാറുകയും ആഗ്രഹമുള്ള പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാൻ കുട്ടികൾക്ക്​ കൂടുതൽ അവസരം നൽകേണ്ടിവരുകയും ചെയ്യും. നിലവിൽ നമ്മുടെ സ്കൂളുകളിലുള്ള അധ്യാപക പാറ്റേണുകൾക്കും മാറ്റംവരും. ക്ലാസ്​മുറികളിൽ അധ്യാപക-വിദ്യാർഥി അനുപാതം കുറയുമെങ്കിലും പുതിയ അധ്യാപക നിയമനം വേണ്ടിവരില്ല. അധ്യയനത്തിന്​ അധ്യാപനം മാത്രം എന്ന നിലവിലെ രീതി മാറുകയും സ്കൂളുകൾ ലഭ്യമാക്കുന്നതോ അല്ലാത്തതോ ആയ സോഴ്സുകളിൽനിന്ന് അറിവുനേടാൻ കുട്ടികൾക്ക്​ അവസരമുണ്ടാവുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അധ്യാപകരുടെ എണ്ണംകുറയുമല്ലോ.

ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകിയാൽ പോരാ, ഇക്കാര്യം പഠിതാക്കളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തേണ്ടിവരുകയും ചെയ്യും സ്കൂളുകൾക്ക്​. പഠനം കഴിഞ്ഞ്​ പുറത്തിറങ്ങുന്ന കുട്ടികളുടെ നിലവാരത്തി​െൻറ അടിസ്ഥാനത്തിൽ (output based assessment) വിലയിരുത്തപ്പെടുമ്പോൾ സ്കൂളുകൾ അക്കാദമിക രംഗത്ത്​ സൂക്ഷ്മമായി മാറിയേക്കും. ദേശീയ വിദ്യാഭ്യാസ നയത്തി​െൻറ സ്കൂൾ സംബന്ധിയായ നിർദേശങ്ങളിൽ മുഖ്യമാണ്​ ഇത്തരം മാറ്റങ്ങൾ. സ്കൂളുകൾ ഗുണപരമായ മാറ്റത്തിനു വിധേയമാവുമെന്ന്​ ​പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഇത്​ വാണിജ്യവത്​കരണത്തിനുള്ള മുന്നോടിയാണ്.

മാറ്റങ്ങളുടെ രാഷ്​ട്രീയം

ഭരണം കൈയാളുന്നവരുടെ രാഷ്​ട്രീയം ഏറ്റവുമധികം സ്വാധീനിക്കുന്ന മേഖലയാണല്ലോ വിദ്യാഭ്യാസം. കേന്ദ്രം ഭരിക്കുന്ന രാഷ്​ട്രീയ പ്രസ്ഥാനത്തി​െൻറ അജണ്ടകൾ ഈ പരിഷ്കാരങ്ങളുടെ മറവിൽ സ്കൂൾ വിദ്യാഭ്യാസത്തിലേക്ക്​ തിരുകിക്കയറ്റപ്പെടാൻ സാധ്യത കൂടുതലാണ്. ചില സ്വാതന്ത്ര്യസമര സേനാനികളും രക്തസാക്ഷികളും ചരിത്ര സിലബസുകളിൽനിന്ന്​ അപ്രത്യക്ഷരാവുന്നതും ആസാദി കാ അമൃത്​ മഹോത്സവി​െൻറ പോസ്​റ്ററിൽനിന്ന്​ നെഹ്​റുവിനെ വെട്ടിമാറ്റിയതും മറ്റു ചിലരെ ഉയർത്തിക്കാട്ടുന്നതുമെല്ലാം ഇതി​െൻറ ഭാഗമാണ്​. ഇന്ത്യൻ അറിവുകൾ, സംസ്കാരം തുടങ്ങിയ ആശയങ്ങളെ ഏകാത്മക കാഴ്ചപ്പാടിലേക്ക്​ ചുരുക്കുന്നതും അപകടകരമായ രാഷ്​ട്രീയ താൽപര്യമാണ്. തിരുത്തപ്പെടുകയും ചേർക്കപ്പെടുകയുംചെയ്യുന്ന എല്ലാത്തിനും വ്യക്തമായ ലക്ഷ്യങ്ങളുണ്ടാവുമെന്നത്​ അധ്യാപനത്തി​െൻറ അന്താരാഷ്​ട്ര നിലവാരമെന്ന പ്രഘോഷണത്തിനൊപ്പം ചേർത്തുവായിക്കണം.

മുൻകാലങ്ങളിലെപ്പോലെ അധിക സമയം എടുത്താവില്ല ഇനി വ്യവസ്ഥിതികൾ മാറുക, മറിച്ച്​ നോക്കിയിരിക്കവേയായിരിക്കും. സാംസ്കാരിക നയത്തിലൂന്നിയ വിദ്യാഭ്യാസം ​വാണിജ്യ നയത്തിലേക്ക്​ രൂപമാറ്റം ചെയ്യപ്പെടുന്നത്​ വരുംവർഷങ്ങളിൽ നമുക്ക്​ കാണാം. ആ മാറ്റങ്ങളെ രാജ്യത്തി​െൻറ പൊതു ജനാധിപത്യ മതേതര താൽപര്യങ്ങൾക്ക്​ വിരുദ്ധമാവാതെ, ഇടുങ്ങിയ രാഷ്​​ട്രീയ താൽപര്യങ്ങൾക്കുമുമ്പിൽ അടിയറവെക്കാതെ കാത്തുസൂക്ഷിക്കേണ്ടത്​ പൊതുസമൂഹത്തി​െൻറയാകെ ഉത്തരവാദിത്തമാണ്. ഈ ദേശീയ വിദ്യാഭ്യാസദിനം അതിനുള്ള അവസരമാവണം.

(ഒറ്റപ്പാലം എൻ.എസ്​.എസ്​ ട്രെയിനിങ്​ കോളജ്​ സാമൂഹിക ശാസ്​ത്രവിഭാഗം മേധാവിയാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education policyabul kalam azadNational Policy on Education
News Summary - National Policy on Education is away from Abul Kalam Azad
Next Story