Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസത്യസന്ധരുടെ സമ്പദ്...

സത്യസന്ധരുടെ സമ്പദ് വ്യവസ്ഥ

text_fields
bookmark_border
സത്യസന്ധരുടെ സമ്പദ് വ്യവസ്ഥ
cancel

നോട്ടു പിന്‍വലിക്കല്‍ എന്ന കൊടുങ്കാറ്റില്‍ ഇന്ത്യയാകെ ആടിയുലഞ്ഞിട്ട് അമ്പതിലേറെ ദിവസങ്ങള്‍ കടന്നുപോയിരിക്കുന്നു. ഇതിന്‍െറ ഹ്രസ്വകാല ഫലങ്ങള്‍ നോക്കിയാല്‍ ഇതൊരു ദേശീയ ദുരന്തമായിരുന്നു. സ്വന്തം പണം പിന്‍വലിക്കാന്‍വേണ്ടി വരിനിന്ന് നിരവധിപേര്‍ക്ക്  ജീവന്‍ നഷ്ടപ്പെട്ടു രാജ്യത്ത് എന്നത് ഒരു ഞെട്ടലോടെയേ ഓര്‍ക്കാന്‍ കഴിയൂ. നിരവധിപേരുടെ ജീവിതങ്ങള്‍ താറുമാറായി. കാര്‍ഷികമേഖലയില്‍  അടക്കം പല മേഖലകളിലും ഉല്‍പന്നങ്ങള്‍ വിലകിട്ടാതെ നശിച്ചു. ഉല്‍പാദനം തന്നെ നിലച്ചും മന്ദഗതിയിലായും  പലര്‍ക്കും  തൊഴില്‍ നഷ്ടപ്പെട്ടു. സാധാരണക്കാരായ മനുഷ്യര്‍ സ്വന്തം സമ്പാദ്യത്തില്‍നിന്നും വരുമാനത്തില്‍നിന്നും ചെറിയ തുകകള്‍ പോലും പിന്‍വലിക്കാന്‍ കഴിയാതെയും, കഴിഞ്ഞാല്‍ത്തന്നെ അതിനായി മണിക്കൂറുകളും ദിവസങ്ങളും ചെലവഴിച്ചും ഭരണകൂടത്തിന്‍െറ ഒൗദാര്യം തേടുന്ന നിസ്സഹായരായി ഇപ്പോഴും തുടരുകയാണ്.

ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെയും നഗരങ്ങളിലെ അസംഘടിത മേഖലയിലെയും  പാവപ്പെട്ട തൊഴിലാളികള്‍ക്ക് അവര്‍ക്കുള്ള പരിമിതമായ വരുമാനം പോലും നഷ്ടപ്പെട്ട് കൂടുതല്‍ പട്ടിണിയിലും ദുരിതത്തിലും ജീവിതം തള്ളിനീക്കേണ്ട സ്ഥിതിവിശേഷമുണ്ടായി. ഇപ്പോഴും ഈ ദുരിതകാണ്ഡം അവസാനിച്ചിട്ടില്ല. എല്ലായിടത്തും നോട്ടുക്ഷാമം രൂക്ഷമാണ്. എ.ടി.എമ്മുകള്‍ പലതും അടഞ്ഞുകിടക്കുന്നു. സത്യസന്ധരുടെ സമ്പദ് വ്യവസ്ഥയായി ഇന്ത്യന്‍ സാമ്പത്തികരംഗം മാറാന്‍പോകുന്നു എന്നാണു ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, എന്താണ് യഥാര്‍ഥത്തില്‍ ഇതിനു പിന്നിലെ അജണ്ട എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.

കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കി സമ്പദ്വ്യവസ്ഥയെ ഉന്മേഷഭരിതമാക്കാനാണ് ഈ സാഹസത്തിനു മുതിര്‍ന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഒപ്പംതന്നെ പണരഹിത വിപണിയുടെ ഡിജിറ്റല്‍ ലോകത്തേക്ക് ജനതയെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. റദ്ദാക്കിയ നോട്ടുകളില്‍ തൊണ്ണൂറു ശതമാനവും ബാങ്കുകളില്‍ തിരിച്ചത്തെി എന്നത് കള്ളപ്പണത്തെക്കുറിച്ചുള്ള പ്രസ്താവനകളെ ദുര്‍ബലപ്പെടുത്തുന്നു. കള്ളനോട്ടുകളുടെ കാര്യത്തില്‍ മാത്രമാണ്, ഹ്രസ്വകാലത്തേക്കെങ്കിലും, ഒരു ചെറിയ ആഘാതം ഏല്‍പിക്കാന്‍ കഴിഞ്ഞത്.

ഒറ്റയടിക്ക് ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും കള്ളനോട്ടുകള്‍, നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ അവയുടെ അളവ് എത്ര കുറവോ കൂടുതലോ ആയിരുന്നുവെങ്കിലും, പൂര്‍ണമായും ഉപയോഗരഹിതമായിത്തീര്‍ന്നു. അതുപോലെ, കൂടുതല്‍ പേര്‍ ക്രയവിക്രയങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി എന്നതും ശരിയാണ്. എന്നാല്‍, അതിനു കഴിയാത്തവരുടെ ശതമാനം ഇപ്പോഴും വളരെ വലുതാണ് എന്നത് അവഗണിക്കാന്‍ കഴിയാത്ത വസ്തുതയുമാണ്. ഏറ്റവും പ്രാഥമികതലത്തിലുള്ള അടിസ്ഥാന ഡിജിറ്റല്‍ സൗകര്യങ്ങള്‍പോലും പല പ്രദേശങ്ങളിലും ഇനിയും രൂപംകൊണ്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 

ഈ സാഹചര്യത്തില്‍ എന്താണ് യഥാര്‍ഥത്തില്‍ ഈ നോട്ടു റദ്ദാക്കല്‍ പരിപാടിയുടെ ഉള്ളടക്കം എന്നത് കൂടുതല്‍ അവധാനതയോടെ ആലോചിക്കേണ്ടിയിരിക്കുന്നു. ഇതിന്‍െറ ഏറ്റവും വലിയ സവിശേഷത ഇത് നടപ്പാക്കിയ രീതിതന്നെ ആയിരുന്നു. ഇതിന്‍െറ യുക്തിയെക്കുറിച്ചുള്ള ആലോചനകള്‍ പലതും ചെന്നത്തെിനിന്നത് ഇതുണ്ടാക്കിയ കറന്‍സിക്ഷാമം എങ്ങനെ വിശദീകരിക്കണം എന്നതിലായിരുന്നു. എന്തുകൊണ്ടാണ് പകരം നോട്ടുകള്‍ വിതരണത്തിന് തയാറാക്കാതെ ഇത്തരമൊരു നയം പ്രഖ്യാപിച്ചത് എന്നത് പ്രധാനമന്ത്രിയുടെ അനുയായികളെപ്പോലും അലട്ടിയ പ്രശ്നമായിരുന്നു. ഇതാണ് ഈ നയത്തെ പ്രത്യക്ഷത്തില്‍ കൂടുതല്‍ ജനവിരുദ്ധമാക്കിയത്.

അതോടൊപ്പം തന്നെ എ.ടി.എമ്മുകളില്‍നിന്നും ബാങ്കുകളില്‍നിന്നും പിന്‍വലിക്കാന്‍ കഴിയുന്ന തുകക്ക് വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ആവശ്യത്തിനു നോട്ടുകള്‍ ഇല്ലാതിരിക്കുകയും പണം പിന്‍വലിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുകയും ചെയ്തത് തികച്ചും അബദ്ധപൂര്‍ണമായ ഒരു നടപടിയായി എന്ന് നോട്ടു റദ്ദാക്കലിനെ  വിമര്‍ശിച്ചവരെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോദി ‘തെറ്റ് സമ്മതിക്കണം’ എന്ന് പലരും ആവശ്യപ്പെടുന്നതിന്‍െറ അടിസ്ഥാനം ഈ വാദമാണ്. ഇത്തരത്തില്‍ മോദി ‘പറ്റിപ്പോയി’ എന്ന് സമ്മതിക്കേണ്ട നയപരമായ ഒരു പാളിച്ച മാത്രമാണോ നോട്ടു റദ്ദാക്കല്‍ നടപടി? കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ ഒരു സാമ്പത്തിക വിഡ്ഢിത്തം ആയിരുന്നുവോ ഇത്?

കള്ളപ്പണം കണ്ടത്തൊനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥക്ക് പുതുജീവന്‍ നല്‍കാനുമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത് എന്ന് ഇപ്പോഴാരും കരുതുന്നില്ല. ഇതിനൊന്നും നോട്ടു പിന്‍വലിക്കല്‍ പോലെ ഒരു നടപടി ആവശ്യമുണ്ടായിരുന്നില്ല. അതുതന്നെ ഇപ്പോള്‍ നടപ്പാക്കിയ രീതിയില്‍ ചെയ്യേണ്ട കാര്യവും ഉണ്ടായിരുന്നില്ല. എങ്കില്‍പിന്നെ ഇതിന്‍െറ പിന്നിലെ അജണ്ട എന്താണ് എന്ന് വിശദമായി പരിശോധിക്കേണ്ടതല്ളേ? എന്തായിരുന്നു ഈ പരീക്ഷണത്തിന്‍െറ സാമ്പത്തികയുക്തി എന്നത് പ്രധാനപ്പെട്ട ഒരു ചിന്താവിഷയം തന്നെയാണ്.

ബാങ്കുകളും ഭരണകൂടവും കോര്‍പറേറ്റുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാര്‍ക്സും  ലെനിനും ഏറെ എഴുതിയിട്ടുണ്ട്. ബാങ്കുകള്‍ക്ക്  മുതലാളിത്ത വ്യവസ്ഥയിലുള്ള പ്രാധാന്യത്തെക്കുറിച്ച് പല പഠനങ്ങളിലും ലെനിന്‍ വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. ബാങ്കുകളുടെ തകര്‍ച്ച എങ്ങനെ സമ്പദ്വ്യവസ്ഥയെ കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന് 2008ലെ അമേരിക്കന്‍ പ്രതിസന്ധി കാട്ടിത്തന്നതാണ്. അന്ന് ഒബാമ ഭരണകൂടം ബാങ്കുകളെ രക്ഷിക്കാന്‍ നടത്തിയ ഇടപെടലുകള്‍ മാര്‍ക്സ്  മുതല്‍ കെയിന്‍സ് വരെയുള്ള പല സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ഇക്കാര്യത്തെക്കുറിച്ചു നടത്തിയ പഴയ വിശകലനങ്ങളെ മുഴുവന്‍ ഒരര്‍ഥത്തില്‍ ശരിവെക്കുന്നതായിരുന്നു.

കിട്ടാക്കടങ്ങള്‍കൊണ്ട് ബാങ്കുകള്‍ തകരുകയും ഭരണകൂട ഇടപെടലുകളിലൂടെ അവയെ രക്ഷിച്ചെടുക്കുകയും ചെയ്ത കാഴ്ചയാണ് അന്ന് നാം അമേരിക്കയില്‍ കണ്ടത്. നികുതിദായകരുടെ പണം ഇതിനായി ഭരണകൂടം ഉപയോഗിച്ചതിനെതിരെ അവിടെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. പക്ഷേ, അത്തരം എതിര്‍പ്പുകള്‍ അമേരിക്കന്‍ ഭരണകൂടം അവഗണിക്കുകയാണ് ഉണ്ടായത്. 

ഇന്ത്യയിലെ ബാങ്കിങ് മേഖലയും സമാനമായ ഒരു തകര്‍ച്ചയിലേക്ക് നീങ്ങുന്നു എന്നതിന്‍െറ ശക്തമായ സൂചനകളുണ്ടായിരുന്നു. കോര്‍പറേറ്റ് കടം മൊത്തം ആഭ്യന്തര ഉല്‍പന്നത്തിന്‍െറ ശതമാനം എന്നനിലയില്‍   മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ കുറവാണെങ്കിലും തിരിച്ചടക്കാന്‍ കഴിയാത്ത കടങ്ങള്‍ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക്  കൂടുതലാണ് എന്നതിന്‍െറ കണക്കുകള്‍ ലഭ്യമാണ്. വിജയ് മല്യ മാത്രമല്ല, ചെറുതും വലുതുമായ കോര്‍പറേറ്റ് സംവിധാനങ്ങളൊന്നാകത്തെന്നെ ബാങ്കുകളെ കുത്തുപാള എടുപ്പിക്കാന്‍ പോന്നത്ര വലിയ കടബാധ്യതകള്‍ പേറുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇത് ഇന്ത്യയിലെ ബാങ്കിങ് മേഖലയെ വലിയ ഒരു തകര്‍ച്ചയിലേക്ക് തള്ളിയിടുകയായിരുന്നു. ഈ കടങ്ങള്‍ എങ്ങനെ എഴുതിത്തള്ളി കോര്‍പറേറ്റുകളെ രക്ഷിക്കും എന്ന ചിന്തയില്‍നിന്നാണ് യുക്തിബദ്ധം എന്ന് ഞാന്‍ കരുതുന്ന ഈ ജനവിരുദ്ധ നോട്ടു റദ്ദാക്കല്‍ നയം രൂപംകൊണ്ടത്.

കഴിയുന്നത്ര പണം ബാങ്കുകളിലത്തെിക്കുക എന്ന ലക്ഷ്യംമാത്രം മുന്‍നിര്‍ത്തിയാണ് ഈ നയം പ്രഖ്യാപിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ പകരം നോട്ടുകള്‍ അടിക്കാതിരുന്നതും  പണം പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും നയപരമായ പാളിച്ചയോ അബദ്ധമോ അല്ല, മറിച്ചു കോര്‍പറേറ്റുകളും ബാങ്കുകളും ഭരണകൂടവും കൂടി ആലോചിച്ചു നടപ്പാക്കിയ ഈ പകല്‍ക്കൊള്ളയുടെ ഒഴിവാക്കാനാവാത്ത ഘടകങ്ങളായിരുന്നു. ഇത് കൊള്ളയാണെന്ന് മന്‍മോഹന്‍സിങ് പറഞ്ഞതിന്‍െറ അര്‍ഥം ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. 

ഇങ്ങനെ ഒരു നിര്‍ബന്ധിത നിക്ഷേപസമാഹരണം നടപ്പാക്കുമ്പോള്‍ കുറെയധികം കള്ളപ്പണം തിരികെ വരാതിരിക്കും എന്ന അഭ്യൂഹത്തിലാണ് തുടക്കത്തില്‍ ഇതിനെ കള്ളപ്പണവേട്ടക്കുള്ള പരിപാടിയായി വിശദീകരിക്കാന്‍ സാധ്യമായത്. കോര്‍പറേറ്റ് കടങ്ങള്‍ ഒന്നൊന്നായി എഴുതിത്തള്ളാനും, കൂടുതല്‍ പണം ക്രെഡിറ്റ് വിപണിയില്‍ എത്തിക്കാനും കഴിയുന്ന ഈ പദ്ധതിയുടെ ഗൂഢമായ അജണ്ട വെളിവാകുന്നതിന്‍െറ സൂചനയാണ് പലിശനിരക്കുകളില്‍ ഇപ്പോള്‍ വരുത്തുന്ന കുറവ് കാട്ടിത്തരുന്നത്.

കോര്‍പറേറ്റുകളെ നിലക്കുനിര്‍ത്താനോ, അവരെക്കൊണ്ട് എടുത്ത പണം തിരിച്ചടപ്പിക്കാനോ ഈ ഭരണകൂടത്തിനു കെല്‍പില്ല. പകരം ആ ബാധ്യത സാധാരണക്കാരുടെമേല്‍ നിഷ്കരുണം അടിച്ചേല്‍പിച്ചു എന്നതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. ഇത് സത്യസന്ധരുടെ ഒരു സമ്പദ്വ്യവസ്ഥയെയല്ല, മറിച്ചു ഒരു ജനതയെ ഒന്നാകെ ദ്രോഹിച്ചുകൊണ്ടുപോലും കേവലമായ കോര്‍പറേറ്റ് കൊള്ളക്ക്  നിര്‍ലജ്ജം ഒത്താശചെയ്യുന്ന ഭരണകൂടത്തിന്‍െറ നിസ്സീമമായ കാപട്യത്തെയാണ്  കാട്ടിത്തരുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetization
News Summary - economic system of true persons
Next Story