സാമ്പത്തികമാന്ദ്യം പരിഹരിക്കാൻ ഫാസ്​റ്റ്​ ഫുഡ്​ അല്ല ബാങ്ക്​ വായ്​പ

parle
(കടപ്പാട്​: ന്യൂസ്​ 18)

ജീവിതത്തി​െൻറ എല്ലാ തുറകളിലും കമ്പോളച്ചുരുക്കവും സാമ്പത്തികമാന്ദ്യവും എത്തിക്കഴിഞ്ഞു. ഇക്കാര്യം പരസ്യമായി അംഗീകരിക്കാത്ത കേന്ദ്ര ധനമന്ത്രിപോലും ഈ കെടുതിയെ ശമിപ്പിക്കാനായി നാല് ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചു. ബാങ്കുകൾക്ക് 70,000 കോടി രൂപ, വാഹനനിർമാതാക്കൾക്ക് 50,000 കോടി, കോർപറേറ്റ് നികുതി സൗജന്യം 1,45,000 കോടി തുടങ്ങിയ പരിഹാരക്രിയകളൊന്നും പക്ഷേ, ഏശിയില്ല. ആവനാഴിയിലെ അമ്പൊഴിഞ്ഞതിനാലാകണം, അധരവ്യായാമങ്ങളിലാണ് ഇപ്പോൾ അഭയംതേടിയിരിക്കുന്നത്. 70,000 കോടി രൂപ മൂലധനം വരുന്ന മുറക്ക്​ തത്സമയം വിതരണം നടത്താവുന്ന ഫാസ്​റ്റ്​ ഫുഡല്ല ബാങ്ക് വായ്പ. അത് തിരക്കേറിയ നിരത്തിലൂടെ വാഹനമോടിക്കുന്നതിനേക്കാൾ ജാഗ്രത വേണ്ടതാണ്. ഇടപാടുകാരെ ഓടിച്ചിട്ട് പിടിച്ചുകൊണ്ടുവന്ന് വായ്പ ഉത്തേജക മരുന്ന് കൊടുക്കുമ്പോൾ, കിട്ടാക്കടക്കുരുക്ക് മുറുകും. ദേഹമാസകലം പൊള്ളലേറ്റുകഴിയുന്ന, എൻ.പി.എ ബാധിത ബാങ്കുകൾ വായ്പാമേളയെന്ന അതിസാഹസത്തിനൊന്നും സ്വമേധയാ വഴങ്ങില്ല. അഞ്ചു​ ലക്ഷം കാറുകളും 30 ലക്ഷം ടൂവീലറുകളും ടൺകണക്കിന് തുണിത്തരങ്ങളുമാണ് രാജ്യത്ത് വിൽപന നടത്താനാകാതെ കെട്ടിക്കിടക്കുന്നത്. പ്രതിസന്ധി തീർക്കാതെ, ബലൂൺ വീർപ്പിക്കുന്ന മാതൃകയിൽ മുതലാളിമാർക്ക് ആനുകൂല്യങ്ങളും നികുതിസൗജന്യങ്ങളും നൽകിയതുകൊണ്ട് സമ്പദ്​വ്യവസ്​ഥ ചലിക്കുകയില്ല.

അപ്പോൾ രോഗമെന്ത്?
വാഹന ഉടമകൾ മാത്രമല്ല, പാർലെ ബിസ്കറ്റ് കമ്പനിയും ബ്രിട്ടാനിയയും തിരുപ്പൂരിലെ തുണിമില്ലുടമകളും അവരുടേതായ നിലയിൽ മാറത്തടിച്ച് കരയുകയാണ്. ഓട്ടോറിക്ഷയിലും ബാർബർഷോപ്പിലും ൈഡ്രക്ലീനിങ്​ കടയിലും സാമ്പത്തികമാന്ദ്യത്തി​െൻറ തേങ്ങലുകളുയരുന്നു. പുഴയൊഴുകുംപോലെ സ്വച്ഛന്ദം, തുടർച്ചയോടെ നീങ്ങേണ്ടതാണ് നാടി​​െൻറ സമ്പദ്​വ്യവസ്​ഥ. വിവിധ ഘടകങ്ങളുടെ പാരസ്​പര്യത്താലും മുൻപിൻ ബന്ധങ്ങളെ കോർത്തിണക്കിയും മുന്നോട്ടുനീങ്ങേണ്ട ജൈവപ്രക്രിയയാണത്. ഏറ്റവും അടിസ്​ഥാനമായി വർത്തിക്കുന്ന കാർഷിക മേഖലയിൽനിന്ന് തുടങ്ങുന്നു അതി​െൻറ പ്രാരംഭപ്രവർത്തനം. ഇന്ത്യയുടെ അനൗപചാരിക മേഖലയാകട്ടെ, കാർഷിക മേഖലയോട് ചേർന്നുകിടക്കുന്ന അതിബൃഹത്തായ വികസന മേഖലയാണ്. ഇവ ഉൗർജസ്വലമാകുമ്പോഴാണ് വ്യവസായ, സേവനമേഖല തളിരിടുന്നതും പുഷ്പിക്കുന്നതും.

1990ൽ തുടങ്ങിയ പുതിയ സാമ്പത്തികനയങ്ങൾ കൃഷിയെയും അനൗപചാരിക മേഖലയെയും തളർത്തി ഗ്ലാമറില്ലാത്തതെന്ന് വിധിയെഴുതി. 2016ലെ നോട്ടുനിരോധനവും 2017ലെ ജി.എസ്.​ടിയും കൂടിയായതോടെ ഈ വികസനമേഖലകൾ അടിപതറി വീണു. ഇന്ത്യൻജനതയിലെ 54 ശതമാനവും ജീവനോപാധിയായി ഇപ്പോഴും ആശ്രയിക്കുന്നത് കാർഷിക മേഖലയെയാണ്. അതിവിശാലമായ അനൗപചാരിക മേഖല രാജ്യത്തി​െൻറ ജി.ഡി.പിയിലേക്ക് 45 ശതമാനമേ സംഭാവന ചെയ്യുന്നുള്ളൂവെങ്കിലും, മികച്ച തൊഴിൽദായകരെന്ന നിലയിൽ 94 ശതമാനം തൊഴിൽശക്തിയെ ഉൾക്കൊള്ളുന്നുണ്ട്. മറ്റൊന്ന്, നവലിബറൽ നയങ്ങളുടെ സ്വാധീനത്താൽ, കേന്ദ്ര സർക്കാർ സർവിസിലും പൊതുമേഖല സ്​ഥാപനങ്ങളിലും സ്​ഥിരം നിയമനങ്ങൾ നിലച്ചു. 2018 മാർച്ചിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ സ്​ഥിരം നിയമനങ്ങൾ ഇല്ലാതാക്കുന്ന ഉത്തരവ് ഇന്ത്യൻ യുവതയുടെ ജീവിതസ്വാതന്ത്ര്യത്തെയാണ് തല്ലിക്കെടുത്തിയത്. അതോടൊപ്പം സമ്പദ്​വ്യവസ്​ഥയിൽ ഉപഭോഗതൃഷ്ണയുണ്ടാക്കാൻ കഴിയുന്ന മധ്യവർഗസാന്നിധ്യം ഇല്ലാതാക്കുകയും ചെയ്തു. ഇന്ത്യക്കാരു​ടെ ഉപഭോഗനിരക്ക് ഏറ്റവും കുറഞ്ഞ അളവിൽ എത്തിച്ചേർന്നത് ഇതി​െൻറയെല്ലാം ഫലമായിട്ടാണ്. തൊഴിലുകളെല്ലാം കാഷ്വൽ, താൽക്കാലിക, കോൺട്രാക്ട് സംവിധാനത്തിലൂടെയായപ്പോൾ കൂലിവരുമാനം ശുഷ്കിക്കുകയും സാധാരണക്കാരുടെ വാങ്ങൽകഴിവ് നിരന്തരം ശോഷിക്കുകയും ചെയ്തു.

അതേസമയം, സമ്പന്നമായ നാടി​െൻറ ആസ്​തികൾ ഏതാനും കോർപറേറ്റുകളിൽ സാന്ദ്രീകരിക്കാനും കേന്ദ്രീകരിക്കാനും ഉതകുന്ന നടപടികൾ കേന്ദ്ര സർക്കാർ ആവിഷ്​കരിച്ചു. ഒരു ശതമാനം അതിസമ്പന്നരുടെ പക്കൽ നാടി​െൻറ ആകെ സമ്പത്തിെ​ൻറ 58 ശതമാനം കുന്നുകൂടിയതി​െൻറ പരിണതഫലംകൂടിയാണ് കമ്പോളച്ചുരുക്കവും കമ്പോളമാന്ദ്യവും എന്നു കാണാം. രണ്ടായിരാമാണ്ട് വരെ ശതകോടീശ്വരന്മാരില്ലാതിരുന്ന നമ്മുടെ നാട്ടിൽ, ഇപ്പോൾ അവരുടെ എണ്ണം 119ലെത്തിനിൽക്കുന്നത്, നാടി​െൻറ വിഭവ​േസ്രാതസ്സുകളുടെ വിന്യാസത്തി​െൻറ ഭീകരമായ കയറ്റിറക്കത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇവരുടെ ആകെ ആസ്​തി കേന്ദ്ര സർക്കാറി​െൻറ കഴിഞ്ഞ വർഷത്തെ ബജറ്റി​െൻറ അടങ്കൽതുകയുടെ 120 ശതമാനം വരും. രൂക്ഷമായ തൊഴിലില്ലായ്മയും അതിരൂക്ഷമായ അസമത്വവുമാണ് സാമ്പത്തികമാന്ദ്യത്തി​െൻറ സുപ്രധാന പ്രത്യാഘാതങ്ങൾ. യുദ്ധക്കെടുതികളും അഭയാർഥി പലായനങ്ങളുമാണ് സാമ്പത്തികമാന്ദ്യത്തി​െൻറ മൂർധന്യത്തിൽ സംഭവിച്ചത്. കോർപറേറ്റുകളും ഭരണാധികാരികളും ലയിച്ചൊന്നാകുന്നിടത്ത് സംഭവിക്കുന്ന സാമൂഹികപ്രതിഭാസമാണ​ത്രെ ഫാഷിസമെന്നത്!

രോഗനിർണയം ഇതാ 
ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നതും  വാങ്ങാനാളില്ലാത്തതുമാണ് ഇന്നത്തെ സാമ്പത്തികപ്രതിസന്ധിയുടെ നാരായവേര്. സമാന പ്രതിസന്ധി കാർഷിക, അനൗപചാരിക മേഖലയിൽ ദീർഘനാളായുണ്ട്. പക്ഷേ, ദുരിതം പേറിയവർ സമൂഹത്തിലെ വെണ്ണപ്പാളികളിൽപെടാത്തവരായതിനാൽ സമൂഹം പരിഗണിച്ചില്ല; മുഖ്യധാര ചർച്ചയാക്കിയില്ല. അവരുടെ ദീനരോദനങ്ങളുടെ പിന്നാമ്പുറം പരിശോധിക്കുന്നതിനും നിർധാരണം നടത്തുന്നതിനും ഒരു ശ്രമവുമുണ്ടായില്ല. അതിനാൽ ശതക്കണക്കിനാളുകൾ ചത്തൊടുങ്ങി. ലക്ഷങ്ങൾക്ക് തൊഴിലിടം വിട്ട് കൂടുമാറി പോകേണ്ടിവന്നു. ഒരു സമ്പദ്​വ്യവസ്​ഥയുടെ സ്വാഭാവിക പ്രക്രിയയെന്നവിധം, ഈ മേഖലയിലെ മരവിപ്പ് അരിച്ചരിച്ച് തൊട്ടടുത്ത വികസനമേഖലയായ വ്യവസായരംഗത്തേക്കും സേവനമേഖലയിലേക്കും എത്തിയപ്പോൾ ടൂവീലർ, കാർ ഉടമകളെയും ബ്രിട്ടാനിയ ബിസ്​കറ്റ് കമ്പനികളെയും ടെക്​സ്​റ്റൈൽ സംരംഭകരെയും പൊള്ളിക്കാൻ തുടങ്ങി. അങ്ങനെ മേൽത്തരം-ഇടത്തരം മുതലാളിമാരുടെ അസ്​ഥിയിൽ ശരം തറക്കാൻ തുടങ്ങിയപ്പോഴാണ്, അപ്പോൾ മാത്രമാണ്, പത്രമാധ്യമങ്ങളും അധികാരികളും സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് ഉരിയാടിത്തുടങ്ങിയത്.

ഉടനടി പ്രശ്നപരിഹാരം കണ്ടെത്തിയില്ലെങ്കിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഇക്കൂട്ടർ വാചാലരാകുകയും തുടർന്ന് കോർപറേറ്റുകൾക്ക് സമാശ്വാസം നൽകാൻ നിരവധി ഉത്തേജനപാക്കേജുകൾ സജ്ജമാക്കുകയും ചെയ്തു. പക്ഷേ, എത്ര വലിയ ആനുകൂല്യം ലഭിച്ചാലും ഇന്നത്തെ കാലാവസ്​ഥയിൽ ഒരു രൂപപോലും അധിക മൂലധനമിറക്കാനോ ഉൽപാദനം വർധിപ്പിക്കാനോ മുതലാളിമാർ സന്നദ്ധരാകില്ല. സർക്കാറിൽനിന്ന് ലഭ്യമാകുന്ന വൻ ഇളവുകൾ അവർക്ക് ആശ്വാസമുണ്ടാക്കുമെന്നത് തീർച്ച. പക്ഷേ, കെട്ടിക്കിടക്കുന്ന ഉൽപന്നങ്ങൾ വിറ്റുപോകണമെങ്കിൽ, അസംഖ്യം വരുന്ന സാധാരണ ഉപഭോക്താക്കളുടെ പക്കൽ പണമെത്തിക്കുകയാണ് വേണ്ടത്. അങ്ങനെ പണം വന്നാൽ അവർ വർധിച്ച അളവിൽ സാധനസാമഗ്രികൾ വാങ്ങാൻ തുടങ്ങും. തൽഫലമായി ഇവയുൽപാദിപ്പിക്കുന്ന മുതലാളിമാരുടെ ബിസിനസ്​ വർധിക്കുകയും ലാഭം കൂടുകയും ചെയ്യും. അത്​, സാമ്പത്തികമാന്ദ്യത്തെ ലഘൂകരിച്ചുകൊണ്ട് ആഭ്യന്തരകമ്പോളം ചലനാത്മകമാകുന്നതിന് വഴിയൊരുക്കും.

പരിഹാരമുണ്ട്, കൺമുന്നിൽ
ഇന്ത്യയിൽ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന 42 കോടി തൊഴിലാളികളുണ്ട്. അവരുടെ മിനിമം കൂലി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് 2017ൽ 176 രൂപയും 2019ൽ 178 രൂപയുമാണ്. എല്ലാ േട്രഡ്​ യൂനിയനുകളും സംയുക്തമായി ആവശ്യപ്പെടുന്ന മിനിമം കൂലി 600 രൂപയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്​​റ്റോയിലെ വാഗ്ദാനം 477 രൂപയാണ്. പ്രസ്​തുത 42 കോടി തൊഴിലാളികളുടെ മിനിമം കൂലിനിരക്ക് 200-300 രൂപ കണ്ട് വർധിപ്പിക്കാൻ തീരുമാനിച്ചാൽ, നാടി​െൻറ സമ്പദ്​വ്യവസ്​ഥയിൽ വരുന്ന ആറു മാസത്തിനകം വമ്പിച്ച കുതിച്ചുചാട്ടം ഉണ്ടാക്കാനാകും. പ്രതിവർഷം 250 തൊഴിൽദിനമെന്നു കണക്കാക്കിയാൽ ഈയൊരു നടപടിയിലൂടെ മാത്രം 25-30 ലക്ഷം കോടി രൂപയുടെ പണമൊഴുക്ക് സമ്പദ്ഘടനയിൽ ഉടലെടുക്കും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന് ഒരു അധികബാധ്യതയും ഉണ്ടാകുന്നില്ല. മിനിമം കൂലി 200-300 രൂപ ഉയർത്തുന്നതി​െൻറ ഫലമായി ഒരു സ്​ഥാപനവും അടച്ചുപൂട്ടേണ്ടിവരില്ല.

അതുപോലെ വിവിധ കേന്ദ്ര സർക്കാർ സ്​ഥാപനങ്ങളിലും പൊതുമേഖല സ്​ഥാപനങ്ങളിലുമായി നിലനിൽക്കുന്ന 28 ലക്ഷം സ്​ഥിരം തസ്​തികകൾ നികത്താൻ തീരുമാനിച്ചാൽ അഭ്യസ്​തവിദ്യരായ അത്രയും യുവജനങ്ങൾക്ക് സ്​ഥിരംതൊഴിലും മാന്യമായ ജീവിതവും സാധ്യമാകും. ഇങ്ങനെ ഈ ജനവിഭാഗങ്ങൾക്കുണ്ടാകുന്ന സ്​ഥിരം വരുമാനവർധന, ഇന്ത്യയിലെ കെട്ടിക്കിടക്കുന്ന സ്​കൂട്ടറുകളും കാറുകളും വിൽപനയാകും. ഈ ദിശയിൽ കാർഷികോൽപന്നങ്ങൾക്ക് ന്യായവില, ഗ്രാമീണ തൊഴിലുറപ്പുപദ്ധതി വിപുലീകരണം, ചെറുകിട വ്യവസായ, വാണിജ്യസംരംഭങ്ങളുടെ സംരക്ഷണം എന്നിവ കേന്ദ്ര സർക്കാർ ഉറപ്പാക്കിയാൽ, ലോകത്തെ ഒന്നാം നമ്പർ സമ്പദ്ഘടനയാകാനുള്ള ബാല്യം ഇന്ത്യക്കുണ്ട്​. ജനസംഖ്യയിലെ 54 ശതമാനം പേരും 25 വയസ്സിനു താഴെയാണെന്നതാണ് ഇന്ത്യൻ കമ്പോളത്തി​െൻറ ഏറ്റവും സുപ്രധാന ആകർഷണീയത. നാടി​െൻറ ഇത്തരം അടിസ്​ഥാന ഗുണഗണങ്ങളെ പ്രയോജനപ്പെടുത്താതെ, ‘ഹൗഡി മോദി’ സ്​റ്റേജ് ഷോ നടത്തിയതുകൊണ്ടൊന്നും ഇന്ത്യൻ സമ്പദ്​വ്യവസ്​ഥയെ ബാധിച്ച മഹാരോഗത്തിൽനിന്ന് മുക്തി നേടാനാകില്ല. 
(ബാങ്ക്​ എംപ്ലോയീസ്​ ഫെഡറേഷൻ ഒാഫ്​ ഇന്ത്യ സംസ്​ഥാന പ്രസിഡൻറാണ്​ ലേഖകൻ)

Loading...
COMMENTS