സ്ഥലം പഴയ നിയമസഭ മന്ദിരത്തിലെ ലോബി. വര്‍ഷം: 1988. മന്ത്രിമാരായ ചന്ദ്രശേഖരന് നായര്‍, ബേബി ജോണ്‍ എന്നിവരും രണ്ടോ മൂന്നോ എം.എൽ.എമാരും ഞാനടക്കം ഒന്നുരണ്ട് വാർത്തലേഖകരും അടങ്ങുന്ന സദസ്സ്. നിയമസഭ എന്തോ ബഹളത്തിൽ തല്ക്കാലം നിർത്തിെവച്ച സമയമാണത്. ലോബിയില്‍ ചന്ദ്രശേഖരന് നായരാണ് ശ്രദ്ധാകേന്ദ്രം. വിഷയം കോഴിമുട്ട! അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും റേഷന്‍ കടയിലൂടെയും മാവേലി സ്റ്റോര്‍ വഴിയും മറ്റും ലഭ്യമാകുമ്പോഴും പോഷകാഹാരക്കുറവു പരിഹരിക്കപ്പെടുന്നില്ലെന്നതായിരുന്നു ചന്ദ്രശേഖരന് നായരെ അലട്ടിയ പ്രശ്നം. അത് പരിഹരിക്കാന്‍ കോഴിമുട്ടയുടെ വില എന്നും ഒരുരൂപയില്‍ താഴെ നില്‍ക്കണമെന്ന് ചന്ദ്രശേഖരന് നായര്‍ക്ക് പിടിവാശിപോലെ. വില പ്രശ്നം കര്‍ഷകരുടെ താൽപര്യത്തിനു വിട്ടുകൊടുക്കണമെന്ന് ബേബി ജോണ്‍. കേരളത്തിലെ പോഷകാഹാര ദാരിദ്ര്യം പരിഹരിക്കാന്‍ കോഴിമുട്ടയുടെ വില കുറക്കുകയാണ് ഏറ്റവും നല്ല വഴിയെന്നതില് ചന്ദ്രശേഖരന് നായര്‍ക്ക് സംശയമില്ല. വിലകൂടാതിരുന്നാല് കോഴികര്‍ഷകര്‍ വിഷമിക്കുമെന്ന ബേബി ജോണിെൻറ സംശയത്തിന് സര്‍ക്കാര്‍ സബ്സിഡി നല്കി, വില നിയന്ത്രിക്കണമെന്നതായിരുന്നു മറുപടി. മറ്റേത് മാംസാഹാരത്തെക്കാള്‍ എളുപ്പം സാധാരണക്കാരിലും ദരിദ്രരിലും മുട്ടയെത്തിക്കാനാകും. സസ്യഭുക്കുകളും കഴിക്കും. കോഴികൃഷി വ്യാപകമാക്കാന്‍ കാലതാമസം നേരിടില്ല. വേണ്ടിവന്നാല്‍ തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരാനും കഴിയും. ഏറ്റവും വേഗത്തില്‍ സംസ്ഥാനത്തിനു ചെയ്യാന്‍ കഴിയുന്നതാണിതെന്നു പറഞ്ഞ ചന്ദ്രശേഖരൻ നായരോട് തര്‍ക്കപ്രിയനായ ബേബി ജോണിന് യോജിക്കുകയല്ലാതെ നിവൃത്തിയുണ്ടായില്ല.
നിയമ വകുപ്പടക്കം പലവകുപ്പും ൈകയാളിയിട്ടും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിനോട് അദ്ദേഹം പ്രത്യേക മമത കാട്ടിയത് സാധാരണജനങ്ങളുടെ ഏറ്റവും പ്രാഥമിക ആവശ്യമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്. മാവേലി സ്റ്റോര്‍ ഉത്ഭവിച്ചത് ഈ താൽപര്യത്തില്നിന്നായിരുന്നു. അതിനാല്‍തന്നെ കേരളത്തില്‍ എക്കാലത്തെയും മികച്ച വിലനിയന്ത്രണം അദ്ദേഹത്തിെൻറ ഭരണത്തിലായിരുന്നുവെന്നത് അതിശയോക്തിയല്ല. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം തേടുന്ന നേതാക്കളില്‍ ചന്ദ്രശേഖരന് നായര്‍ എക്കാലവും മുന്നിലായിരുന്നു. അതിനാല്‍, മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ക്ക് പ്രിയതോഴനായിരുന്നു. മുഖ്യമന്ത്രിമാര്‍ക്ക് പ്രത്യേക ഉപദേശകന്മാരില്ലാത്ത അക്കാലത്ത് മന്ത്രിസഭയിലും പുറത്തും ചന്ദ്രശേഖരന് നായര്‍, നായനാരുടെ വിശ്വസ്തനായ ഉപദേശകനായിരുന്നു. മന്ത്രിസഭ യോഗം കഴിഞ്ഞ് വ്രതനിഷ്ഠപോലെ കൃത്യമായി നടന്നുവന്ന ചടങ്ങായിരുന്നു അന്ന് വാർത്തസമ്മേളനം. അതിന് ചന്ദ്രശേഖരന് നായരും ബോബി ജോണും തെൻറ ഇടത്തും വലത്തും ഇരിക്കണമെന്നത് മുഖ്യമന്ത്രി നായനാര്‍ക്ക് നിര്‍ബന്ധമായിരുന്നു. നാക്കുപിഴക്ക് പ്രസിദ്ധനായ നായനാരുടെ നാക്കിന് വിലങ്ങിടാനും രാഷ്ട്രീയവും നയവും വ്യക്തമായി വെളിപ്പെടുത്താനും നായനാര്‍ ഇവരെയാണ് ആശ്രയിച്ചത്.
ഒന്നും ഒളിക്കാനില്ലാത്ത നേതാവായിരുന്നു. അതിനാല്‍, ഏതു തിരക്കിനിടയിലും എന്തു സംശയത്തിനും പുഞ്ചിരിയോടെ മറുപടി നല്കാന് സദാ സന്നദ്ധന്. നിയമസഭയില്‍ പൊതുവേ സൗമ്യനെങ്കിലും ആവശ്യത്തിന് പോരാട്ടവീര്യം പ്രകടമാകും. നിയമപരമായും ബൗദ്ധികമായും കൃത്യമായ ഇടപെടലുകള്‍ നടത്തും. ഒരിക്കല്‍ ഹൈന്ദവ സ്ഥാപനങ്ങളുടെ നിയമഭേദഗതി സംബന്ധിച്ച ഒരു ബില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ യു.ഡി.എഫിലെ ചിലര്‍ ദൈവവിശ്വാസത്തിെൻറയും മതനിഷ്ഠയുടെയും വക്താക്കളാകാന്‍ ശ്രമിച്ചു. ഹിന്ദുവെന്നത് മതമല്ലെന്നും ഹൈന്ദവത എന്ന സങ്കൽപം എന്താണെന്നും കൃത്യമായി വിശദീകരിച്ച് സഭയെതന്നെ ആശ്ചര്യപ്പെടുത്തി, ഈ കമ്യൂണിസ്റ്റ്. വിവിധ മതങ്ങളെ ആഴത്തില്‍ പഠിക്കുകയും ഹൈന്ദവ വേദോപനിഷത്തുകളെ വിമര്‍ശന ബുദ്ധ്യാ മനസ്സിലാക്കുകയും ചെയ്തയാളാണ് ചന്ദ്രശേഖരന് നായരെന്ന് അദ്ദേഹവുമായുള്ള സംഭാഷണങ്ങളില്‍ക്കൂടി മനസ്സിലായിട്ടുണ്ട്. അടുത്തകാലത്ത് സന്ദര്‍ശിക്കവെ, ഈ വക പഠനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാണെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
പാണ്ഡിത്യവും ലാളിത്യവും രാഷ്ട്രീയ പ്രബുദ്ധതയും ഒന്നുചേര്‍ന്ന ഒരു മനുഷ്യസ്നേഹിയെ ഞാന്‍ കണ്ടിട്ടുള്ളത് ഇ. ചന്ദ്രശേഖരന് നായരിലാണ്. കമ്യൂണിസ്റ്റായിരിക്കുമ്പോഴും എതിരാളികളുടെ സല്‍പ്രവൃത്തികളെ അഭിനന്ദിക്കാന്‍ മടിക്കാറില്ല. മന്ത്രിയായിരിക്കുമ്പോെഴല്ലാം, സെക്രട്ടേറിയറ്റിലെ പഴയ കെട്ടിടത്തിലെ വടക്കുഭാഗത്ത് പടിഞ്ഞാറോട്ടു തള്ളിനില്ക്കുന്ന മുറിയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. അതിനു പിന്നിലെ രഹസ്യമെന്താണെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി അത്ഭുതപ്പെടുത്തുന്നതായി. ‘ഇത് ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ ഇരുന്ന മുറിയാണ്. അദ്ദേഹം ഇരുന്ന അതേ സ്ഥലത്താണ് ഇപ്പോള്‍ എെൻറ കസേര.’ സി.പിയോടുള്ള പകയും വിരോധവുമാണോ ഈ സ്ഥലം തിരഞ്ഞെടുത്തതിലെ ചേതോവികാരമെന്ന അന്വേഷണത്തിന് മറുപടി ഇങ്ങനെയായിരുന്നു: ‘പാവങ്ങള്ക്കെതിരായിരുന്ന സി.പി, കമ്യൂണിസ്റ്റ് വിരോധിയായിരുന്നു. സാമ്രാജ്യത്വവാദിയായിരുന്നു. രാജ ഭരണത്തിനുവേണ്ടിനിന്നയാളാണ്.
എന്നാല്‍, അദ്ദേഹം കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളെ നിങ്ങള്‍ വിസ്മരിക്കരുത്. ‘‘ഞാന്‍ ൈകയാളുന്ന സ്റ്റാറ്റ്യൂട്ടറി റേഷനിങ്ങും ഇന്നത്തെ കെ.എസ്.ആര്.ടി.സിക്ക് ബീജാവാപം ചെയ്ത പൊതുവാഹന സൗകര്യവും സിമൻറിട്ട എം.ജി റോഡും ടൈറ്റാനിയം ഫാക്ടറിയും കുട്ടനാട്ടിലെ കായല്കൃഷിയും എന്നുവേണ്ട ഏതുരംഗത്തും സി.പിയുടെ ൈകയൊപ്പുണ്ട്. തിരുവിതാംകൂറിന് സി.പിയുടെ സംഭാവനകളെ മറക്കാനാവില്ല.’’ സി.പിയോട് ആരാധനയാണോ എന്ന ചോദ്യത്തിന് ‘‘ഞാനൊരു കമ്യൂണിസ്റ്റല്ലേ’’ എന്ന് കള്ളച്ചിരിയോടെ മറുപടി. സി. അച്യുതമേനോൻ ഇരുന്ന മുറിയുമാണല്ലോ എന്നും. ഈ പ്രതിപക്ഷ ബഹുമാനം നിയമസഭയില്‍ കരുണാകരനോട് അടക്കം ചന്ദ്രശേഖരൻ നായര്‍ കാട്ടിയിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും ബൗദ്ധികമായും ഔന്നത്യം മാത്രം ശീലിച്ച പഴയകാല കമ്യൂണിസ്റ്റ് നേതാക്കളുടെ ശ്രേണിയില്‍ ചന്ദ്രശേഖരന് നായര്‍ മുൻപന്തിയിലുണ്ട്. പകരംെവക്കാന് മറ്റൊരാളുണ്ടാകുമോയെന്ന് വരുംകാല ചരിത്രത്തിനേ പറയാനാകൂ.