Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഡോ. വി.വി....

ഡോ. വി.വി. വേലുക്കുട്ടി അരയൻ: ബഹുമുഖപ്രതിഭയായ ചരിത്രപുരുഷൻ

text_fields
bookmark_border
ഡോ. വി.വി. വേലുക്കുട്ടി അരയൻ: ബഹുമുഖപ്രതിഭയായ ചരിത്രപുരുഷൻ
cancel

''The most effectiv​e way to destroy people is to deny and obliterate their own understanding of their history'' ജോർജ് ഓർവൽ ചൂണ്ടിക്കാണിച്ചതുപോലെ ശരിയായ ചരിത്രാവബോധത്തെ ഇല്ലായ്മ ചെയ്യുന്നതിലൂടെയും തെറ്റായ ധാരണയിലൂടെയും പുതിയ ചരിത്രഭാഷ്യങ്ങളിലൂടെയും സംസ്​കാരത്തി​െൻറ നൈരന്തര്യം നഷ്​ടപ്പെടാം. അപ്പോൾ സംസ്​കാരത്തി​െൻറ മുന്നോട്ടുള്ള ഗതിക്ക് ശരിയായ ചരിത്രപഠനം അനിവാര്യമാകുന്നു. സമൂഹത്തെ രൂപപ്പെടുത്തിയെടുത്തതിൽ അനിഷേധ്യ പങ്ക് വഹിച്ച ചരിത്രപുരുഷന്മാരിൽ പ്രാതസ്​മരണീയരായ എത്രപേരെ പുസ്​തക ഏടുകളിൽ ദർശിക്കാനാകുമെന്നതാണ് ഇന്നത്തെ ചരിത്രപാഠങ്ങളുടെ പരിമിതി.

കർമ്മനിരതമായ ത​െൻറ ജീവിതം മനുഷ്യസാധ്യമായ സർവ്വ മേഖലകളിലും വ്യാപരിപ്പിച്ച ഡോ. വി.വി. വേലുക്കുട്ടി അരയ​െൻറ 127–ാം ജന്മദിനം 2021 മാർച്ച് 11 ന് ആഘോഷിക്കപ്പെടുമ്പോഴാണ് മേൽ പ്രസ്​താവിച്ച ചിന്തകൾ പ്രസകതമാകുന്നത്. അദ്ദേഹത്തി​െൻറ ബഹുമുഖമായ വ്യക്​തിത്വം എഴുതപ്പെട്ട ചരിത്രത്താളുകളിൽ നിന്നും പൂർണ്ണമായും കണ്ടെടുക്കാനാവില്ല.

അടിച്ചമർത്തപ്പെട്ട സമുദായത്തെ പേരിനൊപ്പം നെഞ്ചേറ്റി

കേരള നവോത്ഥാനചരിത്രം പിന്നിലേക്ക് മറിക്കുമ്പോൾ, ജാതീയതയുടെ നിഴൽവീണ ചരിത്രപഥങ്ങളിൽ അടിച്ചമർത്തപ്പെട്ട ഒരു സമുദായത്തി​െൻറ പേര് ആനയ്ക്ക് നെറ്റിപ്പട്ടം എന്നപോലെ പേരിനൊപ്പം കൊണ്ടുനടന്ന ഒരു നവോത്ഥാനനായക​െൻറ സിംഹഗർജ്ജനങ്ങൾ ശ്രവിക്കാനാകും. കേരള പത്രപ്രവർത്തനചരിത്രം തിരയുമ്പോൾ രാജശാസനകളുടെയും വാറോലകളുടെയും ഭീഷണികളെ തൃണവത്​കരിച്ച്, സമൂഹത്തിൽ നടമാടിയിരുന്ന അനീതികൾക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും തൂലിക പടവാളാക്കിയ ഒരു പത്രാധിപരുടെ വാക്കേറി​െൻറ മൂർച്ച ദർശിക്കാനാകും. തിരുവിതാംകൂറിലെ ആതുരസേവനമേഖലയുടെ പിന്നിലേക്ക് കണ്ണോടിക്കുമ്പോൾ മൂന്ന് വൈദ്യശാസ്​ത്രമേഖലകളിലും അറിവ് സ്വായത്തമാക്കി നിസ്വരായ ജനങ്ങളുടെ കണ്ണീരൊപ്പിയ മനുഷ്യസ്​നേഹിയായ ഒരു ഭിഷഗ്വരനെ കാണാനാകും. കേരളസാഹിത്യചരിത്രം പഠിക്കുമ്പോൾ എല്ലാ സാഹിത്യമേഖലകളിലും വ്യകതിമുദ്ര പതിപ്പിച്ച കൃതഹസ്​തനായ ഒരു സാഹിത്യകാര​െൻറ ഭാവനയെ അറിയാനാകും. നിരക്ഷരതയുടെ ഇരുട്ട് തളംകെട്ടിനിന്ന പിന്നാക്കസമുദായങ്ങളിൽ അക്ഷരവെട്ടം കൊളുത്തിവെച്ച, പാഠപുസ്​തകങ്ങളും വൈജ്​ഞാനികപ്രബന്ധങ്ങളും രചിച്ച ഒരു വിദ്യാഭ്യാസ വിചക്ഷണനെ കാണാൻ കഴിയും. സ്വാതന്ത്ര്യസമരത്തി​െൻറ ചരിത്രം പരിശോധിച്ചാൽ സമരത്തീച്ചൂളയിലേക്ക് സ്വയം നടന്നുനീങ്ങിയ ഒരു രാജ്യസ്​നേഹിയെ മനസ്സിലാക്കാനാകും. അവാന്തരവിഭാഗങ്ങളായി ഭിന്നിച്ചുനിന്നിരുന്ന സ്വസമുദായത്തെ ഒരു കുടക്കീഴിലാക്കാൻ യത്നിച്ച സമുദായോദ്ധാരകൻ, ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി, ശാസ്​ത്രഗവേഷകൻ, കലാകാരൻ, തൊഴിലാളി നേതാവ് തുടങ്ങി ബഹുമുഖമായ ത​െൻറ പ്രതിഭാശാലിത്വം സാമൂഹികനന്മയ്ക്കുവേണ്ടി വിനിയോഗിച്ച അസാധാരണ വ്യക്​തിത്വമായിരുന്നു ഡോ. അരയൻ.

1894 മാർച്ച് 11 ന്‌ കൊല്ലം കരുനാഗപ്പള്ളിക്കുസമീപം ആലപ്പാട് പഞ്ചായത്തിൽ വേലായുധൻ വൈദ്യന്‍റെയും വെളുത്ത കുഞ്ഞുഅമ്മയുടെയും മകനായാണ്​ ജനനം. ഓച്ചിറ പ്രയാറിലുള്ള കളരിവാതുക്കൽ നമ്പൂതിരിക്കുടുംബത്തിൽനിന്ന് അഞ്ചാംവയസ്സിൽ വിദ്യാഭ്യാസം ആരംഭിച്ചു. 12ാം വയസ്സിൽ ചാവർകോട്ട് ശങ്കരൻ വൈദ്യനിൽനിന്ന് ആയുർവേദപഠനം തുടങ്ങി. പിന്നീട് ഹോമിയോപ്പതിയിലും അലോപ്പതിയിലും ഡോക്ടറായി. കൊൽക്കത്തയിലെ ഹോമിയോ മെഡിക്കൽ കോളജിൽനിന്ന് ഒന്നാം റാങ്കിലാണ് അദ്ദേഹം വിജയിച്ചത്.

കമ്യൂണിസ്റ്റായി മാറിയ നവോത്ഥാന നായകൻ

ജാതീയമായ ഉച്ചനീചത്വങ്ങളും അവശതകളും അനാചാരങ്ങളുമാണ് പിന്നാക്കസമുദായങ്ങളുടെ സാമൂഹികോന്നമനത്തിന് വിഘാതമെന്ന് തിരിച്ചറിഞ്ഞാണ് കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കൾ സ്വസമുദായോന്നമനത്തിലൂടെ അന്നത്തെ സാമൂഹികാവസ്​ഥയെ തരണംചെയ്യാൻ ശ്രമിച്ചത്. തമസ്സിലാണ്ട വിവിധ ജാതിസമൂഹങ്ങളിൽ നവോത്ഥാനനായകർ അറിവി​െൻറയും മാനവസ്​നേഹത്തി​െൻറയും വെളിച്ചം പകർന്നതുകൊണ്ടാണ് പിന്നീട്​ ഇടത്​ പുരോഗമന പ്രസ്​ഥാനങ്ങൾക്ക് കേരള നവോത്ഥാനത്തി​െൻറ തുടർച്ചയിൽ കണ്ണിചേരാൻ കഴിഞ്ഞത്.

നവോത്ഥാനമെന്നത് സമുദായോദ്ധാരണത്തിൽ ചുരുങ്ങുന്നതല്ലെന്നും അത് പുരോഗമനപ്രസ്​ഥാനങ്ങളിലൂടെ തുടരേണ്ടുന്ന ഒന്നാണെന്നുമുള്ള ദീർഘവീക്ഷണം, നവോത്ഥാന നായകരിൽ വേലുക്കുട്ടി അരയനു മാത്രം അവകാശപ്പെട്ട ഒരു പ്രത്യേകതയായിരുന്നു. സ്വത്വബോധത്തിൽ നിന്നും വർഗബോധത്തിലേക്കുള്ള പരിവർത്തനമാണ് നവോത്ഥാനത്തിലൂടെ സംജാതമായ സാമൂഹിക പരിഷ്കരണത്തി​െൻറ തുടർച്ച സാധ്യമാക്കുന്നതെന്ന തിരിച്ചറിവിൽ, തൊഴിലാളിസംഘാടകനായി മാറിയ വേലുക്കുട്ടി അരയനെയും നമുക്ക് ചരിത്രത്തിൽ കാണാം.

കമ്യൂണിസ്റ്റായി പരിവർത്തിക്കപ്പെട്ട ഏക നവോത്ഥാന നായകനാണ് ഡോ. അരയനെന്ന് നിസ്സംശയം പറയാം. അതി​െൻറ അനന്തരഫലമായിരുന്നു അഖില തിരുവിതാംകൂർ നാവിക തൊഴിലാളിസംഘം. വർഗ്ഗബോധത്തി​െൻറ സംഘടിതശക്​തിയായി അവകാശസംരക്ഷണത്തിനായി തൊഴിലാളികൾ സംഘടിച്ചുതുടങ്ങിയതി​െൻറ പ്രാരംഭദശയിൽ തിരുവിതാംകൂറിലെ കടലിലും കായലിലും ഉപജീവനം നടത്തുന്ന തൊഴിലാളികളെ ഒന്നിച്ചുചേർത്ത് ഒരു സംഘടിതശക്​തിയായി മാറ്റുകയാണ് അദ്ദേഹം ചെയ്തത്.

ഐക്യകേരളം എന്ന ആശയം രൂപപ്പെടുന്നതിനു മുമ്പ് കേരളത്തിലങ്ങിങ്ങോളം സഞ്ചരിച്ച് അരയസമുദായത്തിലെ അവാന്തരവിഭാഗങ്ങളെയൊന്നാകെ സംഘടിപ്പിക്കുന്നതിലേക്കായി 1919ൽ 'സമസ്​തകേരളീയ അരയമഹാജനയോഗം' എന്ന സംഘടനയുണ്ടാക്കിയ അദ്ദേഹത്തി​െൻറ ദീർഘവീക്ഷണവും സംഘടനാപാടവവും ഇത്തരുണത്തിൽ സ്​മരണീയമാണ്. സാമുദായിക പരിഷ്കർത്താവ് എന്ന നിലയിൽ നിന്നും അദ്ദേഹം കമ്യൂണിസ്റ്റായി മാറിയതി​െൻറ നിദർശനമായിരുന്നു അരയൻ പത്രത്തിലൂടെ പുരോഗമന–വിപ്ലവ–സ്വാതന്ത്ര്യചിന്തകളെ േപ്രാജ്ജ്വലിപ്പിക്കുന്ന മുഖപ്രസംഗങ്ങൾ നിരന്തരം പ്രസിദ്ധപ്പെടുത്തിയത്. രാജഭരണത്തി​െൻറ കെടുകാര്യസ്​ഥതയെ നിശിതമായി വിമർശിച്ചുകൊണ്ടെഴുതിയ മുഖപ്രസംഗങ്ങൾ അദ്ദേഹത്തിന് തിരിവിതാംകൂർ പോപ്പുലർ അസംബ്ലിയിൽ ഉറപ്പായിരുന്ന പ്രാതിനിധ്യം നഷ്​ടപ്പെടുത്തി. സ്​ഥാനമാനങ്ങൾക്കപ്പുറം സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടുകിടക്കുന്ന ജനതയുടെ ഉന്നമനം മാത്രമായിരുന്നു അദ്ദേഹത്തി​െൻറ ജീവിതലക്ഷ്യം.

1908ൽ പതിനാലാമത്തെ വയസ്സിൽ ത​െൻറ ജന്മഗ്രാമമായ ചെറിയഴീക്കലിൽ 'വിജ്ഞാന സന്ദായിനി' എന്ന പേരിൽ ഒരു ഗ്രന്ഥശാല സ്​ഥാപിച്ചുകൊണ്ട് തുടങ്ങിയ ഡോ. അരയ​െൻറ പൊതുപ്രവർത്തനം 1969ൽ 75ാം വയസ്സിൽ അവസാനിക്കുമ്പോൾ, മനുഷ്യസാധ്യമെന്ന് തോന്നുന്നതിനപ്പുറം നിരവധി കർമ്മമേഖലകളിൽ അദ്ദേഹം ത​െൻറ പാദമുദ്രകൾ അവശേഷിപ്പിച്ചിരുന്നു. ഒരു ബൃഹദ് ജീവചരിത്രത്തിനും ഉൾക്കൊള്ളാനാവാത്ത വിധം സംഭവബഹുലമായിരുന്നു ആ ജീവിതം എന്നുപറയുന്നതിൽ ഒട്ടും അതിശയോകതിയില്ല.

വിദ്യാഭ്യാസപരമായ പുരോഗതിയിലൂടെ മാത്രമേ സാമൂഹികോന്നമനം സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് കൗമാരക്കാരനായ വേലുക്കുട്ടി ത​െൻറ ഗ്രാമത്തിൽ ഗ്രന്ഥശാല സ്​ഥാപിച്ചത്. ആ പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു 1917ൽ ആരംഭിച്ച അരയൻ മാസിക. 1919ൽ അതൊരു പ്രതിവാരപത്രമായി പരിണമിക്കുകയും അതിനുവേണ്ടി സ്വന്തമായി ഒരു അച്ചുകൂടം സ്​ഥാപിക്കുകയും ചെയ്തു. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പരിതാപകരവും പിന്നാക്കാവസ്​ഥയിലും കഴിഞ്ഞുവന്നിരുന്ന ഒരു തീരദേശത്ത് ഇത്തരത്തിൽ വിദ്യാഭ്യാസ വിപ്ലവത്തി​െൻറ പന്തം പേറി സമുദായത്തി​െൻറ ഇടയിലേക്കിറങ്ങുക എന്നത് അചിന്ത്യമായ കാര്യമായിരുന്നു.

സ്വാതന്ത്ര്യ പൗരാവകാശസമരങ്ങൾ നിരന്തരം നടന്നുവന്നിരുന്ന അന്നത്തെ സാമൂഹ്യ പരിതസ്​ഥിതിയിൽ സ്വാഭാവികമായും ഡോ. അരയനും കണ്ണിചേർന്നു. അങ്ങനെ 1924ലെ പൗരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വൈക്കം സത്യാഗ്രഹത്തിൽ ടി.കെ. മാധവനോടൊപ്പം ഡോ. അരയനും സുപ്രധാനമായ പങ്കുവഹിച്ചു.

അധികാരികളെ പ്രകമ്പനം ​കൊള്ളിച്ച്​ അരയൻ പത്രം

അരയൻ പത്രത്തിലൂടെ സ്വാതന്ത്ര്യ–പൗരാവകാശ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹമെഴുതിയ വിമർശനാത്മകമായ മുഖപ്രസംഗങ്ങൾ അധികാരകേന്ദ്രങ്ങളുടെ കോട്ടകൊത്തളങ്ങളിൽ പ്രകമ്പനം കൊണ്ടു. അതിനൊരു ഉദാഹരണമാണ് 1920ൽ അരയൻ 3ാം വാല്യം, മൂന്നാം ലക്കത്തിൽ 'പൊതുജനപ്രാതിനിധ്യം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗം.

''പൊതുജനങ്ങൾക്കുവേണ്ടി പ്രാതിനിധ്യം വഹിക്കുന്നവർ അവരുടെ സമ്മതിദാനാവകാശികളുടെ നേർക്ക് എത്രകണ്ട് സ്​നേഹബഹുമാനാദികളോടുകൂടി പെരുമാറേണ്ടതാണെന്ന ബോധം അവരുടെ ഹൃദയത്തിൽ ഗാഢമായി പതിയേണ്ടുന്നതിനു പുറമെ തങ്ങളുടെ സ്​ഥാനത്തെയും കൃത്യത്തെയും ശ്രദ്ധയോടുകൂടി സമീക്ഷണം ചെയ്ത് നിർദ്ദിഷ്​ടപദത്തിൽ നിന്നും ഭ്രഷ്​ടരാവാതെ സൂക്ഷിക്കേണ്ടതും കൂടി അവരുടെ മുഖ്യ കടമയാണല്ലോ. എന്നാൽ ആ ബോധവും മുറയുമൊക്കെ ഈയിടെ ചില ജനപ്രതിനിധികളിൽ നിന്ന് വിട്ടുമാറിയതായി പല തെളിവുകളും കിട്ടിക്കൊണ്ടിരിക്കുന്നു...''

1921–ൽ ഫീസ്​ വർദ്ധനവിനെതിരെ തിരുവനന്തപുരത്ത് നടന്ന വിദ്യാർത്ഥിസമരത്തെ പോലീസ്​ അതിക്രൂരമായി അടിച്ചമർത്തി. പോലീസി​െൻറ അതിക്രൂരവും മനുഷ്യത്വരഹിതവുമായ മർദ്ദക നിലപാടിനെ വിമർശിച്ചുകൊണ്ട് മലയാളവർഷം 1097 കന്നി 12–ാം തീയതി 'വിദ്യാർത്ഥികൾക്ക് ഒരനുസ്​മരണം' എന്ന പേരിൽ എഴുതിയ മുഖപ്രസംഗം പത്രാധിപർക്ക് നഷ്​ടപ്പെടുത്തിയത് ശ്രീമൂലം പോപ്പുലർ അസംബ്ലിയിൽ ലഭിക്കുമായിരുന്ന അംഗത്വമായിരുന്നു. സ്​ഥാനമാനങ്ങളേക്കാൾ ത​െൻറ നിലപാടുകളോടുള്ള സത്യസന്ധതയായിരുന്നു അരയന് പ്രധാനം. അദ്ദേഹം എഴുതി: ''വിദ്യാർത്ഥികളുടെ നേരെ, വിശേഷിച്ചും സരസ്വതീക്ഷേത്രങ്ങളായ സ്​കൂളിൽവെച്ച് ഇങ്ങനെയുള്ള മർദ്ദനനയം യാതൊരു പരിഷ്കൃത ഗവ​ൺ​മെൻറും ചെയ്തതായി ഞങ്ങൾക്കറിഞ്ഞുകൂടാ. വിദ്യാർത്ഥികൾ കുറ്റക്കാരായാൽപ്പോലും ഇങ്ങനെയുള്ള സംഭവങ്ങളിൽ അവർ ബുദ്ധിക്കും മനസ്സിനും ശരിയായ പരിപാകം സിദ്ധിച്ചിട്ടില്ലാത്തവരാണെന്ന് മനസ്സിലാക്കി ക്ഷമിക്കുന്നതിനു പകരം ഭരണമേധാവികൾ കൂടി അവർക്കുനേരെ പോർവിളിച്ച് പൊലീസ്​ മർദ്ദനനയ നാടകം അഭിനയിച്ചത് വളരെ സാഹസവും സങ്കടകരവുമാണെന്ന് തീർത്തുപറയാതെ കഴിയില്ല.''

ഇങ്ങനെ പോകുന്നു ആ മുഖപ്രസംഗം. അതിലെ മൂർച്ചയേറിയ വിമർശനം അധികാരികളെ രോഷംകൊള്ളിച്ചു. അരയൻ പത്രത്തി​െൻറ ജാമ്യത്തുക റദ്ദാക്കി.

സാഹിത്യ സംഭാവന

സാഹിത്യത്തിൽ സമസ്​തശാഖകളിലും ഈടുറ്റ കൃതികൾ രചിച്ചിട്ടുള്ള അദ്ദേഹത്തി​െൻറ ഭൂരിപക്ഷ കൃതികളും ഇന്ന് ലഭ്യമല്ല. എഴുതിയവയിൽ ഭൂരിഭാഗവും പ്രസിദ്ധീകരിച്ചിട്ടില്ലെന്നതിനാലും ലഭ്യമല്ലെന്നതിനാലും അദ്ദേഹത്തി​െൻറ സാഹിത്യമേഖലകളിലെ സംഭാവന ഇന്ന് പൂർണ്ണമായും വിലയിരുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ലഭ്യമായവയിൽ പ്രധാനപ്പെട്ട പദ്യകൃതികൾ, കിരാതാർജ്ജുനീയം, ഓണം ഡേ, ദീനയായ ദമയന്തി, പദ്യകുസുമാഞ്ജലി, ശ്രീ ചൈത്രബുദ്ധൻ, മാതംഗി തുടങ്ങിയവയാണ്. രസലക്ഷണസമുച്ചയം എന്ന രസവർണ്ണനയും വാസവദത്താനിർവാണം എന്ന ആട്ടക്കഥയും ഭാഗ്യപരീക്ഷകൾ എന്ന നോവലും ബലേഭേഷ്, ആൾമാറാട്ടം, ലോകദാസൻ, നന്ദകുമാരൻ തുടങ്ങിയ നാടകങ്ങളും പിന്തിരിഞ്ഞുനോക്കുമ്പോൾ എന്ന ആത്്മകഥയും ലഘുകഥാകൗമുദി, തെരഞ്ഞെടുത്ത കഥകൾ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും കുറുക്കൻകഥകൾ, ബാലസാഹിത്യകഥകൾ തുടങ്ങിയ ബാലസാഹിത്യകൃതികളും തകഴിയുടെ ചെമ്മീൻ, സൗന്ദര്യം, മാധവി, ശാകുന്തളവും തർജ്ജമകളും തുടങ്ങിയ നിരൂപണകൃതികളും മത്സ്യവും മതവും, അദ്ധ്യക്ഷപ്രസംഗം, തിരുവിതാംകൂറിലെ മത്സ്യവ്യവസായം, മുഖപ്രസംഗങ്ങൾ തുടങ്ങിയ ലേഖനസമാഹാരങ്ങളും ലഘുകലാകൗമുദി, സൂകതമുത്തുമാല, മലയാളസാഹിത്യത്തിൽ വരുത്തേണ്ട ഭാഷാപരമായ മാറ്റങ്ങൾ തുടങ്ങിയ പാഠ്യവിഷയകൃതികളും ഡോ. അരയ​െൻറ സാഹിത്യലോകത്തെ പ്രധാനപ്പെട്ട സംഭാവനകളാണ്.

മേൽപ്പറഞ്ഞ സ്വന്തം കൃതികളെക്കൂടാതെ അന്നത്തെ വ്യവസ്​ഥിതിയെ നിരാകരിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും എഴുതപ്പെട്ട സാഹിത്യകൃതികളെ യാഥാസ്​ഥിതിക എഴുത്തുകാരും മറ്റ് മതസംഘടനകളും നിരന്തര ആക്രമണങ്ങൾക്ക് വിധേയമാക്കിയപ്പോഴെല്ലാം ത​െൻറ പത്രത്തിലൂടെ പ്രസ്​തുത കൃതികളെ ശ്ലാഘിച്ചുകൊണ്ട് ലേഖനങ്ങളെഴുതാൻ ധൈര്യപ്പെട്ട പത്രാധിപരായിരുന്നു ഡോ. അരയൻ.

1923ൽ കുമാരനാശാ​െൻറ ദുരവസ്​ഥ പുറത്തുവന്നപ്പോൾ, പ്രസ്​തുത കൃതി ഇസ്​ലാമിനെതിരാണെന്ന വിമർശനം പല കോണുകളിൽ നിന്നുയരുകയും കൃതിക്കെതിരെ വ്യാപകമായ ഖണ്ഡന നിരൂപണങ്ങൾ പല പ്രസിദ്ധീകരണങ്ങളിൽ വരികയും ചെയ്തു. ആശാനെ പിന്തുണക്കാൻ ആരും മുന്നോട്ടുവരാതിരുന്ന സാഹചര്യത്തിലാണ് 1923 ജനുവരി 17ാം തീയതി അരയൻപത്രത്തിൽ ദുരവസ്​ഥയെ പിന്തുണച്ചുകൊണ്ട് ഒരു മുഖപ്രസംഗം അരയൻ കൊടുത്തത്.

ഇതേ നിർഭയത്വം, അബദ്ധജടിലമായ ഉള്ളടക്കമുള്ള അതിപ്രശസ്​തമായ കൃതികളെ വിമർശിക്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതിന് ഏറ്റവും പ്രധാന ഉദാഹരണമാണ് തകഴിയുടെ ചെമ്മീൻ എന്ന നോവലിനെ വിമർശിച്ചെഴുതിയ 'ചെമ്മീൻ നിരൂപണം'. നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അനേകം പതിപ്പുകൾ പുറത്തിറങ്ങുകയും തകഴിയെ ജ്ഞാനപീഠത്തിനുവരെ അർഹനാക്കുകുയും ചെയ്​ത ചെമ്മീൻ ഒരു ആഖ്യായിക എന്നതിനപ്പുറം ഒരു പ്രത്യേക സമുദായത്തി​െൻറ കാലദേശപരമായ അടയാളപ്പെടുത്തലുകളിലൂടെ ഒരു തന്മയത്വമാർന്ന സാഹിത്യസൃഷ്​ടിയെന്ന ഖ്യാതിയാണ് കൂടുതലും നേടിയത്. ഒരു റിയലിസ്റ്റിക് സൃഷ്​ടിയെന്ന ചെമ്മീനി​െൻറ അവകാശവാദം നിരാകരിക്കപ്പെടും വിധം അന്നത്തെ മത്സ്യത്തൊഴിലാളികളുടെ സാംസ്​കാരികവും ഭാഷാപരവും വസ്​ത്രധാരണവും ഐതീഹ്യവും തുടങ്ങി അടിസ്​ഥാനകാര്യങ്ങളിൽപ്പോലും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ എഴുതിപ്പിടിപ്പിച്ച തകഴിയെ അതിനിശിതമായ ഭാഷയിൽ വിമർശിക്കുന്നതായിരുന്നു വേലുക്കുട്ടി അരയ​െൻറ 'ചെമ്മീൻ നിരൂപണം'.

ആത്മവിശ്വാസവും ചങ്കുറപ്പും പൂർവ്വികരിൽനിന്നും ലഭിച്ച നിസ്​തുലമായ കടലറിവുകളും കൊണ്ട് കടലിൽപ്പോകുന്ന അതിസാഹസികരായ മത്സ്യത്തൊഴിലാളികളുടെ സാഹസികതയെ കേവലം അന്ധവിശ്വാസങ്ങളുടെ ഭാഗ്യനിർഭാഗ്യങ്ങളിൽ കൊരുത്തതാണ് വേലുക്കുട്ടി അരയനെ ഏറെ ചൊടിപ്പിച്ചത്. ഒരു ജനതയുടെ ജീവിതത്തി​െൻറ നേർസാക്ഷ്യമെന്ന നിലയിൽ തകഴി അതീവപ്രാധാന്യത്തോടെ വിവരിച്ചിരുന്ന പലതും യാഥാർത്ഥ്യങ്ങളുമായിട്ട് പുലബന്ധം പോലുമില്ലെന്ന് ആധികാരികമായി സ്​ഥാപിക്കുംവിധം അവയോരോന്നും അക്കമിട്ട് നിരത്തിയാണ് ത​െൻറ വിമർശനശരങ്ങൾ വേലുക്കുട്ടി അരയൻ തകഴിക്കുനേരെ തൊടുക്കുന്നത്. ചെമ്മീൻ എന്ന നോവലും സിനിമയും കാലദേശാതീതമായി ഇന്നും പ്രചരിക്കപ്പെടുന്നു. അതിനൊപ്പം ഈ നിരൂപണഗ്രവും സഞ്ചരിക്കേണ്ടത് ഒരനിവാര്യതയാണ്. ചരിത്രകുതുകികൾക്ക് മാർഗ്ഗനിർദ്ദേശമായി ഒരു തിരുത്തൽ ശക്​തിയായി ഈ നിരൂപണം കാലത്തിനാവശ്യമുണ്ട്.

ശാസ്​ത്രാന്വേഷകൻ

​േവേലുക്കുട്ടി അരയ​െൻറ ബഹുമുഖവ്യക്​തിത്വങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും കാലികപ്രസക്​തവുമാണ് ശാസ്​ത്രാന്വേഷകനെന്ന നിലയിൽ അദ്ദേഹം നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും. അദ്ദേഹത്തി​െൻറ ജന്മനാടായ ആലപ്പാട് പഞ്ചായത്ത് ഇന്ന് അശാസ്​ത്രീയ കരിമണൽഖനനവും കടലാക്രമണവും തീരശോഷണവും മൂലം നിലനിൽപ്പ് ചോദ്യചിഹ്നമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ്. ആറ് പതിറ്റാണ്ടിനു മുമ്പ് തിരു–കൊച്ചി, കേന്ദ്രസർക്കാരുകൾക്കു മുന്നിൽ അദ്ദേഹം സമർപ്പിച്ച 'ലാൻ്റ് റെക്ലമേഷൻ സ്​കീം' എന്ന വിപ്ലവകരമായ പദ്ധതി. അദ്ദേഹത്തി​െൻറ ശാസ്​ത്രാഭിമുഖ്യമുള്ള മനസ്സി​െൻറയും സഹജീവികളുടെ ദുരിതജീവിതങ്ങളിൽ ആശങ്കപ്പെട്ട മനുഷ്യസ്​നേഹിയുടെ നിരന്തര പഠനനിരീക്ഷണങ്ങളുടെയും ഫലമായിരുന്നു ഈ പദ്ധതി. 1954 ജൂലൈ 12 നാണ് പദ്ധതി സമർപ്പിക്കപ്പെട്ടത്. എന്നാൽ, ഇത്രനാൾ കഴിഞ്ഞിട്ടും തീരശോഷണത്തിന് പരിഹാരമെന്ന നിലയിൽ സമർപ്പിക്കപ്പെട്ട ആ പദ്ധതിയുടെ പ്രായോഗികതയെപ്പറ്റി പഠിക്കാനോ പരീക്ഷിക്കാനോ തയ്യാറാവാതെ ചുവപ്പുനാടകളിൽ കുരുക്കിയിട്ടത്/ഇടുന്നത് ആരുടെ സ്​ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാനാണ്?

1950 കളിൽ കേരളത്തിനു കോവളം മുതൽ ചെല്ലാനം വരെയുള്ള തീരപ്രദേശത്തെ സ്വാഭാവിക കടലാക്രമണവും അതി​െൻറ ആഘാതവും മറ്റും പരിഗണിച്ചുകൊണ്ടാണ് ഡോ. അരയൻ ലാൻ്റ് റെക്ലമേഷൻ സ്​കീം അവതരിപ്പിക്കുന്നത്. ലോകമെമ്പാടും കടൽ അതിർത്തി പങ്കിടുന്ന നിരവധി രാജ്യങ്ങൾ കടലിൽ നിന്നും കര വീണ്ടെടുത്ത് തീരസംരക്ഷണവും അതിർത്തിസംരക്ഷണവും ഉറപ്പാക്കിക്കൊണ്ട് സാമ്പത്തികമുന്നേറ്റം കൈവരിച്ചിട്ടുണ്ട്. കേരളതീരത്ത് ഇത് നടപ്പിലാക്കാൻ എന്തെങ്കിലും പ്രായോഗികബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽത്തന്നെ അത് കുറച്ച് പ്രദേശത്തെങ്കിലും നടപ്പാക്കിനോക്കിയാൽ മാത്രമേ അവ തിരിച്ചറിയപ്പെടുകയും പ്രായോഗികബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെട്ട് ശാശ്വതമായ തീരസംരക്ഷണ മാർഗ്ഗമായി ഇതിനെ പരിവർത്തിക്കാനും കഴിയുകയുള്ളൂ.

ത​േന്‍റതായ വ്യക്​തിമുദ്ര പതിപ്പിച്ച ഓരോ മേഖലകളിലും വേലുക്കുട്ടി അരയൻ എണ്ണമറ്റ സംഭാവനകൾ നടത്തിയിട്ടുണ്ട്​. അദ്ദേഹം വ്യാപരിച്ച ഓരോ മേഖലകളെയും പ്രത്യേകം പ്രത്യേകമായി പഠനം നടത്തി കേരളീയ പൊതുസമൂഹത്തിന് നൽകിയ സംഭാവനകളെ വേണ്ടവിധം അടയാളപ്പെടുത്തേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. V.V. Velukutty Arayanarayan
News Summary - Dr. V.V. Velukutty Arayan: A multi-talented historian
Next Story