Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഡോ. അംബേദ്കർ എന്ന...

ഡോ. അംബേദ്കർ എന്ന ജനാധിപത്യസൗധം

text_fields
bookmark_border
Dr Ambedkar
cancel
camera_alt

 ഡോ. ബി.ആർ. അംബേദ്കർ

സിസംബർ 6 സ്വന്തം പേരിനാൽ ഇന്ത്യയുടെ ചരിത്രത്തെ രണ്ടായി വിഭജിച്ച്, പരമാധികാര മതേതര ജനാധിപത്യ സോഷ്യലിസ്റ്റിക് റിപ്പബ്ലിക്കൻ ഭരണഘടനാ നിർമിതിയിലൂടെ ആധുനിക ജനാധിപത്യ ഇന്ത്യക്ക്‌ അടിത്തറ സൃഷ്ടിച്ച ബാബാസാഹേബ് ഡോ. അംബേദ്ക്കറുടെ 69മത് മഹാപരിനിർവാണ ദിനം. നൂറ്റാണ്ടുകളോളം സവർണാധിപത്യത്തിൻ കീഴിലും പിന്നീട് ബ്രിട്ടീഷ് കൊളോണിയലിസത്തിന് കീഴിലും സാമൂഹികവും രാഷ്ട്രീയവുമായി തകർന്നടിഞ്ഞുപോയ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ലോകത്തെ ഏറ്റവും സുശക്തമായ ജനാധിപത്യ രാഷ്ട്രവും സമൂഹവുമായി രൂപകല്പന ചെയ്യുന്നതിൽ ഡോ. അംബേദ്കർ അനുഷ്ഠിച്ച സേവനങ്ങൾ വിസ്മരിക്കാവുന്നതല്ല. സാമൂഹികവും സാംസ്കാരികവും വംശീയവുമായ വൈജാത്യങ്ങൾക്കതീതമായി വ്യക്തിക്ക് ഒരേ മൂല്യം എന്ന തത്വത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു ജനാധിപത്യ സമൂഹത്തെ ഭരണഘടനയിലൂടെ വിഭാവനം ചെയ്യാനും ഭൂരിപക്ഷ - ന്യൂനപക്ഷ പരിപ്രേഷ്യങ്ങൾക്കപ്പുറും ഏതൊരു സംസ്കൃതിക്കും വിശ്വാസത്തിനും പ്രാമുഖ്യം നൽകാതെ എല്ലാ വിശ്വാസ സംഹിതകൾക്കും തുല്യ പ്രാധാന്യം നൽകി, ജനാധിപത്യത്തിന് സാമൂഹ്യ, സാമ്പത്തിക മാനങ്ങൾ നൽകിയ ഡോ. അംബേദ്കർ ജനാധിപത്യത്തിന്‍റെ പ്രതിരോധത്തിന് വേണ്ടി നൽകിയ മുന്നറിയിപ്പുകൾ എക്കാലവും പ്രസക്തമാണ്.

ജനങ്ങൾ അവരുടെ ആശയാഭിലാഷങ്ങൾ രാഷ്ട്രത്തിനുമേൽ കെട്ടിവെക്കുമ്പോഴും ജനാധിപത്യത്തിന്‍റെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നതിലൂടെ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷങ്ങൾക്കും ദുർബലവിഭാഗങ്ങൾക്കുമേൽ രാഷ്ട്രീയ ഭൂരിപക്ഷം നേടിയാലുണ്ടായേക്കാക്കുന്ന ദുരന്തങ്ങളെപ്പറ്റി ഡോ. അംബേദ്കർ നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ പ്രസക്തമാണല്ലോ. അനന്യനായ മനുഷ്യാവകാശ പോരാളി, അധ:സ്ഥിത -പിന്നോക്ക നവോഥാന നായകൻ, സ്ത്രീ വിമോചന പോരാളി, തൊഴിൽ നിയമങ്ങളുടെ രാജശില്പി, സ്റ്റേറ്റ് സോഷ്യലിസം, വ്യവസായവത്ക്കരണം, സമഗ്ര ഭൂപരിഷ്കരണം, ദേശസാത്ക്കരണം, വ്യവസായവത്കരണം, നഗരവത്ക്കരണം, ആധുനികവത്‌കരണം, ശാസ്ത സാങ്കേതികവത്കരണം എന്നിവയുടെ വക്താവ്, ഭരണഘടനാ വാദം, ഭരണഘടനാ ധാർമികത എന്നീ തത്വങ്ങളുടെ പ്രയോക്താവ്, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി, മാനവികത എന്നീ ആദർശങ്ങളിലൂന്നിയ പ്രബുദ്ധഭാരത സങ്കല്പത്തിന്‍റെ ദാർശിനികൻ തുടങ്ങിയ നിലകളിലെല്ലാം വർത്തമാനലോകം ഡോ. അംബേദ്ക്കറെ വായിച്ചെടുക്കുന്നത് പ്രകാശഭൂരിതമായൊരു ഭാവിയെയാണ് വിഭാവനം ചെയ്യുന്നത്. അംബേദ്ക്കറിലേക്കുള്ള അടുപ്പം ജനാധിപത്യത്തിന്‍റെ വീണ്ടെടുപ്പിനുള്ള അകലം കുറക്കും എന്നു ചുരുക്കം.

ജാതീയവും വംശീയവും മതപരവുമായ കാരണങ്ങളാൽ അസ്പൃശ്യത കല്പിച്ച് അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ സ്വത്വവും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങളിൽ ഏർപ്പെട്ടുകൊണ്ടായിരുരുന്നല്ലോ ഡോ. അംബേദ്കർ തന്‍റെ ജനാധിപത്യ പോരാട്ടങ്ങൾ ആരംഭിക്കുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ ജനാധിപത്യം സാർഥകമാകില്ലെന്ന് ഡോ. അംബേദ്കർക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ജീവിതത്തിലുടനീളം ജാതിക്കും തൊട്ടുകൂടായ്മയക്കുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച അദേഹം ജാതി നശീകരണത്തിൽ കൂടിയല്ലാതെ ജനാധിപത്യ സമൂഹത്തിന്‍റെ രൂപകല്പന സാധ്യമാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരുവേള ജാതിയെ നശിപ്പിക്കാൻ ജാതിക്ക് ദാർശനിക പരിവേഷം നൽകുന്ന വേദേതിഹാസങ്ങളെ ചുട്ടെരിക്കണമെന്നു വരെ ജാതി നശീകരണം (1936) എന്ന ഗ്രന്ഥത്തിലൂടെ ഡോ. അംബേദ്കർ നിർദേശിച്ചു. ശ്രേണീകൃത അസമത്വത്തെ ശാശ്വതീകരിക്കുന്ന ജാതിവ്യവസ്ഥയും പ്രതിനിധ്യത്തെ പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യവും ഒരിക്കലും സമരസപ്പെടുകയില്ലെന്ന ഡോ. അംബേദ്കറുടെ മുന്നറിയിപ്പ് പ്രസക്തമാണല്ലോ. അതുകൊണ്ടുതന്നെ ജാതിനശീകരണത്തിന് ഊന്നൽ നൽകി കൊണ്ടുള്ള ഡോ. അംബേദ്കറുടെ വീക്ഷണങ്ങൾ സാമൂഹ്യ വിപ്ളവത്തിലേക്കും ജനാധിപത്യത്തിലേക്കുമുള്ള വാതായനങ്ങളാണ് മലർക്കെ തുറന്നിടുന്നത്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി, മാനവികത, സോഷ്യലിസം എന്നീ ആദർശങ്ങളിൽ അധിഷ്ഠിതമാണ് ഡോ. അംബേദ്കറുടെ ജനാധിപത്യ പരിപ്രേക്ഷ്യങ്ങൾ എന്നതും ശ്രദ്ധേയമാണ്.


സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ ശില്പി എന്ന നിലയിലാണ് ഡോ. അംബേദ്കറെ പരക്കെ വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഭരണഘടനാ വാദത്തിന്‍റെയും ഭരണഘടനാ ധാർമികതയുടെയും വക്താവായും അദ്ദേഹം അറിയപ്പെടുന്നു. നിയതാർഥത്തിൽ ഡോ. അംബേദ്കറുടെ ധൈഷണിക നേതൃത്വത്തിൽ രൂപകല്പന ചെയ്യപ്പെട്ട ഭരണഘടന പ്രാബല്യത്തിൽ വരുന്നതോടു കൂടിയാണ് ഇന്ത്യയെന്ന മഹാജനസഞ്ചയം ജനാധിപത്യത്തിലേക്ക് പ്രവേശിക്കുന്നത്. സ്വതന്ത്ര ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റിക്, റിപ്പബ്ലിക്കായി വിഭാവനം ചെയ്യാൻ നേതൃത്വം നൽകിയ ഡോ. അംബേദ്കർ നീതിക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും സമത്വാധിഷ്ഠിത വികസനത്തിനും ഭരണഘടനയുടെ ആമുഖത്തിൽ പ്രാധാന്യം നൽകി കൊണ്ടാണ് ഭരണഘടനയുടെ ഔന്നിത്യം വിളംബരം ചെയ്തത്. ജാതി, മത, വർഗ, ലിംഗ ഭേദമന്യെ രാജ്യത്തെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങളിൽ തുല്യത ഉറപ്പാക്കുന്നതിലും നീതിയിൽ ഊന്നിയ പുരോഗതിയും വികസനവും വ്യവസ്ഥാപിതമാക്കുന്നതിനും ചരിത്രപരമായ കാരണങ്ങളാൽ പാർശ്വവത്ക്കരിക്കപ്പെട്ടു പോയ ജനവിഭാഗങ്ങൾക്ക് അവരുടെ പൗരാവകാശങ്ങൾ ഉറപ്പാക്കാൻ ഭരണഘടനയിൽ വ്യവസ്ഥകൾ ചിട്ടപ്പെടുത്തിയുമാണ് ഭരണഘടനയുടെ അലകും പിടിയും ചിട്ടിപ്പെടുത്തിയത്. ഭരണഘടനയിലെ രാഷ്ട്രനയത്തിന്‍റെ നിർദ്ദേശക തത്വങ്ങളിലൂടെ ഒരു സോഷ്യലിസ്റ്റിക് സാമ്പത്തിക വികസന മാതൃക നിർദ്ദേശിച്ച ഡോ. അംബേദ്കർ ഭരണാധികാരികൾ ഭരണഘടനാ ധാർമികതയിലൂന്നി ഭരണം നടത്തുമ്പോൾ മാത്രമേ ഭരണഘടനയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കുകയുള്ളൂ എന്നും മുന്നറിയിപ്പ് നൽകുകയുണ്ടായി. വസ്തുതാപരമായി പരിശോധിക്കുമ്പോൾ ഭരണഘടനിർമിതിയിലൂടെയാണ് ഡോ. അംബേദ്കർ അദ്ദേഹത്തിന്‍റെ ആദർശ സമൂഹത്തെ വിഭാവനം ചെയ്തത് എന്നു കാണാം. സമത്വം, സ്വാതന്ത്ര്യം, സാഹോദ്യം, നീതി, മാനവികത എന്നിവയായിരുന്നു ഡോ. അംബേദ്കറുടെ ആദർശ സമൂഹത്തിന്‍റെ ആണിക്കല്ലുകൾ. ഈയൊരു ആദർശ സമൂഹത്തെയാണ് പ്രബുദ്ധഭാരതം എന്ന പരികല്പനയിലൂടെ ഡോ. അംബേദ്കർ പ്രാബല്യത്തിൽ കൊണ്ടുവരാൻ ശ്രമിച്ചത്.

രാജ്യത്തെ അധഃസ്ഥിത വിഭാഗങ്ങൾ, ഗോത്ര വിഭാഗങ്ങൾ, പിന്നോക്ക വിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ, ഭാഷാന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്ക് അവരുടെ വംശീയവും സാംസ്കാരികവുമായ സ്വത്വവും അവകാശങ്ങളും സംരക്ഷിക്കാൻ ഭരണഘടനയിൽ പ്രത്യേക പരിരക്ഷകൾ ഉൾച്ചേർക്കുന്നതിലും തദ്വാരാ ജനാധിപത്യ പരികല്പനയെ വികസിപ്പിക്കുന്നതിലും ഡോ. അംബേദ്കർ അതീവ ശ്രദ്ധാലുവായിരുന്നു. എല്ലാ മതവിശ്വാസങ്ങൾക്കും തുല്യ പ്രാധാന്യം നൽകികൊണ്ടുള്ള അദ്ദേഹത്തിന്‍റെ മതേതര സങ്കല്പങ്ങൾ എക്കാലത്തും പ്രശംസിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങളെയും അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ ജനാധിപത്യം സാർഥകമാവില്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.

സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഡോ. അംബേദ്കർ നടത്തിയ ശ്രമങ്ങളും അപരിമേയമാണ്. ഒരു സമൂഹത്തിന്‍റെ വികാസം അളക്കേണ്ടതിന്‍റെ മാനദണ്ഡം ആ സമൂഹത്തിൽ സ്ത്രീകൾ ആർജ്ജിച്ച വളർച്ചയുടെ അടിസ്ഥാനത്തിലായിരിക്കണം എന്നു ശഠിച്ച സാമൂഹിക ചിന്തകനായിരുന്നു ഡോ. അംബേദ്കർ. ഇന്നു നമ്മുടെ രാജ്യത്ത് പ്രാബല്യത്തിലുള്ള സ്ത്രീകളുടെ അവകാശ സംരക്ഷണ നിയമങ്ങളുടെയും തൊഴിൽ നിയമങ്ങളുടെയും അടിത്തറ പാകിയത് ഡോ. അംബേദ്ക്കറുടെ ഇടപെടലുകളായിരുന്നു എന്നു കാണാം. 1926 കാലഘട്ടത്തിൽ ബോംബെ നിയമ നിർമാണസഭയിൻ അംഗമായിരിക്കുമ്പോഴാണ് ഡോ. അംബേദ്കർ നിയമനിർമാണത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇന്ത്യയുടെ നിയമനിർമാണസഭകളുടെ ചരിത്രത്തിലാദ്യമായി കുടുംബാസൂത്രണത്തിന് വേണ്ടി വാദിച്ച ഡോ. അംബേദ്കർ പ്രസവാനുകൂല്യ ബില്ലും അവതരിപ്പിച്ചു പാസ്സാക്കിയെടുത്തു. സ്ത്രീകൾക്ക് ശമ്പളത്തോടെ പ്രസവാവധിയും മറ്റു ആനുകൂല്യങ്ങളും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ നിയമം. ഇതിനെത്തുടർന്നാണ് മദ്രാസ് ഉൾപ്പെടയുള്ള ഇതര ബ്രിട്ടീഷ് പ്രവിശ്യകളിൽ സമാനമായ നിയമം പ്രാബല്യത്തിൽ വരുന്നത്.1920ൽ സൗത്ബോറ കമീഷന് മുന്നിൽ സമർപ്പിച്ച നിവേദനത്തിലൂടെ രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി വാദിച്ചതും ഡോ. അംബേദ്കറായിരുന്നു. 1942-46 കാലഘട്ടത്തിൽ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ തൊഴികാര്യ മന്ത്രിയായിരിക്കെ തൊഴിലാളികളുടെ, പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഡോ. അംബേദ്കർ നടത്തിയ നിയമനിർമാണങ്ങൾ പില്ക്കാലത്ത് രാജ്യത്താകെ പ്രാബല്യത്തിൽ വരികയായിരുന്നു.


അഗാധ ഖനികളിൽ സ്ത്രീകളെ തൊഴിൽ ചെയ്യുന്നത് വിലക്കുന്ന നിയമവും ക്ഷേമഫണ്ടിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന നിയമവും പ്രസവാവധിയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന നിയമവും പ്രത്യുത്പാദന അവകാശം ഉറപ്പാക്കുന്ന നിയമവും തൊഴിൽ നിയമം ക്ലിപ്തപ്പെടുത്തുന്ന നിയമവും തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുന്ന നിയമവും പ്രാബല്യത്തിൽ കൊണ്ടുവന്നു. തുടർന്ന് ഭരണഘടനയിലൂടെ സ്ത്രീ പുരുഷ ഭേദമെന്യെ എല്ലാ പൗരന്മാർക്കും തുല്യ പൗരാവകാശം ഉറപ്പാക്കുകയും ചെയ്തു. നിയമന്ത്രിയായിരിക്കെ 1951ൽ പാർലമെന്‍റിൽ ഡോ. അംബേദ്കർ അവതരിപ്പിച്ച ഹിന്ദു കോഡ് ബിൽ ഹിന്ദു സമൂഹത്തിലെ സ്ത്രീകൾക്ക് തുല്യാവകാശം പ്രദാനം

ചെയ്യുന്ന വിപ്ലവകരമായ ചുവട് വയ്പായിരുന്നു. ഹിന്ദുക്കളിലെ എല്ലാ ജാതികൾക്കും ഏകീകൃത നിയമം വ്യവസ്ഥ ചെയ്ത ഹിന്ദു കോഡ് ബിൽ സ്വത്തവകാശത്തിൽ സ്ത്രീക്കം പുരുഷനും തുല്യത ഉറപ്പാക്കുകയും വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ തുടങ്ങി ഒട്ടനവധി പരിഷ്ക്കാരങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാൽ യാഥാസ്ഥിതിക ഹിന്ദുക്കളുടെ എതിർപ്പിനെ തുടർന്ന് ബിൽ പാർലമെന്‍റിൽ പാസ്സാക്കാനായില്ല. എങ്കിലും പിൽക്കാലത്ത് പല ഘട്ടങ്ങളിലായി ഹിന്ദു കോഡ് ബില്ലിലെ വ്യവസ്ഥകൾ പല പേരുകളിൽ രാജ്യത്ത് നിയമങ്ങളായി പ്രാബല്യത്തിൽ വന്നു എന്നു കാണാം.

1942ൽ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിക്കുമ്പോഴായിരുന്നു ഡോ. അംബേദ്കർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺലിൽ തൊഴികാര്യ മന്ത്രിയായി ചുമതലയേൽക്കുന്നതെന്നത്. ഇക്കാലത്താണ് 1943 മേയിൽ ബോംബെയിൽ വച്ച് നടന്ന 3മത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ അദ്ധ്യക്ഷത അദ്ദേഹം വഹിക്കുന്നതും തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി നിർണായകമായ നിരവധി തീരുമാനങ്ങൾ എടുക്കുന്നതും. തൊഴിലാളകളുടെ ക്ഷേമം, വാർ പ്രൊഡക്ഷൻ, നൈപുണ്യം ഉള്ളവരുടെയും ഇല്ലാത്തവരുടെയും തൊഴിൽ, വ്യവസായ തർക്കങ്ങൾ, തൊഴിൽ പ്രശ്നങ്ങളെ സംബന്ധിച്ച വിവരശേഖരണം, എംപ്ലോയ്മെന്‍റ് എക്സേഞ്ച് സ്ഥാപിക്കുന്നതിനുളള സ്കീം എന്നിവ ചർച്ച ചെയ്യപ്പെട്ടത് ഈ സമ്മേളനത്തിലായിരുന്നു. ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് നാഷണൽ എംപ്ലോയ്മെന്‍റ് ഏജൻസി രൂപീകരിക്കപ്പെടുന്നത്. 1937ൽ ആണ് ഇന്ത്യയിൽ ഇദംപ്രഥമായി ഒരു തൊഴിൽ കാര്യ വകുപ്പ് നിലവിൽ വരുന്നത്. അതോടെ ജലസേചനം, വൈദ്യുതി, പൊതുമരാമത്ത് ജോലികൾ എല്ലാം ഈ വകുപ്പിന് കീഴിലായി. 1942 ജൂലൈയിൽ ഡോ. അംബേദ്കർ വൈഡ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിയമകാര്യ മന്ത്രിയാകവെ വൈദ്യുതി, ജലസേചനം തുടങ്ങിയ വകുപ്പുകൾ കൂടി അദ്ദേഹത്തിന് കൈകാര്യം ചെയ്യേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ഡോ. അംബേദ്കറുടെ രൂപകല്പനയിൽ വിവിധോദ്ദേശ ലക്ഷ്യത്തോടെ അണക്കെട്ടുകൾ നിർമിക്കുന്നത് സംബന്ധിക്കുന്ന ജലസേചന പദ്ധതികൾക്ക് രാജ്യത്ത് തുടക്കം കുറിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് രാജ്യത്തെ ആദ്യത്തെ നദീജല പദ്ധതിയായ ദാമോദർ വാലി കോർപ്പറേഷൻ (DVC) സ്ഥാപിതമാകുന്നത്. അമേരിക്കയിലെ ടെനൻസി വാലി പദ്ധതിയുടെ മാതൃകയിൽ തയ്യാറാക്കിയ ദാമോദർ വാലി കോർപ്പറേഷന്‍റെ വിജയത്തെത്തുടർന്നാണ് പഞ്ചവത്സര പദ്ധതികളിൽ ഉൾപ്പെടുത്തി രാജ്യത്ത് നദീതട പദ്ധതികൾക്ക് തുടക്കമാവുന്നത്.

വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കുമ്പോഴാണ് ഡോ. അംബേദ്കർ രാജ്യത്തെ തൊഴി നിയമങ്ങൾ പരിഷ്കരിക്കുന്നതിനും തൊഴിലാളി ക്ഷേമം മുൻനിർത്തി, പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകാൻ ഉതകുംവിധം നിയമനിർമാണത്തിലേർപ്പെടുന്നത്. ഇന്ത്യൻ ട്രേഡ് യൂണിയൻ നിയമം, ഇൻഡ്സ്ട്രിയൽ ഡിസ്പ്യൂട് ആക്ട്, തൊഴിൽ സമയം ക്രമീകരിക്കൽ നിയമം, പ്രസവാനുകൂല്യ നിയമം, അഗാധ ഖനികളിൽ സ്ത്രീ തൊഴിലാളികളെ വിലക്കുന്ന നിയമം, സ്ത്രീ പുരുഷ ഭേദമെന്യെ തുല്യ ജോലിക്ക് തുല്യവേതനം നൽകൽ നിയമം തുടങ്ങി തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ സഹായകമായി നിരവധി നിയമങ്ങൾക്ക് ഡോ. അംബേദ്കർ തുടക്കം കുറിച്ചു. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി ഡോ. അംബേദ്കർ നടത്തിയ പോരാട്ടങ്ങൾ സുവിദിതമാണല്ലോ?


സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനരേകീകരണം ദേശീയ തലത്തിൽ ഒരു പ്രധാന ചർച്ചാവിഷയമായി ഉയർന്നുവന്നിരുന്നു. ഈ ഘട്ടത്തിൽ ഭാഷാ അടിസ്ഥാനത്തിലായിരിക്കണം പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെടേണ്ടത് അഥവാ അതായിരിക്കണം സംസ്ഥാന പുന:രേകീകരണത്തിന്‍റെ മാനദണ്ഡം എന്നു അസന്നിഗ്ധമായി അഭിപ്രായപ്പെട്ട രാഷ്ട്രശില്പിയായിരുന്നു ഡോ. അംബേദ്കർ. 1955ൽ പ്രസിദ്ധീകരിച്ച ഭാഷാ സംസ്ഥാനങ്ങളെപ്പറ്റിയുള്ള ചിന്തകൾ (Thoughts on Lingustic states) എന്ന വിഖ്യാത കൃതിയിലൂടെയാണ് ഭാഷാ സംസ്ഥാനങ്ങളെപ്പറ്റിയുള്ള തന്‍റെ ഖണ്ഡിതമായ അഭിപ്രായങ്ങൾ ഡോ. അംബേദ്കർ അവതരിപ്പിച്ചത്. ഏക ഭാഷ ജനങ്ങളെ അടുപ്പിക്കുകയും ബഹുഭാഷ ജനങ്ങളെ വിഘടിപ്പിക്കുകയും ചെയ്യും എന്ന അഭിപ്രായക്കാരനായിരുന്നു ഡോ. അംബേദ്കർ. ഭാഷയിലൂടെയാണ് സംസ്കാരം സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. രണ്ടു കാരണങ്ങളാലായിരുന്നു ഡോ. അംബേദ്കർ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വാദത്തെ പിന്തുണച്ചത്; ജനാധിപത്യത്തിന്‍റെ മാർഗം സുഗമമാക്കുന്നതിനും വംശീയവും സാംസ്കാരികവുമായ അസ്വസ്ഥതകൾ ലഘൂകരിക്കുന്നതിനും. ഭൂവിസ്തൃതിയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചു. മധ്യപ്രദേശിനെയും ബിഹാറിനെയും ഈ രണ്ട് സ്റ്റേറ്റുകളായി വിഭജിക്കണമെന്ന നിർദ്ദേശം ആദ്യമായി അവതരിപ്പിച്ചതും ഡോ. അംബേദ്കറായിരുന്നു. 45 വർഷങ്ങൾക്കു ശേഷം മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഘട്ടും ബിഹാറിൽ നിന്നും ഝാർഖണ്ഡും നിലവിൽ വന്നപ്പോൾ ഡോ. അംബേദ്കറുടെ നിർദ്ദേശമാണ് പ്രാവർത്തികമായെന്നു കാണാം. ആന്ധ്രാപ്രദേശും ഹൈദ്രാബാദും (തെലുങ്കാന) രണ്ടു വ്യതിരിക്ത എൻറ്റിറ്റികളാണെന്നതായിരുന്നു ഡോ. അംബേദ്കറുടെ മറ്റൊരു വാദം. തികച്ചും ഭാഷാപരമായിരുന്നു ഈ വാദത്തിന്‍റെ അടിസ്ഥാനമെന്നു കാണാൻ പ്രയാസമില്ല. ഒരു പ്രത്യേക തെലുങ്കാന സംസ്ഥാനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും ഭരണഘടനാ ശില്പിയായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്രാ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്ന ആശയം ആദ്യമായി ഉന്നയിച്ചതും ഡോ. അംബേദ്ക്കറായിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയ്മെന്‍റ് എക്സേഞ്ചിന്‍റെ രൂപീകരണവും

1923ൽ ഡോ. അംബേദ്കർ പ്രസിദ്ധീകരിച്ച വിഖ്യാത ധനതത്വശാസ്ത്ര ഗ്രസ്ഥമാണ് The Problem of Rupees: Its origin and its Solutions. ഗ്രന്ഥത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇന്ത്യൻ രൂപയുടെ പ്രശ്നങ്ങളും ആയതിന്‍റെ ഉത്ഭവവും പരിഹാരവും അപഗ്രഥന വിധേയമാക്കുന്ന ഈ ഗ്രന്ഥത്തിലാണ് ഇന്ത്യയിൽ ഒരു കേന്ദ്രീകൃത ബാങ്ക് രൂപീകരിക്കേണ്ടതിന്‍റെ അനിവാര്യതയെപ്പറ്റിയും ആയതിനുള്ള മാർഗനിർദ്ദേശങ്ങളെപ്പറ്റിയുമുള്ള ആശയങ്ങൾ ഡോ. അംബേദ്കർ അവതരിപ്പിച്ചത്. ഈ ആശയങ്ങളുടെ, പശ്ചാത്തലത്തിലാണ് 1925 ഡിസംബർ 15ന് ഇന്ത്യൻ കറൻസിയെയും ഫിനാൻസിനെയുംപ്പറ്റി അന്വേഷിക്കാൻ ഒരു റോയൽ കമീഷൻ (ഹിൽട്ടൻ യങ് കമീഷൻ) ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. കമീഷനെ സമീപിച്ച ഡോ. അംബേദ്കർ ഒരു റിസർവ് ബാങ്ക് രൂപീകരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കമീഷന് കൈമാറിയിരുന്നു. ഇതിന്‍റെ പിന്തുടർച്ചയായാണ് 1934ൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അക്ട് നിലവിൽ വരുന്നതും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യാഥാർഥ്യമാവുന്നതും.

ഇപ്രകാരം രാഷ്ട്രശില്പി എന്ന നിലയിൽ പരമാധികാര മതേതര ജനാധിപത്യ സോഷ്യലിസ്റ്റിക് റിപ്പബ്ലിക്കൻ ഭരണഘടനാ നിർമിതിയിലൂടെയും ജാതി നശീകരണത്തിലൂന്നിയുള്ള സാമൂഹിക വിപ്ലവ മുന്നേറ്റങ്ങളിലൂടെയും ഭരണഘടനാ നൈതികത ഉയർത്തിപ്പിടിച്ചും നിയതമായ ആസൂത്രണത്തിലൂടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യനീതിയും അവസര സമത്വവും യാഥാർഥ്യമാക്കുന്നതിനു വേണ്ടി യത്നിച്ച ഡോ. അംബേദ്കറുടെ മഹത്തായ സംഭാവനകൾ അനശ്വരവും അവിസ്മരണീയവുമാണ്. ഭരണഘടനയുടെ സംരക്ഷണത്തിലൂടെയുള്ള ജനാധിപത്യത്തിന്‍റെ വീണ്ടെടുക്കലിന് വേണ്ടി ജാഗരൂഗരാകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleDr AmbedkarLatest News
News Summary - Dr. Ambedkar's Democracy House
Next Story