റൂസ് വെൽറ്റിന്റെ വടി, ട്രംപിന്റെ അടി
text_fieldsയു.എസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് പ്രചാരണ വേളയിൽ ആവർത്തിച്ച അവകാശവാദങ്ങളിലൊന്ന് താനൊരു സമാധാന ദൂതൻ ആണെന്നാണ്; കേവലമൊരു സമാധാന കാംക്ഷിയല്ല, ശക്തനായ സമാധാന സംസ്ഥാപകൻ. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന യുദ്ധവും യുെക്രയ്ൻ-റഷ്യ യുദ്ധവും താൻ അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ് മാതൃകാ പുരുഷരായി ചൂണ്ടിക്കാട്ടിയത് മുൻ പ്രസിഡന്റുമാരായ ജോർജ് വാഷിങ്ടണിനെയും ടെഡി റൂസ് വെൽറ്റിനെയുമാണ്....
യു.എസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് പ്രചാരണ വേളയിൽ ആവർത്തിച്ച അവകാശവാദങ്ങളിലൊന്ന് താനൊരു സമാധാന ദൂതൻ ആണെന്നാണ്; കേവലമൊരു സമാധാന കാംക്ഷിയല്ല, ശക്തനായ സമാധാന സംസ്ഥാപകൻ. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന യുദ്ധവും യുെക്രയ്ൻ-റഷ്യ യുദ്ധവും താൻ അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ് മാതൃകാ പുരുഷരായി ചൂണ്ടിക്കാട്ടിയത് മുൻ പ്രസിഡന്റുമാരായ ജോർജ് വാഷിങ്ടണിനെയും ടെഡി റൂസ് വെൽറ്റിനെയുമാണ്. പക്ഷേ, മാതൃകാപുരുഷനായ റൂസ് വെൽറ്റിന്റെ ‘സൗമ്യമായി സംസാരിക്കുക, എന്നാൽ, കൂടെ എപ്പോഴും ഒരു വടി കൈവശംവെക്കുക’ എന്ന ശൈലി പിന്തുടരുന്നയാളല്ല ട്രംപ്. സൗമ്യമായി സംസാരിച്ചല്ല, ആക്രോശവും പരിഹാസവും പരനിന്ദയും പറഞ്ഞാണ് ശീലം. വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം വടിപ്രയോഗം നടത്തുകയുംചെയ്യും. അധികാരത്തിലുള്ളപ്പോഴും പുറത്തുനിന്ന കാലത്തും പഠിക്കുകയോ, വിലയിരുത്തുകയോ ചെയ്തിട്ടില്ലാത്ത വിഷയങ്ങളിലാണെങ്കിലും തുറന്നടിച്ച് അഭിപ്രായപ്രകടനം നടത്തുന്നതിൽ ഒരു പിശുക്കും കാണിച്ചിട്ടില്ല.
ഭരണകൂടത്തിലെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനായി രണ്ടു ശ്രേണിയിലുള്ള ആളുകളെയാണ് അദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. ഒന്ന്, പഴയ നവയാഥാസ്ഥിതികർ എന്നറിയപ്പെട്ടിരുന്നവരിൽ ശേഷിക്കുന്നവർ. ഇറാനും ചൈനക്കുമെതിരെ കണ്ണിമചിമ്മാത്ത ജാഗ്രതയാണ് അവരുടെ സവിശേഷത. രണ്ടാമത്തേത് കറകളഞ്ഞ ഇസ്രായേൽ പക്ഷക്കാർ. എന്നും ഇസ്രായേലിനെ പിന്തുണക്കുന്നതിൽ മുൻപന്തിയിലാണ് ട്രംപ്. ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചത് അദ്ദേഹമാണല്ലോ. കഴിഞ്ഞദിവസം ആ കാര്യം ട്രംപ് ആവർത്തിച്ചു പറഞ്ഞു. എന്നാൽ, അമേരിക്കക്ക് ധനനഷ്ടവും ആൾനാശവും വരുത്തിവെക്കുന്ന സംഗതികൾ ഏറ്റെടുക്കുന്നതിൽ അത്ര തൽപരനല്ല കക്ഷി. റിയൽ എസ്റ്റേറ്റ് മുതലാളിയായ ട്രംപിന്റെ എല്ലാ നീക്കങ്ങളും വ്യാപാരതാൽപര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നവയാണ്. യഥാർഥത്തിൽ, പാശ്ചാത്യ രാഷ്ട്രങ്ങൾ, പ്രത്യേകിച്ച് അമേരിക്ക, ഇസ്രായേലിനെ സംരക്ഷിച്ചു നിര്‍ത്തുന്നതു തന്നെ അധിനിവേശ, വാണിജ്യ താൽപര്യങ്ങൾക്ക് വേണ്ടിയാണ്. രാഷ്ട്രമീമാംസാ ശാസ്ത്രജ്ഞൻ ഡേവിഡ് ലച്ചിൻസ് കുറച്ചു മുമ്പ് അമേരിക്കയിലെ യഹൂദസ്വാധീനത്തെക്കുറിച്ച് എഴുതുകയുണ്ടായി. മിക്ക കോർപറേറ്റ് കമ്പനികളുടെയും സി.ഇ.ഒ, ബാങ്കുകളുടെയും വ്യവസായ -വാണിജ്യ സ്ഥാപനങ്ങളുടെയും മേധാവികൾ, വിദ്യാഭ്യാസ മേഖലയിലെ സാരഥികൾ എന്നിങ്ങനെ അമേരിക്കയുടെ കടിഞ്ഞാൺതന്നെ കൈവശമുള്ള ആ സമൂഹത്തിന്റെ പ്രതിനിധികളുമായി യു.എസ് പ്രസിഡന്റ് ആഴ്ചതോറും പല വിഷയങ്ങളും ചര്‍ച്ചചെയ്യുന്നു. അതുതന്നെയാണിപ്പോൾ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രംപും ചെയ്യുന്നത്. അദ്ദേഹം ഇസ്രായേലിനെ ചേര്‍ത്തുപിടിച്ച്, സയണിസ്റ്റ് ഭീകരതയെ എതിര്‍ക്കുന്ന എല്ലാവർക്കും നേരെ വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിന്റെ ഫലം എന്താകുമെന്ന് പ്രവചിക്കുക സാധ്യമല്ല.
അമേരിക്കയെ ഭരിക്കാൻ പോകുന്ന ആൾ അങ്ങനെയാണ് പറയേണ്ടതും. കാരണം, ഓരോ വർഷവും മൂന്നു ബില്യൻ യു.എസ് ഡോളറാണ് ഇസ്രായേലിനു നല്‍കുന്നത്. ഇത് അമേരിക്ക ആകെ നല്കുന്ന വിദേശ സഹായത്തിന്റെ അഞ്ചിലൊന്ന് വരും. ഏതായാലും, ജനുവരി മാസത്തിൽ, ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ ഉപവിഷ്ടനാകുന്നതോടെ, ചരടുവലികൾക്കായി നെതന്യാഹു പുതിയ തന്ത്രങ്ങൾ മെനയുകയാകും. എന്നാൽ, അവർ കാണാൻ പോകുന്നത് ഒരു പുതിയ ലോകമാണെന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയുടെ അപ്രമാദിത്വം അവസാനിച്ചിരിക്കുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. വർഷങ്ങൾക്ക് മുമ്പ് ബ്രൂക്കിങ്സ് ഫോറിൻ പോളിസി പ്രോഗ്രാം ഡയറക്ടറായ ബ്രൂസ് ജോൺസ് നേതൃത്വം നൽകിയ ഒരു അന്താരാഷ്ട്ര തല സമ്മേളനം മിഡിലീസ്റ്റിലെ മാറിവരുന്ന ഭൗമരാഷ്ടീയം വിശദമായി വിലയിരുത്തുകയുണ്ടായി. അമേരിക്കയുടെ സ്വാധീനം മിഡിലീസ്റ്റിൽ നാൾക്കുനാൾ ക്ഷയിച്ചുവരികയാണെന്ന് വിലയിരുത്തിയ യോഗം ചൈനയും റഷ്യയും തന്ത്രപരമായ കരുനീക്കങ്ങളിലൂടെ അറബ് രാഷ്ട്രങ്ങളെ ഒപ്പം നിർത്തുമെന്നും നിരീക്ഷിച്ചു. ഇന്നു കാര്യങ്ങൾ ഒന്നുകൂടി പുരോഗമിച്ചിട്ടുണ്ട്. അന്ന് വൈരികളായിരുന്ന ഇറാനും സൗദി അറേബ്യയും ഇപ്പോൾ സുഹൃത്തുക്കളാണ്. നേരത്തേ, സൗദിയെ അലോസരപ്പെടുത്തിയിരുന്ന ഹൂതികളും കൂടെ നില്ക്കുന്നു. യമനികളെ റഷ്യൻ സേനയിൽ റിക്രൂട്ട് ചെയ്യാനുള്ള പുടിന്റെ തീരുമാനമാണ് മറ്റൊരു സംഭവവികാസം. ഇറാനും ചൈനയും ഉത്തര കൊറിയയും റഷ്യയുടെ കൂടെ നില്ക്കുന്നു. ഈയൊരു സാഹചര്യത്തിൽ, ഡോണൾഡ് ട്രംപിന് പഴയതുപോലെ കളത്തിലിറങ്ങുക അത്ര എളുപ്പമാവില്ല.
നവംബർ 28ന് ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ ഹൂതികൾ തകര്‍ക്കുകയുണ്ടായി. അമേരിക്ക പ്രത്യാക്രമണം നടത്തുന്നതിന് മുമ്പുതന്നെ റഷ്യൻ യുദ്ധക്കപ്പലുകൾ ചെങ്കടലിലേക്ക് കുതിച്ചെത്തിയിരിക്കുന്നു. ട്രംപ് പഴയ ട്രംപ് തന്നെയെന്ന് പ്രചാരണത്തിലും തെരഞ്ഞെടുപ്പ് വിജയശേഷവും അദ്ദേഹം തെളിയിച്ചു, പക്ഷേ ലോകം പഴയ ലോകമല്ല എന്ന തിരിച്ചറിവില്ലാതെ കൈക്കൊള്ളുന്ന ഒാരോ നീക്കവും സകലരെയും പുതിയ കുഴപ്പങ്ങളിലേക്ക് കൊണ്ടെത്തിക്കും എന്നതാണ് വർത്തമാനകാലത്തെ ഏറ്റവും വലിയ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.