Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഈ മുന്നണി മോദിയെ...

ഈ മുന്നണി മോദിയെ ഭയപ്പെടുത്തുന്നുണ്ടോ?

text_fields
bookmark_border
ഈ മുന്നണി മോദിയെ ഭയപ്പെടുത്തുന്നുണ്ടോ?
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻഡ്യയെ ഭയമാണ്, ഇതെല്ലാം പ്രകടമാക്കുന്നത് അദ്ദേഹത്തിന്റെ പരിഭ്രാന്തിയാണ് -പുതിയ പ്രതിപക്ഷസഖ്യത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയോടും ഇന്ത്യൻ മുജാഹി​ദീനോടും മോദി ഉപമിച്ചതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പ്രതികരണമാണിത്.

രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വിവിധ പാർട്ടി നേതാക്കളുടെ പൊതുവികാരമാണ് നിതീഷ് പ്രകടിപ്പിച്ചത്. പട്നയിലും ബംഗളൂരുവിലും നടന്ന വിജയകരമായ സമ്മേളനങ്ങൾക്കുശേഷം രാജ്യസഭയിലും​ ലോക്സഭയിലും മികച്ച ഏകോപനമാണ് മണിപ്പൂർ അക്രമവിഷയത്തിൽ പ്രതിപക്ഷം കാഴ്ചവെച്ചത്.

കലാപം തുടങ്ങി 79 ദിവസങ്ങൾക്കുശേഷം മാത്രം മൗനംഭേദിച്ച മോദിയാവട്ടെ പാർലമെന്റി​നു പുറത്ത് സംസാരിച്ചത് രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വൈറൽ വി​ഡിയോയെക്കുറിച്ചാണ്, അതും ഛത്തിസ്ഗഢിലും രാജസ്ഥാനിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു; ഈ നീക്കം പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചു. വർഷകാല സെഷൻ തുടങ്ങിയതു മുതൽ ഇരുസഭകളും നിരന്തരം സ്തംഭിപ്പിച്ച അവർ സർക്കാറിനെതിരെ അവിശ്വാസപ്രമേയവും കൊണ്ടുവന്നു. മണിപ്പൂർ വിഷയത്തിൽ ഇരുസഭകളിലും പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാണ് അവരുടെ പ്രാഥമിക ആവശ്യം.

മണിപ്പൂർ വിഷയം പാർലമെന്റിൽ ചർച്ചചെയ്യുന്നതിന് മോദി ഇവ്വിധം മടി കാണിക്കുന്നതെന്താണ്? നിതീഷ് ആരോപിച്ചതുപോലെ മോദി ഇത്ര പ​രിഭ്രാന്തനാവുന്നത് എന്തുകൊണ്ടാണ്?ഇൻഡ്യയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിൽ മോദിയുടെ ചെയ്തിയുടെ പിന്നിലെ ചേതോവികാരങ്ങളെന്ന് അവർ കരുതുന്ന രണ്ടു കാരണങ്ങൾ വ്യക്തമായി.ഒന്ന്, രാജ്യത്തെ അലട്ടുന്ന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള കേന്ദ്ര സർക്കാറിന്റെ ‘കഴിവുകേട്’; രണ്ട്, അഴിമതിയുടെ ടാഗ്. ഇപ്പോൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി സർക്കാറുകളിൽ ‘പറ്റിനിൽക്കുന്ന’ അഴിമതിയുടെ ചരട്.

കഴിവുകേടും അഴിമതിയും

മണിപ്പൂർ സംഭവങ്ങളെ നിസ്സാരവത്കരിക്കാൻ സർക്കാറും ബി.ജെ.പിയും കിണഞ്ഞുശ്രമിക്കുന്നതിനിടയിലും അനിയന്ത്രിതമായ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ ആക്രമണം വ്യക്തമാക്കുന്ന വിഡിയോ -രാജ്യത്തിന്റെ മനഃസാക്ഷിയെ ഇളക്കിമറിച്ചു. ഇത് പ്രധാനമന്ത്രിയുടെ ‘കഴിവുകേട്’ തുറന്നുകാട്ടിയെന്നും പ്രതിപക്ഷനേതാക്കൾ പറയുന്നു. എൻ. ബിരേൻ സിങ് മുഖ്യമന്ത്രിയായ, ബി.ജെ.പി ഏറെ കൊട്ടിഘോഷിച്ച ‘ഇരട്ട എൻജിൻ’ സർക്കാറാണ് മണിപ്പൂർ ഭരിക്കുന്നത് എന്നത് മറ്റൊരു പ്രഹരമാണ്.

ഹിന്ദുത്വ പാർട്ടി രണ്ടു വംശീയ വിഭാഗങ്ങളെ- ഭൂരിപക്ഷമായ മെയ്തേയികളെയും ന്യൂനപക്ഷമായ കുക്കികളെയും പരസ്പരം എതിർചേരികളിലാക്കിയെന്ന വടക്കുകിഴക്കൻ മേഖലയിൽനിന്നുള്ള മനുഷ്യാവകാശ സംഘടനകളും പൗരാവകാശപ്രവർത്തകരും പൊതു ബുദ്ധിജീവികളും നടത്തിയ ആരോപണമാണ് ‘കഴിവുകേട്’ എന്ന വികാരത്തെ ശക്തിപ്പെടുത്തിയത്. ഗുജറാത്തിലും ഉത്തർപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ഹിന്ദുക്കളെയും മുസ്‍ലിംകളെയും എതിർചേരിയിലാക്കിയതിന് സമാനമായിരുന്നു ഇത്.

ഈ മാതൃകയിൽ മുന്നോട്ടുപോയാൽ കുക്കികൾക്കുമേൽ മെയ്തേയി ആധിപത്യം സ്ഥാപിതമാക്കാമെന്ന് മോദിയുടെയും ഷായുടെയും മേല്‍നോട്ടത്തിൽ പ്രവർത്തിക്കുന്ന ആർ.എസ്.എസ്-ബി.ജെ.പി തന്ത്രജ്ഞർ ധരിച്ചുവെച്ചിരുന്നു. പക്ഷേ, വിഡിയോ പുറത്തുവന്നതോടെ ഈ തന്ത്രം തിരിച്ചടിക്കാൻ തുടങ്ങി. ബിരേൻ സിങ് സർക്കാർ മെയ്തേയി സമൂഹത്തിനുവേണ്ടി അപകടകരമായ പക്ഷപാതിത്വം പുലർത്തുന്നുവെന്ന് കുക്കികൾ ആവർത്തിച്ച് ആക്ഷേപമുന്നയിക്കാൻ തുടങ്ങി. തങ്ങളെ ആൾക്കൂട്ടം വിവസ്ത്രരാക്കുകയും ഒരാളെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്യവെ അവിടെയുണ്ടായിരുന്ന പൊലീസുകാർ എത്രമാത്രം നിഷ്ക്രിയരായാണ് നിലകൊണ്ടതെന്ന് വിവാദ വിഡിയോയിലെ കുക്കി സ്ത്രീകളിലൊരാൾ തുറന്നുപറഞ്ഞു.

വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകർക്കും ഭവനരഹിതർക്കും നൽകിയ വാഗ്ദാനങ്ങളിൽ വന്ന വീഴ്ച എന്നിവയെല്ലാം കാരണം നരേന്ദ്ര മോദി സർക്കാർ കുറച്ചുകാലമായി പ്രതിരോധത്തിലായിരുന്നു. അവ പലതും ഇപ്പോൾ സർക്കാറിന്റെ കൈയിൽ ഒതുങ്ങാത്ത അവസ്ഥയിലാണ്. മോദിയെയും പാർട്ടിയെയും കുഴക്കുന്നതായി പറയപ്പെടുന്ന രണ്ടാമത്തെ കാര്യം വർധിച്ചുവരുന്ന അഴിമതി ബാന്ധവമാണ്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാറിനെ പാർട്ടി ധനശക്തി ഉപയോഗിച്ചാണ് താഴെയിറക്കിയതെന്ന ധാരണ രാജ്യമൊട്ടുക്കും പടർന്നു.

താക്കറെയെ താഴെയിറക്കിയത് ‘നിയമവിരുദ്ധ’മായാണ് എന്ന ധാരണയെ ശക്തിപ്പെടുത്തിയത് ഈ വിഷയത്തിലെ സുപ്രീംകോടതിയുടെ തീർപ്പാണ്. സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കെത്തന്നെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ഒരു പിളർപ്പ് സൃഷ്ടിക്കാനും അജിത് പവാറിനെയും എട്ടു സഹപ്രവർത്തകരെയും ചാടിച്ചെടുത്ത് ഏക് നാഥ് ഷി​ൻഡെ സർക്കാറിന്റെ ഭാഗമാക്കാനും ബി.ജെ.പി മടിച്ചില്ല.ഇൻഡ്യ എന്ന പ്രതിപക്ഷസഖ്യത്തിന്റെ നേതാക്കളെ സി.ബി.ഐയുടെയും ഇ.ഡിയുടെയും അന്വേഷണ വലയത്തിലുള്ള ഒരുകൂട്ടം അഴിമതിക്കാർ എന്നാണ് ബി.ജെ.പി ആദ്യം വിശേഷിപ്പിച്ചിരുന്നത്.

‘‘നാലുപാടുനിന്ന് നോക്കിയാലും ബി.ജെ.പിയിലാണ് കൂടുതൽ അഴിമതിക്കാരായ നേതാക്കൾ. കേന്ദ്ര ഏജൻസി അന്വേഷണം നേരിട്ടിരുന്ന അവർ ബി.ജെ.പിയിൽ ചേർന്നതോടെ അവരുടെ അലക്കുയന്ത്രത്തിലിട്ട് പരിശുദ്ധരാക്കപ്പെട്ടു -രാജ്യസഭ എം.പിയും ആർ.ജെ.ഡി വക്താവുമായ മനോജ് ഝാ പറയുന്നു. 10 വർഷം ഭരിച്ച മൻമോഹൻ സിങ് സർക്കാറിനുമേൽ നയത്തകർച്ചകളുടെയും അഴിമതിയുടെയും ആക്ഷേപങ്ങൾ ചൊരിഞ്ഞാണ് 2014ൽ ബി.ജെ.പി അധികാരം നേടുന്നത്. ഇപ്പോൾ, അവരുടെ കഴിവില്ലായ്മയും അഴിമതിയും ചൂണ്ടിക്കാട്ടി രംഗത്തിറങ്ങുന്ന സംഘടിത പ്രതിപക്ഷത്തിന് മോദിക്കെതിരെ കടുത്ത ഭരണവിരുദ്ധത വികാരം സൃഷ്ടിക്കാൻ സാധിച്ചേക്കുമെന്ന സ്ഥിതിയുണ്ട്.

രാഷ്ട്രീയത്തിലെ ഗണിതവും രസതന്ത്രവും

ഇൻഡ്യ ഉടൻതന്നെ സീറ്റ് പങ്കുവെപ്പ് സംബന്ധിച്ച നയം പുറത്തിറക്കുമെന്ന് സഖ്യസംഘാടകനായ നിതീഷ് പറയുന്നു. രാജ്യത്തിന്റെയും ഇവിടത്തെ ജനങ്ങളുടെയും വിശാല താൽപര്യങ്ങൾക്കനുസൃതമായാണ് ഇൻഡ്യ പ്രവർത്തിക്കുക. അവർ രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിമറിക്കുകയും മഹാത്മാ ഗാന്ധി നിലകൊണ്ടതെന്തിനോ അതിനെ അട്ടിമറിക്കുകയുമാണ് ചെയ്യുന്നത്. അവർ നമ്മുടെ ചരിത്രത്തെ, സംസ്കാരത്തെ, മൂല്യങ്ങളെ എല്ലാംതന്നെ ഉന്മൂലനംചെയ്യുകയാണ്, അത് വെച്ചുപൊറുപ്പിക്കാനാവില്ല -അദ്ദേഹം വ്യക്തമാക്കുന്നു.

കണക്കിലെ കളി മാത്രം പോരാ, രാഷ്ട്രീയ രസതന്ത്രംകൂടി വേണം തെരഞ്ഞെടുപ്പിൽ സീറ്റുകൾ നേടാനെന്ന് ബിഹാർ മുഖ്യമന്ത്രിക്ക് നന്നായറിയാം. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ നിതീഷിന്റെ ജനതാദൾ-യു എൻ.ഡി.എക്കൊപ്പമായിരുന്നു. അന്ന് സംസ്ഥാനത്തെ 40ൽ 39 സീറ്റും അവർ സ്വന്തമാക്കി. യു.പിയിൽ സമാജ്‍വാദി പാർട്ടിയും ബഹുജൻസമാജ് പാർട്ടിയും കൃത്യമായ കണക്കുകൂട്ടലോടെയാണ് അന്ന് സഖ്യമുണ്ടാക്കിയത്. അതു കൊണ്ടു മാത്രം കാര്യങ്ങൾ നടക്കുമായിരുന്നുവെങ്കിൽ ബി.ജെ.പിക്ക് അവിടെ 40-50 സീറ്റുകൾ നഷ്ടമായേനെ. പ​ക്ഷേ, 65 സീറ്റാണവർ സ്വന്തമാക്കിയത്. ബി.ജെ.പിക്ക് അനുകൂലമായിരുന്നു അവിടത്തെ രാഷ്ട്രീയ രസതന്ത്രമെന്നാണ് നിരീക്ഷകർ വിലയിരുത്തിയത്.

നിലവിൽ ഇൻഡ്യ സഖ്യത്തിൽ ബി.എസ്.പി ഇല്ല, സഖ്യനേതാക്കൾ അതേക്കുറിച്ച് ആകു​ലരേയല്ല. കർണാടകയിലും ഹിമാചലിലും നേടിയ വിജയത്തിന്റെയും രാഹുലിന്റെ പദയാത്രയുടെയും ബലത്തിൽ നിതീഷും തന്ത്രജ്ഞരും ചേർന്ന് പുതിയ രസതന്ത്രങ്ങൾ അനുകൂലമാക്കാനുള്ള ഒരുക്കങ്ങളിലാണ്. പാർലമെന്റിൽ ഇപ്പോൾ പുലർത്തുന്ന ഏകോപനത്തിൽ ആ രസതന്ത്രം പ്രകടമാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി അത് ജനകീയതലത്തിൽ എത്രമാത്രം ഫലപ്രദമായി ​വ്യാപിപ്പിക്കാനാവും എന്നത് കണ്ടറിയണം.

(മുതിർന്ന മാധ്യമപ്രവർത്തകനും അധ്യാപകനും ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia
News Summary - Does Modi afraid of opposition front?
Next Story