ഡോക്ടറും രോഗിയും ശത്രുക്കളല്ല; വിശ്വാസമാണ് പ്രധാനം
text_fields33 വർഷമായി ഫിസിഷ്യനായി പ്രാക്ടിസ് ചെയ്യുന്ന ആളാണ് ഞാൻ. രോഗികളോട് ഏറ്റവും നന്നായി പെരുമാറാൻ ശ്രദ്ധിക്കാറുണ്ട്, മറ്റു ഡോക്ടർ സുഹൃത്തുക്കളോട് അതു പാലിക്കണമെന്ന് പറയാറുമുണ്ട്. കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ ചികിത്സ ലഭിക്കണം, അസുഖം വേഗം മാറണം, കഴിയുന്ന വേഗത്തിൽ ആശുപത്രി വിടണം എന്നെല്ലാമാണ് ഓരോ രോഗിയും അവരുടെ ബന്ധുക്കളും ആഗ്രഹിക്കുക. കുടുംബവിഷയങ്ങൾ, സാമ്പത്തികപ്രശ്നങ്ങൾ, തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയെല്ലാം ചേരുന്ന മാനസിക പിരിമുറുക്കത്തിനിടെയാണ് അവർ രോഗബാധിതരായി ഡോക്ടറുടെ അടുത്ത് എത്തുന്നത്.
ചികിത്സ എളുപ്പമാവുന്നതിൽ ഒരു പ്രധാന ഘടകം രോഗികൾക്ക് ഡോക്ടർമാരിലുള്ള വിശ്വാസമാണ്. വിശ്വാസമുള്ള ഡോക്ടറിൽനിന്ന് ചികിത്സ ലഭിക്കുമ്പോൾ രോഗം വേഗം സുഖപ്പെടുന്നതായി കാണാറുണ്ട്. ഡോക്ടർമാർ രോഗിയോടോ ഒപ്പം എത്തുന്നവരോടോ രോഗാവസ്ഥയെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും എല്ലാം തുറന്നുപറയണം. ഈ രോഗത്തിന് ഇത്തരം ചികിത്സകളാണുള്ളതെന്ന് പറഞ്ഞ് അതിൽ നിന്ന് തിരഞ്ഞെടുക്കാൻ അവർക്ക് അവസരം നൽകുക. അങ്ങനെയായാൽ രോഗി-ഡോക്ടർ ബന്ധം മികച്ചതാക്കാൻ കഴിയും.
ഡോക്ടർമാരും രോഗികളുമായി പലപ്പോഴും സംഘർഷം ഉണ്ടാകുന്നത് ചികിത്സയിലെ പിഴവ്, മോശമായ പെരുമാറ്റം എന്നിവ ആരോപിച്ചാണ്. പലപ്പോഴും അതിൽ ഡോക്ടർ നിരപരാധിയാവും. എന്നാൽ, കൊട്ടാരക്കരയിൽ ഒരു പ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയാണുണ്ടായത്.
അതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ഒരാളെ കൊലപ്പെടുത്തുക എന്നത് ഒരിക്കലും അംഗീകരിക്കാനുമാവില്ല. ഡോക്ടർമാരും മനുഷ്യരാണ്. രോഗികൾക്കുള്ളപോലെ കുടുംബപരവും തൊഴിൽപരവുമായ വിഷയങ്ങൾ അവരെയും അലട്ടുന്നുണ്ടാകും. ഒറ്റപ്പെട്ട ചികിത്സാപ്പിഴവുകളെ പർവതീകരിച്ചു കാണിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. അഞ്ചു വർഷത്തിലേറെ എം.ബി.ബി.എസും സ്പെഷാലിറ്റിയും പഠിച്ച ഒരു ഡോക്ടറും രോഗിയുടെ ജീവൻ നഷ്ടപ്പെടുന്നതിന് ഇടവരുത്തില്ല. അബദ്ധം ആർക്കും പറ്റാം. ഉത്തരവാദിത്തരാഹിത്യംമൂലം ഉണ്ടാകുന്ന വീഴ്ചയുടെ തോത് വളരെ നാമമാത്രമാണ്.
രോഗിക്ക് ഡോക്ടറിലും ഡോക്ടർക്ക് രോഗിയിലും വിശ്വാസമുണ്ടാകണം. പരസ്പര വിശ്വാസം ചികിത്സയിൽ പ്രധാനമാണ്. രോഗം പലതരത്തിലാണ്. ഇന്ന് പനിവന്നിട്ട് നാളെ മാറ്റിത്തരണം എന്നു പറഞ്ഞാൽ നടക്കില്ല. സമാനമായ രോഗം പലരിലും ഭേദപ്പെടാൻ എടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. രോഗിയുടെ വിശ്വാസ്യത ആർജിക്കേണ്ട ചുമതല ഡോക്ടർക്കുമുണ്ട്. ഡോക്ടർ പറയുന്നത് കേട്ട് വിശ്വാസത്തിലെടുക്കാൻ രോഗിയും തയാറാകണം. ഇതിൽ മുൻഗണന രോഗി ഡോക്ടറെ വിശ്വാസത്തിലെടുക്കുന്നതിനായിരിക്കണം.
(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ബ്രാഞ്ച് പ്രസിഡന്റും എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിലെ സീനിയർകൺസൽട്ടന്റുമാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

