Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
liquor
cancel
camera_alt

representative image

Homechevron_rightOpinionchevron_rightArticleschevron_rightകളമൊരുക്കരുത്...

കളമൊരുക്കരുത് മദ്യവാഴ്ചക്ക്

text_fields
bookmark_border

ഉപയോഗവും ലഭ്യതയും കുറക്കുമെന്നും മദ്യവർജനം പ്രോത്സാഹിപ്പിക്കുമെന്നും പ്രകടനപത്രികയിലടക്കം വാഗ്ദാനം നൽകിയാണ്‌ എൽ.ഡി.എഫ്‌ അധികാരത്തിൽ വന്നത്‌. പക്ഷേ മദ്യരാജാക്കന്മാരെ പ്രോത്സാഹിപ്പിക്കുന്ന, സാമൂഹിക- കുടുംബാന്തരീക്ഷം കലുഷിതമാക്കാനുതകുന്ന നയത്തിനാണ്‌ മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്‌.

ഒന്നും രണ്ടും പിണറായി സർക്കാർ നാളിതുവരെ സ്വീകരിച്ചുപോരുന്ന നയങ്ങളുടെ തുടർച്ച തന്നെയാണ്‌ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മദ്യനയവും. 2016ൽ അധികാരമേറ്റ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ വർഷംതോറും 10 ശതമാനം ബിവറേജസ്‌ ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുമെന്ന ഉമ്മൻ ചാണ്ടി സർക്കാറിന്റെ 2014ലെ ഉത്തരവ്‌ മരവിപ്പിച്ചിരുന്നു. നിലവാരമില്ലെന്നു കണ്ട്‌ അടച്ചുപൂട്ടിയ ബാറുകൾക്കെല്ലാം ലൈസൻസ്‌ പുതുക്കിനൽകുകയും ഇരുന്നൂറോളം പുതിയ ബാറുകൾക്ക്‌ ലൈസൻസ്‌ അനുവദിക്കുകയും ചെയ്തു.

ബാറുകൾ തുടങ്ങുന്നതിന്‌ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധനയും പിണറായി സർക്കാർ എടുത്തുമാറ്റി. അതിനായി നഗരപാലിക നിയമത്തിലെ വകുപ്പ്‌ 447ഉം പഞ്ചായത്തീരാജ്‌ നിയമത്തിലെ വകുപ്പ്‌ 232ഉം ഭേദഗതി ചെയ്തു. ഫൈവ്‌സ്റ്റാർ, ഫോർസ്റ്റാർ ബാറുകൾക്ക്‌ ദൂരപരിധിയിൽ ഇളവ്‌ നൽകിയതും ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും കള്ളുഷാപ്പുകളിലേക്കുള്ള ദൂരപരിധി കുറച്ചതും ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ്‌.

പബ്‌ @ ഐ.ടി പാർക്ക്‌

നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ടെക്കികൾക്ക്‌ വിനോദത്തിനുമായി പ്രീമിയം മദ്യശാലകൾ തുടങ്ങുവാൻ മദ്യനയം വ്യവസ്ഥചെയ്യുന്നു. 10 കോടിയിലധികം വിറ്റുവരവുള്ള ഐ.ടി കമ്പനികൾക്കാണ്‌ സൗകര്യം അനുവദിക്കുക. അടിസ്ഥാന സൗകര്യമൊരുക്കിയും നികുതിയിളവ്‌ നൽകിയും സർക്കാറുകൾ ഉത്തേജിപ്പിച്ച സ്ഥാപനങ്ങളാണ്‌ അധികവും. ശരാശരിക്ക്‌ മീതെ മികവുകളുള്ള നമ്മുടെ ടെക്കികൾ നിർമിക്കുന്ന ഹാർഡ്‌ വെയറുകൾക്കും സോഫ്റ്റ്‌ വെയറുകൾക്കും ഉന്നതനിലവാരമാണുള്ളത്‌. ഡാറ്റാ പ്രോസസിങ്ങും നല്ലനിലയിൽ നടക്കുന്നു. യഥേഷ്ടം ബി.പി.ഒ ജോബുകൾ കേരളത്തിലെ ഐ.ടി പാർക്കുകളിലേക്ക്‌ വരുന്നുണ്ട്‌.

തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ മാത്രം 460 ഐ.ടി കമ്പനികളിലായി 63,000 പേർ ജോലി ചെയ്യുന്നുണ്ട്‌. കൊച്ചിയിലെ ഇൻഫോ പാർക്കിൽ 410 കമ്പനികളിലായി 51,000 പേരും കോഴിക്കോട്‌ സൈബർ പാർക്കിൽ 50ലധികം കമ്പനികളിലായി രണ്ടായിരത്തോളം പേരും ജോലി ചെയ്യുന്നുണ്ട്‌. ഒട്ടുമിക്ക വ്യവസായങ്ങളെയും കോവിഡ്‌ സാഹചര്യവും ലോക്ഡൗണും സാമ്പത്തികമായി തളർത്തിയെങ്കിലും പിടിച്ചുനിൽക്കുകയും സാമ്പത്തികമായി ഉയർച്ച കൈവരിക്കുകയും ചെയ്തത്‌ ഐ.ടി വ്യവസായങ്ങളായിരുന്നു.

പ്രഫഷനലുകൾക്ക്‌ ആസ്വാദനത്തിനും സമ്മർദ ലഘൂകരണത്തിനും മാനസിക ഉല്ലാസ സംവിധാനങ്ങളൊരുക്കിയും ഐ.ടി പാർക്കുകളിൽ തൊഴിൽ സൗഹൃദ അന്തരീക്ഷമൊരുക്കിയും ഈ മേഖലയെ പരിപോഷിപ്പിക്കുന്നതിന്‌ പകരം മാനസിക, ശാരീരിക ക്ഷമതയെ സാരമായി ബാധിക്കുന്ന മദ്യം നൽകി സൽക്കരിക്കണമെന്ന് സർക്കാറിനെ ഉപദേശിച്ചത് ആരാണാവോ?

പുതിയ മദ്യശാലകൾ

ദേശീയപാതയോരത്തിന്റെ 500 മീറ്റർ സാമീപ്യത്ത്‌ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് അടച്ചുപൂട്ടിയ 75 ബെവ്കോ ചില്ലറശാലകളടക്കം 175 പുതിയ ഔട്ട്‌ലെറ്റുകൾ ബിവറേജസ്‌ കോർപറേഷനും കൺസ്യൂമർ ഫെഡും തുടങ്ങുന്നു. നിലവിൽ 1,13,000 പേർക്ക്‌ ഒരു ഔട്ട്‌ലെറ്റ്‌ എന്നുള്ളത്‌ 75,000 പേർക്ക്‌ ഒന്ന് എന്ന തോതിലാക്കാനാണ്‌ നീക്കം.

രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 4 ശതമാനം വരുന്ന കേരളീയർ രാജ്യത്തുൽപാദിപ്പിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ 16 ശതമാനവും കുടിക്കുന്നു. 4000 കോടി രൂപയുടെ അരി വാങ്ങുന്ന മലയാളി 14,000 കോടിയുടെ മദ്യം അകത്താക്കുന്നു. രാജ്യത്തെ ശരാശരി ആളോഹരി മദ്യ ഉപയോഗം എന്ന് പറയുന്നത്‌ 3.8 ലിറ്ററാണെങ്കിൽ കേരളത്തിലെ ശരാശരി ആളോഹരി മദ്യ ഉപയോഗം 8.5 ലിറ്ററാണ്‌. മദ്യം സാർവത്രികമായതിന്റെ സൂചകങ്ങളാണിതെല്ലാം. പക്ഷേ സർക്കാർ ഭാഷ്യം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യമില്ലെന്നാണ്‌.

സ്വന്തം ബ്രാൻഡ്‌

ട്രാവൻകൂർ ഡിസ്റ്റിലറിയിൽ ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മിനു പുറമെ പുതിയ ബ്രാൻഡി കൂടി ഉൽപാദിപ്പിക്കാനും പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നു. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിൽനിന്ന് പുതിയ ബ്രാൻഡിക്കായുള്ള സ്പിരിറ്റ്‌ ഉൽപാദിപ്പിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുന്നു. 100 കോടി ചെലവിൽ സ്വന്തം സ്പിരിറ്റ്‌ പ്ലാന്റ്‌ നിർമിച്ചാൽ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യനിർമാണം വർധിപ്പിക്കാമെന്നും മിച്ചം വരുന്ന സ്പിരിറ്റ്‌ മറ്റു ഡിസ്റ്റിലറികളിലേക്ക്‌ നൽകാമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കൊന്നും പരിഹാരമില്ലെങ്കിലും മദ്യ സ്വാശ്രയത്വം കൈവരിക്കാനുള്ള കരുതലിലാണ് ഭരണകൂടം.

കാർഷിക കേരളം ഉൽപാദിപ്പിക്കുന്ന പഴം, ജാതിക്ക, കപ്പ എന്നിവയിൽനിന്നെല്ലാം മദ്യം ഉൽപാദിപ്പിക്കാനും തിരക്കിട്ട അന്വേഷണങ്ങളും ഗവേഷണങ്ങളും നടക്കുന്നു. കാർഷിക വിഭവങ്ങളിൽനിന്ന് പോഷകസമൃദ്ധമായ മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിന് പകരം മയക്കിക്കിടത്തുന്ന മദ്യംതന്നെ വേണമെന്ന വാശി ആത്മഹത്യപരമാണ്.

നികുതിവരുമാനവും ടൂറിസവും

എക്സൈസ്‌ തീരുവക്ക്‌ പുറമെ 247 ശതമാനം മുതൽ 257 ശതമാനം വരെ സംസ്ഥാന നികുതി ചുമത്തിയാണ്‌ കേരളത്തിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വിൽക്കുന്നത്‌. ഒരു വർഷം ശരാശരി 15,000 കോടി രൂപയുടെ മദ്യം വിൽക്കുന്നു. മദ്യനിരോധനം നടപ്പാക്കിയാൽ നികുതിപിരിവിലൂടെ ഖജനാവിലെത്തുന്ന കോടികൾ നഷ്ടപ്പെടുമെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുമാണ്‌ വിശദീകരണം. കേരളത്തിലേക്ക്‌ ടൂറിസ്റ്റുകളെ ആകർഷിക്കാൻ മദ്യം അനിവാര്യമാണെന്ന് സർക്കാർ പറയുന്നു.

2016ലാണ്‌ നിതീഷ്‌ കുമാർ സർക്കാർ ബിഹാറിൽ മദ്യനിരോധനം ഏർപ്പെടുത്തിയത്‌. 4000 കോടി രൂപയായിരുന്നു വാർഷിക നികുതി വരുമാനം. ഗ്രാമീണ വികസനത്തിന്‌ സർക്കാറിനെ സഹായിക്കുന്നതിനായി 2014ൽ പട്ന ആസ്ഥാനമായി സ്ഥാപിച്ച ഡെവലപ്മെന്റ്‌ മാനേജ്മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ മദ്യനിരോധാനന്തരം ബിഹാറിലുണ്ടായിട്ടുള്ള വാണിജ്യ മാറ്റങ്ങളെ പഠനവിധേയമാക്കിയിരുന്നു. 1715 ശതമാനം വർധനയാണ്‌ വിലകൂടിയ സാരികളുടെ വിൽപനയിൽ ഉണ്ടായിരിക്കുന്നത്‌. വസ്ത്രവിപണിയിൽ 910 ശതമാനം വളർച്ചയുണ്ടായി, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളുടെ വിൽപന 46 ശതമാനം കൂടി, ഓട്ടോമൊബൈൽ മേഖലയിൽ 35 ശതമാനത്തോളം വളർച്ച അവകാശപ്പെടുന്നു. മദ്യം വാങ്ങിക്കുന്നതിനായി ചെലവഴിച്ചിരുന്ന പണം മുഴുവൻ വിപണിയിൽ കൃത്യമായി ഇടപെടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ്‌ ഡി.എം.ഐയുടെ റിപ്പോർട്ട്‌. മാത്രമല്ല ബിഹാറിലെ ജനങ്ങളുടെ എഫ്‌.എം.സി.ജി ഉൽപന്നങ്ങളുടെയും വിൽപനയിൽ റെക്കോഡ്‌ വളർച്ചയുണ്ടായി. മദ്യ നിരോധനം വഴി ഖജനാവിനുണ്ടായ നഷ്ടം ബിഹാർ ജനതയുടെ ഗാർഹിക ഉപഭോക്തൃ വസ്തുക്കളുടെ വാങ്ങൽ ശേഷി (പർച്ചേസിങ് പവർ) കൂടിയതിനാൽ നികത്തപ്പെട്ടു.

മദ്യം നിരോധിച്ചതിന്റെ തൊട്ടുമുമ്പത്തെ വർഷം ബിഹാർ സന്ദർശിച്ച വിദേശ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 2.89 കോടി ആയിരുന്നുവെങ്കിൽ 2019ൽ അത്‌ 3.5 കോടിയിൽ എത്തിനിൽക്കുന്നു. പിടിച്ചുപറിയും കളവും തട്ടിക്കൊണ്ടുപോവലും 70 ശതമാനത്തോളം ബിഹാറിൽ കുറഞ്ഞതും കൊലപാതകങ്ങൾ 30 ശതമാനത്തോളം കുറഞ്ഞതും 25 ശതമാനത്തോളം കൊള്ളകൾ കുറഞ്ഞതും ടൂറിസ്റ്റുകൾക്കിടയിൽ ബിഹാറിനെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാക്കി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നികുതിവരുമാനവും ടൂറിസം സാധ്യതകളും പെരുപ്പിച്ച്‌ പ്രചരിപ്പിക്കുന്ന കേരളസർക്കാറിന്‌ ബിഹാറിൽനിന്നുള്ള കണക്കുകൾ തള്ളിക്കളയാനാവില്ല.

ലഹരിനിർമാർജന യുവജനസമിതി സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡന്റാണ്‌ ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquoralcoholpubs
News Summary - Do not prepare the ground for alcoholism
Next Story