വിഭജനവും കശ്മീരും, മോദി വിളമ്പിയ അസത്യങ്ങൾ 

ഫെബ്രുവരി ഏഴിന് രാഷ്​ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ നടത്തിയ ഒന്നര മണിക്കൂർ നീണ്ട പ്രഭാഷണം കേട്ടപ്പോൾ 1923ൽ നാസി പാർട്ടിയുടെ ഒരു ചടങ്ങിൽ അഡോൾഫ് ഹിറ്റ്​ലർ നടത്തിയ പ്രസംഗമാണ് ഓർമയിലോടിയെത്തിയത്. ഹിറ്റ്​ലറുടെ അന്നത്തെ പ്രസംഗത്തെ കുറിച്ച് ദൃക്സാക്ഷിയായ പ്രഫ. കാൾ അലക്സാണ്ടർ മുള്ളർ കുറിച്ചിട്ടത് ഇങ്ങനെ: ‘‘മതഭ്രാന്തനായ ഒരു മനുഷ്യ​​​െൻറ, നിഷ്ഠുരമായ ഇച്ഛാശക്തിയുടെ അകമ്പടിയോടെയുള്ള ഹർഷമൂർച്ഛയുടെ  കാൽപനികതാവാദം.’’ പ്രതിപക്ഷത്തി​​െൻറ വിമർശനങ്ങൾക്ക്  മറുപടി നൽകുന്നതിനു പകരം, പ്രധാനമന്ത്രി മോദി അലറുകയും തട്ടിക്കയറുകയും ചെയ്തത് അനുയായികളുടെ മുന്നിൽ ത​​​െൻറ അപ്രമാദിത്വത്തിന് കോട്ടം തട്ടിയോ എന്ന രോഷത്തിലാണ്. ചരിത്രത്തിൽ അശേഷം അവഗാഹമില്ലാത്ത ഈ ആർ.എസ്​.എസ്​  പ്രചാരക് പോയകാലത്തി​​െൻറ കുഴിമാടം തോണ്ടി, കോൺഗ്രസിനും നെഹ്റു കുലത്തിനും എതിരെ ഉറഞ്ഞുതുള്ളിയതിലൂടെ കൈമാറിയ സന്ദേശം വ്യക്തം: ത​​​െൻറ പ്രതിച്ഛായ തൊട്ടുകളിച്ചാൽ ആരെയും വെറുതെ വിടില്ലെന്ന്. അസത്യങ്ങളും അർധസത്യങ്ങളുമാണ് അദ്ദേഹം വലിയ വായക്ക് തട്ടിവിട്ടത്. ഗാന്ധിജി ആഗ്രഹിച്ചത് കോൺഗ്രസ്​ മുക്ത ഇന്ത്യയാണെന്നും രാജ്യത്തെ വിഭജിച്ചത് നെഹ്റുവി​​െൻറ നേതൃത്വമാണെന്നും ‘പഴയ ഇന്ത്യ’യിൽ കോൺഗ്രസുകാർ അഭിരമിച്ചിരിക്കയാണെന്നും ബി.ജെ.പി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത് ‘പുതിയ ഇന്ത്യ’യാണെന്നും മോദി ഘോഷിക്കുമ്പോൾ പാർലമ​​െൻറിനു പുറത്തെങ്കിലും മോദിയെ സൃഷ്​ടിച്ച ആർ.എസ്​.എസി​​െൻറ പാപപങ്കിലമായ പോയകാലത്തെ കുറിച്ചും വർത്തമാന ആസുരതകളെക്കുറിച്ചും വിളിച്ചുപറയാൻ രാഹുലി​​െൻറ പാർട്ടിക്ക് ബാധ്യതയുണ്ട്. ഇന്ത്യ വിഭജിച്ചത് കോൺഗ്രസാണെന്നും സ്വാതന്ത്ര്യത്തി​​െൻറ 70 വർഷത്തിനുശേഷവും അവർ വിതച്ച വിഷംമൂലം 125 കോടി ജനത ദുരിതമനുഭവിക്കാത്ത ഒരൊറ്റദിവസവും കടന്നുപോകുന്നില്ലെന്നും ജവഹർലാലിനു പകരം സർദാർ പട്ടേൽ പ്രഥമ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ കശ്മീർ മുഴുവനും ഇപ്പോഴും നമ്മുടെ അധീനതയിൽ ഉണ്ടാകുമായിരുന്നുവെന്നും  തനിക്കെതിരെ വാരിയെറിയുന്ന ഓരോ പിടി ചളിയിൽനിന്നും താമര വിരിയുമെന്നുമൊക്കെ ആേക്രാശിക്കാൻ മോദിക്ക് ധൈര്യം പകർന്നത്് കോൺഗ്രസി​​െൻറ അലസമനോഭാവവും ജഡാവസ്​ഥയുമാണെന്ന് സമ്മതിക്കണം.

നരേന്ദ്ര മോദി കോൺഗ്രസി​​െൻറ ചരിത്രഗോപുരത്തി​​െൻറ അടിത്തറയാണ് കുത്തിയിളക്കാൻ ശ്രമിക്കുന്നത്. ആധുനിക ഇന്ത്യയുടെ വിധാതാവായി ചരിത്രം രേഖപ്പെടുത്തിയ ജവഹർലാൽ നെഹ്റുവെന്ന വ്യക്തിത്വത്തെ ഒരു വിഗ്രഹഭഞ്​ജനത്തിലൂടെ ജനമസ്സിൽനിന്ന് തൂത്തെറിയാനും കോൺഗ്രസി​​െൻറ  ജനാധിപത്യപാരമ്പര്യത്തെ ഇകഴ്ത്തിക്കെട്ടി ഫാഷിസത്തെ തൽസ്​ഥാനത്ത് പ്രതിഷ്ഠിക്കാനുമുള്ള ഹീനശ്രമത്തി​​െൻറ ഭാഗമായാണ്, കോൺഗ്രസ്​ നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംപോലെ നെഹ്റുവിനെ കൊണ്ടല്ല  നമുക്ക് ജനാധിപത്യം കിട്ടിയതെന്നും ചരിത്രാതീത കാലം തൊട്ടേ ഈ മണ്ണിൽ ജനാധിപത്യം ആണ്ടിറങ്ങിയിട്ടുണ്ടെന്നും മോദി തട്ടിവിട്ടത്. വിഭജനത്തിനുശേഷവും ഈ രാജ്യം മതേതരമായിരിക്കണമെന്നും സഹവർത്തിത്വത്തി​​െൻറയും പാരസ്​പര്യത്തി​​െൻറയും മൂല്യങ്ങളായിരിക്കണം നമ്മെ നയിക്കേണ്ടതെന്നും വാദിച്ച നെഹ്റു എക്കാലവും ആർ.എസ്​.എസി​​െൻറ ഹിറ്റ്​ലിസ്​റ്റിൽ ഒന്നാം സ്​ഥാനത്താണ്. നെഹ്റുവി​​െൻറ സാന്നിധ്യമാണ് 1947ൽ ഇന്ത്യയെ ‘ഹിന്ദുരാഷ്​ട്ര’മാക്കുന്നതിന് തടസ്സമായി വർത്തിച്ചതെന്ന് സംഘ്പരിവാരം ഉറച്ചുവിശ്വസിക്കുന്നു. മഹാത്മജി വധിക്കപ്പെട്ടപ്പോൾ, ആർ.എസ്​.എസ്​ പ്രസരിപ്പിച്ച വിഷമാണ് നാട്ടിലാകെ വിദ്വേഷം വിതച്ചതെന്നും നാഥൂറാം ഗോദ്സെ എന്ന മതഭ്രാന്തനെ സ്​ഷ്​ടിച്ചതെന്നും ലോകത്തോട് വിളിച്ചുപറഞ്ഞ്, ഗോൾവാൾക്കറെയും സവർക്കറെയും ശിഷ്യഗണങ്ങളെയും തുറുങ്കിലടക്കുകയും പ്രസ്​ഥാനത്തെ നിരോധിക്കുകയും ചെയ്തതി​​െൻറ കെറുവ്​ ഇതുവരെ വിട്ടുമാറിയിട്ടില്ല. 

ബ്രിട്ടീഷ് പാദസേവകരുടെ ‘രാജ്യസ്​നേഹം’ 
ഇന്ത്യ വിഭജിക്കപ്പെട്ടതി​​െൻറ ഉത്തരവാദികളെ തിരയുന്നതിനു മുമ്പ് പ്രധാനമന്ത്രി മോദി ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ട്. വിഭജനം ഒഴിവാക്കാൻ മോദിയുടെ പ്രത്യയശാസ്​ത്ര ഗുരുകുലമായ ആർ.എസ്​.എസ്​ എന്തു ചെയ്തു? ഇരുപതാം നൂറ്റാണ്ടി​​െൻറ ആദ്യപാദത്തിൽ ഒട്ടനവധി സംഭവങ്ങൾക്ക് രാജ്യം രംഗവേദിയാവുകയും ബ്രിട്ടീഷുകാരും കോൺഗ്രസും മുസ്​ലിം ലീഗും മറ്റനവധി ചിന്താധാരകളും രാജ്യത്തി​​െൻറ ഭാഗധേയം നിർണയിക്കുന്നതിൽ വ്യാപൃതമാവുകയും ചെയ്ത ചരിത്രകവലകളിൽ സംഘ്പരിവാരം എവിടെയായിരുന്നു നിലയുറപ്പിച്ചിരുന്നത്? ബ്രിട്ടീഷുകാര​​​െൻറ അടുക്കളയിൽ ഒളിച്ചിരുന്ന് ഉച്ഛിഷ്​ടം ഭുജിക്കുകയും അധികാരത്തി​​െൻറ ഇടനാഴികളിൽ അലഞ്ഞുതിരിഞ്ഞു കിട്ടാവുന്ന സൗഭാഗ്യങ്ങൾ കൈക്കലാക്കാൻ ഓടിനടക്കുകയുമായിരുന്നില്ലേ ഇക്കൂട്ടർ? ദ്വിരാഷ്​ട്രവാദം ആദ്യമായി ഉയർത്തിയത് ഹിന്ദുത്വയുടെ ഉപജ്ഞാതാവായ വി.ഡി. സവർക്കറാണ്. 1857ലെ ബ്രിട്ടീഷ് വിരുദ്ധപ്രക്ഷോഭങ്ങളെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രകീർത്തിക്കുകയും കോളനിവാഴ്ചക്കാരെ നാടുകടത്തുന്നതിന് ഹിന്ദു–മുസ്​ലിം കൂട്ടുകെട്ട് അനിവാര്യമാണെന്ന് ഉണർത്തുകയും ചെയ്ത അതേ സവർക്കർ 1920 ആയപ്പോഴേക്കും കടുത്ത മുസ്​ലിം വിരോധിയായി മാറുകയും രണ്ടു നാഗരികർക്ക് ഒരുമിച്ച് ഇവിടെ ജീവിക്കാനാവില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതിൽനിന്നുമല്ലേ വിഭജനം എന്ന ആശയം തന്നെ നാമ്പെടുക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെയല്ല ആഭ്യന്തര ശത്രുക്കളായ മുസ്​ലിംകൾക്കും ക്രിസ്​ത്യാനികൾക്കും കമ്യൂണിസ്​റ്റുകൾക്കും എതിരെയാണ്  രണാങ്കണത്തിൽ ഇറങ്ങേണ്ടതെന്നും അതിനായി ആയുധങ്ങൾ സംഭരിക്കുന്നതിലാവണം ഓരോ ഹിന്ദുവും ശ്രദ്ധയൂന്നേണ്ടതെന്നുമല്ലേ ഹെഡ്ഗേവാറും സവർക്കറും ഗോൾവാൾക്കറും അണികളെ പഠിപ്പിച്ചത്? 1942ലെ ക്വിറ്റ് ഇന്ത്യ സമരമുഖത്തുനിന്ന് പൂർണമായും പിൻവലിഞ്ഞ കാവിവിചാരഗതിക്കാർ  മൗണ്ട്ബാറ്റൺപ്രഭു വിഭജന പദ്ധതിയുമായി വിമാനമിറങ്ങിയപ്പോൾ ഏത് മാളത്തിലാണ് ചെന്നൊളിച്ചത്? രാജ്യത്തെ വിഭജനത്തിൽനിന്ന് രക്ഷിക്കാൻ ഈ ‘ദേശസ്​നേഹികൾ’ എന്തു ചെയ്തു? സ്വാതന്ത്ര്യസമര പ്രസ്​ഥാനങ്ങളെ മുഴുവൻ അടിച്ചമർത്തുകയും നേതാക്കളെ ജയിലിൽ തളച്ചിടുകയും ചെയ്തപ്പോഴും ബ്രിട്ടീഷ് ഭരണത്തണലിൽ ഗോൾവാൾക്കർമാർ സ്വൈരമായി വിലസുകയായിരുന്നില്ലേ? മുസ്​ലിംവിരുദ്ധ കൂട്ടക്കുരുതികൾക്ക് മുന്നൊരുക്കങ്ങൾ നടത്തുന്നതിലല്ലേ ശാഖകൾ ഉൗർജം മുഴുവൻ ചെലവഴിച്ചത്? 
മൗണ്ട്ബാറ്റൻ പ്രഭുവും നാല് ഇന്ത്യക്കാരും – മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്റു, മുഹമ്മദലി ജിന്ന, സർദാർ പട്ടേൽചേർന്നാണ് വിഭജനപ്രക്രിയ പൂർത്തിയാക്കിയത്.  വിഭജനത്തിന് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് ഇവരെല്ലാം എന്നതാവും സത്യസന്ധമായ ഉത്തരം. എന്നാൽ,  നിർണായകനിമിഷത്തിൽ ആർ.എസ്​.എസി​​െൻറ മാതൃകാപുരുഷനായ പട്ടേലി​​െൻറ റോൾ എന്തായിരുന്നു? ഗാന്ധിജിയെക്കാളും നെഹ്റുവിനെക്കാളും രാജ്യം വെട്ടിമുറിക്കുന്നതിൽ വലിയ പങ്കുവഹിച്ചത് പട്ടേലാണെന്ന് മോദി മറക്കേണ്ട.

കോൺഗ്രസുകാരനും ആ കാലഘട്ടത്തി​​െൻറ ദൃക്സാക്ഷിയുമായ മൗലാനാ അബുൽ കലാം ആസാദ് തൊട്ട്  ഒട്ടനവധി ചരിത്രകാരന്മാർ ഈ യാഥാർഥ്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എ​​െൻറ ശവത്തിൽ ചവിട്ടി മാത്രമേ വിഭജനം പൂർത്തിയാക്കാനാവൂ എന്ന് ഒരുവേള കരഞ്ഞുപറഞ്ഞ ഗാന്ധിജിയുടെ മനംമാറ്റത്തെക്കാൾ ആസാദിനെ ഞെട്ടിച്ചത് പട്ടേലി​​െൻറ തുറന്നുപറച്ചിലായിരുന്നു. ‘‘എെന്ന അദ്ഭുതപ്പെടുത്തിയതും വേദനിപ്പിച്ചതും പട്ടേൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞതാണ്; നാം ഇഷ്​ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, ഇന്ത്യയിൽ രണ്ടു ദേശീയതകൾ ഉണ്ട്. ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കും ഒന്നിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന് ഇപ്പോൾ ബോധ്യംവന്നിരിക്കയാണ്. ഈ യാഥാർഥ്യം അംഗീകരിക്കുകയല്ലാതെ പോംവഴിയില്ല. ഇങ്ങനെയൊരു വഴിയിൽ കൂടിയല്ലാതെ ഹിന്ദുക്കളും മുസ്​ലിംകളും തമ്മിലുള്ള കലഹം തീർക്കാനാവില്ല. അദ്ദേഹം ഇത്രകൂടി പറഞ്ഞു, രണ്ടു സഹോദരങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെങ്കിൽ അവർ വേറിട്ടുപോവുകയാണ് പതിവ്’– ‘ഇന്ത്യ വിൻസ്​ ഫ്രീഡം’ എന്ന ആസാദി​​െൻറ ആത്മകഥയിൽ വിവരിക്കുന്ന ഈ ചരിത്രഭാഷ്യം ഇതുവരെ ഖണ്ഡിക്കപ്പെട്ടിട്ടില്ല. മുസ്​ലിംകളുടെ ‘ശല്യം’ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ തൽക്കാലം ജിന്നയുടെ ആവശ്യത്തിനു വഴങ്ങുകയാണ് നല്ലതെന്നും പാകിസ്​ഥാൻ പരാജയപരീക്ഷണമായി മാറുമ്പോൾ മുസ്​ലിംകൾ തിരിച്ചുവന്നു ഇന്ത്യയുടെ വാതിലിൽ മുട്ടുമെന്നുമാണ് പട്ടേൽ കണക്കുകൂട്ടിയത്. ഗോൾവാൾക്കറും സവർക്കറും പഠിപ്പിച്ച ഈ സൃഗാലബുദ്ധിയാണ് ഗാന്ധിജിയുടെ ഓരത്തിരുന്ന് പട്ടേലിനെ കൊണ്ട് കുളംതോണ്ടിച്ചത്. 

ശൈഖ് അബ്​ദുല്ലയോട് നന്ദിപറയട്ടെ
ഇനി കശ്മീരി​​െൻറ കാര്യം. മുസ്​ലിം ഭൂരിപക്ഷ താഴ്വര പാകിസ്​താനോട് ചേർക്കുകയാണ് ഉചിതമെന്നാണ​െ​ത്ര പട്ടേൽ രഹസ്യമായി വാദിച്ചത്. എന്നാൽ, കശ്മീരുമായുള്ള പൊക്കിൾക്കൊടി ബന്ധം അറുത്തുമാറ്റാൻ നെഹ്റു തയാറായിരുന്നില്ല. അതോടൊപ്പം ശൈഖ് അബ്​ദുല്ല സ്വീകരിച്ച ധീരമായ നിലപാടാണ് താഴ്വരയെ ഇന്ത്യയോടൊപ്പം നിലനിർത്തിയത്. 1947 ഒക്ടോബർ 26ന് ഡൽഹിയിലെ നിർണായക യോഗത്തിൽ തങ്ങൾ മുന്നോട്ടുവെക്കുന്ന വ്യവസ്​ഥകൾ സ്വീകരിക്കാൻ ഇന്ത്യ തയാറാവുന്നില്ലെങ്കിൽ അപ്പുറത്ത് ചെന്ന്  ജിന്നയുമായി കരാറിലേർപ്പെടുമെന്ന് കശ്മീർ പ്രധാനമന്ത്രി മെഹർ ചന്ദ് മഹാജൻ ഭീഷണി മുഴക്കിയപ്പോൾ ശൈഖ് അബ്​ദുല്ലയാണ് നെഹ്റുവിനെ വഴിക്കുകൊണ്ടുവന്നതെന്ന് ‘ലുക്കിങ് ബാക്ക്’ എന്ന ആത്മകഥയിൽ മഹാജൻ വിവരിക്കുന്നുണ്ട്. നെഹ്റുവും ശൈഖ് അബ്​ദുല്ലയും തമ്മിലുള്ള വ്യക്തിപരമായ രസതന്ത്രമാണ് കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത്. ആയുധമുഷ്ക്കുകൊണ്ട് എല്ലാം നേടിയെടുക്കാമെന്ന പട്ടേലി​​െൻറ ധിക്കാരമനോഭാവമാണ് താഴ്വരയുടെ ഒരു ഭാഗം പാകിസ്​താ​​​െൻറ അധീനതയിലാക്കിയത്. രസാവഹമെന്ന് പറയട്ടെ, അമേരിക്കയുടെ കൃപാശിസ്സുകളോടെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ സ്വതന്ത്രമായി നിലനിർത്താൻ സർ സി.പിയുടെ ബുദ്ധി ചില നീക്കങ്ങൾ നടത്തിയപ്പോൾ പട്ടേൽ മൗനം ദീക്ഷിക്കുകയായിരുന്നുവെന്നാണ് ചരിത്രത്തിലെ ഒരു ഭാഷ്യം. പട്ടേലിനെ നിയന്ത്രിച്ചത് മുഴുവനും തീവ്രവലതുചിന്താഗതി മാത്രമായിരുന്നു; നമ്മുടെ കാലത്തെ നരേന്ദ്ര മോദിയെ പോലെ. മോദി നടത്തുന്ന ധൈഷണിക ഭർത്സനങ്ങൾക്കെതിരെ പോരാടാൻ കോൺഗ്രസിൽ ആളുണ്ടോ എന്നാണ് കാലം ഉറ്റുനോക്കുന്നത്.
 

Loading...
COMMENTS