Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലോക്​ഡൗണിലെ ഡിജിറ്റൽ...

ലോക്​ഡൗണിലെ ഡിജിറ്റൽ വായനകൾ

text_fields
bookmark_border
e-reading.jpg
cancel

വായനയും എഴുത്തും മനുഷ്യനു മാത്രം ദൈവം നൽകിയ പ്രധാനപ്പെട്ട സിദ്ധികളാണ്. വായന പൂർണമനുഷ്യനെ സൃഷ്​ടിക്കുമെന്നാ ണ് ഫ്രാൻസിസ് ബേക്കൺ അഭിപ്രായപ്പെട്ടിട്ടുള്ളത്. ലോകതലത്തിൽ ശോഭ പരത്തിയ മഹാന്മാരുടെയെല്ലാം വിജയത്തിൽ ഗോവണിപ്പടിയായി വർത്തിച്ചത് ഗ്രന്ഥപാരായണമാണ്. കുടിലിൽ ജനിച്ച അബ്രഹാം ലിങ്കനെ അമേരിക്കൻ പ്രസിഡൻറ്​ പദവിയിലെത്തിച്ചതിലും രാമേശ്വരത്തെ പത്രവിതരണക്കാരനായിരുന്ന എ.പി.ജെ. അബ്​ദുൽകലാമിനെ ഇന്ത്യയുടെ രാഷ്​ട്രപതിഭവനോളം വളർത്തിയതിലും പുസ്തകവായന പ്രധാനമാണ്. ബിസിനസ് ലോകത്തെ അധിപൻ ബിൽഗേറ്റ്സിനെ പോലെ തിരക്കേറിയ ഒരാൾ വർഷത്തിൽ 50 പുസ്തകങ്ങൾവരെ വായിക്കുമെന്നാണ് പറയുന്നത്.

ലോകതലത്തിൽ അത്ഭുതംകൂറുന്ന തരത്തിൽ വിജയം കൊയ്തെടുത്ത 233 പേരുടെ ജീവിതചര്യയിൽ ഗവേഷണം നടത്തിയ ടോം കോർലി കണ്ടെത്തിയ കാര്യം അവരിൽ 67 ശതമാനം പേരും ഒരു മണിക്കൂറിൽ താഴെമാത്രം ടെലിവിഷൻ കാണുന്നവരും ഗ്രന്ഥപാരായണത്തിനായി കൂടുതൽ സമയം മാറ്റിവെക്കുന്നവരുമാണെന്നായിരുന്നു. മനുഷ്യശരീരത്തി​​െൻറ നിലനിൽപിന് വെള്ളവും ഭക്ഷണവും എത്രത്തോളം ആവശ്യമാണോ അത്രത്തോളം തന്നെ മനസ്സി​​െൻറ പോഷണത്തിന് വായനയും ആവശ്യമാണ്. ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാവർക്കും യാത്രചെയ്യാൻ കഴിയില്ല. എന്നാൽ, സഞ്ചാരസാഹിത്യത്തിൽ നൈപുണ്യമുള്ളൊരാൾ എഴുതുന്ന ലക്ഷണമൊത്ത യാത്രാവിവരണം വായനക്കാരനെ സംബന്ധിച്ച് ലോകം കറങ്ങിയ അനുഭൂതികൾ സമ്മാനിക്കും. മനുഷ്യ​​െൻറ ജീവിതത്തെ സ്വാധീനിച്ച യുഗപുരുഷന്മാരെയും ഇസങ്ങളെ കുറിച്ചറിയാനുമുള്ള ഒറ്റമൂലിയും വായന മാത്രമാണ്.

ലൈബ്രറികൾ സർവകലാശാലകൾക്ക് തുല്യമെന്ന് പ്രഖ്യാപിച്ചത് കാർലൈലാണ്.മലയാളികളുടെ വായനശീലം രൂപപ്പെടുത്തുന്നതിൽ ഗ്രന്ഥശാലകൾ വഹിച്ച പങ്ക് ചെറുതല്ല. നമ്മുടെ നാട്ടിലെ ഓരോ വായനശാലകളും മതേതര ഇടങ്ങൾകൂടിയാണ്. ലോകത്ത് മറ്റൊരിടത്തും ഇത്രത്തോളം ലൈബ്രറികൾ ഉണ്ടാവി​െല്ലന്നാണ് മലയാളത്തിലെ തലയെടുപ്പുള്ള പല എഴുത്തുകാരുടെയും അവകാശവാദം. ഇന്ത്യയിലെ തന്നെ ഏറ്റവും വയസ്സ് കുറഞ്ഞ ലൈബ്രറിയുടെ ഉടമയുള്ളതും കേരളത്തിലാണ്. 3500ൽപരം പുസ്തകങ്ങളും നൂറിൽ കൂടുതൽ അംഗങ്ങളുമുള്ള യശോദ ലൈബ്രറി 12 വയസ്സുകാരിയുടെ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്ന കാര്യം പത്രങ്ങൾ ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂൾ ലൈബ്രറിയിൽനിന്ന് എടുത്ത പുസ്തകം തിരിച്ചേൽപിക്കാൻ നേരം വൈകിയപ്പോൾ പിഴ ഒടുക്കേണ്ടി വന്നപ്പോഴുണ്ടായ മാനസിക പ്രയാസത്തിൽനിന്നാണ് സ്വന്തമായി ലൈബ്രറി എന്ന ആശയം കൊച്ചു കുട്ടിയുടെ മനസ്സിൽ മുളപൊട്ടിയത്. കുട്ടിയുടെ പിതാവ് ഫേസ്ബുക്കിലൂടെ നടത്തിയ അഭ്യർഥന പുസ്തക ശേഖരണത്തിന് സഹായകമായി.

പുസ്തകങ്ങൾ വാങ്ങാനും പരിചയപ്പെടുത്താനും പുതിയ എഴുത്തുകാരെ സൃഷ്​ടിക്കാനും നവ മാധ്യമങ്ങൾ വലിയ സഹായമാണ്​ ചെയ്യുന്നത്​. ഫേസ്​ബുക്ക്, ഇ-റീഡർ, വാട്സ്​ആപ്​, ഇ-ബുക്ക് എന്നിവയെല്ലാം പുതിയ കാലഘട്ടത്തിലെ വായന സഹായികളാണ്. വായനയുടെ രൂപംമാറിക്കൊണ്ടിരിക്കുകയാണ്. പുസ്തകശാലകളിലോ വായനശാലകളിലോ പോവാതെ വിരൽതുമ്പ് കൊണ്ട് ഡിജിറ്റൽ വായന നടത്തുന്നവരുടെ എണ്ണവും കൂടുകയാണ്. പുസ്തകങ്ങൾ ചുമന്ന് നടക്കേണ്ട ആവശ്യമില്ല എന്നതും പ്രത്യേക സമയമോ സ്ഥലമോ നോക്കാതെ ഒഴിവുവേളകൾ വായനകൾക്ക്​ പ്രയോജനപ്പെടുത്താമെന്നതുമാണ് ഇ-വായനയുടെ പ്രധാന സവിശേഷതകൾ. 1000 പുസ്തകങ്ങൾവരെ ഡൗൺലോഡ് ചെയ്യാൻ ഡിജിറ്റൽ മാർഗത്തിലൂടെ സാധിക്കും. ലോക്ക്ഡൗൺ കാലത്ത് ലൈബ്രറികളും പ്രസാധകശാലകളും നിശ്ചലമാണ്. കോവിഡ് മൂലം നമ്മുടെ രാജ്യത്തെ ജനങ്ങൾ വീടുകളിൽ ഇരിക്കേണ്ടിവരുമെന്ന് ഒരിക്കൽപോലും ആലോചിച്ച കാര്യമല്ല. അക്കാരണത്താൽ തന്നെ പലർക്കും മുൻകൂട്ടി പുസ്തകങ്ങൾ വാങ്ങിക്കാനും കരുതാനും കഴിഞ്ഞിട്ടില്ല. വായനക്കാര​​െൻറ ഇംഗിതം മനസ്സിലാക്കിയ കുറേയേറെ പ്രസാധകർ സൗജന്യവും പകുതി വിലക്കും ഇ-ബുക്കുകളുടെ ഓഫറുകൾ പ്രഖ്യാപിച്ച് വായനക്കാരനെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ഓൺലൈൻ രംഗത്തെ വായനയുടെയും വിൽപനയുടെയും കണക്കെടുപ്പിൽ അത് ലോക്​ഡൗൺ കാലം എന്ന് പ്രത്യേകം മുദ്രണം ചെയ്യപ്പെടും. വായനയിലൂടെ ലഭിക്കുന്ന തിരിച്ചറിവുകൾ കൊറോണയോടൊപ്പം തന്നെ വർഗീയത ഉൾപ്പെടെ എല്ലാ വൈറസുകൾക്കെതിരായി അടരാടാനും വായനക്കാരനു സാധ്യമാവണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMalayalam ArticleOpinion Newslockdowndigital reading
News Summary - digital reading in lockdown time -opinion news
Next Story