Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയുദ്ധം അവസാനിച്ചോ?...

യുദ്ധം അവസാനിച്ചോ? ലോകക്രമം ഹുർമുസിന് ശേഷം

text_fields
bookmark_border
hurmuz
cancel

കോവിഡ് മഹാമാരിക്കുശേഷം ലോകം പഴയ ലോകമല്ല. അതുപോലെ ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആരംഭിച്ച യുദ്ധത്തിനുശേഷവും ലോകം ഒരിക്കൽക്കൂടി ആ അനുഭവം ആവർത്തിക്കുകയാണ്. യുദ്ധം അവസാനിച്ചുവെന്നും വെടിനിർത്തൽ നിലവിൽവന്നുവെന്നും ഇടക്കിടെ പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഹുർമുസ് കടലിടുക്കിൽ രൂപപ്പെട്ട പ്രതിസന്ധിയിൽനിന്ന് ലോകം ഇനിയും കരകയറിയിട്ടില്ല.

ജൂണിലെ താൽക്കാലിക ധാരണ തകർന്നതും ജൂലൈയിലും ആഗസ്റ്റിലും സംഘർഷം വീണ്ടും രൂക്ഷമായതും കാണിക്കുന്നത് ഇത് സമാധാനമല്ല, അനിശ്ചിതമായ ഒരു ഇടവേള മാത്രമാണെന്നാണ്. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണങ്ങൾ പശ്ചിമേഷ്യയുടെ സുരക്ഷാഭൂപടം മാത്രമല്ല, ലോകത്തിന്റെ സാമ്പത്തിക രക്തചംക്രമണംതന്നെ മാറ്റിമറിച്ചു. ഹുർമുസ് ഒരു സാധാരണ ജലപാതയല്ല; ലോകത്തെ കടൽമാർഗ എണ്ണവ്യാപാരത്തിന്റെ ഏകദേശം നാലിലൊന്ന് ഇതുവഴിയാണ് കടന്നുപോകുന്നത്. ചൈനക്കും ഇന്ത്യക്കും ജപ്പാനും ദക്ഷിണകൊറിയക്കും ഇത് ഊർജത്തിന്റെ ജീവനാഡിയാണ്. 2025-ൽ ഈ വഴിയിലൂടെ ദിവസവും ഏകദേശം രണ്ടുകോടി ബാരൽ എണ്ണ ഒഴുകിയിരുന്നു. സംഘർഷം തുടങ്ങിയ ആദ്യമാസങ്ങളിൽ അത് 27 ലക്ഷം ബാരലിലേക്ക് ഇടിഞ്ഞുവെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി ചൂണ്ടിക്കാട്ടുന്നു.

ഈ പ്രതിസന്ധിയുടെ വേര് തേടിപ്പോയാൽ ഒരു കാര്യം വ്യക്തമാണ്. അമേരിക്കയും ഇസ്രയേലും തങ്ങളുടെ സൈനികശേഷിയിൽ അമിതമായി ആശ്രയിക്കുകയും യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം കുറച്ചുകാണുകയും ചെയ്തു. ഇറാന്റെ ആണവശേഷിയും പ്രാദേശിക സ്വാധീനവും ബോംബിട്ട് ഇല്ലാതാക്കാമെന്ന് അവർ കരുതി. പക്ഷേ, ഒരു രാജ്യത്തിന്റെ സൈനികകേന്ദ്രങ്ങൾ തകർക്കുന്നതും അതിന്റെ ഭൂമിശാസ്ത്രപരമായ ശക്തി ഇല്ലാതാക്കുന്നതും ഒന്നല്ല. ഹുർമുസ് ഇറാന്റെ കൈകളിൽ ഒരു ചർച്ചായുധമായി മാറിയത് ആ കണക്കുകൂട്ടൽ തെറ്റിയതിന്റെ തെളിവാണ്. ഇപ്പോൾ ഇറാനെ ചർച്ചാമേശക്ക് ചുറ്റും ഇരുത്താൻ ശ്രമിക്കുന്ന അമേരിക്ക, യുദ്ധത്തിനുമുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ദുർഘടമായ ഒരു സാഹചര്യത്തെയാണ് നേരിടുന്നത്.

ഈ സാഹസികതയുടെ വില നൽകിയത് ഇറാനും ഇസ്രയേലും അമേരിക്കയും മാത്രമല്ല. സൗദി അറേബ്യ, യു.എ.ഇ., ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഇറാഖ് എന്നിവരൊക്കെ ഈ യുദ്ധത്തിന്റെ ഇരകളായി. ഈ രാജ്യങ്ങളുടെ എണ്ണ-വാതക കയറ്റുമതിയും തുറമുഖപ്രവർത്തനങ്ങളും വ്യോമഗതാഗതവും ഒരേസമയം പ്രതിസന്ധിയിലായി.

ക്രൂഡ് ഓയിൽ വില ഉച്ചസ്ഥായിയിൽനിന്ന് ഇറങ്ങിയിട്ടും സാധാരണക്കാർക്ക് ആശ്വാസം കിട്ടുന്നില്ല. ഇതൊരു വൈരുധ്യമല്ല, ക്രൂരമായ യാഥാർഥ്യമാണ്. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞാലും ഡീസൽ, ജെറ്റ് ഇന്ധനം, പാചകവാതകം തുടങ്ങിയ ശുദ്ധീകരിച്ച ഉൽപന്നങ്ങളുടെ ക്ഷാമം തുടരുന്നു. പശ്ചിമേഷ്യൻ റിഫൈനറികൾ പൂർണശേഷിയിലേക്ക് മടങ്ങിയിട്ടില്ല; റഷ്യയിലെ സംസ്കരണവും കുറഞ്ഞു; ചൈനീസ് കയറ്റുമതിയും നിയന്ത്രിതമാണ്. അതുകൊണ്ട് ഗതാഗതച്ചെലവ്, വിമാനനിരക്ക്, ഭക്ഷ്യവില, വ്യവസായോൽപാദനച്ചെലവ് എന്നിവ ഉയർന്നുതന്നെ നിൽക്കുന്നു.

ഹുർമുസ് വെറും എണ്ണയുടെ വഴിയല്ലെന്ന് ഇനിയും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഈ കണക്കുകൾ നോക്കുക: ലോകത്തെ യൂറിയ വ്യാപാരത്തിന്റെ മുപ്പത് ശതമാനത്തിലധികം ഈ ജലപാതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമോണിയ, ഫോസ്ഫേറ്റ്, അലുമിനിയം, സൾഫർ എന്നിവയൊക്കെ ഇതേ വഴിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഹുർമുസിലെ തടസ്സം ഒരു പെട്രോൾ പമ്പിൽ അവസാനിക്കുന്നില്ല; അത് കർഷകന്റെ വളത്തിന്റെ വിലയിലും വിമാനടിക്കറ്റിലും ഫാക്ടറിയിലെ അസംസ്കൃത വസ്തുവിലും ഒടുവിൽ കുടുംബത്തിന്റെ ഭക്ഷണബജറ്റിലും പ്രതിഫലിക്കുന്നു. യുദ്ധം തുടങ്ങുന്നത് ഭരണാധികാരികളായിരിക്കാം; എന്നാൽ അതിന്റെ ബിൽ അടക്കുന്നത് സാധാരണ മനുഷ്യരാണ്.

ഈ വിവരങ്ങളോടൊപ്പം ലോകബാങ്കിന്റെ കണക്കുകൂടി ചേർക്കുക: 2026-ലെ ആഗോള വളർച്ചാനിരക്ക് 2.5 ശതമാനമായി കുറഞ്ഞു. ഉയർന്ന ഊർജവിലയും വിലക്കയറ്റവും വായ്പാച്ചെലവും ഒന്നിച്ചുചേർന്ന് കോവിഡിനുശേഷമുള്ള ഏറ്റവും ദുർബലമായ വളർച്ചയിലേക്ക് ലോകം നീങ്ങുകയാണ്. ഐ.എം.എഫ്. ജൂലൈ വിലയിരുത്തലിൽ പറഞ്ഞതും ഇതുതന്നെ.

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ആളിക്കത്തിയാൽ ചരക്കുവിലയും വിതരണശൃംഖലയും ധനകാര്യസ്ഥിതിയും ഒരുമിച്ച് ഇടിയും. ചുരുക്കത്തിൽ, വെടിയൊച്ച കുറഞ്ഞാലും യുദ്ധത്തിന്റെ സാമ്പത്തികശബ്ദം ഏറെക്കാലം കേൾക്കും.

ഈ ആഘാതം അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലും അലകൾ ഉണ്ടാക്കുന്നുണ്ട്. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഒരു സാധാരണ ബാലറ്റ് ദിനമല്ല. ജനപ്രതിനിധിസഭയിലെ 435 സീറ്റും സെനറ്റിലെ നിർണായക സ്ഥാനങ്ങളും ഒരേസമയം ചോദ്യം ചെയ്യപ്പെടുന്നു. ജീവിതച്ചെലവ്, ഇന്ധനവില, വിദേശയുദ്ധങ്ങളിൽ അമേരിക്ക ഇനിയും ഇടപെടണോ? ഈ ചോദ്യങ്ങൾ വോട്ടർമാരുടെ മനസ്സിലുണ്ട്. പക്ഷേ, ഇത് ഭരണകക്ഷിയുടെ ജനപ്രീതി അളക്കുന്ന ഒരു ഒറ്റദിനം മാത്രമല്ല; അമേരിക്കൻ ജനാധിപത്യ സ്ഥാപനങ്ങളുടെ ശേഷി നിർണയിക്കുന്ന പരീക്ഷണം കൂടിയാണ്. തപാൽ വോട്ടിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറൽ കോടതി തടഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിൽ പ്രസിഡന്റിന് എത്രത്തോളം ഇടപെടാൻ അധികാരമുണ്ടെന്ന ചോദ്യം ഇപ്പോൾ സുപ്രീംകോടതിയുടെ മുന്നിലാണ്.

പശ്ചിമേഷ്യയിലെ രാജ്യങ്ങൾ ഈ മാറ്റം കൃത്യമായി വായിക്കുന്നുണ്ട്. പശ്ചിമേഷ്യ ഒരു പുതിയ ഭൂരാഷ്ട്രീയക്രമം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. 2026 ആഗസ്റ്റ് ഏഴിന് മക്കയിൽ സൗദി അറേബ്യയും തുർക്കിയും പാകിസ്താനും ഒപ്പുവെച്ച സംയുക്ത പ്രതിരോധ ഉടമ്പടി ഉടമ്പടിയുടെ രാഷ്ട്രീയസന്ദേശം വ്യക്തമാണ്. അമേരിക്കൻ സുരക്ഷാ ഉറപ്പുകളിൽ മാത്രം ആശ്രയിക്കുന്നത് മതിയാകില്ലെന്ന് സൗദി അറേബ്യ തിരിച്ചറിയുന്നു. ഇത് അമേരിക്കയെ ഉപേക്ഷിക്കലല്ല; ഒരൊറ്റ ശക്തിയെ ആശ്രയിക്കാതെ, ഒന്നിലധികം ബന്ധങ്ങളിലൂടെ സ്വന്തം സുരക്ഷ ഉറപ്പാക്കുന്ന പുതിയൊരു സൗദി അറേബ്യൻ സമീപനമാണ്. ഇറാനെ നിയന്ത്രിക്കുക, ഇസ്രയേലിന്റെ ഏകപക്ഷീയ നടപടികൾക്ക് ഒരു മുന്നറിയിപ്പ് നൽകുക, പശ്ചിമേഷ്യയുടെ ശക്തിസമവാക്യം പുനഃക്രമീകരിക്കുക എന്നീ ലക്ഷ്യങ്ങളും അതിനുള്ളിലുണ്ട്.

കോവിഡിനുശേഷം ആരോഗ്യസുരക്ഷ ദേശീയ അതിർത്തികളിൽ ഒതുങ്ങുന്നില്ലെന്ന് ലോകം പഠിച്ചു. ഹുർമുസിനുശേഷം ഊർജസുരക്ഷയും യുദ്ധവും ഒരു പ്രദേശത്തിന്റെ പ്രശ്നമല്ലെന്നും ലോകം മനസ്സിലാക്കിവരുന്നു. സൈനിക വിജയങ്ങൾ രാഷ്ട്രീയ പരിഹാരങ്ങൾക്ക് പകരമാകില്ല. ശക്തരായ രാജ്യങ്ങൾ ആരംഭിക്കുന്ന യുദ്ധങ്ങളുടെ വില ദുർബല രാജ്യങ്ങളിലെ സാധാരണ മനുഷ്യർ അടയ്ക്കേണ്ടിവരുന്ന ഒരു ലോകക്രമം നീതിയുക്തമല്ല. ഹുർമുസ് വീണ്ടും പൂർണമായി തുറക്കുന്നതും അമേരിക്ക-ഇറാൻ ചർച്ചകൾ പുനരാരംഭിക്കുന്നതും പ്രാദേശിക രാജ്യങ്ങൾക്ക് കൂടുതൽ സ്വയംഭരണവും സുരക്ഷാപങ്കാളിത്തവും ലഭിക്കുന്നതുമാണ് സ്ഥിരതയിലേക്കുള്ള വഴി. അല്ലെങ്കിൽ, അമേരിക്ക ‘‘യുദ്ധം അവസാനിച്ചു’’ എന്ന് പ്രഖ്യാപിക്കുമ്പോഴും ലോകം അതിന്റെ ആഘാതത്തിൽ ജീവിക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articleglobal economyStrait of HormuzOil crisisMiddle East ConflictUS Israel Iran War
News Summary - Did the War End? The World Order After Hurmuz
Next Story