Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനരേന്ദ്രമോദി വാക്കു...

നരേന്ദ്രമോദി വാക്കു പാലിച്ചോ?

text_fields
bookmark_border
നരേന്ദ്രമോദി വാക്കു പാലിച്ചോ?
cancel

ഇന്ന് നിര്യാതനായ ദലിത് ചിന്തകൻ കെ.കെ കൊച്ച് മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം പുനപ്രസിദ്ധീകരിക്കുന്നു....

കേരളത്തിലെ ദലിതർ ഹിന്ദുത്വത്തോടും ജാതി വ്യവസ്ഥയുടെ അടിത്തറയായ ശ്രുതികളോടും സ്മൃതികളോടും പൊരുതിയാണ് മനുഷ്യാവകാശങ്ങൾ നേടിയെടുത്തത്. സ്വന്തമായ ആരാധനാലയങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഉണ്ടായിരുന്നതിനാൽ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുകയോ ദേവീദേവന്മാരെ പൂജിക്കുകയോ ചെയ്തിരുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരുന്നത് 1924ൽ ആരംഭിച്ച ക്ഷേത്ര പ്രവേശന സമരത്തോടെയാണ്. അയ്യങ്കാളി ജീവിച്ചിരുന്നപ്പോൾ നടന്ന വൈക്കം സത്യഗ്രഹമടക്കമുള്ള സമരങ്ങളിൽ അദ്ദേഹം പങ്കെടുത്തതേയില്ല. ഇതിന് കാരണം ക്ഷേത്ര പ്രവേശനത്തേക്കാൾ അദ്ദേഹം വിലമതിച്ചത് പട്ടിക്കും പൂച്ചക്കും നടക്കാൻ കഴിയുന്ന വഴിയിലൂടെ മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായിരുന്നു.

അയ്യങ്കാളിയുടെ പാരമ്പര്യം അവകാശപ്പെടുകയും അയ്യങ്കാളിക്കപ്പുറം ദലിതർക്ക് സാമുദായിക നേതൃത്വങ്ങളില്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന കേരള പുലയർ മഹാസഭ (ടി.വി. ബാബു വിഭാഗം) ദലിതരിലെ ഗണ്യമായ ജനസംഖ്യയുള്ള പുലയരെ ഹിന്ദുത്വത്തിലേക്ക് നയിക്കാൻ നടത്തിയ സമ്മേളനമാണ് 2014 ഫെബ്രുവരി ഒമ്പതിലെ കൊച്ചി കായൽ സമ്മേളന ശതാബ്ദി അനുസ്മരണം. വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷകനും നരേന്ദ്ര മോദി ഉദ്ഘാടകനുമായ സമ്മേളനം ബി.ജെ.പിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു. സമ്മേളനത്തിന് മുമ്പ് കെ.പി.എം.എസ് നേതാക്കൾ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ താഴെ പറയുന്ന കാര്യങ്ങളിൽ ഉറപ്പ് നേടുകയുണ്ടായി. അവ 1. ഇന്ത്യയൊട്ടാകെ ഭൂപരിഷ്കരണം നടപ്പാക്കും 2. സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കും 3. രംഗനാഥ മിശ്ര കമീഷൻ റിപ്പോർട്ട് തള്ളിക്കളയും 4. വെങ്ങാന്നൂരിലെ അയ്യങ്കാളി സ്മാരകം പൈതൃക പദ്ധതിയിലുൾപ്പെ ടുത്തും. നരേന്ദ്ര മോദിയിൽനിന്ന് ലഭിച്ച ഉറപ്പുകൾക്ക് വ്യാപകമായ പ്രചാരണം നൽകിയാണ് നേതാക്കൾ ആയിരക്കണക്കിന് പ്രവർത്തകരെ മറൈൻ ഡ്രൈവിൽ എത്തിച്ചത്. പിന്നീട് തെരഞ്ഞെടുപ്പിൽ പരസ്യമായി ബി.ജെ.പിക്ക് വോട്ട് പിടിക്കുക മാത്രമല്ല നരേന്ദ്ര മോദിയുടെ സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നു പോയ 50 അംഗ സംഘത്തിൽ ഉൾപ്പെടുകയും ചെയ്തു.

എങ്കിലും കെ.പി.എം.എസിന് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും വിസ്മരിച്ചാണ് മോദി ഗവൺമെൻറിന്റെ നയപ്രഖ്യാപനം ഇന്ത്യൻ പ്രസിഡൻറ് അവതരിപ്പിച്ചത്. ആ പ്രഖ്യാപനത്തിൽ ദലിതരെ സംബന്ധിച്ചുള്ള കാര്യമായ പദ്ധതികളൊന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ ഉറപ്പുകൾ വിലയിരുത്തേണ്ടത്. രാജ്യവ്യാപകമായി ദലിതരുൾപ്പെടുന്ന ഭൂരഹിതർ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന മുഖ്യ ആവശ്യമാണ് ഭൂപരിഷ്കരണം നടപ്പാക്കണമെന്നത്. രണ്ടാം യു.പി.എ ഗവൺമെൻറിന്റെ കാലത്ത് പി.വി. രാജഗോപാൽ നേതൃത്വം കൊടുക്കുന്ന ഏകതാ പരിഷത്ത് ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് നടത്തിയ പദയാത്രയെ തുടർന്ന് പ്രധാനമന്ത്രി ചെയർമാനും പി.വി. രാജഗോപാൽ വൈസ് ചെയർമാനുമായി ദേശീയ ഭൂപരിഷ്കരണ സമിതി രൂപം കൊള്ളുകയുണ്ടായി. ആ കമ്മിറ്റി കാര്യക്ഷമമായി പ്രവർത്തിക്കാതെ വന്നതോടെ നടത്തിയ രണ്ടാം പദയാത്ര സമാപിച്ചത് കേന്ദ്രമന്ത്രിയായ ജയറാം രമേശുമായുണ്ടാക്കിയ കരാറിലൂടെ രാജ്യത്തെ മുഴുവൻ ഭൂരഹിതർക്കും 15 സെൻറ് ഭൂമി വീതം നൽകുമെന്ന ഉറപ്പിലാണ്. ഇത്തരം കാര്യങ്ങളൊന്നും അറിയാത്ത ആളാണോ നരേന്ദ്ര മോദിയും അദ്ദേഹത്തെ പ്രധാനമന്ത്രി കസേരയിലിരുത്തിയ സംഘ് പരിവാറും? ഇതിൽനിന്ന് വ്യക്തമാകുന്നത് ഗുജറാത്തിൽ ഭൂപരിഷ്കരണം നടപ്പാക്കാൻ വിസമ്മതിച്ച നരേന്ദ്ര മോദി ഇന്ത്യയിലെ ഭൂപ്രഭുക്കളുടെ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയില്ലെന്നും സ്വദേശിയും വിദേശിയുമായ കോർപറേറ്റുകൾക്ക് വൻതോതിൽ ഭൂമി പതിച്ചുനൽകുമെന്നുമാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.

കെ.പി.എം.എസിന്റെ രണ്ടാമത്തെ ആവശ്യമായ സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണവും പുതിയ കാര്യമല്ല. 2004ൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിൽ വന്ന ഒന്നാം യു.പി.എ ഗവൺമെൻറിന്റെ കോമൺ മിനിയം പ്രോഗ്രാമിൽ ഉൾപ്പെട്ടതായിരുന്നു സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം. ആ ഗവൺമെൻറ് പത്തുവർഷം ഭരിച്ചിട്ടും ഇക്കാര്യം നടപ്പാക്കിയില്ലെന്നുള്ളതാണ് വാസ്തവം. ലോക്സഭാ സ്പീക്കറായിരുന്ന മീര കുമാർ വിളിച്ചുചേർത്ത വൻകിട വ്യവസായികളുടെ യോഗം സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം എതിർക്കുകയായിരുന്നു. കോൺഗ്രസിൽ നിന്ന് ഏറെ അകലം പാലിക്കുന്നതല്ല ബി.ജെ.പി സർക്കാർ. ദലിതർക്ക് പരിമിതമായ തൊഴിൽ സാധ്യതകളുണ്ടാ യിരുന്ന പൊതുമേഖലയിലെ ഓഹരി വിൽക്കാനായൊരു മന്ത്രാലയവും അരുൺഷൂരി എന്ന മന്ത്രിയെയും നിയമിച്ചത് 2000ത്തിൽ അധികരത്തിൽ വന്ന വാജ്പേയി ഗവൺമെൻറാണ്. ഇപ്പോഴാകട്ടെ വിദ്യാഭ്യാസ മേഖലയടക്കം വിദേശിയും സ്വദേശിയുമായ മൂലധനത്തിന് തീറെഴുതുന്ന മോദി സർക്കാർ വൻകിട കുത്തക വ്യവസായികൾക്കെതിരായ തീരുമാനമെടുക്കുമെന്ന് കെ.പി.എം.എസ് നേതാക്കളൊഴിച്ചാരും കരുതുന്നില്ല.

മൂന്നാമത്തെ ആവശ്യമായ രംഗനാഥ മിശ്ര കമീഷൻ റിപ്പോർട്ട് മോദി സർക്കാർ തള്ളിക്കളയാനിടയുണ്ട്. കാരണം അതിൽ ദലിത് ക്രൈസ്തവർക്കും ദലിത് മുസ്ലിംകൾക്കും സംവരണം നൽകണമെന്ന നിർദേശമുണ്ട്. ദലിതരെ ഹിന്ദുത്വപക്ഷത്തുറപ്പിച്ചു നിർത്താൻ സംഘ് പരിവാറിന്റെ ആയുധമായ വംശീയ വിദ്വേഷം കെ.പി.എം.എസിന് സീകാര്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ രംഗനാഥ മിശ്ര കമീഷൻ റിപ്പോർട്ട് തള്ളിക്കളയുന്നത് സംഘടനയുടെ വിജയമായി ആഘോഷിക്കപ്പെടും.

അവസാനമായി അയ്യങ്കാളി സ്മാരകത്തെ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യമാണ്. പ്രസിഡൻറിന്റെ നയപ്രഖ്യാപനം ഈ ആവശ്യം മുന്നോട്ടുവെച്ചില്ലെങ്കിലും അടുത്ത കേന്ദ്ര ബജറ്റിൽ അനുകൂലമായ തീരുമാനവുമുണ്ടായില്ലെങ്കിൽ കെ.പി.എം.എസിന്റെ ആവശ്യം അംഗീകരിക്കുകയില്ലെന്നുറപ്പിക്കാം. 2000ത്തിൽ വാജ്പേയി ഗവൺമെൻറ് അധികാരമേറ്റെടുത്തപ്പോൾ ലഖ്നോവിൽ ചേർന്ന

സന്യാസി സംസദ് സംവരണം റദ്ദാക്കാനായി ഭരണഘടനയെ മനുസ്മൃതിയെ അടിസ്ഥാനമാക്കി ഉടച്ചുവാർക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഈ നിർദേശം അംഗീകരിച്ച ഗവൺമെൻറ് ഭരണഘടന പുനരവലോകനം ചെയ്യുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ദേശവ്യാപകമായി ഉയർന്നുവന്ന പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഭരണഘടനാ പുനരവലോകനം വേണ്ടെന്ന് വെക്കുകയായിരുന്നു. അന്നത്തെ സന്യാസിമാർ തന്നെയാണ് നരേന്ദ്ര മോദിയുടെ കണ്ണും കാതുമെന്ന് കെ.പി.എം.എസിന്റെ അണികളെങ്കിലും തിരിച്ചറിയണം.

പിൻകുറി:

കെ.പി.എം.എസ് പ്രവർത്തകനായ എന്റെ അയൽവാസി ടി.പി.പത്മനാഭൻ അയ്യങ്കാളിയോടൊപ്പം നരേന്ദ്ര മോദിയുടെ ഫോട്ടോ വെച്ചതിനെതിരെ പ്രതിഷേധിച്ച് മോദി പങ്കെടുത്ത സമ്മേളനം ബഹിഷ്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiKK Kochu
Next Story