Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎന്നുതീരും നോട്ട്...

എന്നുതീരും നോട്ട് പ്രശ്നം?

text_fields
bookmark_border
എന്നുതീരും നോട്ട് പ്രശ്നം?
cancel

നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സാര്‍വത്രികമായി ഉയരുന്ന ചോദ്യമാണിത്. സംഭവങ്ങളെ വസ്തുതാപരമായി അപഗ്രഥിച്ചാല്‍, വന്നുഭവിച്ച പ്രയാസങ്ങളുടെ കുരുക്കഴിക്കാന്‍ ഒറ്റമൂലിയോ കുറുക്കുവഴികളോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്താകെ പ്രചാരത്തിലുണ്ടായിരുന്ന 16 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന കറന്‍സികളില്‍ 14 ലക്ഷം കോടി രൂപ മൂല്യം വരുന്ന കറന്‍സി നവംബര്‍ എട്ടിന് റദ്ദായി. മരവിപ്പിക്കപ്പെട്ട കറന്‍സിക്കു പകരമായി ഏതുവിധം, എപ്പോള്‍, എത്ര നോട്ടുകള്‍ പുറത്തിറക്കുമെന്ന് വെളിപ്പെടുത്തേണ്ടത്, കറന്‍സി ഇറക്കാന്‍ അധികാരമുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. എന്നാല്‍, സത്യങ്ങള്‍ അപ്രിയമാകുമെന്നതിനാല്‍ അവര്‍ പല കാര്യങ്ങളിലും മൗനമവലംബിക്കുകയാണ്. പുതുതായി പുറത്തിറക്കിയ 2000 രൂപ നോട്ടിന്‍െറ വിനിമയശേഷി പരിമിതമാണെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പണം ഒളിപ്പിച്ചുവെക്കുന്നവര്‍ക്ക് ഈ കറന്‍സി സൗകര്യപ്രദവുമാണ്. ഭാവി കള്ളപ്പണ സാധ്യതയാണ് ഈ നോട്ടിലൂടെ ഫലത്തില്‍ വര്‍ധിക്കാനിടയാകുക. പുതിയ മാതൃകയിലും നിറവ്യത്യാസത്തോടെയും അഞ്ഞൂറിന്‍െറ കറന്‍സികള്‍ ഇറങ്ങിയെങ്കിലും അതിന്‍െറ ലഭ്യത തുലോം തുച്ഛമാണ്. കേരളത്തിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അര്‍ഥശൂന്യമാണ്. കറന്‍സി വിഷയത്തിലെ വിഷമതകള്‍ കേരളം ജാഗ്രതപ്പെടുത്തിയപോലെ മറ്റൊരു സംസ്ഥാനവും പ്രതികരിച്ചിട്ടില്ല. 24,000 എന്ന പരിധി ഉപേക്ഷിച്ചുപോലും ശമ്പളം നല്‍കണമെന്നായിരുന്നു ആവശ്യം. അത് കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും അനുവദിച്ചില്ല. 24,000 രൂപവെച്ച് 10 ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണം നല്‍കണമെങ്കില്‍ 2400 കോടി രൂപ വേണ്ടിവരും. നിരവധി കത്തുകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം റിസര്‍വ് ബാങ്ക് അവസാനം സമ്മതിച്ചത് 500 കോടി രൂപ ട്രഷറിക്കും 500 കോടി രൂപ ബാങ്കിനും നല്‍കാമെന്നായിരുന്നു. ആ തുക പോലും നല്‍കാന്‍ റിസര്‍വ് ബാങ്കിന് സാധിച്ചില്ല. കേരളത്തിലെന്നല്ല, എല്ലാ സംസ്ഥാനങ്ങളിലും ശമ്പളമെല്ലാം അക്കൗണ്ടില്‍ കിടക്കുന്നുണ്ട്. പക്ഷേ, പണം പിന്‍വലിക്കാന്‍ കഴിയാതെ ജീവനക്കാര്‍ നെട്ടോട്ടമോടുകയാണ്.
22 കോടിയോളം വരുന്ന ജന്‍ധന്‍ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാനാകുന്ന തുക മാസത്തില്‍ 5000 അഥവ 10,000 രൂപയാക്കി കുറച്ചതും കറന്‍സിയുടെ ക്ഷാമംകൊണ്ടാണ്. കറന്‍സി മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെ സാവകാശം അനുവദിച്ചിരുന്നെങ്കിലും പൊടുന്നനെ ആ അവകാശം പിന്‍വലിക്കുകയാണുണ്ടായത്. ഇനിമുതല്‍ റിസര്‍വ് ബാങ്ക് ഓഫിസുകളിലും സ്വന്തം ബാങ്ക് അക്കൗണ്ടുകളിലൂടെയും മാത്രമേ പഴയ കറന്‍സി മാറ്റിയെടുക്കാന്‍ കഴിയൂ. ബാങ്ക് അക്കൗണ്ടില്ലാത്ത, കറന്‍സി മരവിപ്പിച്ച കാര്യം ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത കുറെ ഗ്രാമീണരെങ്കിലും ഇനിയും ഉണ്ടാകാം. കള്ളപ്പണക്കാരും കോര്‍പറേറ്റുകളും കൈവശമുള്ള കറന്‍സിയെല്ലാം വെള്ളപ്പണമാക്കുന്നതിന് നാനാവിധ ഉപായങ്ങള്‍ നടത്തുകയും അവരുടെ സ്ഥിതി ഭദ്രമാക്കുകയും ചെയ്തു. കുറെയധികം സാധാരണക്കാരെങ്കിലും റിസര്‍വ് ബാങ്കിന്‍െറ കവാടം തിരക്കാന്‍ കഴിയാതെ, അക്കൗണ്ട് തുടങ്ങാന്‍ കഴിയാതെ നോട്ടുകള്‍ മാറ്റാന്‍ ഇടനിലക്കാരുടെ സഹായം അഭ്യര്‍ഥിക്കുന്നുണ്ടാകും. കാരണം, ആറു ലക്ഷം ഗ്രാമങ്ങളുണ്ട് ഇന്ത്യയില്‍. എന്നാല്‍, ഇവയില്‍ 35,000-40,000 സ്ഥലങ്ങളില്‍ മാത്രമേ കമേഴ്സ്യല്‍ ബാങ്ക് ശാഖകളുള്ളൂ. രാജ്യത്തെ ഒരു ലക്ഷം വരുന്ന പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ക്ക് നോട്ട് മാറാന്‍ കഴിയുന്ന സൗകര്യം നല്‍കാതിരുന്നതിന് പുറമേക്ക് കാരണമെന്തൊക്കെ പറഞ്ഞാലും, പകരം നല്‍കാന്‍ റിസര്‍വ് ബാങ്കിന്‍െറ കൈവശം മതിയായ പുതിയ കറന്‍സികളില്ല എന്നതാണ് വാസ്തവം. പെട്രോള്‍ പമ്പിലും വിമാനത്താവളങ്ങളിലും പഴയനോട്ടുകള്‍ മാറാന്‍ സൗകര്യം ചെയ്ത റിസര്‍വ് ബാങ്ക്, അവിടെയൊക്കെ ഏതുതരം കെ.വൈ.സി ചട്ടങ്ങളാണുള്ളതെന്ന് വിശദീകരിക്കേണ്ടതുണ്ട്. കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ അവിടങ്ങളില്‍ ഏതു സാങ്കേതിക വിദ്യയാണുള്ളത്? അഥവാ മരവിപ്പിക്കപ്പെട്ട കറന്‍സിക്കു പകരമായി 10 ശതമാനംപോലും പുതിയ കറന്‍സി പുറത്തിറക്കാനാകാതെ റിസര്‍വ് ബാങ്ക് പകച്ചുനില്‍ക്കുന്നതാണ് രാജ്യം ഇന്നനുഭവിക്കുന്ന ദു$ഖ-ദുരിതങ്ങളുടെ അടിസ്ഥാന കാരണം.
തട്ടുകടയില്‍ ദോശ ചുട്ടെടുക്കുംപോലെ കറന്‍സി പുറത്തിറക്കാനാകില്ളെന്നത് ശരിതന്നെ. ജനങ്ങള്‍ക്കാവശ്യമായ അളവില്‍ നോട്ടുകള്‍ അടിച്ചിറക്കാനുള്ള ഏക അധികാരകേന്ദ്രം റിസര്‍വ് ബാങ്കാണ്. ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അളവില്‍ മൈസൂരു, നാസിക്, ദേവാസ്, സല്‍ബോണി എന്നീ നാല് സെക്യൂരിറ്റി പ്രസുകളിലാണ് കറന്‍സി അച്ചടി നടക്കുന്നത്. ബാങ്ക്നോട്ടുകളുടെ ആവശ്യമനുസരിച്ച് നോട്ടുകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, പ്രസുകളുടെ അച്ചടിശേഷി ഈയിടെ ഉയര്‍ത്തി. ഇപ്പോഴാകട്ടെ, ഓരോ വര്‍ഷത്തെയും വര്‍ധിത ആവശ്യത്തിനു പുറമെ, നിലവിലുള്ള കറന്‍സിമൂല്യത്തിന്‍െറ 86 ശതമാനത്തിന് പകരമായുള്ള കറന്‍സികൂടി പുറത്തിറക്കേണ്ടി വന്നിരിക്കുന്നു. 2015-16 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് വിവിധ മൂല്യമുള്ള  2390 കോടി എണ്ണം കറന്‍സി അച്ചടിക്കാനായിരുന്നു. എന്നാല്‍, റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് 2120 കോടി എണ്ണമാണ്. 2016-17 വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 2455 കോടി കറന്‍സികളാണ്. മരവിപ്പിക്കപ്പെട്ട കറന്‍സി കണക്കിലെടുക്കാതെയുള്ള ഡിമാന്‍റായിരുന്നു അത്. ഇപ്പോള്‍ ആവശ്യത്തിന്‍െറ വിതാനം മാറി. എന്നാല്‍, എത്ര കാര്യക്ഷമത വര്‍ധിപ്പിച്ചാലും മൂന്നു ഷിഫ്റ്റ് ജോലികള്‍ ചെയ്യിച്ചാലും പ്രതിദിനം 10 കോടി എണ്ണത്തില്‍ കൂടുതല്‍ കറന്‍സി അച്ചടിക്കാനാകില്ല. അഥവാ ഒരുകൊല്ലംകൊണ്ട് പരമാവധി 3000-3500 കോടി എണ്ണം കറന്‍സി പുറത്തിറക്കാനുള്ള ഉല്‍പാദനശേഷിയേ, ഇന്ത്യയിലെ പ്രസുകള്‍ക്കുള്ളൂ. 3000 കോടി എണ്ണം 100 രൂപയുടെ കറന്‍സി മാത്രമാണ് അടിക്കുന്നതെങ്കില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം കോടി രൂപയുടെ മൂല്യം വരുമത്. മരവിപ്പിക്കപ്പെട്ട 500-1000 കറന്‍സികളുടെ മൂല്യം 14 ലക്ഷം കോടിയാണെന്നറിയുക! അതേസമയം, 500 രൂപയുടെ നോട്ട് മാത്രം പുറത്തിറക്കിയാല്‍ കറന്‍സിമൂല്യം 15 ലക്ഷം കോടി രൂപയാകും. പക്ഷേ, കറന്‍സി പുറത്തിറക്കുമ്പോള്‍ 10 മുതല്‍ 2000 വരെയുള്ള കറന്‍സികള്‍ തമ്മിലുള്ള അനുപാതംകൂടി റിസര്‍വ് ബാങ്കിന് കണക്കിലെടുക്കേണ്ടതുണ്ട്. അതിനാല്‍, അടിയന്തരാവശ്യത്തിനായി പ്രത്യേക കറന്‍സികള്‍ മാത്രം കൂടുതല്‍ പുറത്തിറക്കുക എന്നതിനും പ്രയാസമുണ്ട്. തിടുക്കത്തില്‍ കറന്‍സി അച്ചടിക്കുമ്പോള്‍, ഇപ്പോള്‍ അഞ്ഞൂറിന്‍െറ നോട്ടില്‍ സംഭവിച്ചതുപോലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്യും. ഇത് ഭാവിയിലെ കറന്‍സി സുരക്ഷിതത്വത്തിനുതന്നെ വലിയ ഭീഷണിയുയര്‍ത്തും. അഥവാ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്തേ മരവിപ്പിച്ച കറന്‍സിക്കുള്ള ബദല്‍ സജ്ജീകരണം ഒരുക്കാനാകൂ.  
50 ശതമാനം നികുതി അടച്ചാല്‍ ഗരീബ് കല്യാണ്‍ യോജന പ്രകാരം 2017 ഏപ്രില്‍ ഒന്നുവരെ കണക്കില്ലാത്ത പണം വെളുപ്പിക്കാന്‍ പദ്ധതി വന്നതോടെ, നവംബര്‍ എട്ടിന് നടപ്പാക്കിയ മിന്നല്‍ കറന്‍സി നിരോധനത്തിന്‍െറ പ്രസക്തി നിര്‍വീര്യമായി. മാത്രവുമല്ല, കറന്‍സി മുഖാന്തരമുള്ള കള്ളപ്പണമെന്നത് ഒരു ശതമാനത്തില്‍ താഴെയെന്നാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്. ഒരു ലക്ഷം കോടി രൂപയുടെ കറന്‍സി കള്ളപ്പണം കണ്ടേക്കാമെന്നാണ് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചത്. ആ നിലക്ക് 99 ശതമാനം വരുന്ന വിദേശ- സ്വിസ് ബാങ്ക് കള്ളപ്പണ നിക്ഷേപം കണ്ടത്തൊന്‍ ഒന്നും ചെയ്യാതെ, ഒരു ശതമാനത്തിന്‍െറ പേരില്‍ നാട്ടിലുണ്ടാക്കിയ അത്യാഹിതങ്ങളും മരണങ്ങളുമൊക്കെ എത്ര വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണ്!  നവംബര്‍ ഒമ്പതു മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന സമ്പദ്വ്യവസ്ഥയുടെയും കമ്പോളത്തിന്‍െറയും മരവിപ്പുമൂലം സംഭവിച്ചുകൊണ്ടിരിക്കുന്ന ദേശീയനഷ്ടംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. തൊഴില്‍ ഇല്ലാതാകുമ്പോള്‍, കച്ചവടം നശിക്കുമ്പോള്‍, ഉല്‍പാദനം നിലക്കുമ്പോള്‍, സമ്പദ്വ്യവസ്ഥ ശോഷിക്കുമ്പോള്‍, ജി.ഡി.പി വളര്‍ച്ച ഇടിയുമ്പോള്‍ കള്ളപ്പണക്കാരനും കോര്‍പറേറ്റ് മുതലാളിക്കും ഒരു പോറലുമേല്‍ക്കുന്നില്ല. പതിതരായ പരശ്ശതം വരുന്ന സാധാരണക്കാരുടെ നിത്യജീവിതമാണ് വഴിമുട്ടിപ്പോകുന്നത്. ഒരു ശതമാനം ജി.ഡി.പി കുറഞ്ഞാല്‍ 1,50,000 കോടി രൂപയാണ് ദേശീയനഷ്ടം എന്നുകൂടി ചേര്‍ത്തു വായിക്കണം.
ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്‍റാണ് ലേഖകന്‍

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetisationcurrency crisis
News Summary - den\monetisation: note crisis
Next Story