Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനാധിപത്യം...

ജനാധിപത്യം മിഥ്യാസങ്കല്‍പമോ?

text_fields
bookmark_border
ജനാധിപത്യം മിഥ്യാസങ്കല്‍പമോ?
cancel

രാജഭരണവും സ്വേച്ഛാധിപത്യവും യഥാര്‍ഥത്തില്‍ പ്രഭുഭരണംതന്നെയാണ്. രണ്ടിലും ഭരണനിര്‍വഹണം നടത്തുന്നത് ഏകശാസകനായ ഭരണാധികാരിയെ ചുറ്റിപ്പറ്റിനില്‍ക്കുന്ന കുബേരന്മാരായിരിക്കും. എന്നാല്‍, ജനാധിപത്യത്തിന്‍െറയും കഥ മറിച്ചല്ളെന്നാണ് വ്യക്തമായി വരുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ പ്രഭുക്കളായ ഏതാനും പേരുടെ തൃപ്തിയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്നു. കോര്‍പറേറ്റ് ശക്തികള്‍ വളരുന്നു. പാവം സമ്മതിദായകരായ ജനങ്ങളാകട്ടെ തങ്ങളുടെ കരങ്ങളിലാണ് ഭരണത്തിന്‍െറ നിയന്ത്രണമെന്ന് തെറ്റിധരിക്കുന്നു. വാസ്തവമാകട്ടെ, ഗവണ്‍മെന്‍റിന്‍െറ നിയന്ത്രണം ഏതാനും ചില ധനാഢ്യരുടെ കൈകളില്‍ നിക്ഷിപ്തമാണ്!

ദുഷിപ്പ് തുടങ്ങുന്നത് തലയിലാണെങ്കില്‍ അത് എളുപ്പം ശരീരത്തെ മുഴുവന്‍ ബാധിക്കും. ‘മോന്തായം വളഞ്ഞതുപോലെ’ എന്നാണല്ളോ ചൊല്ല്. നേതൃനിരയിലുള്ളവരുടെ സ്വേച്ഛയും സ്വാര്‍ഥതയും നാട് കുട്ടിച്ചോറാക്കുന്നതാണ് നാം കണ്ടുവരുന്നത്. നിര്‍വചിക്കപ്പെടുന്നതുപോലെയാണെങ്കില്‍ ജനാധിപത്യം ജനങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമായിരിക്കും. ജനപ്രതിനിധികളെ അവരാണല്ളോ തെരഞ്ഞെടുക്കുന്നത്. ഉദ്യോഗസ്ഥരാകട്ടെ ജനങ്ങള്‍ നല്‍കുന്ന നികുതിയില്‍നിന്ന് ശമ്പളം പറ്റുന്നവരുമാണ്. അതുകൊണ്ടാണ് പരമാധികാരം ജനപ്രതിനിധികള്‍ക്കാണെന്നും കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നതു ഭരണഘടനാനുസൃതമാണെന്നും പറയുന്നത്. പാര്‍ലമെന്‍റിന്‍െറ ഭൂരിപക്ഷാഭിപ്രായമാകുന്നതും അതുകൊണ്ടാണ്.

എന്നാല്‍, ഇതൊക്കെയും മിഥ്യാസങ്കല്‍പങ്ങളാണെന്നാണ് അമേരിക്കയിലെയും ഇന്ത്യയിലെയും സമകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇതിനെയാണ് നോം ചോംസ്കി ജനാധിപത്യത്തിലെ ‘പ്രതിസന്ധിഘട്ടം’ എന്നു വിളിക്കുന്നത്. ഇതു മറികടക്കാന്‍ സാധിക്കുമോ എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം!
അപരിമേയമായ അധികാരം ലഭ്യമാകുന്ന വ്യക്തികള്‍-ജനപ്രതിനിധികള്‍-തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഭരണനിര്‍വഹണത്തെക്കുറിച്ചും ഉത്തമബോധ്യമുള്ളവരായിരിക്കണം. എന്നാല്‍, സമകാലിക ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ അമേരിക്കയിലും ബ്രിട്ടനിലും ഇന്ത്യയിലുമെല്ലാം സമ്മതിദായകരായ ജനം വഞ്ചിക്കപ്പെടുകയാണ്. ഭരണകൂടങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും അവരെ ഗ്രസിച്ചിരിക്കുന്നു. ഭരണകൂട നടപടികള്‍ തങ്ങള്‍ക്കു ഗുണകരമല്ളെന്നും അവ ജനാധിപത്യമൂല്യങ്ങളെ തൃണവത്ഗണിക്കുന്നവയാണെന്നും ജനങ്ങള്‍ വിലയിരുത്തുകയാണ്. ജനാധിപത്യ ഭരണക്രമം ക്ഷയിച്ചുതുടങ്ങിയതിന്‍െറ ലക്ഷണങ്ങളാണിവയെല്ലാം.

മുഖം മങ്ങിയ ഇന്ത്യ
ഇന്ത്യന്‍ ഭരണകൂടവുമായി ഒട്ടിനില്‍ക്കുന്ന ധനാഢ്യന്മാരായ ഇത്തിള്‍ക്കണ്ണികള്‍ പരാന്നഭുക്കുകളാണ്. അവരുടെ നാട്യങ്ങളൊന്നും ദേശസ്നേഹപ്രചോദിതമല്ല. സമസൃഷ്ടിസ്നേഹമോ മാനവികതയോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമല്ല. സ്വേച്ഛാപൂരണത്തിനായി രാജ്യത്തിന്‍െറ സമ്പത്ത് കൊള്ളചെയ്യാനായി ഇറങ്ങിത്തിരിച്ചവരാണിവരില്‍ ഭൂരിഭാഗവും. അവര്‍ പൊതുസമ്പത്ത് കൊള്ളയടിച്ച് പിടികിട്ടാപ്പുള്ളികളായി നാടുവിടുന്നതായും നാം കാണുന്നു. ഭരണവും നിയമവും അവരെ പിന്തുണക്കുന്നു. ഇതാണോ ജനാധിപത്യം?

ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍ വ്യക്തമാക്കിയതുപോലെ ‘രാജാക്കന്മാരുടെ ദൈവകല്‍പിത അധികാരങ്ങള്‍ ഇപ്പോള്‍ ജനപ്രതിനിധികളുടെ ദൈവകല്‍പിത അധികാരങ്ങളായി മാറിയിരിക്കുന്നു’. (Divine right of kings has been replaced by the divine right of Parliament). ഇതനുഭവിച്ചറിയുന്നവരാണ് കലങ്ങിമറിഞ്ഞ മനസ്സുമായി പ്രതിഷേധിക്കുന്നവന്‍. അവര്‍ ജനകീയപ്രക്ഷോഭങ്ങള്‍ക്കൊരുങ്ങുമ്പോള്‍ അവരെ തീവ്രവാദ ലേബലുകള്‍ ചാര്‍ത്തി മാറ്റിനിര്‍ത്തുന്നതിലൂടെ ജനാധിപത്യം സംരക്ഷിക്കപ്പെടില്ല. അവരുടെ നെഞ്ചിലേക്കു വെടിയുതിര്‍ക്കുന്നതിനു പകരം അവരെ കേള്‍ക്കാനും നേര്‍വഴിക്ക് നടത്താനും സാധിക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടില്‍ പാര്‍ലമെന്‍റിനെ നോക്കുകുത്തിയാക്കിയാണ് പലതും നടപ്പില്‍ വരുത്തുന്നത്. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡിന്‍െറ ശിപാര്‍ശയോ പാര്‍ലമെന്‍റിന്‍െറ അനുമതിയോ ഇല്ലാതെ നടപ്പാക്കിയ കറന്‍സി നിരോധനം ജനങ്ങളെ കഷ്ടത്തിലാക്കിയിരിക്കുന്നു. സ്വന്തം സമ്പാദ്യം ആവശ്യങ്ങള്‍ക്കുവേണ്ടി പിന്‍വലിക്കാനാവാതെ ആളുകള്‍ ക്യൂവില്‍നിന്ന് കുഴഞ്ഞുവീഴുന്നു! കോര്‍പറേറ്റ് മുതലാളികള്‍ക്ക് ആവശ്യമായ പണം മുന്‍കൂറായി ലഭിക്കുകയും ചെയ്യുന്നു. കോടിയിലേറെ വരുന്ന പ്രമാണിയുടെ തിരിച്ചടക്കാത്ത കടം ഭരണകൂടം എഴുതിത്തള്ളുന്നു. ഇതാണോ ജനാധിപത്യം?

നമ്മുടെ നാട് പുരോഗതി നേടിയിട്ടുണ്ടെന്നതു ശരിയാണ്. 2011ലെ സെന്‍സസ് അനുസരിച്ചു സാക്ഷരത പുരുഷന്മാരില്‍ 74.04 ശതമാനവും സ്ത്രീകളില്‍ 65.46 ശതമാനവുമാണ്. സ്വാതന്ത്യാനന്തരം നാം നേടിയ പുരോഗതിയാണിത്. എന്നാല്‍, വികസനത്തിന്‍െറ കാര്യത്തില്‍ നാം വളരെ പിറകിലാണ്. യുനൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാമിന്‍െറ (യു.എന്‍.ഡി.പി) 2009ലെ റിപ്പോര്‍ട്ട് അനുസരിച്ച് 182 രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ സ്ഥാനം 134ാമത്തേതാണ്. നമ്മുടെ വികസന പരിപാടികള്‍ താഴ്ന്ന ശ്രേണിയിലുള്ള പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളെ തൊട്ടുതീണ്ടുന്നില്ല. ജനാധിപത്യവ്യവസ്ഥയില്‍ വികസനം യാഥാര്‍ഥ്യമാകുന്നത് താഴേക്കിടയിലുള്ള ജനവിഭാഗങ്ങളെക്കൂടി വികസനത്തിന്‍െറ ഉപഭോക്താക്കളാക്കി മാറ്റുമ്പോഴാണ്. അഴിമതിയുടെ കാര്യത്തിലാവട്ടെ നാം വളരെ മുന്നിലാണ്. ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷനലിന്‍െറ 2011ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 183 രാഷ്ട്രങ്ങളില്‍ 95ാമത്തെതാണ്.

വികസനപ്രവര്‍ത്തനങ്ങള്‍ക്കും ജനസേവനത്തിനുമായി മാറ്റിവെക്കുന്ന കോടിക്കണക്കിന് രൂപ രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കീശകളിലാണത്രെ എത്തുന്നത്. ഇതു നമ്മുടെ ജനാധിപത്യ സങ്കല്‍പങ്ങളെല്ലാം അട്ടിമറിക്കുന്നു.

യുദ്ധം വിതക്കുന്ന അമേരിക്ക
ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളിലേക്ക് ജനാധിപത്യം കയറ്റിയയക്കുന്ന പണിയിലാണ് അമേരിക്കന്‍ ഭരണാധികാരികള്‍. എന്നാല്‍, അമേരിക്കക്കാര്‍ക്ക് അവരുടെ ഭരണകര്‍ത്താക്കളിലുള്ള വിശ്വാസം നാള്‍ക്കുനാള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തോമസ് ജെ. സ്കോട്ട് 2015ല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റിനു  (ഒ.ഇ.സി.ഡി) വേണ്ടി നടത്തിയ പഠനം വ്യക്തമാക്കുന്നതും വെറും 45 ശതമാനം ജനങ്ങള്‍ക്കേ അമേരിക്കന്‍ ജനാധിപത്യത്തില്‍ വിശ്വാസമുള്ളൂ എന്നാണ്. സര്‍വകലാശാല വിദ്യാര്‍ഥികളും യുവാക്കളും ഏറെയും അവരുടെ ഭരണത്തില്‍ അസംതൃപ്തരാണത്രെ. അവരാണത്രെ ഇടക്കിടക്ക് സംഘര്‍ഷങ്ങളും അക്രമങ്ങളും അഴിച്ചുവിടുന്നത്.

ഇതര രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് വാചാലരാകുന്നവരാണ് അമേരിക്കന്‍ ഭരണാധികാരികള്‍. എന്നാല്‍, അവിടെ കറുത്തവര്‍ഗക്കാര്‍ നരകതുല്യമായ പീഡനങ്ങളാണ് അനുഭവിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള ജനാധിപത്യത്തെക്കുറിച്ച് ഉദ്ഘോഷിക്കുമ്പോഴും അമേരിക്കയെ നയിക്കുന്നത് സാമ്പത്തിക സാമ്രാജ്യത്വമാണ്. തങ്ങളുടെ ആയുധവിപണികളെ കൊഴുപ്പിക്കാനായി മൂന്നാം ലോകരാഷ്ട്രങ്ങളില്‍ അവര്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു.
‘അമേരിക്കക്കു സ്ഥിരമായ മിത്രങ്ങളില്ല; ശത്രുക്കളുമില്ല. അമേരിക്കക്ക് സ്ഥിരമായുള്ളത് താല്‍പര്യങ്ങള്‍ മാത്രമാണെ’ന്ന ഹെന്‍റി കിസിഞ്ജറുടെ ഉദീരണത്തിന്‍െറയും തങ്ങളുടെ ഉടമ്പടികളുടെയെല്ലാം അച്ചുതണ്ട് ‘അമേരിക്കക്ക് മുന്‍ഗണന’ എന്നതായിരിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രഖ്യാപനത്തിന്‍െറയും അര്‍ഥം ഒന്നുതന്നെ. ഇതു രാഷ്ട്രങ്ങള്‍ക്കിടയില്‍ കിടമത്സരം വര്‍ധിപ്പിക്കും. ജനാധിപത്യ മൂല്യങ്ങളെ ക്ഷയിപ്പിക്കും. ലോകരാഷ്ട്രങ്ങളെ പുതിയ സംഘര്‍ഷങ്ങളിലേക്കും നയിക്കും. പ്രവചനാതീതമായ ട്രംപിന്‍െറ വ്യക്തിത്വം അമേരിക്കയുടെയും ലോകത്തെയും എങ്ങോട്ട് നയിക്കുമെന്ന് അനുമാനിക്കാന്‍ സാധ്യമല്ല.

അനുബന്ധം
നൊബേല്‍ സമ്മാന ജേതാവായ വോളിസോയിങ്ക അമേരിക്കയുടെ ഗ്രീന്‍കാര്‍ഡ് ഉപേക്ഷിച്ചിരിക്കുന്നു. 82കാരനായ അദ്ദേഹം നൈജീരിയയിലേക്ക് തിരിച്ചുപോവുകയാണത്രെ. ഹാര്‍വാഡ്, കോര്‍ണല്‍, യേല്‍ തുടങ്ങിയ സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്ന അദ്ദേഹം ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അസ്വസ്ഥനാണ്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ട്രംപ് നിഷ്പക്ഷമായ ഭരണനിര്‍വഹണത്തിനുകൊള്ളുന്ന വ്യക്തിയല്ളെന്നു തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പുതന്നെ സോയിങ്ക പ്രസ്താവിച്ചിരുന്നു!                 l

 

Show Full Article
TAGS:democracy 
News Summary - is democracy a virtual reality
Next Story