Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിച്ചമർത്തലല്ല, സംവാദമാണ് ജനാധിപത്യം

text_fields
bookmark_border
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വിജയകരമായ വിദ്യാർഥി പ്രക്ഷോഭങ്ങളിലൊന്നായിരുന്നു 1973–74 കാലഘട്ടത്തിൽ ഗുജറാത്തിൽ നടന്ന ‘നവനിർമാണ പ്രസ്ഥാനം’. ആ കാലഘട്ടത്തിലെ രാഷ്ട്രീയമുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഒരാളായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി-പ്രതിഷേധക്കാർക്കെതിരെ ഇപ്പോൾ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്ന അതേ വ്യക്തി
അടിച്ചമർത്തലല്ല,  സംവാദമാണ് ജനാധിപത്യം
cancel

ഡൽഹിയിലെ വിദ്യാർഥിസമരത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച ഞാനൊരു ലേഖനമെഴുതിയിരുന്നു. പ്രക്ഷോഭത്തെ പിന്തുണച്ച വിസ്മയ മോഹൻലാൽ ഉൾപ്പെടെയുള്ള മൂന്ന് പെൺകുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു അത്. എന്നാൽ, ആ ലേഖനത്തിനെതിരെ കടുത്ത അധിക്ഷേപങ്ങളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. വിമർശകർ എനിക്കെതിരെയും ആ കുട്ടികൾക്കെതിരെയും അത്യന്തം മോശമായ പദപ്രയോഗങ്ങൾ നടത്തി. സർക്കാരിനെതിരെ സമരം ചെയ്യാൻ വിദ്യാർഥികൾക്ക് യാതൊരു അവകാശവുമില്ലെന്ന വികലമനോഭാവമായിരുന്നു ആ അധിക്ഷേപങ്ങൾക്ക് പിന്നിൽ. എന്നാൽ, ലോകമൊട്ടുക്കുതന്നെ വിദ്യാർഥിപ്രസ്ഥാനങ്ങൾ രാജാക്കന്മാരെയും കൊളോണിയൽ ഭരണാധികാരികളെയും സർക്കാരുകളെയും ഏകാധിപതികളെയും വെല്ലുവിളിച്ചിട്ടുണ്ട്.

പലപ്പോഴും അവർ പരാജയപ്പെടുകയും ശിക്ഷകളേറ്റുവാങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും, ആ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതിയിട്ടുമുണ്ട്. തെറ്റു തിരുത്താനുള്ള അവസരമായി കാണുന്നതിനുപകരം, ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർഥികളെ പലപ്പോഴും അധികാരികൾ ഒരു ഭീഷണിയായാണ് കണ്ടിട്ടുള്ളത്. ക്രിസ്തുവിനും ഏകദേശം 160 വർഷംമുമ്പ്, ചൈനയിലെ ഇംപീരിയൽ സർവകലാശാലയിലെ വിദ്യാർഥികൾ ഭരണാധികാരികൾക്കെതിരെ പ്രതിഷേധിച്ചിരുന്നു. ആ പ്രക്ഷോഭം അടിച്ചമർത്തപ്പെടുകയും നേതാക്കൾ ശിക്ഷിക്കപ്പെടുകയും ചെയ്തു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ജീവിച്ചിരുന്ന ആംഗ്ലോ-ഇന്ത്യൻ കവിയും അധ്യാപകനുമായിരുന്ന ഹെൻറി ലൂയിസ് വിവിയൻ ഡെറോസിയോയെ ഇന്ന് അധികമാരും ഓർക്കുന്നുണ്ടാകില്ല. ഇന്ത്യയുടെ ആദ്യകാല ദേശീയകവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം കൽക്കട്ടയിലെ ഹിന്ദു കോളജിൽ അധ്യാപകനായിരുന്നു. ‘യങ് ബംഗാൾ’ എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ ശിഷ്യർ മതയാഥാസ്ഥിതികതയെയും സാമൂഹിക അനാചാരങ്ങളെയും കൊളോണിയൽ അധികാരത്തെയും ചോദ്യം ചെയ്തു. സ്ഥാപിതവിശ്വാസങ്ങളെ കണ്ണുംപൂട്ടി അംഗീകരിക്കുന്നതിനുപകരം സ്വതന്ത്രചിന്ത വളർത്താനാണ് ഡെറോസിയോ പ്രോത്സാഹിപ്പിച്ചത്. ഇത് വിദ്യാസമ്പന്നരായ ഇന്ത്യക്കാർക്കിടയിൽ ബൗദ്ധികസ്വാതന്ത്ര്യത്തിന്റെ പുത്തനുണർവിന് വഴിയൊരുക്കി. പിന്നീട് മഹാത്മാഗാന്ധി വിദ്യാർഥികളോട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തു. രാഷ്ട്രീയത്തിലിറങ്ങുന്നതിനുപകരം വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു അന്ന് വിമർശകരുടെ വാദം.

1965-ൽ കെ.ബി. സഹായി ബിഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബസ് ചാർജ് വർധനവിനെതിരെ വിദ്യാർഥികൾ തെരുവിലിറങ്ങി. വിഖ്യാത മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്ന് പട്നയിൽനിന്നുള്ള ‘ദി സെർച്ച്‌ലൈറ്റ്’ പത്രത്തിന്റെ എഡിറ്ററായിരുന്നു. വിദ്യാർഥികൾക്കെതിരായ അക്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിപുലമായി റിപ്പോർട്ട് ചെയ്ത ജോർജ്, വിദ്യാർഥികളുടെയും നിരീക്ഷകരുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തി ഒരു ലഘുലേഖയും പ്രസിദ്ധീകരിച്ചു. പിന്നീട് കേരള സർവകലാശാലാ വൈസ് ചാൻസലറും യു.ജി.സി. ചെയർമാനുമായ ഡോ. ജോർജ് ജേക്കബ് ഉൾപ്പെടെയുള്ളവർ അതിൽ പങ്കാളികളായിരുന്നു.

സമരക്കാരുമായി ചർച്ച നടത്തുന്നതിനുപകരം, കെ.ബി. സഹായി വിനാശകാലേ വിപരീത ബുദ്ധി കാണിച്ച​​ു- ടി.ജെ.എസ്. ജോർജിനെ അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു പത്രാധിപർ അറസ്റ്റിലാകുന്ന ആദ്യ സംഭവമായിരുന്നു അത്. അന്ന് ജോർജിന്റെ പത്നി അമ്മു ജോർജ് എഴുതിയ ഒരു തുറന്ന കത്ത് വായനക്കാരുടെ ഹൃദയം തൊട്ടു. അച്ഛനെ കാണാൻ കൊതിക്കുന്ന അഞ്ചും മൂന്നും വയസ്സുള്ള കൊച്ചുകുട്ടികളെക്കുറിച്ചാണ് അവർ അതിൽ എഴുതിയത്. ഈ കത്ത് വ്യാപകമായി പ്രചരിക്കുകയും എഡിറ്ററുടെ തടവ് ഒരു പൊതുവിഷയമായി ഉയരുകയും ചെയ്തു. ജോർജിനുവേണ്ടി വാദിക്കാൻ മുൻ പ്രതിരോധമന്ത്രിയും പ്രഗല്ഭ അഭിഭാഷകനുമായിരുന്ന വി.കെ. കൃഷ്ണമേനോൻ നേരിട്ടെത്തുകയും അദ്ദേഹം മോചിതനാവുകയും ചെയ്തു. നാടകീയമായിരുന്നു ഇതിന്റെ രാഷ്ട്രീയപ്രത്യാഘാതങ്ങൾ. അടുത്ത തെരഞ്ഞെടുപ്പിൽ പട്നയിലും ഹസാരിബാഗിലും കെ.ബി. സഹായി പരാജയപ്പെട്ടു; അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതവും അവസാനിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വിജയകരമായ വിദ്യാർഥിപ്രക്ഷോഭങ്ങളിലൊന്നായിരുന്നു 1973–74 കാലഘട്ടത്തിൽ ഗുജറാത്തിൽ നടന്ന ‘നവനിർമാണ പ്രസ്ഥാനം’. ഭക്ഷ്യവിലക്കയറ്റത്തിനും ഹോസ്റ്റൽ ഫീസ് വർധനവിനും സംസ്ഥാന സർക്കാരിലെ അഴിമതിക്കുമെതിരെ വിദ്യാർഥിപ്രസ്ഥാനമായി തുടങ്ങിയ പ്രക്ഷോഭം അതിവേഗം ജനപിന്തുണ നേടി. കടുത്ത ജനരോഷത്തിനും പൊലീസ് നടപടികൾക്കുമൊടുവിൽ മുഖ്യമന്ത്രി ചിമൻഭായ് പട്ടേൽ രാജിവെച്ച് നിയമസഭ പിരിച്ചുവിട്ടു. ആ കാലഘട്ടത്തിലെ രാഷ്ട്രീയമുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഒരാളായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി-പ്രതിഷേധക്കാർക്കെതിരെ ഇപ്പോൾ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്ന അതേ വ്യക്തി. ഗുജറാത്തിലെ വിജയം നൽകിയ ഊർജത്തിൽ, ജെ.പി. എന്ന ജയപ്രകാശ് നാരായൺ 1974-ൽ ബിഹാറിലെ വിദ്യാർഥികളുടെ പോരാട്ടം ഏറ്റെടുത്തു. അഴിമതി, വിലക്കയറ്റം, ഭരണമില്ലായ്മ എന്നിവ ഉയർത്തിക്കാട്ടി തുടങ്ങിയ ആ പ്രസ്ഥാനമാണ് പിന്നീട് ദേശീയരാഷ്ട്രീയത്തിലെ പല പ്രമുഖനേതാക്കളെയും സൃഷ്ടിച്ചത്. അക്കാലത്തെ വിദ്യാർഥിരാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന ലാലു പ്രസാദ് യാദവും നിതീഷ് കുമാറും പിൽക്കാലത്ത് ബിഹാർ മുഖ്യമന്ത്രിമാരായി. വിദ്യാർഥികൾക്ക് സർക്കാരിന്റെ പ്രവർത്തനരീതിയെ ചോദ്യം ചെയ്യാനും അധികാരികളിൽനിന്ന് ഉത്തരവാദിത്തം ആവശ്യപ്പെടാനും കഴിയുമെന്ന് ബിഹാർ പ്രക്ഷോഭം തെളിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019-ൽ നടന്ന പ്രതിഷേധങ്ങൾ ആയിരക്കണക്കിന് വിദ്യാർഥികളെയും സാധാരണ പൗരരെയുമാണ് തെരുവിലിറക്കിയത്.

ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലെ സമീപകാല സംഭവങ്ങൾ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭങ്ങളുടെ ശക്തി ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. അവിടുത്തെ സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം; രാഷ്ട്രീയപ്രത്യാഘാതങ്ങൾ തുടർന്നുണ്ടാകുന്ന സംഭവങ്ങളെ ആശ്രയിച്ചിരിക്കും. വിദ്യാർഥിപ്രസ്ഥാനങ്ങൾ എപ്പോഴും സമഗ്രമായ ഒരു രാഷ്ട്രീയ അജണ്ടയോടെയല്ല തുടങ്ങുന്നത്. തങ്ങളുടെ അവകാശങ്ങളോ അന്തസ്സോ ഭീഷണിയിലാണെന്ന് തോന്നുമ്പോൾ പലപ്പോഴും അവ സ്വമേധയാ പൊട്ടിപ്പുറപ്പെടുന്നു.

ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തെയും ഈ വിശാലമായ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. ഒരു പരിഹാസപരാമർശത്തോടുള്ള വൈകാരികപ്രതികരണമായിരുന്നു ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ രൂപവത്കരണം. തുടർന്ന് നീറ്റ് അഴിമതിക്കെതിരെ അവർ നടത്തിയ സമരം ഐതിഹാസിക വിജയം കൈവരിക്കുകയും ചെയ്തു. ഇപ്പോൾ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികളിൽ വിദ്യാർഥികളും മറ്റ് പ്രതിഷേധക്കാരും ആശങ്കകൾ ഉന്നയിക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചരിത്രം വ്യക്തമായ ഒരു പാഠം നൽകുന്നുണ്ട്: വിദ്യാർഥികൾ കേവലം നാളെയുടെ പൗരരല്ല, അവർ ഇന്നത്തെയും പൗരരാണ്. നയങ്ങളെ ചോദ്യം ചെയ്യാനും അനീതികൾ തുറന്നുകാട്ടാനും ഉത്തരവാദിത്തം ആവശ്യപ്പെടാനും അവർക്ക് പൂർണ അവകാശമുണ്ട്. തങ്ങളുടെ ജനാധിപത്യപരമായ സാധുതയിൽ വിശ്വാസമുള്ള ഒരു സർക്കാരിന് വിമർശകരുമായി സംസാരിക്കാൻ യാതൊരു മടിയും ഉണ്ടാകരുത്. വിദ്യാർഥികളെ കേൾക്കുക എന്നതിനർത്ഥം അവരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുക എന്നല്ല; പൊതുപരാതികൾക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്നും സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണെന്നും തിരിച്ചറിയുക എന്നതാണ്.

ബാരിക്കേഡുകൾക്കും അറസ്റ്റുകൾക്കും ജനക്കൂട്ടത്തെ താത്കാലികമായി ചിതറിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ ജനങ്ങളെ തെരുവിലിറക്കിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അവയ്ക്കാവില്ല. അധിക്ഷേപങ്ങൾ വാദമുഖങ്ങൾക്ക് പകരമാവില്ല; അതുപോലെ ബലപ്രയോഗം സംഭാഷണങ്ങൾക്ക് പകരമാവുകയുമില്ല. അധികാരികളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിനെതിരായ കുറ്റമല്ല, മറിച്ച് ജനാധിപത്യത്തിന്റെ പരമപ്രധാനമായ ചുമതലകളിലൊന്നായതുകൊണ്ട് അവരത്​ തുടർന്നുകൊണ്ടേയിരിക്കും.

സർക്കാർ ഈ യാഥാർഥ്യം തിരിച്ചറിയുകയും വിദ്യാർഥികളെ ശത്രുക്കളായി കാണുന്നതിനുപകരം അവരെ ചർച്ചകൾക്കായി ക്ഷണിക്കുകയും വേണം. കേൾക്കാനും തെറ്റുകൾ തിരുത്താനും ഓരോ പൗരരുടെയും അവകാശം സംരക്ഷിക്കാനുമുള്ള സന്നദ്ധതയാണ് യഥാർത്ഥ ജനാധിപത്യനേതൃത്വത്തിന്റെ ലക്ഷണം. ajphilip@gmail.com

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Democracy Thrives on Dialogue and Debate, Not Suppression: Editorial Perspective
Next Story