ജനാധിപത്യം, വോട്ടവകാശം, സ്വാതന്ത്ര്യം
text_fieldsനിരവധി അപഭ്രംശങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യയിൽ വോട്ടവകാശവും അത് സ്വന്തം ഇഷ്ടപ്രകാരം നിർവഹിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. മറ്റു നിരവധി വികസന മാനദണ്ഡങ്ങളെയും പോലെ, ഈ സ്വാതന്ത്ര്യവും ഇതര സംസ്ഥാനങ്ങളേക്കാൾ മികച്ചതാണ് കേരളത്തിൽ. ഇതിന് പ്രധാന കാരണം ഇവിടെ സ്വാതന്ത്ര്യാനന്തര കാലത്ത് രാഷ്ട്രീയ ഭേദമന്യേ വളർത്തിയെടുക്കപ്പെട്ട മെച്ചപ്പെട്ട സാക്ഷരതയും സാമൂഹികബോധവുമാണ്.
അധികം താമസിയാതെ രണ്ടു തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാൻ തയാറെടുക്കുന്ന കേരള ജനത തങ്ങളുടെ സമ്മതിദാന അവകാശത്തെ കൂടുതൽ ഗൗരവമായി നോക്കി ക്കാണേണ്ടതുണ്ട്. ഇന്ത്യയിൽ മറ്റു പല സ്ഥലങ്ങളിലും വളരെ പ്രകടമായും സൂക്ഷ്മതയോടെയും വളർത്തിയെടുക്കപ്പെടുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയാത്തവണ്ണം കേരളത്തിലും മുളപൊട്ടിത്തുടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന് പ്രധാന കാരണം.
ജനാധിപത്യത്തിന്റെ കാതൽ
സ്വതന്ത്രചിന്തകൾ തന്നെയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അത് ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടനയിലെ അടിസ്ഥാന തത്ത്വങ്ങൾ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കുക എന്നതായിരിക്കണം ഓരോ വോട്ടിന്റെയും പിന്നിലെ ആത്യന്തികമായ ലക്ഷ്യം. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണ സംവിധാനങ്ങൾ അധികാര കേന്ദ്രീകരണത്തിനും എതിർ ശബ്ദങ്ങളെ തമസ്കരിക്കുന്നതിനും ധനാഢ്യരായ ഏതാനും വ്യക്തികളുടെ താൽപര്യ സംരക്ഷണത്തിനും അമിത പ്രാധാന്യം നൽകിവരുന്നു. പൗരപ്രമുഖരും നാട്ടിൽ പ്രമാണിമാരും വാഴ്ത്തപ്പെടുന്ന ഫ്യൂഡൽ സമ്പ്രദായങ്ങൾ പരിപോഷിപ്പിക്കപ്പെടുന്നതും സങ്കുചിത രാഷ്ട്രീയ-ജാതി-മത ചിന്തകൾക്ക് ചിന്താശക്തി അടിയറവ് വെക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതും ഇതിന്റെ അനന്തരഫലങ്ങളാണ്.
അധികാരത്തിന്റെ ചങ്ങലകളിൽനിന്ന് കുതറിമാറി സ്വന്തം വ്യക്തിത്വം സ്ഥാപിക്കുന്നതിൽ വിജയിച്ചിട്ടുള്ള യുവതലമുറയിലെ വലിയൊരു ഭാഗം തെരഞ്ഞെടുപ്പ് വരുമ്പോൾ വോട്ടവകാശത്തെ അവഗണിക്കുകയോ മറ്റു ചിലർ ഒരു ചടങ്ങുപോലെ അപ്പോൾ തോന്നുന്ന വികാരങ്ങളുടെ പുറത്ത് വിരലമർത്തുകയോ ചെയ്യുന്നു. സുചിന്തിതമായ ഒരു രാഷ്ട്രീയ പ്രവർത്തനമായി ജനങ്ങൾ വോട്ടവകാശത്തെ കാണാതിരിക്കുമ്പോൾ ജനാധിപത്യത്തിന്റെ കാതൽ ചീഞ്ഞുപോകുന്നു.
ജനാധിപത്യ സംരക്ഷണത്തിനുള്ള വഴികൾ
സ്വന്തം ചിന്താശക്തിയും ചോദ്യം ചെയ്യാനുള്ള ആർജവവും ബോധപൂർവം തിരിച്ചുപിടിക്കുക എന്നതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഏതൊരു വ്യക്തിക്കും പ്രസ്ഥാനത്തിനും ആശയത്തിനും ചിന്താശക്തി അടിമപ്പെടുത്തി നടത്തുന്ന സമർപ്പണങ്ങൾ അപകടകരമാണ്. എറിക്ക് ഫ്രോം Escape from Freedom എന്ന പുസ്തകത്തിൽ വിശദമാക്കിയ സ്വാതന്ത്ര്യത്തിൽ നിന്നുള്ള മൂന്ന് ഒളിച്ചോടൽ മാർഗങ്ങൾ തന്നെയാണ്, വോട്ട് രേഖപ്പെടുത്താനുള്ള തീരുമാനമെടുക്കുന്ന സമയത്ത് വലിയൊരു വിഭാഗം ജനങ്ങളും അവലംബിക്കുന്നത് എന്നതു തന്നെയാണ് ജനാധിപത്യ സംരക്ഷണം നേരിടുന്ന പ്രധാന പ്രശ്നം. ഈ ഒളിച്ചോടലുകളെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് ജനാധിപത്യ സംരക്ഷണത്തിനുള്ള മാർഗം.
മൂന്നുതരം ഒളിച്ചോടലുകൾ
അധികാരത്തിന് കീഴടങ്ങുകയോ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയോ ചെയ്യുക; ഉത്കണ്ഠ ഉളവാക്കുന്ന പ്രവൃത്തികൾക്കെതിരെ ആക്രമണം നടത്താനുള്ള വിനാശകരമായ സ്വഭാവം പ്രകടിപ്പിക്കുക; സാമൂഹിക മാനദണ്ഡങ്ങളുമായി അടിമപ്പെടുന്നതിനായി വ്യക്തിത്വം ഉപേക്ഷിക്കുക എന്നതാണീ മൂന്ന് ഒളിച്ചോട്ട മാർഗങ്ങൾ. തെരഞ്ഞെടുപ്പ് വരുമ്പോൾ ആർക്ക് വോട്ടുചെയ്യണമെന്ന തീരുമാനമെടുക്കേണ്ടിവരുമ്പോൾ, ആ സ്വാതന്ത്ര്യം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള തയാറെടുപ്പുകൾക്കിടയിൽ, ഒരു വ്യക്തി ഇത്തരം ഏതെങ്കിലും മാർഗങ്ങൾ സ്വീകരിക്കുമ്പോൾ അയാൾ സ്വാതന്ത്ര്യത്തിൽനിന്ന് ഒളിച്ചോടുകയാണ്.
ഏതെങ്കിലും അധികാര സ്ഥാനത്തിരിക്കുന്നവരോട് തോന്നുന്ന അമിതമായ വിധേയത്വം, വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരോട് തോന്നുന്ന അസഹിഷ്ണുത, ജാതി-മത-പാർട്ടി വിശ്വാസങ്ങളോടുള്ള ചോദ്യം ചെയ്യാതെയുള്ള അടിമത്തം എന്നിങ്ങനെയാണ് ഈ ഒളിച്ചോടലുകൾ വെളിപ്പെടുന്നത്.
സ്വയം വിശകലനം ചെയ്ത് തീരുമാനമെടുക്കാൻ സഹായിക്കുന്ന വിധം ഇന്ന് വിവര സാങ്കേതിക വിദ്യ വളർന്നു കഴിഞ്ഞിട്ടുണ്ട്. ശരിയായ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവ് വളർത്തിയെടുക്കണമെന്നുമാത്രം. പക്ഷേ, തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ (Fake News, Deepfakes), പരസ്യങ്ങൾ എന്നിവയുടെ അതിപ്രസരം സുചിന്തിതമായ തീരുമാനമെടുക്കുന്നതിൽനിന്ന് ജനങ്ങളെ വഴിതെറ്റിക്കുന്നുമുണ്ട്. ചോദ്യം ചെയ്യാനുള്ള കഴിവ് വളർത്തുന്നതിനൊപ്പം, വിവരങ്ങളുടെ ആധികാരികത (Authenticity of Information) പരിശോധിക്കാനുള്ള പരിശീലനവും അനിവാര്യമാണ്.
കണ്ണടച്ചുള്ള പിന്തുണയുടെ മനഃശാസ്ത്രം
എന്തു വിഷയത്തിലും മുൻകൂട്ടി തയാറാക്കിയ ന്യായീകരണങ്ങളുമായി നമ്മുടെ സാമൂഹിക വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ന്യായീകരണ തൊഴിലാളികളെ ബഹിഷ്കരിക്കുക എന്നതായിരിക്കണം പ്രതികരണത്തിന്റെ ആദ്യ നടപടി. ചില വ്യക്തികൾ തങ്ങളുടെ വ്യക്തിപരമായ മൂല്യങ്ങളെയും അന്തസ്സിനെയും ബലികഴിച്ചുകൊണ്ട് ഒരു മത-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ കണ്ണടച്ച് ന്യായീകരിക്കുന്നതിന്റെ കാരണങ്ങൾ എറിക് ഫ്രോമിന്റെ ആശയങ്ങളെ പിൻപറ്റി കൂടുതൽ വിശദീകരിക്കാം.
അനിശ്ചിതത്വത്തിൽ നിന്നുള്ള ആശ്വാസം
സ്വതന്ത്രമായി ചിന്തിച്ച് സ്വന്തമായി തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷവും ഉത്തരവാദിത്ത ബോധവും പലർക്കും താങ്ങാനാകുന്നതിലും അധികമാണ്. അവർ അതിന് പരിശീലിപ്പിക്കപ്പെട്ടിട്ടില്ല. ചോദ്യങ്ങളില്ലാത്ത, കൃത്യമായ ‘ഉത്തരങ്ങൾ’ നൽകുന്ന ഒരു പ്രത്യയശാസ്ത്രത്തിന് കീഴടങ്ങുന്നത്, ഈ അനിശ്ചിതത്വ ഭാരത്തിൽ നിന്ന് ഒരു ഒളിച്ചോട്ട സാധ്യത നൽകുന്നു. നേതാക്കളോ ആശയങ്ങളോ ചിന്തിക്കേണ്ട ഭാരം ഏറ്റെടുക്കുന്നതോടെ അവർക്ക് ആശ്വാസം ലഭിക്കുന്നു.
അംഗീകാരത്തിനായുള്ള ദാഹം
ഒരു കൂട്ടായ്മയുടെ ഭാഗമാകാനുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ ആഗ്രഹം ഇത്തരം കണ്ണടച്ചുള്ള പിന്തുണക്ക് കാരണമാണ്. ഒരു വലിയ പ്രസ്ഥാനത്തിന്റെ ഭാഗമാകുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വബോധവും അംഗീകാരവും വ്യക്തിപരമായ മൂല്യങ്ങളേക്കാൾ വലുതായി അപ്പോളവർ കണക്കാക്കുന്നു. ‘നമ്മൾ’, ‘അവർ’ എന്ന ദ്വന്ദചിന്ത ശക്തമാവുകയും, വ്യക്തിപരമായ സ്വയം വിമർശനങ്ങൾക്കുപകരം ‘പ്രസ്ഥാനത്തിന്റെ നന്മ’ എന്ന വ്യാജമായ പൊതു ലക്ഷ്യത്തിനായി വ്യക്തിത്വം അടിയറവ് വെക്കുകയും ചെയ്യുന്നു.
ഫ്യൂഡൽ മനോഭാവത്തിന്റെ ആധുനിക രൂപം
പാരമ്പര്യമായി സമൂഹത്തിൽ നിലനിന്നിരുന്ന ‘യജമാന-അടിമ’ ബന്ധത്തിന്റെ ആധുനിക രാഷ്ട്രീയ രൂപമാണ് ‘നേതാവ്-അനുയായി’ ബന്ധത്തിൽ പലപ്പോഴും പ്രകടമാകുന്നത്. നേതാവിനോടുള്ള ഭക്തി എന്നത് ഒരു അലിഖിത സാമൂഹിക നിയമം പോലെ മാറുന്നു. നേതാവിനെ ‘സത്യത്തിന്റെ ഉറവിടമായി’ കാണുകയും, അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് ‘കൂട്ടായ്മയോടുള്ള ദ്രോഹമായി’ കരുതുകയും ചെയ്യുന്നു.
പുതിയ വെല്ലുവിളികളും സാധ്യതകളും
കേരളം ഉയർന്ന സാക്ഷരതയും രാഷ്ട്രീയ പ്രബുദ്ധതയും അവകാശപ്പെടുമ്പോഴും, നഗരപ്രദേശങ്ങളിലെ, പ്രത്യേകിച്ച് ഉയർന്ന വിദ്യാഭ്യാസം ഉള്ളവരിൽ, കാണുന്ന വോട്ടിങ്ങിലെ മടി (Voter Apathy) വിശകലനം ചെയ്യപ്പെടേണ്ട വിഷയമാണ്. ‘എന്റെ വോട്ട് ഒരു മാറ്റവും വരുത്തില്ല’ എന്ന നിസ്സംഗത ജനാധിപത്യത്തിന്റെ ശോഷണത്തിന് കാരണമാകുന്നു. നിഷ്പക്ഷതയുടെ പേരിൽ വോട്ടവകാശം ഉപയോഗിക്കാതിരിക്കുന്നത്, ജനാധിപത്യ വിരുദ്ധ നിലപാടുകൾ ഉള്ളവരുടെ സ്വാധീനം വർധിപ്പിക്കാൻ കാരണമാകും.
വോട്ടുതേടി വരുന്ന സ്ഥാനാർഥികളുടെ മുന്നിൽ നമ്മുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ജനകീയ പ്രശ്ന പരിഹാരത്തിനുള്ള ചോദ്യങ്ങൾ ചോദിക്കുക എന്നതാകാം ഒരു പരിഹാര നടപടി. വ്യക്തിപരമായി നേരിടുന്ന ബുദ്ധിമുട്ടുകൾക്കും പ്രാദേശിക വികസന പ്രശ്നങ്ങൾക്കുമൊപ്പം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ, സാമ്പത്തിക നയം, അഴിമതി, നീതി, സ്വാതന്ത്ര്യം തുടങ്ങിയ വിശാലമായ വിഷയങ്ങളിൽ സ്ഥാനാർഥിയുടെയും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളുടെയും നിലപാട് എന്താണ് എന്ന് ചോദിക്കുകയും തൃപ്തികരമായ മറുപടി നൽകിയാലേ വോട്ട് നൽകൂ എന്ന് പറയുകയും ചെയ്യാവുന്നതാണ്. വോട്ട് ഓട്ടപ്രദക്ഷിണം നടത്തി കൈകൂപ്പി ഇരന്ന് വാങ്ങേണ്ടതല്ല; അതറിഞ്ഞ് നൽകേണ്ടതാണ്. ഈ ബോധ്യം സൃഷ്ടിക്കുക എന്നതാണ് നമുക്ക് സ്വീകരിക്കാനാവുന്ന പ്രധാന ജനാധിപത്യ പുനരുജ്ജീവന പ്രവർത്തനം.
ജനാധിപത്യം എന്നത് അഞ്ചു വർഷത്തിലൊരിക്കലുള്ള ഒരു ചടങ്ങല്ല, മറിച്ച് നിത്യേനയുള്ള ചോദ്യം ചെയ്യലാണ്. ഒരു ദിവസം കൊണ്ട് നേടാനോ, ഒരൊറ്റ വോട്ടു കൊണ്ട് സംരക്ഷിക്കാനോ കഴിയുന്ന ഒന്നല്ല ജനാധിപത്യം. അത് ഓരോ പൗരനും, ഓരോ നിമിഷവും, സ്വന്തം ചിന്താശക്തിയെ പ്രയോഗിച്ച്, അന്ധമായ അടിമത്തത്തെ ചോദ്യം ചെയ്തുകൊണ്ട് തുടരുന്ന ഒരു സജീവമായ പ്രക്രിയയാണ്.
(ഊർജ-പാരിസ്ഥിതിക വിഷയങ്ങളിൽ വിദഗ്ധനായ ലേഖകൻ കൊച്ചിയിലെ ഒരു ടെക് സ്റ്റാർട്ടപ്പിന്റെ എം.ഡിയാണിപ്പോൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

