Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

കൂ​റു​മാ​റ്റ​ച്ച​ന്ത​യി​ൽ സ്വ​യം വി​ൽ​പ​ന​ക്ക് വെ​ച്ച​വ​ർ

text_fields
bookmark_border
https://www.madhyamam.com/tags/trinamul-congress
cancel
camera_alt

തൃണമൂൽ കോൺഗ്രസിൽ നിന്ന് പിളർന്നു പോയ ​എം.പിമാർ ലോക്സഭാ സ്പീക്കറെ കണ്ടപ്പോൾ

ഭരിക്കാനുള്ള കേവല ഭൂരിപക്ഷത്തിന് മാത്രമല്ല ഭരണഘടനാ ഭേദഗതിക്കുള്ള മുന്നിൽ രണ്ട് ഭൂരിപക്ഷത്തിനും തെരഞ്ഞെടുപ്പുകൾ ജയിക്കേണ്ട കാര്യമില്ലെന്നും എം.പിമാരെയും എം.എൽ.എമാരെയും മൊത്തമായും ചില്ലറയായും ചാക്കിട്ടുപിടിച്ചാൽ മതിയെന്നും രാജ്യം ഭരിക്കുന്ന കക്ഷി

തീരുമാനിച്ചതോടെ സ്വന്തം ഭൂതകാലമപ്പാടെ മറന്ന് സ്വയം വിൽപനക്ക് വെച്ച എം.പിമാരെയാണ് ഡൽഹി കാണുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് വരെ പാർട്ടിയുടെ സുപ്രീം കമാൻഡറായ മമതാ ബാനർജിക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് ബി.ജെ.പിക്കെതിരെ പല്ലും നഖവുമുപയോഗിച്ച് പോരാടിയവരാണ് കൂറുമാറ്റച്ചന്തയിൽ സ്വയം വിൽപനക്ക് വെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ അടിമച്ചന്തയിൽ നിരന്ന് നിന്ന് ദാസ്യത്തിൽ തങ്ങൾക്കാണ് കേമത്തമെന്ന് സ്വയം ഞെളിഞ്ഞ് നാണമൊട്ടുമില്ലാതെ വിലപേശുകയാണവർ.

വിൽപനക്ക് വെച്ചവർക്ക് മതിപ്പുവില വ്യത്യസ്തം

കുറുമാറ്റച്ചന്തയിൽ ഇവരുടെ വിപണി വിലയെ കുറിച്ചാണ് രാജ്യതലസ്ഥാനത്തെ ചർച്ച. സ്വയം വിൽപനക്ക് വെച്ചവർക്ക് കണക്കാക്കിയ മതിപ്പ് വില വ്യത്യസ്തമാണ്. ഓരോരുത്തരുടെയും വിപണിമൂല്യവും വിലപേശൽ ശക്തിയുമനുസരിച്ച് 20 കോടി മുതൽ 80 കോടി വരെയാണ് മതിപ്പുവിലയെന്നാണ് സംസാരം.

ഏറ്റവും കടുത്ത ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തിയ താര പ്രചാരകർക്കും ജനകീയരായ തല മുതിർന്ന നേതാക്കൾക്കുമാണ് കൂടുതൽ വിപണി മൂല്യം. വിലപേശലിൽ 80 കോടി വരെ വില പറയിക്കാനായത് അവർക്കാണ്. അതേസമയം ആദ്യ തവണ എം.പിയായവർക്ക് അതിന്റെ നാലിലൊന്ന് മൂല്യമേ ഉള്ളൂ. രാജി എല്ലാം കഴിഞ്ഞ ശേഷമാണ് കണക്കാക്കിയ വില ഒറ്റയടിക്ക് നൽകുകയില്ലെന്ന് സ്വയം വിൽപനക്ക് വെച്ചവരോട് പറഞ്ഞത്. പറഞ്ഞുറപ്പിച്ചതിന്റെ ചെറിശയാരംശം മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന അങ്കാലപ്പിലാണ് പലരും.

മന്ത്രിമോഹവുമായി തമ്പടിച്ചിരിക്കുന്നവർ

മന്ത്രിസ്ഥാനം മാത്രം മതിയെന്ന് പറഞ്ഞ് വിലപേശിക്കൊണ്ടിരിക്കുകയാണ് ഏതാനും എം.പിമാർ. പാർലമെന്റിന്റെ കഴിഞ്ഞ ശൈത്യകാല സമ്മേളനത്തിൽ ലോക്സഭയിൽ മമതയുടെ കമാൻഡർമാരായി ബി.ജെ.പിയെ ആക്രമിച്ചിരുന്ന ശതാബ്ദി റോയിയും കാകോലി ഘോഷും സുദീപ് ബന്ദോപാധ്യായയും വർഷകാല സമ്മേളനത്തിന് രണ്ടാഴ്ച മുമ്പെ ഡൽഹിയിൽ തമ്പടിച്ചിരിക്കുന്നു.

ബി.ജെ.പി പറഞ്ഞത് പോലെ 20 പേർക്കൊപ്പം തൃണമുൽ വിട്ട് ത്രിപുരയിൽ രജിസ്റ്റർ ചെയ്ത നാഷനലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ (എൻ.സി.പി.ഐ)യിൽ ചേർന്ന മൂവർക്കും ഏത് വിധേനയും മോദി മന്ത്രിസഭയിൽ മന്ത്രിമാരാകണം. ബി.ജെ.പി നേതാക്കളുടെ സമയം ചോദിച്ച് കാത്തിരിക്കുന്ന മൂവർക്കും ഇതെഴുതും വരെ സമയമനുവദിച്ച് കിട്ടിയിട്ടില്ല. അടുത്ത മന്ത്രിസഭാ വികസനത്തിലാണ് മൂവരുടെയും പ്രതീക്ഷ.

രാജിവെച്ച എം.പിമാരെ കുറിച്ച് മിണ്ടാത്ത ഋതബ്രത

യഥാർഥ തൃണമുൽ കോൺഗ്രസ് തങ്ങളാണെന്ന് അവകാശപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ട ബംഗാളിലെ വിമത നേതാവ് ഋതബ്രത ബാനർജി അതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ലോക്സഭയിൽ നിന്ന് രാജിവെച്ച വിമത 20 എം.പിമാരുടെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ചോദ്യത്തിന് മാത്രം ഉത്തരം നൽകിയിരുന്നില്ല.

തൃണമുൽ തങ്ങളുടേതാണെന്ന് അവകാശപ്പെടുമ്പോഴും ബി.ജെ.പിയോടുള്ള ദാസ്യം തെളിയിക്കാൻ നിർബന്ധിതനായ ഋതബ്രതക്ക് അതിനുത്തരം നൽകാനാവില്ലെന്നതായിരുന്നു സത്യം. 20 തൃണമുൽ കോൺഗ്രസ് എം.പിമാർ എൻ.സി.പി.ഐ എന്ന ആരും കേൾക്കാത്തൊരു പാർട്ടിയിൽ ചേർന്നതും മോദി സർക്കാറിനെ പിന്തുണക്കുമെന്ന് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയതും ബി.ജെ.പിയുടെ തിരക്കഥയനുസരിച്ചായിരുന്നല്ലോ. അവരുടെ കാര്യം പറയേണ്ടത് താനല്ല, ബി.ജെ.പിയാണെന്ന് സത്യസന്ധമായി പറയുന്നതോടെ യഥാർഥ തൃണമുൽ കോൺഗ്രസ് തങ്ങളുടേതാണെന്ന ഋതബ്രതയുടെ അവകാശ വാദം നിലനിൽക്കുകയുമില്ല.

ഒരു തൃണമൂൽ കൊണ്ട് മൂന്നു തരം കൂറുമാറ്റം

തോൽവിക്ക് ശേഷവും അണികളുടെ പിൻബലമുള്ള മമതയുടെ ഭീഷണി ബംഗാളിൽ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യണമെങ്കിൽ അവരുടെ പണത്തിന്റെ ഉറവിടം വറ്റിച്ചുകളഞ്ഞേ മതിയാകൂ ബി.ജെ.പിക്ക്. അത് കൊണ്ടാണ് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ ടിക്കറ്റിൽ ജയിച്ചുവന്ന ഭൂരിഭാഗം എം.എൽ.എമാരെയുംഅണിനിരത്തി യഥാർഥ തൃണമുൽ കോൺഗ്രസാണെന്ന് കമീഷന് മുമ്പാകെ പോയി അവകാശപ്പെടാൻ ഋതബ്രതയോട് പറഞ്ഞത്. പാർട്ടി ചിഹ്നവും ഓഫീസുകളും കൈയടക്കാനല്ല, മറിച്ച് പതിനൊന്ന് ബാങ്ക് അക്കൗണ്ടുകളിലായി തൃണമുലിന്റെ പക്കലുള്ള പതിനായിക്കണക്കിന് കോടികളുടെ ഫണ്ട് മമതയുടെ കൈയിൽ നിന്ന് പിടിച്ചു പറിക്കാനാണ് കൽപന.

തെരഞ്ഞെടുപ്പ് കമീഷനെ കൊണ്ട് 27 ലക്ഷം വോട്ടർമാരുടെ വോട്ടു വെട്ടിച്ച എസ്.ഐ.ആറിലുടെ കൊടിയ ഭൂരിപക്ഷത്തിന് ബംഗാൾ നിയമസഭ പിടിച്ച ബി.ജെ.പിക്ക് രാജ്യസഭയിൽ നിന്ന് രാജിവെച്ച മൂന്ന് തൃണമൂൽ എം.പിമാരെ സ്വന്തം ടിക്കറ്റിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ മൽസരിപ്പിച്ച് വീണ്ടും എം.പിമാരാക്കാനാകും. അത് കൊണ്ടാണ് അവർ മൂന്ന് പേരോടും എം.പി സ്ഥാനം രാജിവെക്കാനും ബി.ജെ.പിയിൽ ചേർന്ന് രാജ്യസഭയിലേക്ക് വീണ്ടും മൽസരിക്കാനും നിർദേശിച്ചത്. രാജ്യസഭയിൽ അവർ സ്വന്തമാകുന്നതോടെ ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോട് കുറേ കൂടി അടുക്കും.

അതേസമയം രാജ്യസഭയിലെ തൃണമുൽ കോൺഗ്രസ് എം.പിമാരെ രാജിവെപ്പിച്ചത് പോലെ ലോക്സഭാ എം.പിമാരെ രാജിവെയ്പിക്കാൻ ബി.ജെ.പി നിന്നില്ല. കാരണം അവരെ എൻ.സി.പി.ഐ എം.പിമാരാക്കി കൂറുമാറ്റ നിരോധന നിയമം മറികടന്നില്ലെങ്കിൽ അനിവാര്യമായി വരുന്ന ഉപതെരഞ്ഞെടുപ്പിൽ 20 എം.പിമാരെ ഇത് പോലെ ബംഗാളിൽ നിന്ന് ലോക്സഭയിൽ എത്തിക്കാൻ ബി.ജെ.പിക്ക് കഴിയില്ല.

ഇത്തരത്തിൽ ചാക്കിട്ടു പിടിച്ച തൃണമുലിന്റെ എം.എൽ.എമാർ, ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ എന്നിവരെ വെച്ച് മൂന്ന് തരത്തിലുള്ള തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. അതേസമയം ഇതോടെ ലോക്സഭയിലും രാജ്യസഭയിലും എം.പിമാരുള്ള മമതക്ക് മുന്നിൽ നിന്ന് സ്വന്തമായി ഒരു എം.പിയുമില്ലാതായ ഋതബ്രതയെങ്ങിനെ തങ്ങളാണ് യഥാർഥ തൃണമൂൽ എന്ന് അവകാശപ്പെടുമെന്ന ചോദ്യം അപ്പോഴും ബാക്കിയാകുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleWest Bengaltrinamul congressdefection
News Summary - Defection politics in West Bengal
Next Story