വെളിച്ചം പകരുന്നവരുടെ ദിനം
text_fieldsപൊതുവിദ്യാഭ്യാസരംഗത്ത് അഭൂതപൂർവമായ വളർച്ചയും നേട്ടങ്ങളും കൈവരിക്കാൻ നമ്മുടെ നാടിനു സാധിച്ചതും രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് കൊച്ചു കേരളത്തിലെ വിദ്യാഭ്യാസരീതികൾ മാതൃകയായി മാറുന്നതും ചരിത്രപരമായ അടയാളപ്പെടുത്തൽതന്നെയാണ്. ഈ നേട്ടങ്ങളുടെ വെളിച്ചം കെടാതെ കാത്തുസംരക്ഷിക്കാൻ ആത്മസമർപ്പണം നടത്തുന്ന ഓരോ അധ്യാപകരെയും മുൻ രാഷ്ട്രപതിയും മഹാനായ അധ്യാപകനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം കൂടിയായ നാളിൽ ആദരപൂർവം സ്മരിക്കുന്നു.
മിഴിചിമ്മിത്തുറക്കുന്ന വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഓരോ വിദ്യാർഥിയെയും പഠനത്തോടൊപ്പം സ്വയം ചിന്തിക്കാൻ കഴിയുന്ന തലത്തിലേക്കും, ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിൽനിന്ന് ജീവിതയാഥാർഥ്യങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നതിലേക്കും, മാർക്കുവാങ്ങാൻ പഠിക്കുന്നതിൽനിന്ന് ജീവിക്കാൻ പഠിക്കുന്നതിലേക്കും പ്രാപ്തരാക്കുക എന്നതാണ് അധ്യാപകരോട് പുതിയ കാലം ആവശ്യപ്പെടുന്നത്. മാനവികമൂല്യങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, മതേതരത്വം, തുല്യനീതി തുടങ്ങിയ ആദർശങ്ങളും രാഷ്ട്രത്തിന്റെ ആത്മാവായ വിദ്യാർഥിമനസ്സുകളിൽ പ്രസരിപ്പിക്കുന്നത് അധ്യാപകരാണ്. മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സർഗശക്തിയെ ഉണർത്തുന്ന ആ മാന്ത്രികസ്പർശത്തെക്കുറിച്ച് പ്രിയ എഴുത്തുകാരൻ എം.ടി. രേഖപ്പെടുത്തിയിട്ടുണ്ട്.
ജീവിതയാത്രയിലെ ഓരോ വഴിയിലും കൈപിടിച്ചുനടത്തിയ ഗുരുവര്യരുടെ ഈ ദിനം ഹൃദയത്തിൽ നന്ദിയുടെയും കടപ്പാടുകളുടെയും സഹസ്രങ്ങളായ ചിന്തകളും ഓർമപ്പൂക്കളും വിടരുന്ന ദിവസംകൂടിയാണ്. ഒ.എൻ.വി. എന്ന ഗുരുവര്യൻ എഴുതിയതുപോലെ: ‘അക്ഷരമെന്നത് അനശ്വരമായ വെളിച്ചം; അത് പകരുന്ന കൈകളാണ് പുണ്യം’
എല്ലാ ഗുരുവര്യർക്കും അധ്യാപകദിനാശംസകൾ.
(അഡ്വ. എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ മന്ത്രി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

