ഡോ. ഡേവിഡ് ഗൂഢാൾ നമ്മെ ചിന്തിപ്പിക്കുന്നത്

നൂറ്റിനാലാം വയസ്സിൽ ഒരാൾ മരിക്കുന്നത് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വാർത്തയല്ല; ഏറിയപക്ഷം ദീർഘമായ ആയുസ്സിനെ പ്രകീർത്തിച്ചെഴുതപ്പെടുന്ന ചെറിയകോളം ന്യൂസ് ആയി ചുരുങ്ങുകയാണ് പതിവ്. അടുത്തകാലത്തു മരിച്ച ലോകമുത്തശ്ശിക്കുപോലും അതിലപ്പുറം വാർത്താപ്രാധാന്യം ഉണ്ടായില്ല. എന്നാൽ, ഡോ. ഡേവിഡ് ഗൂഢാൾ മരിച്ചപ്പോൾ ലോകമെമ്പാടും ചർച്ചചെയ്യപ്പെട്ടു; അദ്ദേഹം മരിച്ച രീതിയും അതുയർത്തുന്ന നൈതിക പ്രശ്നങ്ങളും ഉയർത്തുന്ന സംവാദങ്ങൾ വളരെനാൾ നീണ്ടുനിൽക്കും എന്നുറപ്പാണ്. നമ്മെ സംബന്ധിച്ച് യഥേഷ്​ടമരണം (euthanasia) തിരഞ്ഞെടുത്തതിനാൽ മാത്രമല്ല ഡേവിഡ് ഗൂഢാൾ ശ്രദ്ധിക്കപ്പെട്ടത്, അടുത്തിടെ ജീവിതാന്ത്യ ഇച്ഛാപത്രം, മുൻ‌കൂർ ചികിത്സാനിർദേശം എന്നിവ സുപ്രീംകോടതിയുടെ തീർപ്പനുസരിച്ചു ഇന്ത്യയിൽ ഉദാരമാക്കിയ പശ്ചാത്തലത്തിൽ ഗൂഢാൾ മരണം പ്രത്യേക ശ്രദ്ധയും കൂടുതൽ ചർച്ചയും ആവശ്യപ്പെടുന്നു.

യഥേഷ്​ടമരണം കൈവരിക്കുക എന്നതിലൂടെ ഗൂഢാൾ മരണത്തെക്കുറിച്ചു നമ്മെ പഠിപ്പിക്കുകയും ഏറെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഡേവിഡ് ഗൂഢാൾ പെർത് (Perth) പട്ടണത്തിൽ ഈഡിത് കോവൻ സർവകലാശാലയിൽ പ്രഫസറും ഗവേഷകനുമായിരുന്നു. പരിസ്ഥിതി വിജ്ഞാനത്തിൽ അറിയപ്പെട്ട ശാസ്ത്രജ്ഞനായ അദ്ദേഹം വിരമിച്ചതിനുശേഷവും ഗവേഷണവും പ്രബന്ധങ്ങൾ സംശോധിക്കലും ആയി യൂനിവേഴ്സിറ്റിയിൽതന്നെ കഴിയുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പുതുടങ്ങി അദ്ദേഹത്തി​​​െൻറ കാഴ്ചയും കേഴ്വിയും ചലനശേഷിയും അനുക്രമം നഷ്​ടപ്പെട്ടുവന്നു. രണ്ടു വർഷം മുമ്പ് കാമ്പസിൽ താമസിക്കാനുള്ള അനുമതി യൂനിവേഴ്സിറ്റി പിൻവലിക്കുകയും ചെയ്തു.ഇത് അന്താരാഷ്​ട്രതലത്തിൽതന്നെ വ്യാപകമായ പ്രതിഷേധത്തിനു കാരണമാകുകയും സമ്മർദത്തെത്തുടർന്ന് നിലപാട് പിൻവലിക്കാൻ യൂനിവേഴ്സിറ്റി നിർബന്ധിതരാവുകയും ചെയ്തു.

അദ്ദേഹത്തി​​​െൻറ തന്നെ അഭിപ്രായത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്ഷയിച്ചുവരുന്ന ആരോഗ്യവും കായികക്ഷമതയും ജീവിതം ദുസ്സഹമാക്കി. സന്തോഷമില്ലാത്ത ജീവിതം തുടർന്നുകൊണ്ടുപോകേണ്ടതുണ്ടോ എന്നചിന്ത അലട്ടിക്കൊണ്ടിരിക്കുന്നു. നൂറ്റിനാലുവയസ്സിനപ്പുറം അധികം നാൾ എന്തായാലും മിച്ചമില്ലാത്ത സ്ഥിതിക്കും വർധിച്ചുവരുന്ന മാനസികവും ശാരീരികവുമായ ക്ലേശങ്ങൾകൂടി കണക്കിലെടുത്താൽ ജീവിതം നീട്ടിക്കൊണ്ടുപോകുന്നതിൽ കഴമ്പില്ലാതായി. അങ്ങനെയാണ് മരണം തിരഞ്ഞെടുക്കുക എന്ന നിലപാടിലദ്ദേഹം എത്തുന്നത്. പൊടുന്നനെ എടുത്ത തീരുമാനമല്ലിത്. കഴിഞ്ഞ ഇരുപതിലധികം വർഷമായി യഥേഷ്​ടമൃത്യു തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അവകാശത്തിനായി അദ്ദേഹം രംഗത്തുണ്ടായിരുന്നു. മരണം വരിക്കാൻ സഹായിക്കുകയും സാഹചര്യമൊരുക്കുകയും ചെയ്യുന്ന എക്സിറ്റ് ഇൻറർനാഷനൽ (Exit International) എന്ന സന്നദ്ധ സംഘടനയിൽ അംഗവുമായിരുന്നു അദ്ദേഹം. മാരകമായ രോഗങ്ങളില്ലാതെ, അസഹനീയമായ വേദനയോ, ശാരീരികമായ പരാശ്രയത്വമോ ഇല്ലാതെ ഒരാൾക്ക് മരണം തിരഞ്ഞെടുക്കാമോ എന്ന ചോദ്യം അതിസങ്കീർണതകളിലേക്ക് നമ്മെ നയിക്കും.

യഥേഷ്​ടമരണം അപൂർവം ചില രാജ്യങ്ങൾ മാത്രമാണ് അംഗീകരിക്കുന്നത്. സ്വിറ്റ്​സർലൻഡ്, ജർമനി, ജപ്പാൻ, അമേരിക്കയിലെ ഏതാനും സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് നിയമസാധുതയുള്ളത്. അവിടെപ്പോലും യഥേഷ്​ടമരണം കർശനമായ മേൽനോട്ടത്തിൽമാത്രം നടക്കുന്നു. മറ്റിടങ്ങളിൽ നിന്നും വരുന്നവർക്കും സ്വിറ്റ്സർലൻഡിൽ പോയി മരണം വരിക്കാം. മരിക്കാൻ സഹായിക്കുന്ന ആറു സ്ഥാപനങ്ങളുള്ളതിൽ നാലെണ്ണം ഇതരദേശക്കാർക്കും മരണമൊരുക്കും. നിസ്വാർഥ സേവനം എന്ന നിലക്ക് ഏതു പൗരനും മറ്റൊരാളെ മരണം വരിക്കുന്നതിൽ സഹായിക്കുന്നതിൽ നിയമം തടസ്സമല്ല. ഇതെല്ലാമാണ് സ്വച്ഛന്ദമൃത്യു ആഗ്രഹിക്കുന്നവർ സ്വിറ്റ്സർലൻഡ് തിരഞ്ഞെടുക്കുന്നത്. പ്രതിവർഷം 600 പേർ അവിടെ മരണം തിരഞ്ഞെടുക്കുന്നു; അതിൽ 150 മുതൽ 200 പേരുവരെ വിദേശികളാണ്. ഇവർ ആത്മഹത്യ സന്ദർശകർ (suicide tourists) എന്നാണറിയപ്പെടുക. ഡിഗ്നിറ്റാസ് എന്ന സംഘടന മരണത്തിനു സാഹചര്യമൊരുക്കുന്നു. 
ആത്മഹത്യയല്ല യഥേഷ്​ട മരണം
എന്തുകൊണ്ടാണ് ഇത്തരത്തിലൊരു മരണം ആത്മഹത്യയായി കാണാത്തത്? സർവസാധാരണമായ ആത്മഹത്യക്ക് ഇത്ര വിപുലമായ മുന്നൊരുക്കങ്ങൾ ആവശ്യമില്ല; ആത്മഹത്യ വലിയ നിയമക്കുരുക്കുകളിൽ പെട്ടുപോകാറുമില്ല. അപൂർവമായി കൊലപാതകം സംശയിക്കപ്പെടുമ്പോൾ മാത്രമാണ് അവ ശ്രദ്ധിക്കപ്പെടുന്നത്. ആത്മഹത്യയും യഥേഷ്​ടമൃത്യുവും തമ്മിൽ തള്ളിക്കളയാനാവാത്ത ചില അടിസ്ഥാന വ്യത്യാസങ്ങളുണ്ട്. ത​​​െൻറ ജീവിതം പൂർണയിൽ എത്തിയെന്നും മിച്ചമുള്ള ജീവിതം പ്രത്യേകിച്ച് സന്തോഷം നൽകുന്നതല്ലെന്നും ആ വ്യക്തി തിരിച്ചറിഞ്ഞിരിക്കുന്നു. ഒരുവേള, ആ വ്യക്തിക്ക് മാരകമായ എന്തങ്കിലും രോഗം അലട്ടുന്നുണ്ടായിരിക്കാം. കാര്യമേതായാലും ജീവിതത്തിലെ സുഖകരമായ നാളുകൾ കഴിഞ്ഞുവെന്ന ബോധ്യമാണ് അയാളെ നയിക്കുന്നത്. മറ്റൊന്ന് സാമൂഹിക അംഗീകാരമാണ്. ആത്മഹത്യ സമൂഹം അംഗീകരിക്കുന്നില്ല, ഇവിടെ മരണം രഹസ്യമായി നടക്കുകയും ശവശരീരം ആകസ്മികമായി കണ്ടെത്തുകയുമാണ് പതിവ്. യഥേഷ്​ടമൃത്യുവിലാകട്ടെ, മരിക്കുന്നയാൾ സ്വന്തം ബന്ധുക്കളോടൊപ്പം സമയം ചെലവിടുകയും ഭക്ഷണം കഴിക്കുകയും എല്ലാവരോടും യാത്രപറഞ്ഞു സുഖകരമായ സുഷുപ്തിയിലേക്ക് വഴുതിയിറങ്ങുകയുമാണ് ചെയ്യുന്നത്. പൂർണമായും സമൂഹം അംഗീകരിക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്നതാണ് യഥേഷ്​ടമൃത്യു. ആത്മഹത്യകളാകട്ടെ, കഷ്​ടപ്പാടില്ലാത്തതും സമാധാനപരവും ആയിക്കൊള്ളണമെന്നില്ല. പൊടുന്നനെയുള്ള മരണങ്ങൾ ഒഴിച്ചാൽ മറ്റവസരങ്ങളിൽ മസ്തിഷ്കത്തി​​​െൻറ പ്രവർത്തനം നിലക്കുംവരെ സംഘർഷവും യാതനയും നിറഞ്ഞതാണ് ആത്മഹത്യകളേറെയും.
ഒരു പൗരന് സ്വന്തം ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. എല്ലാ ജനാധിപത്യ സമൂഹങ്ങളും ഇതുറപ്പുനൽകുന്നു. സുഖമായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിൽ, ദുസ്സഹമായാൽ ജീവിതം അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം സമൂഹം നൽകുന്നില്ല. ജീവിക്കാനുള്ള പരമമായ അവകാശം അന്തസ്സോടെ, യാതനകളില്ലാതെ, പറ്റുന്നത്ര സുഖകരമായി ജീവിക്കാനുള്ളതാണെന്നും അതസാധ്യമായാൽ മരണം തിരഞ്ഞെടുക്കാമെന്നും സമൂഹം കരുതുന്നില്ല.

മാരകമായ രോഗങ്ങൾമൂലം ജീവിക്കാൻ അധികം നാളില്ലാത്തവർക്കു മാത്രമാണ് അല്പം ആശ്വാസം നൽകുന്ന നിയമങ്ങൾ ഇന്ത്യയുൾപ്പെടെ പലേടത്തും ഇന്നുള്ളത്. ഡേവിഡ് ഗൂഢാൾ മരണം തിരഞ്ഞെടുത്തപ്പോൾ എന്തെല്ലാം സാഹചര്യത്തിൽ മരണം ഒരുവ്യക്തിക്കു ജീവിതത്തേക്കാൾ അഭിലഷണീയമാകുന്നു എന്ന പ്രശ്നം സമൂഹത്തി​​​െൻറ മനസ്സിനുമുന്നിൽ വെക്കുന്നു. മെഡിക്കൽ റെക്കോഡുകൾ പ്രകാരം അദ്ദേഹത്തിന് മാരകമായ രോഗങ്ങളില്ല. നൂറ്റിനാലാം വയസ്സിലും ആരോഗ്യവാൻ. അദ്ദേഹത്തി​​​െൻറ ദൈനംദിന ജീവിതാനുഭവം മറിച്ചും. ചലനശേഷി വളരെക്കുറവ്; സഞ്ചരിക്കാനാവുന്നില്ല, പലതിനും സഹായിക്കാനാളുവേണം. കാഴ്‌ചയും കേഴ്വിയും പരിമിതപ്പെട്ടു, ശാരീരികക്ഷമത വളരെക്കുറവ്. സന്തോഷവും ഉന്മേഷവും നഷ്​ടപ്പെട്ടതിനാൽ ജീവിക്കാനുള്ള ത്വര എങ്ങോപോയിക്കഴിഞ്ഞു. വൈദ്യശാസ്ത്രത്തി​​​െൻറ ദൃഷ്​ടിയിൽ ഇതൊന്നും രോഗമല്ല, മാരകവുമല്ല. അപ്പോൾ ആർക്കാണ് തെറ്റുപറ്റിയത്? എന്തെല്ലാമാണ് ജീവിതം കൊണ്ടർഥമാക്കേണ്ടത്?   മരണത്തെക്കുറിച്ചും ജീവിതാന്ത്യത്തെക്കുറിച്ചും നമ്മുടെ കാഴ്ചപ്പാടുകളും സംവാദങ്ങളും ഏറെ മുന്നോട്ടുവരാനുണ്ട് എന്നർഥം.

രോഗവും മരണവും
രോഗവും മരണവും തമ്മിൽ അനിഷേധ്യമായ ബന്ധമുണ്ടെന്ന നമ്മുടെ കാഴ്ചപ്പാടാണ് ഇവിടെ പ്രകടമാകുന്നത്. രോഗമുള്ള അനേകം പേര് മരിക്കുന്നു. രോഗമില്ലാത്ത ഗൂഢാൾ എന്തായാലും അധികം നാളിനി ജീവിക്കാനിടയില്ല; അദ്ദേഹം മരിക്കുമ്പോൾ എന്ത് രോഗമെന്നാവും നാം എഴുതിവെക്കുക? രോഗമില്ലാത്തവർ മരിക്കുമ്പോൾ അതിനു ഒരു പേരുവേണം: ഹൃദയസ്തംഭനം. മരണത്തിനു എന്തെങ്കിലും രോഗത്തി​​​െൻറ പേരുനൽകണം എന്നത് ഒരു സാമൂഹിക നിലപാടാണ്. 

സത്യത്തിൽ സൊറൺ കീർക്കേഗാർ (Soren Kierkegaard, 1813-1855) മനോഹരമായി പ്രതിപാദിച്ച വിഷയമാണിത്. അദ്ദേഹത്തി​​​െൻറ അഭിപ്രായത്തിൽ രോഗം ഒരാളെ ഇല്ലാതാകുന്നില്ല; മരണത്തോടെ അയാളുടെ രോഗം അവസാനിക്കുന്നു, അത്രമാത്രം. മരണം നിശ്ചയമാണ് എന്നതിനാൽ രോഗം അനിവാര്യമാകുന്നില്ല. രോഗമില്ലാത്തവർക്കും ജീവിതം അനന്തസാധ്യതയല്ല. മരണം തുറിച്ചുനോക്കുമ്പോൾ നമ്മുടെ ഏറ്റവും പ്രബലമായ ആഗ്രഹം ജീവിക്കാനാണ്. എന്നാൽ, അതിഭീതിദമായ അവസ്ഥയാണ് മുന്നിലെങ്കിൽ മരണം ഒരു പ്രത്യാശയായി മാറുന്നു. നാം പെട്ടിരിക്കുന്ന അപായമോ ദുർഘടാവസ്ഥയോ അതിരുകടന്നാൽ മരണം മാത്രമാകുന്നു, ഏക പ്രത്യാശ. അപ്പോൾ മരിക്കാനാവാത്തതാണ് ഏറെ ദുഃഖകരം. നമുക്ക് ചുറ്റും മരണം കാംക്ഷിക്കുകയും മരിക്കാനാവാതെയും കഴിയുന്ന നിരവധി പേരുണ്ട്. രോഗമോ, പ്രായാധിക്യമോ, ശാരീരിക പരിമിതികളോ അകാം കാരണം. അതെന്തുമായിക്കൊള്ളട്ടെ, അവരുടെ പ്രശ്നങ്ങൾ പഠിക്കുകയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാൻ സമൂഹം ബാധ്യസ്ഥമാണ്. അതിനു സാധ്യമാകുന്നില്ലെങ്കിൽ ഡേവിഡ് ഗൂഢാൾ ചോദിക്കുന്ന ചോദ്യത്തിന് പ്രസക്തിയേറും.

Loading...
COMMENTS