Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഓ​ർ​മ​ക​ളി​ലെ അ​ബ്ബ...

ഓ​ർ​മ​ക​ളി​ലെ അ​ബ്ബ...

text_fields
bookmark_border
ഓ​ർ​മ​ക​ളി​ലെ അ​ബ്ബ...
cancel
camera_alt

ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട്

ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച പ്ര​ഗ​ത്ഭ പാ​ർ​ല​മെ​ന്റേ​റി​യ​നും ഉ​ജ്വ​ല വാ​ഗ്മി​യു​മാ​യ ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് വി​ട​പ​റ​ഞ്ഞി​ട്ട് ഏ​പ്രി​ൽ 27ന് 21 ​ആ​ണ്ട്. സേ​ട്ട് സാ​ഹി​ബി​നെ മ​ക​ൾ അ​നു​സ്മ​രി​ക്കു​ന്നു

ജീവിതത്തിൽ നാം കാണുന്ന പലരുടെയും ഓർമകൾ കാലക്രമേണ മുങ്ങിപ്പോകും. 21 വർഷം വളരെ നീണ്ടകാലമാണ്. പലപ്പോഴും ഒരിക്കൽ പരിചയപ്പെട്ടവരെ വീണ്ടും നമ്മൾക്ക് പരിചയം പുതുക്കേണ്ടിവരും. എന്നാൽ ചില അപൂർവ വ്യക്തികൾ അവരുടെ സ്നേഹം അത്ര ആഴത്തിൽ നമ്മുടെ ഹൃദയത്തിൽ പതിപ്പിച്ചുപോകാറുണ്ട്. അതൊരിക്കലും മങ്ങിപ്പോകാറുമില്ല. അതുപോലുള്ള സ്നേഹവും കരുണയുമുള്ള മറ്റൊരാളെ കണ്ടെത്താനാകാത്ത സമയങ്ങളിൽ പ്രത്യേകിച്ചും. അവരുടെ വില കൂടുതൽ മനസ്സിലാകുന്നത് അപ്പോഴായിരിക്കും.

ഒരു വ്യക്തി ഈ ലോകം വിട്ടുപോകുമ്പോഴാണ് പലപ്പോഴും അവരുടെ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ കൂടുതൽ തെളിയുന്നത്. ഇത്രയും വർഷങ്ങൾക്കു ശേഷവും എന്റെ അബ്ബയുടെ നന്മകൾ അവർ സ്പർശിച്ച ആളുകളിലൂടെ ഇന്നും തെളിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ വീട്ടിൽ കുറേപേരുണ്ടായിരുന്നു. അബ്ബയുടെ ഉമ്മ (ദാദീമ), ഉമ്മിയുടെ (എന്റെ ഉമ്മ) ഉമ്മ, ഞങ്ങൾ അഞ്ചുമക്കൾ, കൂടെ അബ്ബയുടെ വിധവയായ ബന്ധു. ചില സമയങ്ങളിൽ ഉമ്മിയുടെ അമ്മായിയും അവരുടെ മകനും ഞങ്ങളോടൊപ്പം താമസിക്കാറുണ്ടായിരുന്നു. അബ്ബ എല്ലാവരെയും ഒരുപോലെ ആദരവോടെ, മാന്യമായി സമീപിച്ചിരുന്നു.

ഉത്തരവാദിത്ത ബോധമുള്ള വ്യക്തിയായിരുന്നു അബ്ബ. എന്റെ ദാദയുടെ (അബ്ബയുടെ ഉപ്പ) മരണത്തിന് ശേഷം അബ്ബ പഠനം പൂർത്തിയാക്കി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ദാദ മരിക്കുമ്പോൾ എന്റെ ദാദീമ മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്നു. ചെറുപ്പമായിരുന്നിട്ടും അബ്ബ തന്റെ കുടുംബത്തിന്റെ ചുമതല വളരെ ശക്തിയോടെയും കാര്യക്ഷമമായും നിർവഹിച്ചു.

ജനസേവനവും കുടുംബവും

അബ്ബ പൊതുജീവിതത്തിൽ സജീവമായിരുന്നു. തന്റെ പാർട്ടിയുടെ അധ്യക്ഷനായും ആൾ ഇന്ത്യ മുസ്‍ലിം പേഴ്സനൽ ലോ ബോർഡ് സ്ഥാപക അംഗമായും മജ്‍ലിസെ മുശാവറയുടെ സ്ഥാപക അംഗമായും മറ്റു നിരവധി സംഘടനകളിലും അബ്ബ സജീവമായി പങ്കെടുത്തു. സാമുദായിക കലാപങ്ങളോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാൽ ഉടൻതന്നെ ദുരിതബാധിതരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്നവരുടെ നീതിക്കായി പാർലമെന്റിൽ ശക്തമായി ശബ്ദമുയർത്താൻ എന്നും അദ്ദേഹമുണ്ടായിരുന്നു. അബ്ബക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കുറവായിരുന്നെങ്കിലും, ലഭിക്കുന്ന ആ നിമിഷങ്ങളെ സ്നേഹപൂർണമാക്കി മാറ്റി ഓർമകളിൽ നിറച്ചുവെക്കാൻ പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു.

അബ്ബയുടെ ജീവിതം പഠിപ്പിച്ചത് ‘സ്നേഹം സമയംകൊണ്ടല്ല മറിച്ച് കരുതലും ഉദ്ദേശ്യബോധവും നമ്മൾ നൽകുന്ന മൂല്യങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്’ എന്നാണ്. ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു അബ്ബക്ക്. ചെറിയ ചെറിയ സംഭവങ്ങൾപോലും ശ്രദ്ധാപൂർവം അദ്ദേഹം കുറിച്ചുവെച്ചിരുന്നു. തിരക്കിനിടയിലും സമയം കണ്ടെത്തി ഞങ്ങൾക്ക് കത്തുകളെഴുതിയിരുന്നു. ആ കത്തുകളിൽ ആശ്വാസവും ധൈര്യവുമെല്ലാം നിറഞ്ഞുനിന്നിരുന്നു. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അബ്ബ കൂടുതൽ സമയം ബംഗളൂരുവിൽ ചെലവഴിക്കാൻ തുടങ്ങി. അവിടെയെത്തിയാൽ കിടക്കക്ക് ചുറ്റുമിരുന്ന് മക്കളും കൊച്ചുമക്കളുംകൂടി ‘ഷെർ ഒ ഷായരി’ സദസ്സ് തുടങ്ങും.

ജീവിതം നിശ്ചലമായ ദിനം

2005 ഏപ്രിൽ 24 രാത്രി. അബ്ബക്ക് അസുഖമായതിനെതുടർന്ന് മണിപ്പാലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്റെ ഭർത്താവ് ഷാജഹാൻ ഒപ്പമുണ്ടായിരുന്നു. 26ന് അബ്ബയെ മുറിയിലേക്ക് മാറ്റി. ആ രാത്രി ശക്തമായ മഴ പെയ്യുകയായിരുന്നു. അബ്ബയുടെ കിടക്ക ജനലിനരികിലായിരുന്നു. ഞാൻ ജനൽ അടക്കാൻ ശ്രമിച്ചപ്പോൾ എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു, ‘പുറത്ത് എത്ര മനോഹരമായ കാഴ്ച’ എന്ന്. ആ വാക്കുകളിൽ സമാധാനത്തിന്റെ ആഴമുണ്ടായിരുന്നു. തുടർന്ന് സഹോദരൻ സിറാജ് ഇബ്രാഹീമിനോട് ഒരു കത്തെഴുതാൻ നിർദേശം നൽകി. ഐ.എൻ.എല്ലിന്റെ പത്താം വാർഷികാഘോഷത്തിൽ വായിക്കാനുള്ള സന്ദേശം. രാത്രി 11 വരെ അത് തുടർന്നു. പിന്നീട് ജനലടക്കാൻ സഹോദരൻ ശ്രമിച്ചപ്പോൾ വീണ്ടും അദ്ദേഹം പഴയ വാക്കുകൾ ആവർത്തിച്ചു. ആ ഇരുട്ടിനുള്ളിൽ അബ്ബ എന്തുകണ്ടാണ് സന്തോഷിച്ചതെന്നറിയില്ല. ഏപ്രിൽ 27ന് രാവിലെ 5.30ന് അദ്ദേഹം സ്രഷ്ടാവിന്റെ സന്നിധിയിലേക്ക് മടങ്ങി. ജീവിച്ചപോലെത്തന്നെ ഈ ലോകത്തുനിന്ന് വിടവാങ്ങി, മാന്യമായി, ഉത്തരവാദിത്തത്തോടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemoriesIbrahim Sulaiman Seth
News Summary - Daughter remembers Ibrahim Sulaiman Seth Sahib
Next Story