നിയമ ബഹുസ്വരതയും ദാറുൽ ഖദാകളും
text_fieldsമുസ്ലിം വ്യക്തികള്‍ തമ്മിലുള്ള കുടുംബ/വൈവാഹികപ്രശ്നങ്ങളില്‍ തീര്‍പ്പുകൽപിക്കാന്‍ രാജ്യത്തെ എല്ലാ ജില്ലകളിലും 'ദാറുല്‍ഖദാ'കള്‍ സ്ഥാപിക്കുമെന്ന അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിെൻറ പ്രഖ്യാപനമാണ് വിവാദ ഹേതു. മുസ്ലിം സമുദായം സമാന്തര നിയമ സംവിധാനം ഉണ്ടാക്കുന്നു എന്ന പ്രചാരണമാണ് ബി.ജെ.പി ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. നഗരത്തിലോ ഗ്രാമത്തിലോ ജില്ലയിലോ എവിടെയാണെങ്കിലും ശരീഅ കോടതികള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും ഇത് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇന്ത്യയല്ല എന്നുമാണ് ബി.ജെ.പി ദേശീയ വക്താവും ഡല്‍ഹിയില്‍നിന്നുള്ള എം.പിയുമായ മീനാക്ഷി ലേഖിയുടെ പ്രതികരണം. ഒരുപടികൂടി കടന്ന് ഇത്തരം നീക്കങ്ങള്‍ നടത്തുന്നവരെ ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നാണ് മറ്റൊരു ബി.ജെ.പി എം.പി സുബ്രമണ്യ സ്വാമിയുടെ ആവശ്യം. ഒപ്പം മുസ്ലിംകള് സമാന്തര നിയമസംവിധാനം ഉണ്ടാക്കുന്നു എന്ന ടാഗുകളുമായി 'ടൈംസ് നൗ', 'റിപ്പബ്ലിക് ടി.വി' തുടങ്ങിയ ചാനലുകളും ചേര്‍ന്നതോടെ മുസ്ലിം സമുദായത്തെ ഒരിക്കല്‍ കൂടി പൊതുസമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുവാന്‍ ഭരിക്കുന്ന പാര്‍ട്ടി കരുവാക്കിയിരിക്കുന്നു.
ഈ ആവശ്യം അനാവശ്യമാണെന്നും ഇത് ഭരണഘടനക്ക് എതിരാണ് എന്നും പറഞ്ഞ കേന്ദ്ര നിയമമന്ത്രി പി.പി. ചൗധരി മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് ഇത്തരത്തില്‍ കോടതികള്‍ ഉണ്ടാക്കാന്‍ അവകാശമില്ലെന്നും നിയമപരമായി ഇത് നിലനില്‍ക്കില്ല എന്നും പറഞ്ഞു. ഏതെങ്കിലും മതത്തിനുള്ള വിശേഷപ്പെട്ട വകുപ്പുകള്‍ കൈകാര്യംചെയ്യാന്‍ രാജ്യത്തിലെ ഉന്നതകോടതികളുണ്ടെന്നും അതിനാല്‍ മറ്റൊരു കോടതിയും ആവശ്യമിെല്ലന്നുമായിരുന്നു മുതിര്‍ന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ പ്രതികരണം. അതേസമയം, മുസ്ലിം വ്യക്തിനിയമ ബോര്‍ഡിെൻറ തീരുമാനത്തോട് 'ഓരോ സമുദായത്തിനും അവരവരുടെ വ്യക്തിനിയമങ്ങള്‍ ആചരിക്കാന്‍ അവകാശമുണ്ടെന്ന്' പ്രതികരിച്ച മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രൂക്ഷമായി വിമര്‍ശിച്ചു. വിഷയത്തില്‍ അന്‍സാരിയുടെ നിലപാടിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ദേശാഭിമാനികളായ മുസ്ലിംകളെ മധ്യകാല യുഗത്തിലേക്ക് തള്ളിയിടാന്‍ പര്യാപ്തമായ വ്യക്തിനിയമ ബോര്‍ഡിെൻറ ഈ നീക്കത്തെ തള്ളിപ്പറയാന്‍ മുന്നോട്ടു വരണമെന്നും ശരീഅത്തും ബുര്‍ഖയും നിരോധിക്കണമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പേജിലൂടെ അഭിപ്രായപ്പെട്ടു.
ദാറുല്‍ ഖദാകളുടെ ചരിത്രവും വര്‍ത്തമാനവും
കുടുംബപ്രശ്നങ്ങളില്‍ മാധ്യസ്ഥ്യം വഹിക്കുകയും അനുരഞ്ജനം സാധ്യമാക്കുകയും ചെയ്യുക, വിവാഹമോചനത്തിനും മറ്റും കോടതികളെ സമീപിച്ചാല്‍ നിയമവ്യവഹാരങ്ങള്‍ വഴി ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കുക, കോടതി വ്യവഹാരങ്ങളിലൂടെ ഉണ്ടാവുന്ന ശരീഅത്തിെൻറ തെറ്റായ വായനകള്‍ ഒഴിവാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഇത്തരമൊരു പദ്ധതി ആലോചിച്ചത്. ബോര്‍ഡ് രൂപവത്കരിക്കപ്പെട്ട 1973ല്‍ തന്നെ മഹാരാഷ്ട്രയില്‍ രണ്ടു ദാറുല്‍ ഖദാകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, മൗലാന അബ്ദുല്‍ മുഹ്സിന്‍ മുഹമ്മദ് സജ്ജാദ് മുന്‍കൈയെടുത്ത് അബുല്‍കലാം ആസാദിനെ പോലുള്ള പണ്ഡിതരുടെ സാന്നിധ്യത്തില്‍ ബിഹാറിലെ ഫുല്‍വാരി ശരീഫ് കേന്ദ്രമായി സ്ഥാപിതമായ സാമൂഹിക -മതസംഘടനയായ ഇമാറത്തെ ശരീഅക്ക് കീഴില്‍ മുേമ്പ ഈ സംവിധാനം നിലവിലുണ്ടായിരുന്നു. ബിഹാര്‍, ഝാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലും ബംഗാളിെൻറ ചില പ്രദേശങ്ങളിലും 1919 മുതല്‍ തന്നെ ദാറുല്‍ ഖദാകള്‍ നിലവിലുണ്ട്. ഭരണഘടനക്ക് അകത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഖദാകളില്‍ നടത്തിയ അനുരഞ്ജന ശ്രമങ്ങളിലെ തീരുമാനങ്ങള്‍ക്ക് (arbitration awards) ഇവിടങ്ങളിലെ ജില്ല കോടതികളില്‍ നിയമസാധുത കൽപിക്കപ്പെടുന്നുണ്ട്.
പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതും മുസ്ലിം സമുദായം തങ്ങളുടെ സാംസ്കാരിക അവകാശങ്ങളില്‍ ഒന്നായ വ്യക്തിനിയമങ്ങള്‍ നിലനിര്‍ത്താന്‍ സ്ഥാപിച്ച സംവിധാനങ്ങള്‍ക്കെതിരെ പ്രതിലോമകരമായ രീതിയിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാവുന്നതും ദാറുല്‍ ഖദാകളെ പൊതുവായി വിശേഷിപ്പിക്കുന്ന 'ശരീഅ കോടതികള്‍' എന്ന പദത്തില്‍ ചുറ്റിപ്പറ്റിയാണ്. 2004ല്‍ വിശ്വ ലോച്ചന്‍ മദന്‍ എന്നയാള്‍ ഇന്ത്യയിലെ പല കേന്ദ്രങ്ങളും പുറത്തുവിടുന്ന ഫത്വകള് നിയമവിരുദ്ധമാണെന്നും ദാറുല്‍ ഖദാകള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്നും ഇവയെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് റിട്ട് ഹരജി നല്‍കി.
2014 ല്‍ സുപ്രീംകോടതി കേസ് തീര്‍പ്പാക്കിയപ്പോള്‍ ദാറുല്‍ ഖദാകളിലെ വിധികള്‍ക്ക് നിയമ സാധുത ഉണ്ടാവില്ല എന്നും ഫത്വകള് തേടിയ ആളുകള്‍ക്ക് അത് സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാണിച്ചു. ദാറുല്‍ ഖദാകള്‍ കക്ഷികള്‍ തമ്മില്‍ പരസ്പര ധാരണയോടെ തീര്‍പ്പ് കല്‍പിക്കുന്ന അനൗദ്യോഗിക നീതി നിര്‍വഹണ വ്യവസ്ഥയാണെന്നും ആര്‍ക്കും ദാറുല്‍ ഖദാകളിലെ തീരുമാനം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കാന്‍ അവകാശമില്ല എന്നും വ്യക്തമാക്കി. ഈ സുപ്രീംകോടതി വിധിയൊക്കെ പുറത്തുവന്ന് അധികമായിട്ടില്ല എന്നിരിക്കെയാണ് മുസ്ലിംകള് സമാന്തര നിയമ വ്യവസ്ഥ ഉണ്ടാക്കുന്നു എന്ന നുണ പിന്നെയും ആവര്‍ത്തിച്ചു ജനങ്ങള്‍ക്കിടയില്‍ മുസ്ലിം ഭീതി പരത്താന്‍ ബി.ജെ.പിയും ഭരണകൂട അനുകൂല മാധ്യമങ്ങളും ശ്രമിക്കുന്നത്.
2002ലെ ഷമീം ആരാ /സ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് കേസിലെ വിധി ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്. പ്രസ്തുത കേസില്‍ ത്വലാഖ് ചൊല്ലേണ്ടതിെൻറ ഖുര്‍ആനിക രീതി വിശദമാക്കുന്ന ഭാഗത്ത് അനുരഞ്ജനശ്രമങ്ങള്‍ ത്വലാഖ് നടപ്പിലാക്കുവാൻ നിര്‍ബന്ധമാണ് എന്നും അല്ലെങ്കില്‍ ത്വലാഖ് നിയമപരമായി നിലനില്‍ക്കുകയില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെടുകയുണ്ടായിട്ടുണ്ട്. കോടതിയുടെ തന്നെ ഇത്തരം നിരീക്ഷണങ്ങളെ മുസ്ലിം സമുദായത്തില്‍ ഒന്നടങ്കം വ്യവസ്ഥാപിതമായി പ്രയോഗകവത്കരിക്കാനുള്ള അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിെൻറ ശ്രമങ്ങളെ പോസിറ്റിവായി കാണുകയാണ് പൊതുസമൂഹവും നിയമജ്ഞരും ചെയ്യേണ്ടത്. എന്നാലിപ്പോള്‍ മുസ്ലിംകള്ക്ക് മാത്രമായി കോടതികള്‍ അനുവദിക്കുകയാണെങ്കില്‍ ബാക്കി സമുദായങ്ങള്‍ക്കും പ്രത്യേകം കോടതി അനുവദിക്കേണ്ടി വരില്ലേ എന്ന് ചോദിക്കുകയും ഏക സിവില്‍കോഡ് നടപ്പിലാക്കേണ്ടതുണ്ടെന്നും ഏഴാം നൂറ്റാണ്ടിലെ നിയമങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എങ്ങനെയാണ് നടപ്പിലാക്കുക എന്നൊക്കെ മാര്‍ക്കണ്ഡേയ കട്ജുവിനെ പോലൊരു മുന്‍ സുപ്രീംകോടതി ജഡ്ജി സോഷ്യല്‍ മീഡിയയില്‍ പ്രസ്താവിക്കുന്നത് നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച് ആശാവഹമായ കാര്യമല്ല.
നിയമ ബഹുസ്വരതയും മുസ്ലിം സ്ത്രീ ചോദ്യങ്ങളും
ലിബറല്‍ ജനാധിപത്യത്തിലധിഷ്ഠിതമായ ദേശരാഷ്ട്രത്തിനകത്ത് സമുദായങ്ങളുടെ സ്വതന്ത്ര അസ്തിത്വം അംഗീകരിക്കുംവിധമുള്ള നിയമ ബഹുസ്വരത (legal plularism) സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായ കാലത്താണ് നാം ജീവിക്കുന്നത്. കുടുംബ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും വേഗത്തില്‍ നീതി നടപ്പില്‍വരുത്താനും കോടതിക്ക് പുറത്തുള്ള മത തര്‍ക്ക പരിഹാര സമിതികള്‍ (Religious Alternative Dispute Resolution) ബ്രിട്ടൻ, കാനഡ തുടങ്ങി പല പാശ്ചാത്യ രാജ്യങ്ങളിലും പ്രയോഗവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എഴുപത് ആണ്ടുകള്‍ക്കുമപ്പുറത്തെ ഉട്ടോപ്യനും വൈവിധ്യങ്ങളെ നിരാകരിക്കുന്നതുമായ ആശയമായ ഏക സിവില്‍കോഡിന് കാലത്തിെൻറ ചവറ്റുകൊട്ടയിലാണ് സ്ഥാനം.
ദാറുല്‍ ഖദാകളിലെ നീതി നിര്‍വഹണം, നടപടി ക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് 2009-2013 മുതല്‍ നടത്തിയ ഗവേഷണത്തിലും (ബിറ്റൂ റാണി, 2014 ) അനിന്ദിത ചക്രബര്‍ത്തി, സുചന്ദ്ര ഘോഷ് എന്നിവര്‍ കാൺപുരിലെ ദാറുല്‍ ഖദായില്‍ രണ്ടു വര്‍ഷത്തോളം ഫീല്‍ഡ് സ്റ്റഡി നടത്തി തയാറാക്കിയ പഠനവും മുസ്ലിം സ്ത്രീകള്‍ കുടുംബ കോടതികളെക്കാളേറെ സമീപിക്കുന്നത് ദാറുല്‍ ഖദാകളെ പോലുള്ള അനുരഞ്ജന സമിതികളെയാണ് എന്നും വ്യക്തമാക്കുന്നു. ഇസ്‌ലാമിലെയും ഇന്ത്യന്‍ നിയമത്തിലെയും ലിംഗനീതിപരമായ ആശയങ്ങളെ കുറിച്ച് ദാറുല്‍ ഖദാകള്‍പോലെ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന അനുരഞ്ജന കേന്ദ്രങ്ങളില്‍ ഖാദിമാരായി ഇരിക്കുന്നവരെ ബോധവാന്മാരാക്കുക, അഡ്വക്കറ്റ്, സൈക്കോളജിസ്റ്റ്, ഫാമിലി കൗണ്‍സിലര്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാവുക, ഖാദിമാരില്‍ സ്ത്രീ പ്രാതിനിധ്യമുണ്ടാവുക തുടങ്ങി സ്ത്രീസൗഹൃദപരമാവുന്ന രീതിയില്‍ ശരീഅ അനുരഞ്ജന സമിതികള്‍ ശക്തിപ്പെടുത്തുകയാണ് മുസ്ലിം സമുദായം ദാറുല്‍ ഖദാകള്‍ വ്യാപകമാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികള്‍.
മുസ്ലിംകള് സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കുന്നത് വര്‍ഗീയതയുടെയും മതേതരത്വത്തിെൻറയും സൂക്ഷ്മദര്‍ശിനിവെച്ച് വിശകലനം ചെയ്യുന്നവരെയും ഇര്‍ഫാന്‍ അഹമ്മദ് ഈയിടെ സൂചിപ്പിച്ചതു പോലെ മുസ്ലിം സമുദായത്തെ കേവലം ചില ഡാറ്റകളിലും പെട്ടി കോളങ്ങളില്‍ അക്കങ്ങളും മാത്രമായി ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നവരെയും നിരാകരിച്ചുകൊണ്ടും മുസ്ലിംസമുദായത്തിന് അകത്തുംപുറത്തും പുലരേണ്ട സാമൂഹിക നീതിക്കുവേണ്ടിയുള്ള രാഷ്ട്രീയ ചോദ്യങ്ങള്‍ ഒരുമിച്ചുയര്‍ത്തിയും മാത്രമേ മുസ്ലിം രാഷ്ട്രീയത്തെ നിശ്ശബ്ദമാക്കാനും മുസ്ലിം സമുദായത്തിെൻറ അജണ്ടകളെ വിവാദങ്ങളിലൂടെ നിയന്ത്രിക്കാനുമുള്ള നിലനില്‍ക്കുന്ന അധീശ വ്യവസ്ഥകളുടെ ശ്രമങ്ങളെ അതിജീവിക്കാനാവൂ.