ദാറുല്‍ഹുദ: പ്രസ്ഥാനമായി പടര്‍ന്ന നാലു പതിറ്റാണ്ടുകള്‍
text_fields
‘‘നന്മയിലേക്കു ക്ഷണിക്കുകയും സത്കര്‍മങ്ങള്‍ കല്പിക്കുകയും ദുഷ്കര്‍മങ്ങള്‍ നിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളില്‍ നിന്നുണ്ടാകണം. അവര്‍ തന്നെയാണു വിജയികള്‍’’ (വിശുദ്ധ ഖുർആൻ 3:104)കേരളീയ മത വിദ്യാഭ്യാസ രംഗത്തെ നടപ്പുരീതികളെ ആധുനികവത്കരിച്ച് പ്രബോധന-സമുദായ ശാക്തീകരണം സാധ്യമാക്കാനായി രൂപം കൊണ്ട ദാറുല്‍ഹുദ നാലു പതിറ്റാണ്ട് പിന്നിടുകയാണ്. എം.എം. ബശീര്‍ മുസ്ലിയാര്, സി.എച്ച്. ഐദറൂസ് മുസ്ലിയാര്, ഡോ.യു.ബാപ്പുട്ടി ഹാജി എന്നീ...
‘‘നന്മയിലേക്കു ക്ഷണിക്കുകയും സത്കര്‍മങ്ങള്‍ കല്പിക്കുകയും ദുഷ്കര്‍മങ്ങള്‍ നിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളില്‍ നിന്നുണ്ടാകണം. അവര്‍ തന്നെയാണു വിജയികള്‍’’ (വിശുദ്ധ ഖുർആൻ 3:104)
കേരളീയ മത വിദ്യാഭ്യാസ രംഗത്തെ നടപ്പുരീതികളെ ആധുനികവത്കരിച്ച് പ്രബോധന-സമുദായ ശാക്തീകരണം സാധ്യമാക്കാനായി രൂപം കൊണ്ട ദാറുല്‍ഹുദ നാലു പതിറ്റാണ്ട് പിന്നിടുകയാണ്. എം.എം. ബശീര്‍ മുസ്ലിയാര്, സി.എച്ച്. ഐദറൂസ് മുസ്ലിയാര്, ഡോ.യു.ബാപ്പുട്ടി ഹാജി എന്നീ മഹാരഥരുടെ നേതൃത്വത്തില്‍ സുന്നി മഹല്ല് ഫെഡറേഷന് മലപ്പുറം ജില്ല കമ്മിറ്റി 1983 ഡിസംബര്‍ 26 (25-റ.ആഖിര്‍ 1404) നാണ് ദാറുല്ഹുദക്കു ശിലപാകിയത്. രണ്ടര വര്‍ഷത്തിനുശേഷം 1986 ജൂണ്‍ 25ന് പ്രഥമ ബാച്ചിനു പ്രവേശനവും നല്കി.
സമന്വയ മത വിദ്യാഭ്യാസമൊരുക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ നേരത്തേയുമുണ്ടായിരുന്നുവെങ്കിലും അവ വിജയം കണ്ടില്ല. നിരന്തര കൂടിയാലോചനകള്‍ക്കുശേഷം ദീര്‍ഘദൃഷ്ടിയോടെ നടപ്പിലാക്കിയ ദാറുല്‍ഹുദ പദ്ധതിയാണ് ഈ മേഖലയില്‍ ആദ്യ ചുവടുറപ്പിച്ചത്. കേവലമൊരു വിദ്യാഭ്യാസ സംവിധാനം, അല്ലെങ്കില്‍ ഇതര മത സ്ഥാപനങ്ങള്ക്കൊരു ബദല്‍ എന്നതായിരുന്നില്ല ദാറുല്‍ഹുദ ശില്പികളുടെ ലക്ഷ്യം.
ഓത്തുപള്ളികളും പള്ളിദര്‍സുകളും അറബിക് -ഇസ്ലാമിക് കോളജുകളും മാത്രം പരിചിതമായിരുന്ന സമൂഹത്തിൽ പലരും പുതിയ സംവിധാനത്തോട് വിമുഖത കാണിച്ചു. ‘സമന്വയം’ പാരമ്പര്യ മതവിദ്യാഭ്യാസ സമ്പ്രദായങ്ങളെ തകർക്കുമെന്ന വിമര്‍ശനം പോലുമുയർന്നു. എന്നാല്‍, നാല് പതിറ്റാണ്ടുകൾക്കിപ്പുറം സമന്വിതമല്ലാത്ത മതസ്ഥാപനങ്ങള്‍ തന്നെ കേരളത്തിൽ ഇല്ലാതായിരിക്കുന്നു.
മതപ്രബോധന-വിദ്യാഭ്യാസ പ്രചാരണ-സാമൂഹിക ശാക്തീകരണ രംഗത്ത് നൂതനവും കാലോചിതവുമായ മാധ്യമങ്ങള്‍ വിനിയോഗിച്ചു പ്രവര്‍ത്തിക്കാന്‍ യോഗ്യരായ പണ്ഡിത സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് ദാറുല്‍ഹുദയുടെ എക്കാലത്തെയും ദൗത്യം.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെയും കീഴ്ഘടകങ്ങളുടെയും ഇടപെടലുകള്‍ സാധ്യമാക്കിയ മത-സാമൂഹികാന്തരീക്ഷം കേരളത്തിനുപുറത്തെ അഗണ്യകോടി മുസ്ലിംകള്ക്കുകൂടി ലഭ്യമാക്കണമെന്ന അതിയായ ആഗ്രഹം സ്ഥാപക നേതാക്കള്‍ക്കുണ്ടായിരുന്നു. അവിടെ സംവേദനത്തിന് ഉര്‍ദുവിലെ പ്രാവീണ്യം അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ആ ഭാഷയെ തുടക്കംതൊട്ടേ സിലബസില്‍ ഉൾപ്പെടുത്തിയത്. ഏഴുവര്‍ഷം പിന്നിട്ടപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലേക്കു വിദ്യാർഥികളെ പ്രബോധന പരിശീലനത്തിനു അയച്ചുതുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാർഥികളെ ദാറുല്ഹുദയിലെത്തിച്ചു പഠിപ്പിക്കാൻ 1999ല്‍ ആരംഭിച്ച നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇസ്ലാമിക് ആന്‍ഡ് കണ്ടംപററി സ്റ്റസീഡ് (എന്‍.ഐ.ഐ.സി.എസ്) കേരളത്തിനു പുറത്തെ വിദ്യാഭ്യാസ ശാക്തീകരണത്തിന് ഏറെ ഗുണകരമായി. മലയാളി വിദ്യാർഥികളും ഉര്‍ദു വിദ്യാർഥികളുമുള്ള ദാറുല്‍ഹുദ കാമ്പസ് ഇരു നാടുകളിലെ സംസ്കാരിക കൈമാറ്റത്തിന്റെ കേന്ദ്രം കൂടിയായി പരിവര്‍ത്തിക്കപ്പെട്ടു.
2009ല്‍ ഇസ്ലാമിക യൂനിവേഴ്സിറ്റിയായി അപ്ഗ്രേഡ് ചെയ്ത ദാറുൽ ഹുദക്ക് ഫെഡറേഷന് ഓഫ് ദ യൂനിവേഴ്സിറ്റീസ് ഓഫ് ദ ഇസ്ലാമിക് വേള്‍ഡ്, ദ ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് എന്നിവയിൽ അംഗത്വവും ഒരു ഡസനിലധികം രാജ്യാന്തര സര്‍വകലാശാലകളുമായി അക്കാദമിക സഹകരണവുമുണ്ട്.
കേരളം, ലക്ഷദ്വീപ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 30 യു.ജി സ്ഥാപനങ്ങള്‍, തിരുവനന്തപുരത്തും കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, അസം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലും ഓഫ് കാമ്പസ് സെന്ററുകള്‍, വനിതാ വിദ്യാഭ്യാസത്തിനായി സഹ്റാവിയ്യ, മഹ്ദിയ്യ കോഴ്സുകള്‍, പ്രായഭേദമന്യേ പൊതുവിദ്യാഭ്യാസത്തിനായി രൂപം നല്കിയ സെന്റര്‍ ഫോര്‍ പബ്ലിക് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് എന്നിവ നടന്നുവരുന്നു. 28 ബാച്ചുകളിലായി 3345 ഹുദവികള്‍ ഇതിനകം കര്മഭൂമിയിലിറങ്ങി. നിലവില്‍ വിവിധ കോഴ്സുകളിലായി 13295 വിദ്യാർഥികള്‍ ദാറുല്‍ഹുദയുടെ പഠിതാക്കളാണ്.
രാജ്യത്തിന്റെ എല്ലായിടങ്ങളിലും ദാറുല്‍ഹുദയുടെ ഗുണ ഫലങ്ങളനുഭവിക്കുന്നവരുണ്ടാകണമെന്നാണ് നമ്മുടെ ആഗ്രഹം. ഹാദിയ എന്ന പൂര്‍വ വിദ്യാർഥി സംഘടനക്കുകീഴില്‍ ഇതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പതിനാറു സംസ്ഥാനങ്ങളിലായി 2689 മക്തബുകളാണ് ഹാദിയക്കുകീഴില് പ്രവര്‍ത്തിക്കുന്നത്. ബിഹാർ കിഷന്‍ഗഞ്ചിലെ ഖുര്‍ത്വുബ ഇന്സ്റ്റിറ്റ്യൂഷനടക്കം മറ്റു വിവിധ പദ്ധതികളും മുന്നേറുന്നു. ഭൂഖണ്ഡങ്ങള്‍ക്കതീതമായി ദാറുല്‍ഹുദയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ആലോചനകളും സജീവമാണ്. ഈയൊരു ലക്ഷ്യം മുന്നില്‍ക്കണ്ട് വിവിധ വിദേശ ഭാഷകള്‍ പഠിക്കാനുള്ള വ്യവസ്ഥാപിത സൗകര്യം ദാറുല്‍ഹുദ ഒരുക്കിയിട്ടുണ്ട്. ഹാദിയക്കു കീഴിലുള്ള റീഡ് ഇസ്ലാമിക സ്കൂളിന്റെ ഓണ്‍ലൈന്‍-ഓഫ് ലൈന്‍ കോഴ്സുകള്‍ വഴി 23ലധികം രാഷ്ട്രങ്ങളിലെ വിദ്യാർഥികള്ക്കാണിപ്പോള് മതവിജ്ഞാനം പകര്ന്നുനല്കുന്നത്.
വിദേശ വിദ്യാർഥികള്‍ക്കുകൂടി പ്രവേശനം നല്കുന്ന തരത്തില്‍ രാജ്യത്തിനുപുറത്ത് ഒരു അന്താരാഷ്ട്ര കാമ്പസ്, ഒരു സമ്പൂര്‍ണ ഓണ്‍ലൈന്‍ ഇസ്ലാമിക് സര്‍വകലാശാല എന്നിവ ആലോചനയിലുണ്ട്. ദാറുല്ഹുദക്കു ബീജാവാപം നല്കിയ സുന്നി മഹല്ല് ഫെഡറേഷനെ വ്യവസ്ഥാപിതമായി കേരളത്തിനുപുറത്ത് പരിചയപ്പെടുത്താനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നു.
40 വര്‍ഷം മുമ്പ് ദാറുല്‍ഹുദ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ പലരും സംശയഗ്രസ്തരായിരുന്നു. നടപ്പു മാതൃകകള്‍ക്ക് വിഭിന്നമായി സജ്ജീകരിച്ച ഒരു സംവിധാനം പ്രായോഗികതക്കുമുന്നില് കാലിടറുമോ എന്നതായിരുന്നു അവരുടെ സംശയം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ട് കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാര് പ്രാർഥന നടത്തി പ്രയാണമാരംഭിച്ച ദാറുല്‍ഹുദ സര്‍വശക്തന്റെ അനുഗ്രഹത്താല്‍ ഒരു പ്രസ്ഥാനമായി അതിദ്രുതം സഞ്ചരിക്കുകയാണ്. വിമര്‍ശകരേക്കാള്‍ പിന്തുണയും പ്രോത്സാഹനവും നല്കുന്ന ഗുണകാംക്ഷികളുടെ വലിയൊരു വിഭാഗം എന്നും കൂടെയുണ്ട് എന്നതാണ് ആത്മധൈര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
