Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദക്ഷിണ കേരള...

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എഴുപതിന്റെ നിറവിൽ

text_fields
bookmark_border
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എഴുപതിന്റെ നിറവിൽ
cancel

കാലം കാത്തുവെച്ച വിസ്മയകരമായ ഒരു വൈജ്ഞാനിക വിപ്ലവത്തിന്റെ എഴുപതാം വർഷമാണിത്​. ആത്മീയതയുടെയും അറിവിന്റെയും തൂലിക കൊണ്ട് കേരളീയ മുസ്‌ലിം ചരിത്രത്തിൽ സുവർണാധ്യായങ്ങൾ രചിച്ച ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ഇന്ന് സപ്തതിയുടെ പ്രൗഢിയിൽ നിൽക്കുമ്പോൾ അത് കേവലം സംഘടനയുടെ ഒരു ആഘോഷമല്ല മറിച്ച് വർത്തമാനകാലത്തെ കലുഷിതസാഹചര്യങ്ങളിൽ മുസ്​ലിംസമൂഹത്തിന് ദിശാബോധം നൽകുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ കരുത്തുറ്റ സാന്നിധ്യമാണ്. 1955 ജൂൺ 26-ന് കൊല്ലം ജോനകപ്പുറത്തെ കൊച്ചുപള്ളിയിൽ പണ്ഡിതശ്രേഷ്ഠർ തെളിയിച്ച ആ ദീപം ഇന്ന് കേരളക്കരയിലും കടൽ കടന്നും ആയിരക്കണക്കിന് വിശ്വാസികൾക്ക് തണലായി മാറിയിരിക്കുന്നു.

"ഉറച്ച ആദർശം; ഒരുമയുള്ള ഉമ്മത്ത്" എന്നതാണ്​ സപ്തതി വാർഷികത്തിന്‍റെ പ്രമേയം. ആദർശപരമായ വ്യക്തതയില്ലാത്ത ഐക്യം വെറും വൈകാരികമായ ഒത്തുചേരൽ മാത്രമാണ്. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാരമ്പര്യ വഴിയിലൂടെ സഞ്ചരിക്കുന്ന ദക്ഷിണ കേരള ജംയ്യത്തുൽ ഉലമ എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ളത് ഈ തനിമയാണ്. ആദർശത്തിൽ കാർക്കശ്യവും പെരുമാറ്റത്തിൽ ആർദ്രതയും പുലർത്തുന്ന മധ്യമ നിലപാട് കൊണ്ടാണ് എഴുപത് വർഷം ‘ദക്ഷിണ’ ജനഹൃദയങ്ങളെ കീഴടക്കിയത്. ആശയപരമായ വൈവിധ്യങ്ങളെ കലഹങ്ങളിലേക്ക് നയിക്കാതെ, പാരമ്പര്യ പണ്ഡിത ശിക്ഷണത്തിലൂടെ വിശ്വാസികളെ ഒരു ചരടിൽ കോർക്കാൻ സാധിച്ചു. ഈ ഐക്യമാണ് മുസ്ലിം സമുദാ​യത്തെ ഇന്ന് അഭിമുഖീകരിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ വെല്ലുവിളികളെ നേരിടാൻ സജ്ജമാക്കുന്നത്. സമുദായം നേരിടുന്ന ആന്തരികവും ബാഹ്യവുമായ വെല്ലുവിളികൾക്ക് പണ്ഡിത നേതൃത്വത്തിലൂടെ പരിഹാരം കാണുകയാണ്​ ജംഇയ്യത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം.

​പി.കെ. യൂനുസ് മൗലവിയുടെ നേതൃത്വത്തിൽ പിറവിയെടുത്ത ഈ പണ്ഡിതസഭയെ വടവൃക്ഷമായി വളർത്തിയത് പരേതനായ എം. ശിഹാബുദ്ദീൻ മൗലവി എന്ന അജയ്യ നായകനാണ്. നീണ്ട 35 വർഷം അദ്ദേഹം പ്രസ്ഥാനത്തിന് നൽകിയ ഊർജമാണ് തെക്കൻ കേരളത്തിലെ മത വൈജ്ഞാനിക മേഖലയെ ഇത്രത്തോളം സുശക്തമാക്കിയത്. അദ്ദേഹത്തിന് ശേഷം പരേതരായ ശൈഖുനാ വടുതല ഉസ്താദ്, ചേലക്കുളം ഉസ്താദ് , കെ പി അബൂബക്കർ ഹസ്റത്ത് തുടങ്ങിയ കർമയോഗികളായ പണ്ഡിതർ പ്രസ്ഥാനത്തെ നയിച്ചു. ഇന്ന് അബൂ ത്വൽഹ ഒ. അബ്ദുറഹ്മാൻ ഹസ്രത്തിന്റെയും ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെയും കരുത്തുറ്റ നേതൃത്വത്തിൽ സംഘടന പുതിയ ചക്രവാളങ്ങൾ തേടുകയാണ്. ദക്ഷിണകേരള ഇസ്​ലാം മതവിദ്യാഭ്യാസ ബോർഡ് (DKIMVB) വഴി നടത്തുന്ന അറിവിന്‍റെ പ്രസാരണം മുതൽ മന്നാനിയ്യ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വരെയുള്ള സംവിധാനങ്ങൾ മുസ്​ലിംകളുടെ സാംസ്കാരിക ഭദ്രത ഉറപ്പാക്കുന്നു. മദ്‌റസാ സിലബസുകൾ പരിഷ്കരിച്ചും ആധുനിക സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയും ജംഇയ്യത്ത് നടത്തുന്ന വിദ്യാഭ്യാസ വിപ്ലവം വരുംതലമുറക്ക് ദിശാബോധം നൽകി പടുത്തുയർത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.

മാതൃസംഘടനയുടെ വിശ്വസ്തമായ പോഷക ഘടകമെന്ന നിലയിൽ ആദർശ വസന്തമായി ദക്ഷിണ കേരള ഇസ്​ലാമിക്​ കൾചറൽ സെന്‍റർ പ്രവാസ ലോകത്ത് വലിയൊരു മാറ്റത്തിന് നേതൃത്വം നൽകി വരികയാണ്. മണലാരണ്യത്തിലെ തിരക്കുപിടിച്ച ജീവിതങ്ങൾക്കിടയിൽ ആത്മീയമായ ശൂന്യത അനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് കൃത്യമായ മതശിക്ഷണവും ആത്മവിശ്വാസവും നൽകാൻ ഡി.കെ.ഐ.സി.സി ശ്രമിച്ചു വരുന്നു. യു.എ.ഇ അടക്കമുള്ള ഗൾഫ് നാടുകളിൽ എല്ലാ എമിറേറ്റുകളിലും കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് സുശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുത്തു. നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങളും മദ്‌റസകളും വിജ്ഞാന സദസ്സുകളും പ്രവാസ മണ്ണിൽ ഉമ്മത്തിന്റെ ഐക്യത്തിന് വലിയ കരുത്താണ് പകരുന്നത്.

​നാട്ടിലെ മഹല്ലുകളെ ശാക്തീകരിക്കുന്ന കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ (KMJF), യുവശക്തിയായ കെ.എം.വൈ.എഫ്​, വിദ്യാർഥി വിഭാഗമായ ഡി.കെ.ഐ.എസ്.എഫ്​, അധ്യാപകരുടെ കരുത്തായ ലജ്‌നത്തുൽ മുഅല്ലിമീൻ, ഡി.കെ.ഐ.സി.സി എന്നീ സംഘടനകൾ ചേർന്ന് നിൽക്കുമ്പോൾ ദക്ഷിണയുടെ സപ്തതി ഒരു വിശ്വമഹാസംഗമമായി മാറുകയാണ്. ഇതിൽ ഡി.കെ.ഐ.സി.സിയുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

പുതിയ കാലത്തെ ലിബറൽ ചിന്താഗതികളും ധാർമ്മികച്യുതികളും യുവതലമുറയെ വേട്ടയാടുമ്പോൾ അവരെ ആത്മീയമായി സംരക്ഷിക്കുക പണ്ഡിതസംഘടനയുടെ ചരിത്രപരമായ ബാധ്യതയാണ്. ഭിന്നിപ്പിന്റെ സ്വരങ്ങൾക്കിടയിൽ ഐക്യത്തിന്റെ സന്ദേശവും, ആശയക്കുഴപ്പങ്ങൾക്കിടയിൽ പാരമ്പര്യത്തിന്റെ വെളിച്ചവുമാണ് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ പകരുന്നത്. പണ്ഡിതസഭയുടെ ചൈതന്യവും പാരമ്പര്യത്തിന്‍റെ സുഗന്ധവും വരുംതലമുറകൾക്കും കൈമാറാൻ ഈ സപ്തതി നിറവിൽ പ്രതിജ്ഞ പുതുക്കുന്നു.

(ദക്ഷിണകേരള ഇസ്​ലാമിക്​ കൾചറൽ സെന്‍റർ ഗ്ലോബൽ പ്രസിഡൻ്റാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dakshina Kerala Jamiyyathul UlamaKollam
News Summary - Dakshina Kerala jamiyyathul Ulama turns 70
Next Story