
ഉള്ളത് ആദ്യമേ പറയാം: 50നും മേലെയാണ് എനിക്ക് പ്രായം. തൂക്കം 120 കിലോക്കു മുകളിൽ. വ്യായാമമെന്നു വിളിക്കാൻ വല്ലതുമുണ്ടെങ്കിൽ ഒരു കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് പിന്നെ കുപ്പി നന്നായി കുലുക്കി രണ്ടിലെയും അവസാനതുള്ളിവരെ ഊറ്റിയെടുക്കാൻ കാണിക്കുന്ന പെടാപാട് മാത്രം. ശരീരം അനങ്ങുന്നത് ഇഷ്ടമേയല്ല, കാലുകൊണ്ട് പ്രത്യേകിച്ചും.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു പ്രശ്നം. ബെൻറിങ്ക് സ്ട്രീറ്റിലെ ഓഫിസിലെത്തണം. ഡോവർ റോഡിലെ വീട്ടിൽനിന്ന് ബാലിഗഞ്ച് സർക്കുലാർ റോഡ് വഴി ആറു കിലോമീറ്റർ യാത്ര. മറ്റു ദിനങ്ങളിലായിരുന്നുവെങ്കിൽ എന്നെ പോലുള്ളവർക്കുപോലും ഒട്ടും പ്രയാസമാകേണ്ടതല്ല. കണക്കുകൂട്ടിയപോലെ കാറോ മെട്രോയോ ലഭിക്കണം. വഴിമുടക്കി റാലികളോ പരിപാടികളോ ഉണ്ടാകരുത്, അത്രമാത്രം.
വ്യാഴാഴ്ച പക്ഷേ, എന്നത്തേയും പോലെയാകില്ലെന്ന് ബുധനാഴ്ച വൈകുന്നേരം തന്നെ വ്യക്തമായിരുന്നു. കൊൽക്കത്ത നഗരത്തിൽ അംപൻ തകർത്തുവീശിയ അന്ന് രാത്രി ജോലി കഴിഞ്ഞ് വീടണയുന്നത് ഒരു ദിവസം കഴിഞ്ഞ് വ്യാഴാഴ്ച രാവിലെ 10ന്. ഓഫിസിൽ ചെലവിടേണ്ടിവന്നത് നീണ്ട 22 മണിക്കൂർ. അവസാന ഒരു മൈൽ ദൂരം പിന്നിട്ടത് വഴിനിറയെ വീണുകിടക്കുന്ന മരങ്ങൾ താണ്ടി.
ഇരുവശങ്ങളിലും മരങ്ങൾ അതിരിട്ട ബാലിഗഞ്ച് സർകുലാർ റോഡിൽ ചുഴലിക്കാറ്റ് എളുപ്പം അപകടം വിതക്കുമെന്നതിനാൽ പകരം പാർക് സർക്കസ് ചുറ്റിയായിരുന്നു മടക്കം. ഉച്ചകഴിഞ്ഞ് 3.30 ഓടെ എെൻറ ഫോൺ സ്വിച്ച് ഒാഫായി. ഓഫിസുമായി ബന്ധപ്പെടാൻ വഴിയൊന്നുമില്ല. എന്നാലും, ഡെഡ്ലൈൻ കാക്കുന്ന പണിയായതിനാൽ സമയത്ത് ഓഫിസിലെത്താതെ വയ്യ. ചലനം ഇഷ്ടമല്ലെങ്കിലും കാലുകൊണ്ട് ചിന്തിക്കുന്ന ശീലം എനിക്ക് നേരത്തെയുള്ളതാണ്, സഹപ്രവർത്തകർക്കും. അവസാനം അതുതന്നെ ചെയ്യേണ്ടിവന്നു. ഏഴുകിലോമീറ്റർ ദൂരം നടത്തം. അകത്തുള്ളവരുടെ അടക്കിച്ചിരി തത്കാലം മറന്ന്, മകെൻറ വാട്ടർ പ്രൂഫ് ഷൂ വായ്പകൊണ്ട് വീട്ടിൽനിന്നിറങ്ങി. ഭാരം താങ്ങാനാവാതെ ഷൂവിെൻറ സോൾ അപ്പോഴേ പൊട്ടി.
അതുപേക്ഷിച്ച് വെള്ളം നീന്താൻ പറ്റിയ ചെരിപ്പ് അണിഞ്ഞു. വലിയ ദൗത്യത്തിലെ ബോംബർവിമാനം പോലെ ബാക്പാക് അവിടെയിട്ടായിരുന്നു പുറപ്പാട്. വെള്ളക്കുപ്പിപോലും എടുത്തില്ല. ഓരോ തുള്ളി വെള്ളത്തിനുമുണ്ടാകും ഭാരം. ഗെയ്റ്റ് കടന്ന് പുറത്തെത്തിയപ്പോഴറിഞ്ഞു, വെള്ളം അൽപം ഇറങ്ങിയിട്ടുണ്ട്. റോഡരികുകൾ കാണാം. പുറത്തിറങ്ങി 25 അടി വെച്ചുകാണും, ചെരിപ്പിെൻറ വാർ കാലിൽ ഒട്ടിപ്പിടിച്ചു. തിരിച്ചുനടന്നു. തുടക്കത്തിലേ ദൗത്യം പാളി.
കോണിപ്പടികൾ കയറി വീടിെൻറ മുകളിൽചെന്ന് ൈനക് ട്രെയിനർ ഷൂ അണിഞ്ഞു. ഭാര്യകൂടി സഹായിച്ചായിരുന്നു എടുത്തിട്ടത്. സമയം കൃത്യം നാലു മണി. പുറത്തിറങ്ങാൻ നോക്കുേമ്പാൾ പിന്നെയും പ്രശ്നം. അയൽവാസി സ്വന്തം കാറെടുത്ത് റോഡിൽ വെള്ളക്കെട്ടില്ലാത്ത ഇടത്തുതന്നെ വെച്ചിട്ടുണ്ട്. അതോടെ, ഷൂനനയാതെ വഴിനടക്കാമെന്ന മോഹം സ്വാഹ.
ചിലന്തിവല കെട്ടിയ പഴയ എൻ.സി.സി ക്യാമ്പുകാല ഓർമകളിലെ ഒരു വലിയ കാര്യം ഓടിയെത്തി. എന്തുവന്നാലും, സോക്സ് നനയാതെ കാക്കണം. നനഞ്ഞ ഷൂ ദുരന്തത്തിെൻറ കുറിപ്പടിയാണ്. സ്വന്തം ആയുധപ്പെട്ടി നനയാതിരിക്കാൻ കാണിക്കുന്ന ജാഗ്രത സോക്സ് നനയാതിരിക്കാൻ കാണിക്കുന്ന സൈനികർവരെയുള്ളതാണ്. അയൽവാസിയെ വിളിച്ച് വാഹനം ഇത്തിരി നീക്കിയിടാനാവശ്യപ്പെട്ടു. മതിലിനും വാഹനത്തിനുമിടയിലെ ഇടുക്കംകടന്ന് സോക്സ് നനയാതെ പ്രധാന റോഡിലെത്തണം. അയൽവാസിക്ക് ഹായ് പറഞ്ഞ് നീങ്ങുേമ്പാൾ അയാൾ പറഞ്ഞ പോലെ തോന്നി: ‘‘എങ്ങോട്ടാണാവോ? ഏറെ പോകാനാവുമെന്ന് തോന്നുന്നില്ല. ബാലിഗഞ്ച് സർകുലാർ റോഡ് മൊത്തം േബ്ലാക്കാണല്ലോ’’. വാഹനമേറിയുള്ള യാത്രയെ കുറിച്ചാകണം അയാൾ പറഞ്ഞതെന്നു സമാശ്വസിച്ചു. 125 കിലോ തൂക്കമുള്ള ഒരാളെ കൊണ്ടാവും വിധം തന്നെയുമെടുത്ത് നടന്നുനീങ്ങി.
കൊൽക്കത്തയിൽ എെൻറ ഇഷ്ട ഇടങ്ങളിലൊന്നായ ബാലിഗഞ്ച് സർകുലാർ റോഡ് എത്തിയപ്പോഴറിഞ്ഞു, കാര്യങ്ങൾ കൈവിട്ടുപോയിട്ടുണ്ട്. വെളിച്ചമോ അതില്ലായ്മയോ കണ്ടാൽ ചിലതു വരാനിരിക്കുന്നുവെന്ന് ആർക്കും മനസ്സിലാക്കാം. ശബ്ദം അതുകഴിഞ്ഞാണ്. അസ്വസ്ഥമാക്കുന്നതാണ് അതു രണ്ടും ഇന്ന്. വിശാലമായ നിരത്തിലെങ്ങും ഇരുട്ട് വീണുകിടക്കുന്നു. കനത്ത ശാന്തതയും. ഇലപോലും ഇളകാത്ത നിശ്ശബ്ദത. കാറ്റടങ്ങിയിട്ടുണ്ട്. ഘടനാബദ്ധമായ ഒന്നിലും വിശ്വാസമില്ലാത്ത ഏതോ ശിൽപി തുന്നിക്കൂട്ടിയ പച്ചപ്പ് മൂടിയ ഗുഹാമുഖം പോലെ. വീണുകിടക്കുന്ന മരങ്ങളിൽനിന്ന്- അതിെൻറ കൂറ്റൻ ശിഖരങ്ങൾക്കു മുന്നിൽ എെൻറ വലിയ വയറ് ഒന്നുമല്ല- അടർന്ന ഇലകൾ ഒന്നായി കൂടിക്കിടക്കുന്നു.
ദൂരെനിന്നു നോക്കുേമ്പാൾ ഒരു ഭീമൻ ഹരിത ഭിത്തിപോലുണ്ട്. പേടിപ്പെടുത്തുന്ന, കടന്നുപോകാനാവാത്ത രൂപം. ഒറ്റപ്പെട്ട് ഭയത്തോടെ ഞാൻ നടുവിൽ. ഉള്ളുപിടച്ച് ഒരു ആന്തൽ. മണിക്കൂറിനിടെ രണ്ടാം തവണയും, തിരിച്ചുപോകണോ? പക്ഷേ, മുന്നോട്ടുനീങ്ങി. അവധി ദിനമല്ലാതിരുന്നിട്ടും ബാലിഗഞ്ച് സർക്കുലാർ റോഡിലൂടെ ഒറ്റക്ക് ആധികാരികമായാണ് നടത്തം. ഇടതു ബന്ദിെൻറ സമയത്തുപോലും ഇങ്ങനെ സാധ്യമാകാത്തതാണ്.
മരച്ചില്ലകൾക്കിടയിൽ വിടവുകളുണ്ട്. എപ്പോഴും. പറയാവുന്ന എന്തെങ്കിലും നല്ല കാര്യം കണ്ടുപിടിക്കാനുള്ള ബദ്ധപ്പാടിലാകാം ഞാൻ. ‘ടെൻ കമാൻഡ്മെൻറ്സ്’ പലവട്ടം കണ്ടതുകൊണ്ട് ഒരിക്കലും സംഭവിക്കില്ലെന്ന് കരുതുേമ്പാൾപോലും കടൽ പിളരുമെന്ന് എനിക്ക് ഉറപ്പ്. ഇലകൾക്കും കൊമ്പുകൾക്കുമിടയിലെ വിടവുകളിലൂടെ വേച്ചുവേച്ച് നീങ്ങുകയാണ്. എെൻറ വലിയ ശരീരം കടന്നുകിട്ടാൻ പാകത്തിൽ വിടവുകൾ. നെടുനീളത്തിൽ വീണുകിടക്കുന്ന എണ്ണമറ്റ മരങ്ങൾക്കിടയിൽ വ്യാഴാഴ്ച വൈകുന്നേരം ആ വിടവുകൾ സംഭവിച്ചുകൊേണ്ടയിരുന്നു.
യാത്ര അത്ര എളുപ്പമായിരുന്നുവെന്ന് പറയുന്നില്ല. കൂറ്റൻ മരക്കൊമ്പുകൾ പേടിപ്പെടുത്തുന്നവയായിരുന്നു, നിറയെ വഴുതലും. ചാടിക്കടക്കാൻ പോയിട്ട്, ഉറപ്പിന് കൈവെച്ചാൽപോലും പിടിവിടും. തോളറ്റം മരത്തിൽ തട്ടി നന്നായി വേദനിക്കും. വീണുകിടക്കുന്ന വയറുകൾ ഉണ്ടാക്കാവുന്ന അപകടസാധ്യത വേറെ. ഇത്ര എത്തിയപ്പോഴേക്ക് വിയർപ്പിൽ കുളിച്ചിട്ടുണ്ട്. കൊറോണയെ തുരത്താൻ വെച്ച മാസ്ക് കണ്ണടകൂടി മൂടി ചൂടും പുകയുമായി കാഴ്ച മറയ്ക്കുന്നതു വേറെ. ഈ ഇലത്തുരുത്തിന് നടുവിൽ അൽപനേരം ഞാൻ നിന്നു. നെടുനീളെ ഉയർന്നുനിൽക്കുന്ന രമ്യഹർമ്യങ്ങൾ മുന്നിൽ. എെൻറ ബാഗ് ഒരു മരക്കൊമ്പിൽവെച്ചു. ഇരിക്കാൻ ഒരുങ്ങി. എന്തോ പ്രേരണ എന്നെ തടഞ്ഞു, അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. നടുവൊടിഞ്ഞ് വീണുകിടക്കുന്ന മരക്കൊമ്പിലായിരുന്നു ഇരിക്കാൻ മുതിർന്നത്. അതാകട്ടെ, പൊട്ടി കുന്തം പോലെ മുനകൂർത്തുനിൽക്കുന്ന ഒന്നും. ഇലപ്പടർപ്പിൽ ഞാനത് കണ്ടിരുന്നില്ല.
പഴയ ബൂട്ട് ക്യാമ്പിൽനിന്ന് ബാക്കിവെച്ച രണ്ടാമത്തെ പാഠവും ഉപകാരപ്പെട്ടു. പരമാവധി പരിശീലനം നടത്തുേമ്പാഴും ഒരിത്തിരി ഊർജം ബാക്കിവെക്കണം. കുടുങ്ങുേമ്പാൾ പ്രയോജനെപ്പടും. തളർന്നുപോയാൽ ഏകാഗ്രത നഷ്ടമാകും. തെറ്റുവരുത്തും- ഗുരുതരമാകും ചിലപ്പോൾ തെറ്റുകൾ. സർപ്പങ്ങൾ കണക്കെ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വയറുകൾ അപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. പലതും ടെലിവിഷൻ, നെറ്റ് കണക്റ്റിവിറ്റി കാബിളുകളാണ്. ചിലതെങ്കിലും ൈവദ്യുതി കമ്പികളാകുമോ? അറിയില്ല. മനസ്സിൽ അത് ആധിയായി പടർന്നു. നിലത്തുവീണും മുട്ടോളം ഉയരത്തിൽ തൂങ്ങിയും ചിലപ്പോൾ തലക്കുമുകളിലും കിടക്കുന്ന വയറുകൾ കടന്ന് എങ്ങനെ സുരക്ഷിതമായി മുന്നോട്ടുപോകും.
വൈകിയാണെങ്കിലും ഒന്നുകൂടി പറയാതെ വയ്യ, ഇടുങ്ങിയ ഇടങ്ങൾ എനിക്ക് ഭയമാണ്. ബാലിഗഞ്ച് സൈനിക ക്യാമ്പിനു മുൻവശത്ത് ഒരു വൻമരം നെടുകെ വീണുകിടക്കുന്നു. അവിടെയും ഞാൻ വഴികണ്ടെത്തി. പതിയെ അരമിടുക്കനായ ഒരു പ്രഫഷനലിെൻറ ആത്മബോധം ഉള്ളിൽ ഉണർന്നുതുടങ്ങിയിരുന്നു. പക്ഷേ, പ്രശ്നം വേറെയുമുണ്ട്. വിടവ് വളരെ ചെറുതാണ്, തുരങ്കം പോലെ തോന്നിച്ച അതിെൻറ അറ്റം നേർത്തുവരുന്നു. ഒടുവിൽ, എല്ലാമടച്ച് വലിയ ശിഖരങ്ങളും.
എെൻറ ബാഗ് ഊരിമാറ്റാതെ ഇനി മുന്നോട്ടുപോകാനാകില്ല. നല്ല ബാഗാണ്. പക്ഷേ, കുനിയണം. അപ്പോൾ, തലയുടെ പിൻവശം ഇലകളിൽ മുട്ടും. ഉള്ളിൽ ഭീതി വീണ്ടും കനത്തു. യാത്ര നിർത്തി തിരിച്ചോടിയാലോ? തിരിച്ചുപോക്കും നടക്കില്ല. അത്രക്ക് ഇടുങ്ങിയ വഴി കടന്നാണ് ഇതുവരെ എത്തിയത്. ഇനി മുന്നോട്ടല്ലാതെ വഴിയില്ല. പേടിച്ചുവിറച്ച്, വിയർത്തുകുളിച്ച് അവസാനത്തിലെത്തുേമ്പാഴാണ് പഴയ ചൊല്ലിെൻറ -തുരങ്കത്തിെൻറ അവസാനം വെളിച്ചം- അർഥവ്യാപ്തി അറിഞ്ഞത്.
നഷ്ടങ്ങളുണ്ടായില്ലെന്നല്ല. ഭയംമൂത്ത് ഒരിക്കൽ ഞാൻ കാൽവെച്ചത് വലിയ കുഴിയിൽ. എെൻറ ഷൂവും സോക്സും കുതിർന്നുപോയി. ചെറിയ ചൂട് ഉള്ളിൽ തട്ടിയപ്പോൾ ആശ്വാസം തോന്നി. പക്ഷേ, നനഞ്ഞ സോക്സിട്ട് നടത്തം അത്രയെളുപ്പമല്ലെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു.വീണ മരങ്ങളുടെ വലിപ്പം കുറഞ്ഞുവന്നു. ല മാർട്ടിനിയർ ഫോർ ഗേൾസിെൻറ മുന്നിലെ ഒന്നുമാത്രം നല്ല വലിപ്പമുണ്ടായിരുന്നു. കഷ്ടപ്പെട്ട് ഞാൻ പാർക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി.
അപ്പോഴേക്ക് എെൻറ മേദസ്സ് നിറഞ്ഞ ശരീരം മുന്നറിയിപ്പ് നൽകാൻ തുടങ്ങി. ശ്വാസം നേരെ വീഴാൻ പ്രയാസം. കാലുകൾക്കും കൈകൾക്കും ഭാരക്കൂടുതൽ. ഇനിയും നടക്കണോ?
ഇനിയാണ് മൂന്നാം പാഠം. നിെൻറ ശരീരം ഒരു ഷോബോട്ടല്ല. നഷ്ടം കുറച്ച് ജോലി പൂർത്തിയാക്കുന്നതിലാണ് മിടുക്ക്. സ്വന്തം പരിധിയിലെ പരമാവധി വിഭവങ്ങൾ വിനിയോഗിക്കുക. പിറകിൽ കാറുകളുടെ ഇരമ്പം കേട്ടുതുടങ്ങി. ഒന്നിൽ കയറിപ്പറ്റാൻ ശ്രമം നടത്തിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ആവശ്യമായ ഊർജമില്ലാത്തത് മാത്രമായിരുന്നില്ല പ്രശ്നം, വിയർപ്പിൽ കുളിച്ച് കഷണ്ടിയായ, താടി നീണ്ട ഒരാളെ ആരു കയറ്റാൻ.
അപ്പോഴാണ് ‘ചാരുകസേര വിപ്ലവക്കാരു’ടെ വജ്രായുധമായ മഞ്ഞവണ്ടി എത്തിയത്. ആദ്യത്തെയാൾതന്നെ എന്നെ കണ്ടുനിർത്തി. ഒറ്റ പ്രശ്നം. എസ്പ്ലനേഡിനപ്പുറത്തേക്ക് പോകാനാകില്ല. ഓഫിസിൽനിന്ന് കല്ലെറിഞ്ഞാലെത്തുന്ന ദൂരം.
നിങ്ങൾ ഇത് വായിച്ചിട്ടുണ്ടെങ്കിൽ ഉറപ്പാണ്, എെൻറ ദൗത്യം വിജയം കണ്ടിരിക്കുന്നു. ഇന്നലത്തെ പത്രം പുറത്തിറങ്ങുന്നതിൽ പങ്കുവഹിക്കാനും എനിക്കായി. നടന്നുകൊണ്ടേയിരിക്കുന്ന കുടിയേറ്റത്തൊഴിലാളികളുെട തോരാകഷ്ടപ്പാടുകൾ സൂചിപ്പിക്കാതെ വയ്യ. പക്ഷേ, അതുമായി എെൻറ ഈ കൊച്ചുയാത്ര തുലനം ചെയ്യുന്നത് വ്യാഴാഴ്ച ഉച്ചക്കു ശേഷം ഞാൻ പഠിച്ച വലിയ പാഠങ്ങളോടു ചെയ്യുന്ന അനീതിയാകും.
●