Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാഠ്യപദ്ധതി പരിഷ്കരണം:...

പാഠ്യപദ്ധതി പരിഷ്കരണം: നെല്ലും പതിരും

text_fields
bookmark_border
പാഠ്യപദ്ധതി പരിഷ്കരണം: നെല്ലും പതിരും
cancel

തുറന്ന മനസ്സോടെയാണ് കേരളസർക്കാർ പാഠ്യപദ്ധതി പരിഷ്കരണത്തിന് തയാറെടുപ്പുകൾ നടത്തിവരുന്നത്. കുട്ടികളുടെ ഭാവിക്ക് ഏറ്റവും ഉചിതമായത് നിശ്ചയിക്കുക എന്ന സമീപനമാണ് സർക്കാറിന്. പന്ത്രണ്ടാം ക്ലാസുവരെ സ്കൂൾ പ്രായത്തിലുള്ള കേരളത്തിലെ 64.23 ലക്ഷം കുട്ടികളിൽ 46.29 ലക്ഷം കുട്ടികൾ (72.06 ശതമാനം) പഠിക്കുന്ന പൊതുവിദ്യാലയങ്ങളിലാണ് സമഗ്ര പരിഷ്കരണം നടപ്പിലാക്കുക.

കേന്ദ്രസർക്കാർ 2020ൽ പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയായി സംസ്ഥാനങ്ങളോട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീസ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേഖലകളിലായി സംസ്ഥാനം പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതുണ്ട്. ജനകീയസംവാദങ്ങളിലൂടെ 2007ൽ തയാറാക്കിയ പാഠ്യപദ്ധതിയാണ് ഇപ്പോഴും പിന്തുടരുന്നത്. 2013ൽ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു.

കഴിഞ്ഞ 10 വർഷമായി വൈജ്ഞാനിക മേഖലയിലും സാങ്കേതികരംഗത്തും ബോധനശാസ്ത്രരംഗത്തുമുണ്ടായ മാറ്റങ്ങളെ നമ്മുടെ പാഠ്യപദ്ധതി ഉൾക്കൊള്ളുന്നില്ല എന്നതാണ് പരിഷ്കരണം അനിവാര്യമാക്കുന്നത്. തൊഴിൽ വിദ്യാഭ്യാസത്തെ സ്കൂൾ പാഠ്യപദ്ധതിയുമായി ശാസ്ത്രീയമായി ഉൾച്ചേർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ക്ലാസ് മുറികളെല്ലാം സാങ്കേതികവിദ്യാ സൗഹൃദമായെങ്കിലും ആധുനിക സാങ്കേതികവിദ്യ അനിവാര്യമായതരത്തിലല്ല പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിലുള്ളത്.

കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും പ്രകൃതിദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നകാര്യവും സ്കൂൾ ഘട്ടത്തിൽ കുട്ടികൾ അറിയേണ്ടതുണ്ട്. സാമൂഹികമായി സ്വീകരിക്കപ്പെട്ട വിജ്ഞാനസമൂഹത്തെ സൃഷ്ടിക്കൽ, പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തൽ എന്നിവക്ക് അനുസൃതമായും സ്കൂൾ പാഠ്യപദ്ധതിയെ പരിവർത്തിപ്പിക്കേണ്ടതുണ്ട്. ഇത്തരമൊരു സന്ദർഭത്തിൽ നടക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിൽ സമൂഹത്തിലെ എല്ലാ തുറകളിൽനിന്നുള്ളവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ജനകീയമായ പാഠ്യപദ്ധതി രൂപവത്കരണത്തെ സഹായിക്കും.

കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ വസ്തുനിഷ്ഠമായി പരിശോധിക്കാൻ വിവാദങ്ങൾക്കൊപ്പം നീങ്ങുന്നവർ തയാറാകണം. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപവത്കരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. കേരളത്തെപ്പോലെ വിദ്യാസമ്പന്നമായ ഒരുസമൂഹത്തിൽ പാഠ്യപദ്ധതി തയാറാക്കുന്നതിന് ആധാരമായ നിലപാട് രേഖകൾ തയാറാക്കുന്നതിലും ജനങ്ങളുടെ അഭിപ്രായം ഉണ്ടാകണമെന്നാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

ജനകീയചർച്ചക്കാവശ്യമായ കുറിപ്പുകൾ തയാറാക്കുന്നതിന് പാഠ്യപദ്ധതി പരിഷ്കരണത്തിന് ചുമതലയുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി തയാറാക്കിയ ജനകീയ ചർച്ചക്കാവശ്യമായ കരടുരേഖ പാഠ്യപദ്ധതി കോർ കമ്മിറ്റി മുമ്പാകെ മെച്ചപ്പെടുത്തുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി സമർപ്പിച്ചു. വ്യത്യസ്ത സംഘടനകൾ ഉൾപ്പെടുന്ന കോർ കമ്മിറ്റി അംഗീകരിച്ച ചർച്ചാക്കുറിപ്പുകളാണ് ജനകീയ ചർച്ചക്കായി പൊതുസമൂഹത്തിൽ നൽകിയത്.

പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വം നൽകാൻ 26 മേഖലകളുടെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പുകൾ നിശ്ചയിച്ചു. അതത് വിഷയത്തിന്റെ വിദഗ്ധർ, സർവകലാശാലകളിലെ പ്രഫസർമാർ, വിദ്യാഭ്യാസ വിദഗ്ധർ, കോളജ്, സ്കൂൾ അധ്യാപകർ, സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസതല്പരരായ വ്യക്തികൾ എന്നിവരെയാണ് ഈ ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തിയത്.

വിദ്യാഭ്യാസത്തിന്റെ ദർശനം, ശൈശവകാല പരിചരണവും വികാസവും, പാഠ്യപദ്ധതിയും ബോധനശാസ്ത്രവും, ഇന്ത്യയെക്കുറിച്ചുള്ള അറിവ്, മൂല്യവിദ്യാഭ്യാസം, ഉൾച്ചേർന്ന വിദ്യാഭ്യാസം, ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, രക്ഷാകർതൃ വിദ്യാഭ്യാസം, വിവിധ വിഷയങ്ങളുടെ ഫോക്കസ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള 26 മേഖലകളെക്കുറിച്ചുള്ള ചർച്ചാക്കുറിപ്പുകൾക്ക് ഫോക്കസ് ഗ്രൂപ്പുകളാണ് അന്തിമരൂപം നൽകിയത്.

ജനകീയചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി റിസോഴ്സ് അധ്യാപകർക്ക് വിവിധ തലങ്ങളിൽ വിപുലമായ പരിശീലനപരിപാടികൾ നടത്തി. ഇവരുടെയും പരിശീലനം ലഭിച്ച സമഗ്രശിക്ഷയിലെ അധ്യാപകരുടെയും നേതൃത്വത്തിലാണ് ചർച്ച നടന്നത്. ജനകീയ ചർച്ചകളിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ അതേപടി രേഖപ്പെടുത്താനാണ് നിർദേശം നൽകിയത്. ഗ്രൂപ്പടിസ്ഥാനത്തിൽ സ്കൂൾതലത്തിൽ നടന്ന ചർച്ചകളെ 26 ഫോക്കസ് മേഖലകളായി സ്കൂളുകൾ ക്രോഡീകരിച്ചു.

ഇങ്ങനെ ക്രോഡീകരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി സ്കൂൾതല ജനകീയ ചർച്ചയുടെ റിപ്പോർട്ട് തയാറാക്കി. സ്കൂൾതലത്തിൽ നടന്ന ജനകീയ ചർച്ചകൾക്കുശേഷം പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ തലങ്ങളിലുള്ള ജനകീയചർച്ചകൾ നടന്നു. അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും നടന്ന ചർച്ചകൾ ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. അവിടെയെത്തിയ ആളുകൾക്ക് പറയാനുള്ള അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം നൽകി.

വ്യത്യസ്ത വിദ്യാലയങ്ങളുടെ അഭിപ്രായങ്ങളും പഞ്ചായത്ത്തലത്തിൽ നടന്ന ചർച്ചകളും കൂട്ടിച്ചേർത്തുകൊണ്ട് 26 ഫോക്കസ് മേഖലകളിലായി പാഠ്യപദ്ധതി ജനകീയചർച്ചയുടെ പഞ്ചായത്ത്തല ക്രോഡീകരണ റിപ്പോർട്ട് തയാറാക്കി.തുടർന്ന് ബ്ലോക്ക്, ജില്ലതലങ്ങളിൽ പാഠ്യപദ്ധതി ജനകീയചർച്ചക്കുള്ള കുറിപ്പുകൾ ചർച്ചചെയ്തു.പാഠ്യപദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളോട് അഭിപ്രായമാരാഞ്ഞുകൊണ്ടാണ് പാഠ്യപദ്ധതി പരിഷ്കരണം പുരോഗമിക്കുന്നത്. കുട്ടികളുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കാനാണ് സർക്കാർതീരുമാനം.

കുട്ടികളുടെ നിർദേശങ്ങൾകൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിനുതന്നെ മാതൃകയാവും. വിദ്യാലയങ്ങളിൽ ക്രോഡീകരിച്ച കുട്ടികളുടെ അഭിപ്രായങ്ങൾ ബ്ലോക്കിന് കൈമാറും. ഇവ ബ്ലോക്ക് അടിസ്ഥാനത്തിൽ വീണ്ടും വിവിധ മേഖലകളായി ക്രോഡീകരിക്കും. തുടർന്ന് എസ്.സി.ഇ.ആർ.ടിക്ക് കൈമാറും. ക്രോഡീകരിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ആഴത്തിൽ പരിശോധിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിലും പാഠപുസ്തക രൂപവത്കരണത്തിലും പ്രയോജനപ്പെടുത്തും.

ഇത്തരം ജനകീയചർച്ചകളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത നിരവധി പേരുണ്ടാകുമെന്നറിയാം. അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നതിന് വേണ്ടിയാണ് ടെക് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ഏത് കോണിൽനിന്നും ഏതൊരാൾക്കും വ്യക്തിഗതമായി കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള അവസരമാണ് തുറന്നുകൊടുത്തിരിക്കുന്നത്.

പരിഷ്കരണത്തിന് ആധാരമായ 26 ഫോക്കസ് ഗ്രൂപ്പുകളുടെ നിലപാട് രേഖകൾ തയാറാക്കുന്നതിന് നേതൃത്വം നൽകുന്നത് അക്കാദമികവിദഗ്ധർ ഉൾപ്പെടുന്ന ഫോക്കസ് ഗ്രൂപ്പുകളാണ്. ഫോക്കസ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ജനകീയചർച്ചകൾക്കൊപ്പം തന്നെ വ്യത്യസ്തങ്ങളായ സെമിനാറുകൾ, ചർച്ചകൾ, പഠനങ്ങൾ, സാമൂഹിക- സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകരുമായുള്ള അഭിമുഖങ്ങൾ, വിവിധ രാജ്യങ്ങളിലെ പാഠ്യപദ്ധതികളുടെ പരിശോധന എന്നിങ്ങനെ വിപുലമായ പഠനപരിപാടികൾ നടന്നുവരുന്നു.

ജനകീയചർച്ചകളുടെയും ഫോക്കസ് ഗ്രൂപ് പഠനങ്ങളുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന വ്യത്യസ്ത വിഷയങ്ങളുടെ നിലപാട് രേഖകളിലെ പ്രധാന ശിപാർശകൾ ഉൾപ്പെടുത്തിയാണ് കരട് പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കുന്നത്. സ്കൂൾ, പ്രീ സ്കൂൾ, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേഖലകളിലായി തയാറാക്കുന്ന കരട് പാഠ്യപദ്ധതി ചട്ടക്കൂടുകളും വ്യത്യസ്തതലങ്ങളിൽ ചർച്ച ചെയ്തശേഷം നവകേരള സൃഷ്ടിക്കായുള്ള പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപവത്കരിക്കും.

തുടർന്ന് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ അടിസ്ഥാനത്തിൽ സിലബസ് ഗ്രിഡ് ഉണ്ടാക്കും. പാഠ്യപദ്ധതി സമീപനരേഖ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ അക്കാദമിക വിദഗ്ധർ പരിശോധിച്ചാണ് സിലബസിന് അന്തിമരൂപം നൽകുക. സിലബസിനെ അടിസ്ഥാനപ്പെടുത്തി പാഠപുസ്തകങ്ങൾ രചിക്കും.പൊതുസമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കുന്നതിന് തയാറാക്കിയ ചർച്ചാക്കുറിപ്പുകൾ അടങ്ങിയ കൈപ്പുസ്തകത്തിലെ സ്കൂൾ സമയമാറ്റം, ജൻഡർ എജുക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സർക്കാർനയമായും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്.

എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാണ് കേരളസർക്കാർ ശ്രമിക്കുന്നത്. വിവാദങ്ങളെ സർക്കാർ ഭയക്കുന്നില്ല. സംവാദങ്ങൾക്ക് അവസരം ഒരുക്കുന്നതിൽ ഒരു മടിയുമില്ല. സംവാദങ്ങളും ചർച്ചകളും കേരളത്തിന് അനുകൂലമായ പാഠ്യപദ്ധതി രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ മാത്രമാണെങ്കിൽ ആവശ്യമായ എല്ലാ അവസരങ്ങളും സർക്കാർ ഒരുക്കും, സംശയം വേണ്ട. മികച്ച ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിനുള്ള ചരിത്രദൗത്യത്തിൽ നമുക്ക് കൂട്ടായി അണിചേരാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V ShivankuttyCurriculum reform
News Summary - Curriculum reform: The real stuff
Next Story