Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനദ്രോഹത്തിന്‍െറ...

ജനദ്രോഹത്തിന്‍െറ പുത്തന്‍പാത

text_fields
bookmark_border
ജനദ്രോഹത്തിന്‍െറ പുത്തന്‍പാത
cancel

“എന്നെക്കൊണ്ട് പാട്ടു പാടിക്കാത്ത നിങ്ങള്‍ മിടുക്കരാണ്. പാടിയിരുന്നെങ്കില്‍ നിങ്ങള്‍ എന്‍െറ കൈയില്‍നിന്ന് പണം തിരികെ ചോദിക്കുമായിരുന്നു. അതും 100 രൂപ നോട്ടായി.” ഇത് പറഞ്ഞത് ഏതെങ്കിലുമൊരു റേഡിയോ ജോക്കിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. മുംബൈയില്‍ നടന്ന ഗ്ളോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലിലെ താരനിബിഡമായ സംഗീതപരിപാടിയില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാരുമായി മോഡി തത്സമയം വിഡിയോ കോണ്‍ഫറന്‍സ് നടത്തിയ മോഡി പാവങ്ങളോട് റൊട്ടി ഇല്ളെങ്കില്‍ കേക്ക് കഴിക്കാന്‍ ഉദീരണം ചെയ്ത മേരി അന്‍േറാണിയെറ്റിനെപ്പോലും അതിശയിപ്പിച്ചു.

ഒരു സദസ്സിനെ അഭിസംബോധന ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷേ, അത് ചെയ്യുന്നത് രാജ്യത്തിന്‍െറ പ്രധാനമന്ത്രിയാകുമ്പോള്‍, പ്രത്യേകിച്ചും സാധാരണക്കാരെയും നിരാലംബരെയും ഒന്നടങ്കം കടുത്ത ദ്രോഹമേല്‍പിക്കുന്ന സമയത്ത് ആകുമ്പോള്‍ അത് മുറിവില്‍ മുളക് അരക്കുന്നപോലെ നീചമാണ്.

പ്രധാനമന്ത്രി ഒന്നോര്‍ക്കണം... പ്രമുഖ റോക് ബാന്‍ഡ് ആയ ‘കോള്‍ഡ് പ്ളേ’യുടെ സംഗീതം കേള്‍ക്കാന്‍ അക്ഷമരായി നില്‍ക്കുന്നവരോട് ക്ഷമ ചോദിക്കാന്‍ നിങ്ങള്‍ കാട്ടിയ മര്യാദയുടെ ലക്ഷത്തിലൊരംശം രാജ്യമാകമാനം രാവും പകലും തൊഴിലുംഭക്ഷണവും ഉപേക്ഷിച്ച് പ്രായഭേദമില്ലാതെ മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍നില്‍ക്കുന്ന പാവപ്പെട്ടവരോട് കാണിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു ജനാധിപത്യ വിശ്വാസിയും ആഗ്രഹിച്ചുപോകും.

പ്രധാനമന്ത്രി മോദി എന്നും പറയാറുണ്ട്, അദ്ദേഹത്തിന്‍െറ ദുരിതപൂര്‍ണമായ ബാല്യത്തെകുറിച്ചും അയലത്തെവീട്ടിലെ പാത്രം കഴുകിയും വെള്ളം കോരിക്കൊടുത്തും ചെലവിനു വഴികണ്ടത്തെിയ അമ്മയെക്കുറിച്ചും ഒക്കെ...

അദ്ദേഹത്തിന്‍െറ വാക്കുകളില്‍, താന്‍ കടന്നുപോയ ദുരിതപര്‍വത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകളില്‍ ഒരല്‍പം ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം 100 രൂപ നോട്ട് കിട്ടാനായി ക്യൂനില്‍ക്കുന്ന സാധാരണക്കാരെ അപമാനിക്കില്ലായിരുന്നു. ‘തമാശ’ പറഞ്ഞ മോദിയെ കൈയടിച്ചും പ്രോത്സാഹിപ്പിച്ചും നിന്ന ‘യുവാക്കളുടെ’ കൂട്ടമാണ് ഇന്ത്യന്‍ യുവത്വമെന്ന് തെറ്റിദ്ധരിച്ച മോദിയോട് സഹതാപം പോലുമില്ലാതായിരിക്കുന്നു.

വിഡിയോ കോണ്‍ഫറന്‍സും മൊബൈല്‍ ആപ്പും വഴി യുവതയോട് സംവദിക്കുന്നു വെന്ന് പറഞ്ഞ മോദി ഒരിക്കലെങ്കിലും ഡല്‍ഹിയിലെ, കേരളത്തിലെ, ബിഹാറിലെ, ഛത്തിസ്ഗഢിലെ, ഝാര്‍ഖണ്ഡിലെ ഒക്കെ ഗ്രാമങ്ങളിലേക്ക് ചെല്ലണം. അവിടെ എ.ടി.എമ്മുകളുടെ മുന്നില്‍ ക്യൂനില്‍ക്കുന്ന ആളുകളുടെ കണ്ണുകളിലെ ദൈന്യതയും നിസ്സഹായതയും കാണാന്‍ ശ്രമിക്കണം.

500, 1000 നോട്ടുകള്‍ പിന്‍വലിച്ചശേഷം ജപ്പാനിലേക്ക് പറന്ന മോദി അവിടെയും ഒരു പ്രസംഗം നടത്തി. അദ്ദേഹത്തിന്‍െറ ശരീരഭാഷയിലും വാക്കുകളിലും നിറഞ്ഞുനിന്നത് തികഞ്ഞ ഏകാധിപതിയുടെ ധാര്‍ഷ്ട്യമാണ്.  അഞ്ഞൂറും ആയിരവും പിന്‍വലിച്ചതിനെക്കുറിച്ച് പറഞ്ഞശേഷം മോദി തന്‍െറ ഭക്തര്‍ക്കായി വീണ്ടുമൊരു ‘തമാശ’ പറഞ്ഞു. ‘വീട്ടില്‍ കല്യാണമുണ്ടോ? പൈസ കൈയിലില്ല, അമ്മക്ക് സുഖമില്ല, കൈയില്‍ ആയിരത്തിന്‍െറ കെട്ടുണ്ട്. പക്ഷേ, ബുദ്ധിമുട്ടാണ് ‘സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കഷ്ടപ്പാടും ദു$ഖവുമൊക്കെ ഒരു ‘തമാശ’യായി മാത്രം കാണുന്ന പ്രധാനമന്ത്രി, നിങ്ങള്‍ സമാനതകളില്ലാത്ത ഒരു ക്രൂരമായ തമാശയാണ് ഈ ജനതക്കുമേല്‍ ചൊരിയുന്നത്. സ്വന്തം അമ്മയെ ഓര്‍ത്തുപൊതുവേദികളില്‍ വിതുമ്പുന്ന മോദിക്ക് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ മറ്റുള്ളവരുടെ അമ്മമാരുടെ രോഗാവസ്ഥ ‘തമാശ’യായി കാണാനാവില്ല. കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ കുരിശുയുദ്ധം എന്ന രീതിയില്‍ അവതരിപ്പിച്ച  കറന്‍സി നിരോധനം  ഇന്ന്  ഭാരതത്തില്‍ യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം സുഗമമാകുമെന്ന് ഉറപ്പുനല്‍കി ആരംഭിച്ച പദ്ധതി തലകീഴായി വീണു. ബാങ്കുകളില്‍ പകരം നല്‍കാന്‍ നോട്ടുകളില്ല, എ.ടി.എമ്മുകള്‍ പ്രവര്‍ത്തന രഹിതമായി, ജനങ്ങള്‍ തൊഴില്‍ ഉപേക്ഷിച്ച് പണത്തിനായി പരക്കംപായേണ്ടിവന്നു. ജപ്പാനില്‍ ജനങ്ങളെ അപമാനിച്ച മോദി ഗോവയില്‍ച്ചെന്ന് കരഞ്ഞുനിലവിളിച്ചു. ഒരാഴ്ച എന്നത് 50 ദിവസമായി മാറി. 70 മനുഷ്യര്‍ തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം മാറ്റിയെടുക്കാന്‍ നിന്ന് ക്ഷീണംകൊണ്ടും അസുഖം മൂര്‍ച്ഛിച്ചും മരിച്ചുവീണു. ഒരു രാജ്യം മുഴുവന്‍ കൊടിയ പീഡനം അനുഭവിക്കുന്ന സമയത്ത് മോദി റോക് സംഗീത ഗ്രൂപ്പിന്‍െറ പരിപാടി അഞ്ചു മിനിറ്റ് താമസിച്ചതിനു മാപ്പിരക്കുന്ന അപഹാസ്യ കാഴ്ചയും നാട് കാണുകയുണ്ടായി.

മോദി ചോദിച്ച 50 ദിവസംകൊണ്ട് നിര്‍ത്തലാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയത് അച്ചടിച്ച് വിതരണം ചെയ്യാനാവില്ല എന്നാണ് വിദഗ്ധാഭിപ്രായം. ഭാരതത്തിന്‍െറ ആകെ നാല് സര്‍ക്കാര്‍ പ്രസുകളിലായി പ്രതിമാസം മൂന്ന് ബില്യണ്‍ നോട്ടുകളാണ് അച്ചടിക്കാനാവുക. എന്നാല്‍, ആകെ 14 ട്രില്യണ്‍ നോട്ടുകളാണ് പിന്‍വലിച്ചത്. ഇതില്‍ പകുതി 500 രൂപ നോട്ടായും ബാക്കി 2000 രൂപ നോട്ടായും അച്ചടിച്ചാല്‍പോലും 17 .5  ബില്യണ്‍ നോട്ടുകള്‍ അച്ചടിക്കേണ്ടിവരും പിന്‍വലിച്ച കറന്‍സിയുടെ മൂല്യം പുന$സ്ഥാപിക്കാന്‍. അതിനായി ഏറ്റവും കുറഞ്ഞത്  175 ദിവസം വേണ്ടിവരും.

പൊള്ളയായ അവകാശവാദങ്ങള്‍
(കള്ളനോട്ട് നിര്‍മാണം അവസാനിക്കുമെന്ന ബി.ജെ.പി വാദം)

ലോകത്ത് ഏറ്റവുമധികം സ്ട്രാറ്റജിക്  ഇക്കണോമിക് മൂല്യമുള്ള കറന്‍സിയാണ് അമേരിക്കന്‍ ഡോളര്‍. 2016 ഒക്ടോബര്‍ 20 വരെ  1.43 ട്രില്യണ്‍ അമേരിക്കന്‍ കറന്‍സിയാണ് പ്രചാരത്തിലുള്ളത്. 2001 സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കന്‍ ട്രഷറിയുടെ കണക്ക് പ്രകാരം ഏകദേശം 600 ബില്യണ്‍ വ്യാജനോട്ടുകളാണ് പ്രചാരത്തിലുള്ളത്. സാങ്കേതികവിദ്യയിലും പൊലീസിങ്ങിലും ഏറെ മുന്നില്‍നില്‍ക്കുന്ന അമേരിക്കയില്‍പോലും വ്യാജനോട്ട് നിയന്ത്രണം നിയമ സംവിധാനത്തിന് വലിയ വെല്ലുവിളിയുയര്‍ത്തുന്നു. ഈ ലേഖനം എഴുതുന്ന സമയത്തുപോലും ലോകത്തെ സൂപ്പര്‍ പവര്‍ ആയ അമേരിക്ക ‘ഓപറേഷന്‍ സണ്‍സെറ്റ്’  എന്ന രഹസ്യപ്പേരില്‍ അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കുള്ള കള്ളനോട്ട് വേട്ടനടത്തി. അമേരിക്കയും പെറുവും ഒന്നിച്ചുനടത്തിയ ഈ ഓപറേഷനില്‍ 30 മില്യണ്‍ അമേരിക്കന്‍ ഡോളറും 50,000 യൂറോയുമാണ് കണ്ടെടുത്തത്.

കള്ളനോട്ട് വ്യാപനം തടയുന്നതിനായി യു.പി.എ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന ബി.ജെ.പി പ്രചാരണത്തിന്‍െറ പൊള്ളത്തരം നമുക്ക് ആഗോള ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക്ഫോഴ്സ് (FATF)  എന്ന രാജ്യാന്തര സര്‍ക്കാര്‍ ഏജന്‍സിയുടെ  2013ലെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്. ഈ റിപ്പോര്‍ട്ടില്‍ പറയുന്നു, ‘2009നെ അപേക്ഷിച്ച്  2011ല്‍ ഇന്ത്യയില്‍ വ്യാജനോട്ട് കണ്ടത്തെുന്നതിലും പിടിച്ചെടുക്കുന്നതിലും ഏകദേശം 210 ശതമാനം വര്‍ധനയുണ്ടായി’ എന്നാണ്. 2012ല്‍ ഇതോടൊപ്പം തന്നെ യു.പി.എ സര്‍ക്കാര്‍ പുറത്തിറക്കിയ കള്ളപ്പണം സംബന്ധിച്ച ധവളപത്രം സര്‍ക്കാറിന്‍െറ അനവധി നടപടികളും ഇന്ത്യന്‍ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പ്രദാനംചെയ്യുന്നു.

‘രൂപ അടിസ്ഥാനമാക്കിയുള്ള വിനിമയം നിയന്ത്രിക്കുന്നതില്‍ പ്രായോഗികമായി രണ്ട് തടസ്സങ്ങളുണ്ട്. ഒന്ന്, രാജ്യത്തെ പാവപ്പെട്ടവര്‍ വിനിമയത്തിന് ഉപയോഗിക്കുന്നത് രൂപയാണ്, പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍ തൊഴിലാളികളുടെ വേതനവും മറ്റും പണമായി മാത്രമാണ് നല്‍കുന്നത്. രണ്ടാമത്തെ കാരണം, നിയന്ത്രണങ്ങള്‍ വരുന്നതിലൂടെ വിനിമയത്തിന്‍െറ ചെലവ് കൂടുകയും സമ്പദ്വ്യവസ്ഥയെയും ഉല്‍പാദകരെയും ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അപ്പോള്‍ പ്രതിഷേധവും വ്യാപകമായി ഉണ്ടാകും’.

ഈ യാഥാര്‍ഥ്യത്തെ മനുഷ്യത്വപരമായി സമീപിക്കാന്‍ കഴിയാത്ത മോദി സര്‍ക്കാര്‍ എന്താണ് ചെയ്തത്? ഒരു രാത്രിയുടെ മറവില്‍ ജനങ്ങളുടെ അധ്വാനത്തിന്‍െറ മൂല്യത്തെ ഒറ്റയടിക്ക് ഇല്ലാതാക്കുകയായിരുന്നു.

കള്ളപ്പണം തടയല്‍

മോദി സര്‍ക്കാറിന്‍െറ മറ്റൊരു പ്രഖ്യാപനം നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണത്തിന്‍െറ വ്യാപനം പരിപൂര്‍ണമായി തടയാമെന്നാണ്. എന്നാല്‍, അനവധി അന്താരാഷ്ട്ര കരാറുകളും ഉടമ്പടികളും ബാങ്കിങ് മേഖലയുടെ വ്യാപനവും ഉണ്ടായിട്ടും ലോകത്തെ ഒരു രാജ്യവും കള്ളപ്പണം എന്ന വലിയ വിപത്തില്‍നിന്ന് ഇന്നും പൂര്‍ണമായി മുക്തമായിട്ടില്ല. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 8.6 ശതമാനമാണ് അവിടെ യുള്ള സമാന്തര സമ്പദ്വ്യവസ്ഥ. ചൈനയില്‍ ഇത് 12.7ഉം ജപ്പാനില്‍ 11ഉം ആണ്. ഭാരതത്തില്‍ ഇത്  22.2 ശതമാനമാണ്. എന്നാല്‍ ബ്രസീല്‍, റഷ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളെക്കാളും താഴെയും ഇസ്രായേലിനും ബെല്‍ജിയത്തിനും ഏതാണ്ട് തുല്യവുമാണ്.

അനവധി നടപടികള്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് കള്ളപ്പണത്തിന്‍െറ വ്യാപനം ചെറുക്കാന്‍ കൈക്കൊണ്ടിട്ടുണ്ട്. ലോകത്തിന്‍െറ പലകോണുകളിലും കറന്‍സി പിന്‍വലിക്കല്‍ നടപടി ഉണ്ടായിട്ടുണ്ട്. അവയിലെല്ലാം കാണാവുന്ന  പ്രധാനവസ്തുത ആ നടപടി ജനത്തെ വിശ്വാസത്തിലെടുത്തായിരുന്നു എന്നതാണ്.  
എന്നാല്‍, ഇവിടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്തതിനാല്‍ രാജ്യം അപ്രതീക്ഷിത ദുരന്തമാണ് നേരിടുന്നത്. ചില കണക്കുകള്‍ സൂചിപ്പിക്കുന്നത് അതിഗുരുതരമായ ചിത്രമാണ്. കറന്‍സി പിന്‍വലിക്കല്‍ നടപടിക്കുശേഷം രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ മുംബൈയില്‍ വ്യാപാര-സേവന മേഖലയില്‍ കനത്ത നഷ്ടമാണ് സംഭവിച്ചത്.

ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കണ്ണീരില്‍ ന്യായം കണ്ടത്തെുന്ന മോദി സര്‍ക്കാര്‍ ജനവിരുദ്ധതയുടെയും ജനദ്രോഹത്തിന്‍െറയും പുതിയ അധ്യായം രചിക്കുകയാണ്.

ബി.ജെ.പിയുടെ അവകാശവാദം ഏറെ വിചിത്രമാണ്. അവര്‍ പറയുന്നത് നാലുലക്ഷം കോടിരൂപയുടെ കള്ളപ്പണം സര്‍ക്കാറിലേക്ക് തിരികെവരുമെന്നും അതാണ് ഈ പദ്ധതിയുടെ നേട്ടമെന്നുമാണ്. ഈ അവകാശവാദം മറ്റൊരു ‘മോദിയന്‍ ജുംല’ മാത്രമാണ്. ഈ തുകയുടെ കള്ളപ്പണമുണ്ടെങ്കില്‍ അത് ഇന്ന് വെള്ളപ്പണം ആയിക്കഴിഞ്ഞിരിക്കും. 

തെരഞ്ഞെടുപ്പുവേളയില്‍ മോദിയുടെ പ്രചാരണത്തിലെ പ്രധാന വാഗ്ദാനമായിരുന്നു വിദേശത്തുള്ള കള്ളപ്പണം മുഴുവന്‍ തിരികെ കൊണ്ടുവന്ന് ഓരോ ഭാരതീയന്‍െറയും ബാങ്ക് അക്കൗണ്ടില്‍ 15  ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നത്. പിന്നീട് അതിനെപ്പറ്റി അമിത്ഷാ പറഞ്ഞത്, ആ വാഗ്ദാനം മോദിയുടെ പ്രസംഗങ്ങളിലെ കൈയടി കിട്ടാനുള്ള പ്രയോഗം മാത്രമായിരുന്നുവെന്നാണ്.

 

Show Full Article
TAGS:currency demonetization 
News Summary - currency demonetization
Next Story